തീറ്റയിലല്ല റമദാന്‍ വിശുദ്ധി

work-picവിശപ്പിന്റെ വിലയറിയാന്‍ വേണ്ടിയുള്ള നോമ്പിനെയും റമദാന്‍ മാസത്തെയും തീറ്റയുടെ മാസമാക്കി മാറ്റാതിരിക്കാനും ആര്‍ഭാടങ്ങള്‍ നിറഞ്ഞ നോമ്പ് തുറ സല്‍ക്കാരങ്ങള്‍ നടത്തി കൂടുതല്‍ വിഷം തീനികളാകാതിരിക്കാനും ദയവായി മാപ്പിളമാര്‍ ശ്രദ്ധിക്കുക. റംസാന്‍, വിശുദ്ധിയും പാപമോചനവും നേടാനുള്ളതാണെന്നും ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിദേശ പാനീയങ്ങള്‍ കുടിച്ചും അശാസ്ത്രീയമായ കുത്തി വെപ്പുകളിലൂടെ തമിഴ്‌നാട്ടില്‍നിന്നും പാകപ്പെടുത്തി വരുന്ന കോഴിയിറച്ചിയും പഴങ്ങളും മൂക്കറ്റം തിന്നും ഏമ്പക്കം വിടാനുള്ളതല്ലെന്നും അതുവഴി വിഷക്കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് ശരീരത്തെ രോഗങ്ങളിലേക്ക്‌ എറിയാനുള്ളതല്ലെന്നും അറിയുക.

വിവിധങ്ങളും പോഷക സമൃദ്ധങ്ങളുമായ നോമ്പ് തുറ വിഭവങ്ങള്‍ പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നവരറിയുക , ശുദ്ധമായ വെള്ളമെങ്കിലും കുടിച്ച് നോമ്പ് തുറക്കാന്‍
ഗതിയും വിധിയുമില്ലാത്ത അനേകായിരങ്ങള്‍ അധിവസിക്കുന്ന പ്രപഞ്ചമാണിതെന്ന്
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍
വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ നമ്മില്‍പെട്ടവനല്ലെന്ന വിശുദ്ധ വചനമുണ്ടെന്ന്
അയല്‍വാസിയുടെ പട്ടിണിയെക്കുറിച്ച് മാത്രം ബോധവാനാകാനും മതവിശ്വാസങ്ങളെ കുറിച്ച്
ആലോചിക്കാതിരിക്കാനുമാണ് ലോകഗുരു (സ ) അധ്യയനം നടത്തിയിട്ടുള്ളത് എന്ന് !

കുടുംബങ്ങളും ബന്ധുക്കളും സന്നദ്ധ സംഘടനകളും അങ്ങോട്ടുമിങ്ങോട്ടും
നോമ്പ് തുറ സല്‍ക്കാരങ്ങള്‍ നടത്തി അത് പ്രദര്‍ശിപ്പിക്കുന്നതും , ഭാര്യ വീട്ടിലേക്ക് നോമ്പ് തുറക്ക് പോകുന്നവര്‍ അനാവശ്യമായി ആളുകളെ കൂട്ടിയും ആഭാസകരമായ ആചാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ബന്ധുവീട്ടുകാരെ സാമ്പത്തികമായും വിശ്വാസപരമായും ബുദ്ധിമുട്ടിക്കുന്നതും പരമാവധി ഒഴിവാക്കുക. സംഘടിത നോമ്പ് തുറകള്‍ക്ക് നഷ്ടപ്പെടുത്തുന്ന സമയം ആരാധനാ കര്‍മ്മങ്ങള്‍ക്കും അതിന് മുടക്കുന്ന ധനം, വയറു നിറച്ച് ഭക്ഷിക്കാന്‍ കഴിവില്ലാത്തവരെ കണ്ടെത്തി നോമ്പ് തുറപ്പിക്കാനും ഉപയോഗപ്പെടുത്തുക. .

പഴവര്‍ഗ്ഗങ്ങളോ കോഴിയിറച്ചിയോ ഇല്ലാത്ത ഒരു നോമ്പ് തുറയോ സല്‍ക്കാരമോ പൂര്‍ണ്ണമാകില്ല എന്ന ബോധത്തില്‍എത്തിയിരിക്കുന്ന ഓരോ വീട്ടിലും നോമ്പ് തുറ നടത്തണമെങ്കില്‍, കുടിക്കാനുള്ള പാനീയങ്ങള്‍ മുതല്‍ വിഷം നിറച്ചതാണ് വിലകൊടുത്തു വാങ്ങുന്നത്
എന്നും അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കളെക്കൊണ്ട് സല്‍ക്കരിക്കുന്നവര്‍ ഗുരുതരമായ തെറ്റ് ചെയ്യുണ്ട് എന്ന് കൂടി ഓര്‍മിച്ചിരിക്കുക.

പുതിയതായി കല്യാണം കഴിച്ച ചെറുപ്പക്കാരും , കുടുംബങ്ങളോടും കുട്ടികളോടുമുള്ള സ്നേഹം
പ്രകടിപ്പിക്കാന്‍ മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ അവര്‍ക്ക് ആവശ്യമുള്ള പണം അയച്ചുകൊടുത്ത്
നാട്ടിലെ എന്ത് അനാചാരങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളും മാത്രം വിചാരിച്ചാല്‍ മതി, ഈ വര്‍ഷം മുതല്‍ , റമദാന്‍ എന്നത് തീറ്റക്ക് വേണ്ടിയുള്ളതല്ലെന്നും ഭക്തിക്ക് വേണ്ടിയുള്ളതാണെന്നും തെളിയിച്ചുകൊടുക്കാന്‍

ഒരു വീട്ടില്‍ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തില്‍ നോമ്പ് തുറ സല്‍ക്കാരം നടത്തണമെങ്കില്‍ എത്രദിവസത്തെ അധ്വാനവും മന: സംഘര്‍ഷവും വേണ്ടിവരുമെന്നതും വിളിക്കുന്നവരും വിളിക്കപ്പെടുന്നവരുമായ ആളുകള്‍ പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായിട്ടോ സമൂഹത്തിലെ , കുടുംബത്തിലെ കുറ്റപ്പെടുത്തലുകള്‍ ഭയന്നിട്ടോ ആയിരിക്കും ഇതിനെല്ലാം തയ്യാറാക്കുന്നത് എന്നും മനസ്സിലാക്കാനും കുടുംബങ്ങളും ബന്ധുക്കളും പരസ്പര ധാരണയിലെത്തി ഇത്തരം കൊടുക്കല്‍ വാങ്ങല്‍ ഒഴിവാക്കാനും അതുവഴി ലഭിക്കുന്ന സമയം വിശുദ്ധ മാസത്തെ ഭക്തി സാന്ദ്രമാക്കാനും പരമാവധി ശ്രമിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English