തങ്കു മിടുക്കനായി

boy5” താന്നിപ്പുഴ ഗ്രാമത്തില്‍ തങ്കു എന്നൊരു കുട്ടിയുണ്ടായിരുന്നു. മഹാ മടിയനായിരുന്നു. രാവിലെ എഴുന്നേല്‍ക്കുകയോ പഠിക്കുകയോ ചെയ്യില്ല. വീട്ടുകാരും നാട്ടുകാരും അവനെ മടിയന്‍ തങ്കു എന്നാണ് വിളിച്ചിരുന്നത്.

ഒരു ദിവസം നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാതെ കിടന്ന തങ്കുവിനെ വിളീച്ച് മുത്തച്ഛന്‍ പറഞ്ഞു.

” തങ്കു മോനെ എഴുന്നേല്‍ക്ക്, സരസ്വതി യാമത്തില്‍ എഴുന്നേറ്റ് കൈകാല്‍ മുഖം കഴുകി വന്നിരുന്നു വായിച്ചാല്‍ വേഗം മനസില്‍ പതിയും”

മുത്തച്ഛന്‍ വിളിച്ചിട്ട് തങ്കുവുണ്ടോ എഴുന്നേല്‍ക്കുന്നു. അവന്‍ എഴുന്നേറ്റില്ല. മുത്തച്ഛന്‍ വീണ്ടും വിളിച്ചപ്പോള്‍ അവന്‍ ദേഷ്യപ്പെട്ടു പറഞ്ഞു.

” ഒന്നു പോകുന്നുണ്ടോ ?’ എന്നു ചോദിച്ചു കൊണ്ട് മൂടിപ്പുതച്ചു കിടന്നു.

മുത്തച്ഛന്‍ പോയി ദിനചര്യകള്‍ കഴിച്ചു വന്ന് ധ്യാനം പ്രാണായാമം സുദര്‍ശനക്രിയ എന്നിവ ചെയ്തു വന്നു.

മുത്തച്ഛന്‍ വിളിച്ചിട്ടും ഉണരാതെ കിടന്ന തങ്കുവിനെ അമ്മ വന്നു വിളീച്ചു.

” തങ്കു മോനേ എഴുന്നേല്‍ക്ക് സൂര്യനുദിച്ചല്ലോ വെയിലു പരന്നല്ലോ സ്കൂളില്‍ പോകേണ്ടേ നിനക്ക്? അയ്യോ ഇനിയും ഉറങ്ങല്ലേ”

അമ്മ ഇങ്ങനെ വിളിച്ചിട്ടും തങ്കു അനങ്ങിയില്ല. അവന്‍ കിടന്നുറങ്ങി. ഇനി ഞാന്‍ നിന്നെ വിളിക്കുന്നില്ല എന്നു പറഞ്ഞ അമ്മ അടുക്കളയിലേക്കു പോയി.

അപ്പോള്‍ മുത്തശ്ശി വന്നു വിളീച്ചു.

”ഒന്ന് എഴുന്നേക്ക് എന്റെ തങ്കു പല്ല് തേച്ച് ഓടി വന്ന് പുട്ടും പഴവും കഴിക്ക് എന്റെ പുന്നാരക്കുട്ടാ”

ഇങ്ങനെ വിളീച്ചിട്ടും തങ്കു എഴുന്നേറ്റില്ല. പുട്ടിന്റെയും പഴത്തിന്റെയും കാര്യം കേട്ടപ്പോള്‍ അവന്റെ വായില്‍ വെള്ളം വന്നു. അവന്‍ പറഞ്ഞു.

”പുട്ടും പഴവും കുഴച്ചു വായില്‍ വച്ചു തരാമോ മുത്തശ്ശി”

മുത്തശ്ശിയും തങ്കുവും തമ്മിലുള്ള സംസാരം കേട്ടു കൊണ്ടു വന്ന അമ്മ പറഞ്ഞു.

”നിന്നെ നേരയാക്കാന്‍ പറ്റുമോ എന്നു ഞാന്‍ നോക്കട്ടെ. ഇന്നോടെ നിന്റെ മടി മാറ്റിയേക്കാം” എന്നു പറഞ്ഞു കൊണ്ട് തങ്കുവിന്റെ അച്ഛനെ വിളിച്ചു പറഞ്ഞു.

”ഈ ചെറുക്കനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല. അടിയുടെ പോരായ്കയാണ് ഇവന് രണ്ടു കൊടുക്കാമോ? ഞങ്ങള്‍ മാറി മാറി വിളീച്ചിട്ടും ഇവന്‍ എഴുന്നേല്‍ക്കുന്നില്ല”

പശുവിനെ കറന്നു കൊണ്ടു വന്ന തങ്കുവിന്റെ അച്ഛന്‍ പാല്‍ മുറിയില്‍ വച്ചു കൊണ്ട് മുറ്റത്തു നിന്ന പേരയുടെ വടി ഒടിച്ചു കൊണ്ടു വന്നു ‘ എഴുന്നേല്‍ക്കടാ’ എന്നു പറഞ്ഞ് തങ്കുവിന്റെ തുടക്ക് രണ്ട് അടി കൊടുത്തു.

വേദന കൊണ്ടു പുളഞ്ഞ തങ്കു ചാടിയെഴുന്നേറ്റ് കരഞ്ഞു പറഞ്ഞു.

”അയ്യോ അച്ഛാ തല്ലല്ലേ ഇനി മുതല്‍ സരസ്വതി യാമത്തില്‍ എഴുന്നേറ്റു ഞാന്‍ പഠിച്ചോളാം. മടി കൂടാതെ പഠിച്ചോളാം”

തങ്കുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അവന്റെ അച്ഛന്‍ അടി നിറുത്തി.

പിറ്റെ ദിവസം തങ്കു ആരും വിളിക്കാതെ തന്നെ രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കാന്‍ ‍ തുടങ്ങി. അങ്ങനെ തങ്കു മിടുക്കനായി മാറി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English