തകഴിയിലേക്കുള്ള വഴി

ശാരദാ പ്രസിന്റെ വരാന്ത അവിടെ ഒരു കസേരയില്‍ ആലോചനാഭരിതനായി ചാരു കസേരയില്‍ ഇരിക്കുകയാണ് കേസരി പത്രത്തിന്റെ പത്രാധിപര്‍ എ ബാലകൃഷ്ണപിള്ള . നീണ്ടു വെളുത്ത താടി തലോടി സ്വതേയുള്ള ഇരിപ്പ്. ‘ കേസരി സദസ്’ എന്ന് പില്‍ കാലത്ത് വിഖ്യാമായി തീര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ അരങ്ങായിരുന്നു ആ വരാന്ത.

ഒരു ദിവസം ഏകദേശം പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു യുവാവ് ആ വരാന്തയിലേക്കു കടന്നു വന്നു. വാര്‍ത്താക്കുറിപ്പുകളൂം , കഥയും കവിതയും എഴുതിയ കടലാസുകള്‍ ചുരുട്ടിപ്പിടിച്ച് ചില ചെറുപ്പക്കാര്‍ ആ വരാന്തയിലേക്കു നിത്യവും വരാറുണ്ട് അവ ഒന്നടിച്ച് കാണാനുള്ള വെമ്പലോടെ!

സ്വദേശം തകഴിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ആ ചെറുപ്പക്കാരന്‍ . തിരുവനന്തപുരത്ത് നിയമകലാശാലയില്‍ പ്ലീഡര്‍ ഷിപ്പ് പഠിക്കുകയാണയാള്‍. പരീക്ഷ പാസാകണം വക്കീലാകണം നല്ല വായനാശീലവുമുണ്ടെത്രെ . അല്പ്പസ്വല്പ്പമൊക്കെ എഴുതാറുമുണ്ട്. ഈ യോഗ്യതയുടെ ബലത്തിലാണ് ആ വിദ്യാര്‍ത്ഥി നാടെങ്ങും അറിയപ്പെടുന്ന ആ പത്രാധിപരെ കാണാനെത്തിയിരിക്കുന്നത്.

” വക്കീല്‍ പണിയോടൊപ്പം എഴുത്തും ആയാല്‍ കൊളളാമെന്നുണ്ട്. അതിനുള്ള ഉപദേശം കിട്ടിയാല്‍ കൊള്ളാം”

സമദര്‍ശിയും , പ്രബോധകനും, കേസരിയുമൊക്കെ വായിച്ച് ആവേശഭരിതനായ യുവാവ് തന്റെ ആഗമനോദ്ദേശം സവിനയം വെളിപ്പെടുത്തി.

യുവ എഴുത്തുകാരെ പരിചയപ്പെടാനും , പ്രോത്സാഹിപ്പിക്കാനും പത്രാധിപര്‍ അതീവ തത്പരനായിരുന്നു. വളരെ നേരം അദ്ദേഹം ആഗതനുമായി സാഹിത്യ സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചു. ഫ്രഞ്ച് സാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ചെറു കഥകളെ പറ്റി അദ്ദേഹം ചെറുപ്പക്കാരനു പറഞ്ഞു കൊടുത്തു. ആ ദേശത്തെ കഥാ സാഹിത്യത്തിന്റെ സൗന്ദര്യം നമ്മുടെ ഭാഷയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നമ്മുടെ ഭാഷക്ക് മികവേകുവാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേസരി പത്രാധിപരുടെ സാഹിത്യ പ്രഭാഷണം കോരിത്തരിപ്പോടെയാണു ശിവശങ്കരപ്പിള്ള ശ്രവിച്ചത്.

സാഹിത്യാസ്വദകര്‍ വായിച്ചിരിക്കേണ്ടതായ ചില പാശ്ചാത്യ സാഹിത്യ കൃതികളുടെ പട്ടികയും അദ്ദേഹം അതിഥിക്ക് നല്‍കി. മോപ്പസാങ്ങിന്റെ പ്രസിദ്ധ കൃതിയായ ‘ ബെല്‍ അമി’ യുടെ പരി ഭാഷ ‘ കാമുകന്‍’ എന്ന പേരില്‍ ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്. ആ കൃതിക്ക് അദ്ദേഹമെഴുതിയ ദീര്‍ഘമായ മുഖവുരയുടെ പകര്‍പ്പും പയ്യന് കൊടുത്തു. സമയം കിട്ടുമ്പോഴൊക്കെ വന്നു കാണണമെന്ന് പറഞ്ഞ് അനുഗ്രഹാശിസുകളും നല്‍കി ശിവശങ്കരപിള്ളയെ യാത്രയാക്കി.

തിരുവനന്തപുരത്തെ പഠനം തീരും വരെ ആ യുവാവ് നിത്യേനയെന്നോണം കേസരിയാപ്പീസിലെത്തുമായിരുന്നു. അസാധാരണമായ ഒരു വ്യക്തി ബന്ധമായിരുന്നു അവര്‍ തമ്മില്‍. ആ ഗുരു ശിക്ഷ്യ ബന്ധമാണ് , എഴുത്തുകാരനാകണമെന്നുള്ള തീവ്രമായ അഭിലാഷവുമായെത്തിയ ആ തകഴിക്കാരനിലെ പ്രതിഭാവിലാസത്തെ ഊതിക്കാച്ചി പൊന്നാക്കി മാറ്റിയത് . ആ നാടിന്റെ പേരില്‍ തന്നെ അദ്ദേഹം വിശ്വസാഹിത്യത്തോളം വളര്‍ന്നത് പിന്നീട് ചരിത്രം ! ക്ലാസിക് കൃതികളായ കയര്‍ , ചെമ്മീന്‍ തുടങ്ങിയ നൂറു കണക്കിന് കൃതികള്‍ രചിച്ച് മലയാള സാഹിത്യത്തിന്റെ അഭിമാനമായ ജ്ഞാന പീഠ പുരസ്ക്കാര ജേതാവ് കൂടിയായ കെ. കെ. ശിവശങ്കരപിള്ളയായിരുന്നു കേസരിയുടെ ആ വിനീത ശിക്ഷ്യന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഡോ. എം.വി.വിഷ്ണു നമ്പൂതിരി പുരസ്കാരം ശ്രീ എം.എ.പരമേശ്വരന്
Next articleസ്വാതന്ത്ര്യം
എം എന്‍ സന്തോഷ്
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English