സ്വപ്നങ്ങളെ വീണുറങ്ങു

 

images-2

ഇരുപത്തിയഞ്ചു വർഷത്തെ അമേരിക്കയിലെ നീണ്ട സേവനത്തിനുശേഷമാണ് ശ്രീ.   കുൽക്കർണി  തന്റെ കുടുമ്പത്തെ മുംബെയിൽനിന്നും അമേരിക്കയിലേക്കു പറിച്ച് നടുവാനുള്ള തീരുമാനത്തോടെ ‘ഗ്രീൻ കാർഡു’മായി വന്നത് . അതിന്റെ സന്തോഷം പങ്കിടുന്ന  കൂടിക്കാഴ്ചയിൽ അവരെ എല്ലാവരും അഭിനന്ദിച്ചു. കൂട്ടത്തിൽ ഞാനും അഭിനന്ദിച്ചു. ഇതാണ് പറ്റിയസമയം, രണ്ടു കുട്ടികളും പഠിച്ചുകൊണ്ടിരിയ്ക്കുന്നു, അവരുടെ ഉന്നത പഠനത്തിനും, നല്ല ഭാവിയ്ക്കും നല്ല തീരുമാനം എന്ന് എല്ലാവരും പറഞ്ഞു.

“തന്റെ മകൾ അല്ലെങ്കിൽ മകൻ അമേരിക്കയിലെ ഉന്നത പഠനത്തിനുവേണ്ടി അല്ലെങ്കിൽ ജോലിയ്ക്കു പോയിരിയ്ക്കുന്നു. ഞങ്ങളും അവിടെയൊക്കെ ഒന്ന് കറങ്ങി വന്നു” ഇത് പറയുന്നത് എത്ര അഭിമാനമായിട്ടാണ്  ഓരോ അച്ഛനമ്മമാരും കാണുന്നത് ! തന്റെ മകൾ അല്ലെങ്കിൽ മകൾ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനത്തിനായി, ഡോക്ടറോ, എൻജിനീയറോ, ചാർട്ടേഡ് അക്കൗണ്ടന്റോ അല്ലെങ്കിൽ ഒരു എം.ബി എ ബിരുദധാരിയോ ആണെങ്കിൽ എന്ത് പണം ചെലവഴിച്ചും അമേരിക്കയിലയയ്ക്കുക എന്നതാണ് ഇന്നത്തെ ഓരോ മാതാപിതാക്കളുടെയും സ്വപനം.

ചൂടുള്ള എണ്ണയിൽ പൊരിഞ്ഞുപൊങ്ങുന്ന പപ്പട കുമിളപോലെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉയർന്നുപൊങ്ങുന്ന ഇന്റർനാഷണൽ സ്‌കൂളുകൾ ജനങ്ങൾക്ക് അടുത്തകാലത്തായി വന്ന വിദ്യാഭ്യാസനയത്തോടും, തൊഴിലിനോടുമുള്ള മാറിവന്ന അഭിരുചിയ്ക്കുള്ള പ്രത്യക്ഷ തെളിവാണ്. ആദ്യമെല്ലാം ഒരു ഗവണ്മെന്റ് കോളേജിൽ പഠിച്ച് ബിരുദം നേടിയെന്നത് അഭിമാനത്തോടെ പറഞ്ഞിരുന്നു. പിന്നീട് ജനങ്ങളുടെ ശ്രദ്ധ കോൺവെന്റ്‌ സ്കൂളിനോടും, കോളേജിനോടുമായതോടെ ഗവണ്മെന്റ് സ്‌കൂളുകളുടെ പ്രവർത്തനം മന്ദഗതിയിലായി . എന്നാൽ ഇപ്പോൾ സ്റ്റേറ്റ് ബോർഡിലാണ് പഠിയ്ക്കുന്നതെന്നാൽ ഒരു പോരായ്മയായി. ഐ സി എസ് സി, സി ബി . എസ്.സി തുടങ്ങിയ ഇന്റർനാഷണൽ ബോർഡിനോടിലാണിന്നു വിദ്യാഭ്യാസം കേന്ദ്രീകരിയ്ക്കുന്നത്. അതുമാത്രമല്ല, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ വിദേശഭാഷകൾ അഭ്യസിയ്ക്കാനായി കൂടുതൽ വിദ്യാർത്ഥികൾ മുന്നോട്ടു വരുന്നു. ഇതും അമേരിയ്ക്കൻ രാജ്യങ്ങളോടുള്ള കൂടുതൽ ആസക്തി വ്യക്തമാക്കുന്നു. അടുത്ത കാലത്തുവന്ന ഈ പ്രത്യക്ഷ മാറ്റത്തിന്  മതിയായ കാരണം എന്താണ്?

പണക്കാർക്കും, സ്വാധീനമുള്ളവർക്കും  ഊരിമാറാനാകുന്ന ഇന്ത്യൻ നിയമങ്ങളുടെ നൂലാമാലയിൽപെട്ട് വലഞ്ഞ ജനങ്ങളിലാണോ ഇത്തരം ഒരു മാറ്റം? അതോ ഉന്നത വിദ്യാഭ്യാസവും, അറിവും ഉള്ള പാവപെട്ട പണ്ഡിതനെ വിഡ്ഡിയാക്കുകയും, മതിയായ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത വിഡ്ഡിയെ പണ്ഡിതനാക്കുകയും ചെയ്യുന്ന,   സ്വാധീനവും, കയ്യൂക്കും ഉള്ള, അറിവും വിവരവുമില്ലാത്ത വിഡ്ഡിയ്ക്കുമുന്നിൽ ഓഛാനിച്ച് നിന്ന് അവനെ പണ്ഡിതൻ എന്ന് വിളിയ്ക്കുന്ന രാഷ്ട്രീയനേതാക്കളുടെയും, മതഭ്രാന്തന്മാരുടെയും പ്രവർത്തിയിൽ മനം നൊന്തു തന്റെ കഴിവിനെ തെളിയിയ്ക്കാൻ അവസരം തേടി സ്വയം ഒഴിഞ്ഞുമാറുന്ന ജനങ്ങളാണോ വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത്?   അതോ നീതിയ്ക്കും, നിയമത്തിനും മുന്നിൽ വിലപോകാത്ത പ്രവൃത്തികളാൽ കള്ളപ്പണം പുഴക്കിയെടുത്ത് ധൂർത്തടിച്ച് നടക്കുന്ന നേതാക്കളുടെയും, ബിസിനസ്സുകാരുടെയും മക്കൾക്ക് വെറുമൊരു പൊങ്ങച്ചത്തിനുവേണ്ടിയാണോ വിദേശരാജ്യങ്ങളോടുള്ള ഈ അഭിനിവേശം?

നമ്മുടെ കേരളീയരെക്കുറിച്ച് തന്നെ പ്രതിപാദിയ്ക്കാം.  ആറുകളും, അരുവികളും, കളിവള്ളങ്ങളും, പച്ചകുന്നുകളും നെൽവയലുകളും മാന്തോപ്പുകളും കുളിർകാറ്റും ഇളംമഞ്ഞും പൂനിലാവും ഇളംവെയിലും കായിക സമൃദ്ധിയും വിഭവ സമൃദ്ധിയും കണ്ട് തന്റെ ബാല്യം ചെലവഴിച്ച് ജോലിയ്ക്കുവേണ്ടി വിദേശങ്ങളിൽ പോയി സ്ഥിരതാമസമാക്കിയ ഓരോ മലയാളിയുടെയും മനസ്സിലെ സ്വപ്നമാണ് ഒഴിവുകാലങ്ങളിൽ തന്റെ കേരളം സന്ദര്ശിയ്ക്കുക, ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം കേരളത്തിന്റെ പ്രകൃതി ഭംഗിയിൽ അലിഞ്ഞുചേരുക എന്നത്. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ, ആരോ വിളിച്ച  ‘ദൈവത്തിന്റെ സ്വന്തം നാട്’  എന്ന യവനികയ്ക്കുള്ളിൽ ഇന്നുള്ള യാഥാർത്ഥ്യങ്ങൾ ഈ സ്വപനങ്ങൾക്കു ഉതകുന്നതാണോ! തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകിയിരുന്ന അരുവികളും ആറും പുഴയും, മനുഷ്യപിശാചുക്കൾ ആഹ്ലാദത്തിനായി കുടിച്ച് വറ്റിച്ച മദ്യകുപ്പികളാൽ നിറഞ്ഞിരിയ്ക്കുന്നു, ഹരിത കുന്നുകൾ എല്ലാം ഇടിച്ച് നിരത്തി അവിടെല്ലാം വീട് കൃഷി ആരംഭിച്ചിരിയ്ക്കുന്നു, തലയുയർത്തി കിരീടം പോലെ നിന്നിരുന്ന കുന്നുകൾക്കുപകരം, മടിയന്മാരായി മാറിയ മനുഷ്യർക്ക് കൃത്രിമ ഭക്ഷണം വരുന്ന കവറുകളാലും  പ്ലാസ്റ്റിക് കൂടുകളാലും മറ്റു മാലിന്യങ്ങളാലും രൂപാന്തരപ്പെട്ടു ചവറുകൂമ്പാരങ്ങളായി മാറി. ഗ്രാമത്തിലെ നിഷ്കളങ്ക മനുഷ്യരുടെ കാര്യമാണെങ്കിൽ, അധികാര കസേരയിലിരുന്നു, നാട് നന്നാക്കാൻ അല്ല, തന്റെ പോക്കറ്റ് നിറയ്ക്കാൻ വേണ്ടി നിയമം എന്ന് പറഞ്ഞു സാധാരണക്കാരെ കുരങ്ങു കളിപ്പിയ്ക്കുന്ന രാഷ്ട്രീയക്കാർ, സാക്ഷാൽ സൃഷ്ടി കർത്താവിനെ തന്റെ സ്വന്തം ദൈവമാക്കാൻ തമ്മിൽ തള്ളുന്ന മതഭ്രാന്തൻമാർ, ചുരുങ്ങിയ സമയത്തിൽ കൈനിറയെ അദ്ധ്വാനിയ്ക്കാതെ പണമുണ്ടാക്കാൻ കൊള്ളയടിയും മോഷണവും നടത്തുന്ന കുറെ  പേർ, തന്റെ മണ്ണിൽ വിയർപ്പൊഴുക്കാൻ കഴിയാതെ മുതലാളി എന്ന വെള്ള കുപ്പായം ഇടാൻവേണ്ടി പണിയെടുക്കാൻ വേണ്ടി അന്യസംഥാനത്തുനിന്നും  ആളുകളെ കൊണ്ടുവരുകയും, അവിടെനിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയില്ലാത്ത വിഭവങ്ങൾ വീർപ്പുമുട്ടെ തിന്നു വീരവാദം പറയുന്നവർ, തന്നിലെ കാമപ്പിശാചിനെ മദ്യലഹരിയ്‌ക്കൊപ്പം സംതൃപ്തിപ്പെടുത്തുവാൻ, അംഗൻവാടിയിൽ പോകുന്ന ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ പോലും പ്രായമാകാത്ത പിഞ്ച് കുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്ന കുറെ  മനുഷ്യർ ഇങ്ങിനെ തുടരുന്നു. അതുമാത്രമല്ല വർത്തമാന പത്രങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും കുറെ  നാൾ ചർച്ചാവിഷയമായ സിനിമാതാരം ഭാവനയെപ്പോലെ പരസ്പര വൈരാഗ്യത്തിനും മുതലെടുപ്പിനും വേണ്ടി സമൂഹത്തിൽ നിന്നും അപ്രത്യക്ഷരാകുന്ന പ്രശസ്ഥരല്ലാത്തതും ആയതുമായ കുറെ നിഷ്കളങ്ക പെൺകുട്ടികൾ,  പുതിയ തലമുറകളുടെ മാറി വരുന്ന ചങ്ങാത്തത്തിലോ മറ്റേതോ കാരണത്തലോ ജീവിത യാത്രയിൽ  വഴുതി വീഴുന്ന മിഷേലിനെപ്പോലുള്ള പെൺകുട്ടികളുടെ കഥകൾ ഇതെല്ലാം അരങ്ങേറുന്നതും നമ്മുടെ കൊച്ചു കേരളത്തിലല്ലേ? ഇത്തരം ഒരു സാഹചര്യത്തിൽ തന്റെ പൗരുത്വം മറന്നു,  സമാധാനപരമായി വിയർപ്പൊഴുക്കി, കൂടുതൽ ജീവിത സാഹചര്യങ്ങളെ സ്വപനം കണ്ടു വിദേശങ്ങളിലേയ്ക്ക് യാത്ര തുടങ്ങുന്ന മലയാളിയെ കുറ്റപ്പെടുത്താനാകുമോ?

എന്തൊക്കെയായാലും ഈ അടുത്ത കാലത്തായി പത്രത്തിൽ  വായിയ്ക്കാനിടയായ  ന്യൂയോർക്കിൽ വംശീയ ആക്രമണത്തിൽ ഇന്ത്യക്കാരനായ എഞ്ചിനീയർ കൊല്ലപ്പെട്ടതും, ദിവസങ്ങൾക്കുള്ളിൽ സൗത്ത് കരോലിനയിലെ ലാൻകാസ്റ്ററിൽ വ്യാപാരം നടത്തിയിരുന്ന  യുവാവ് കൊല്ലപ്പെട്ടതുമായ വാർത്ത കൾ ഇന്ത്യക്കാരന്റെ അമേരിയ്ക്കൻ സ്വപ്ങ്ങളെ അനുകൂലിയ്ക്കുന്നതാണോ?        H-1B വിസ അനുവദിയ്ക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനവും ഇന്ത്യക്കാരന്റെ അമേരിയ്ക്കൻ സ്വപ്നങ്ങളെ തടസ്സപ്പെടുത്തടുന്നതല്ലേ?

തന്റെ പൗരത്വത്തിനാണോ, ജോലിയ്ക്കും, ജീവിതസാഹചര്യങ്ങൾക്കുമാണോ പ്രാധാന്യം നൽകേണ്ടതെന്ന് ഓരോ പൗരനും സ്വയം എടുക്കേണ്ട തീരുമാനം തന്നെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English