സ്വപ്നം

swapnam

 

നീണ്ട ജീവിതയാത്രയ്ക്കിടയിലൊരുനാള്‍

അറിയാതെയേതോയൊരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു ഞാന്‍

ഒത്തിരിപ്പേരൊത്തൊരുമയോടെ

വസിച്ചിടുന്നുവാ ഗ്രാമഭൂവില്‍

അവിടം അവശരാം വൃദ്ധജനങ്ങള്‍ക്കു

ഊന്നുവടിയായിട്ടുണ്ട് യുവാക്കള്‍

യുവജനങ്ങള്‍ക്കനുഭവജ്ഞാനം പകര്‍ന്നു

ശക്തിയായി വൃദ്ധരുമൊപ്പമുണ്ട്

പാമരര്‍ക്കായി വിദ്യാദീപം

കൊളുത്തുന്നു പണ്ഡിതര്‍

സമ്പന്നരും ദരിദ്രരും തുല്യരായി

ഒരുമിച്ചു വാണിടുന്നു

നോട്ടംകൊണ്ടുപോലും പെണ്ണിനെ

മാനിക്കുന്നു പുരുഷവര്‍ഗ്ഗം

തമ്മിലിണങ്ങി കൈകോര്‍ത്തുനടക്കുന്നു

പല അമ്മ പെറ്റ മക്കളും

അക്കൂട്ടത്തില്‍ വ്യത്യസ്ത

ഭാഷകളില്‍ മൊഴിയുന്നവരുണ്ട്

വിഭിന്ന വര്‍ണ്ണക്കാരുണ്ട്

വിവിധ ജാതിമതങ്ങളില്‍പ്പെട്ടവരുണ്ട്

എങ്കിലും സ്വസ്ഥരാണേവരും

സ്നേഹത്തിന്‍ വെളിച്ചമുണ്ട് എല്ലാവദനങ്ങളിലും

കലഹങ്ങളില്ല കണ്ണുനീരില്ല

യുദ്ധവുമശാന്തിയുമശേഷമില്ല

ആ ഗ്രാമത്തിന്‍ മുഖ്യകവാടത്തിങ്കല്‍

സ്വര്‍ണ്ണലിപികളാലാരോ കുറിച്ചിരിക്കുന്നു “വിശ്വൈകം”

തെല്ലിട പോകേ പയ്യെയാ

ഗ്രാമം വളരാന്‍ തുടങ്ങി

വളര്‍ന്നു വലുതായി ഒരുജില്ലയായി

പിന്നെയും വളര്‍ന്നു ഒരു സംസ്ഥാനമായി

രാജ്യമായി, ഒടുവിലതാ

ഏഴു വന്‍കരകള്‍ ചേര്‍ന്ന വിശ്വമായിമാറുന്നു

പൊടുന്നനെ ഞെട്ടിയുണര്‍ന്നു ഞാന്‍

നിദ്രയില്‍ നിന്നപ്പോളെന്‍

മുറിയിലൊരുമെത്തയില്‍

കിടക്കുകയാണ് ഞാന്‍

പുറത്തിറങ്ങി ചുറ്റും കണ്ണോടിക്കവേ

സ്നേഹത്തിന്‍ വെളിച്ചമുള്ള വദനങ്ങളില്ല,

സ്വസ്ഥരാം ജനങ്ങളില്ല, അട്ടഹാസങ്ങളാര്‍-

ത്തനാദങ്ങളെവിടെയും, ശാന്തിയെങ്ങുമില്ല

അപ്പോള്‍ ഞാന്‍ കണ്ടതൊക്കെ

സ്വപ്നമായിരുന്നോ

“മാവേലി വാണിടും കാലം” വീണ്ടുമെത്തി-

യെന്നു മൂഢഞാന്‍ നിനച്ചുപോയി

നീണ്ട യാത്രയ്ക്കിടയില്‍ ഒരുവട്ടമെങ്കിലും

അതുപോലൊരു ഗ്രാമം നേരില്‍

കാണുവാന്‍ എനിക്കാകുമോ

യുഗങ്ങള്‍ക്കപ്പുറമെങ്കിലുമെന്‍റെ

സ്വപ്നം സത്യമാകുമോ

സ്വപ്നസാക്ഷാത്ക്കാരത്തിനായി

ജന്മങ്ങളോളം മനമുരുകി

തപം ചെയ്തിടട്ടെ ഞാന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English