സൂപ്പര്‍ഹിറ്റ് പ്രോഗ്രാം സാന്ത്വന സംഗീതം ഇനി ഫോമയുടെ ബാനറില്‍

ന്യൂജേഴ്‌സി: കോവിഡ്  മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നുപോയ അമേരിക്കന്‍ മലയാളികള്‍ക്ക് മാനസിക ഉല്ലാസവും ആശ്വാസവും പകര്‍ന്ന  സാന്ത്വന സംഗീതം എന്ന സംഗീതപരിപാടി ഇനി ഫോമയുടെ അഭിമുഖ്യത്തില്‍ നടത്തുന്നു. മലയാളി ഹെല്‍പ് ലൈന്‍ ഫോറം ആരംഭിച്ച  ഈ സംഗീത പരിപാടി   ഇരുപത്തിയഞ്ച് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തികരിച്ചിരുന്നു. സംഗീതം എത്രത്തോളം മനസികാശ്വാസം നല്‍കുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് സാന്ത്വന സംഗീതം പരിപാടിയെന്ന് അമേരിക്കന്‍ മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. നിരവധി സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഈ പരിപാടി അമേരിക്കന്‍ മലയാളികള്‍ക്ക് കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മാറിയിരുന്നു.
ഡോ. ജഗതി നായര്‍  ദിലീപ് വര്‍ഗീസ്, ബൈജു വര്‍ഗീസ്, സിറിയക് മാളിയേക്കല്‍, സിജി ആനന്ദ്, റോഷന്‍ മാമന്‍, ജെയിന്‍ മാത്യൂസ്, സാജന്‍ മൂലപ്ലാക്കല്‍, ബോബി ഖാന്‍ എന്നിവരാണ് നൂറോളം മിടുക്കരായ ഗായകരെ ഉള്‍പ്പെടുത്തി സാന്ത്വനസംഗീതം എന്ന പരിപാടി മലയാളി ഹെല്‍പ്ല് ലൈന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്നത്
എല്ലാവരുടെയും ഹൃദയം കവര്‍ന്ന സാന്ത്വന സംഗീതം ഫോമയ്ക്ക് കൈമാറിയത് കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയില്‍ നടന്ന സംഗീതവിരുന്നോടുകൂടിയായിരുന്നു. പ്രഗത്ഭരായ സംഗീതജ്ഞരുടെ ആലാപനമികവില്‍ നടന്ന സംഗീത വിരുന്നോട് കൂടി മലയാളി ഹെല്‍പ് ലൈനിന്റെ നേതൃത്വത്തിലുള്ള സാന്ത്വന സംഗീതം പരിപാടിക്ക് തിരശീല വീണിരിക്കുകയാണ്. ഇനി പരിപാടിയുടെ തുടര്‍ച്ചയായി  ഇരുപതിയാറാമത്തെ എപ്പിസോഡ് മുതല്‍  ഫോമയുടെ  ആഭിമുഖ്യത്തിലാകും സാന്ത്വന സംഗീതം   അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തുക. എല്ലാ ഞായറാഴ്ചയും രാത്രി എട്ടു മണിക്ക്  സൂമിലൂടെയും ഫെയ്‌സ്ക്കിബുക്കിലൂടെയുമാകും പരിപാടി സ്ട്രീം ചെയ്യുക
ഫോമയുടെ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവിലിനാണ് ഫോമ  നാഷണല്‍ കൗണ്‍സില്‍ സാന്ത്വനം സംഗീതത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നാട്ടില്‍ സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ തൃശൂരില്‍ നിന്നുള്ള നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സനിക സുരേഷിന് അന്‍പതിനായിരം രൂപ പഠനസഹായമായി സാന്ത്വന സംഗീതപ്രേമികള്‍ നല്‍കിയിരുന്നു. തുടര്‍ന്നും നാട്ടിലെ ദുരിതം അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക്  കൂടുതല്‍ സഹായങ്ങള്‍ സാന്ത്വന സംഗീതം വഴി നടത്താനും ഫോമ തീരുമാനിച്ചിട്ടുണ്ട് .
നിരവധി യുവ ഗായകരെ മുന്നോട്ട് കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞ മലയാളി ഹെല്‍പ് ലൈന്‍ നടത്തിയ സാന്ത്വന സംഗീതം പരിപാടി സൂം വഴി ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയെന്ന നിലയിലും ശ്രദ്ധേയമായിരുന്നു. തുടര്‍ന്നും ഇനി ഫോമയുടെ നേതൃത്വത്തില്‍ വിജയകരമായി നൂറു എപ്പിസോഡുകള്‍ തികയ്ക്കണമെന്നുള്ളതാണ് ലക്ഷ്യമെന്ന് ബിജു തോണിക്കടവില്‍ പറഞ്ഞു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English