സമാഗമം

തുള്ളികൊരു കുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് ബാലേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്. ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന ബാലേട്ടനെ കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരന്നു.

തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു . പത്ത് നാല്പ്പത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വരവ് . ഹാ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ ഈ ബാലേട്ടന്‍ .

അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്നു കാണണമെന്ന് . അമ്മ പലവട്ടം കത്തയച്ചു . ആളെ വിട്ടു. വന്നില്ലല്ലോ. അന്ന് ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ത്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു . ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു. അന്ന് എന്തൊരഹന്തയായിരുന്നു . പ്രശസ്തിയുടെ , പണത്തിന്റെ, പകയുടെ….

ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്, സ്വന്തം കെട്ടിടങ്ങള്‍, നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുണ്ടായിരുന്നു നാല്‍ക്കവലയില്‍ . കോളേജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന്‍ ആവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു . അച്ഛന്റെ പലചരക്ക് കടയിലെ അരിച്ചാക്കിനു മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി. കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളൂം പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി . കുഞ്ഞു കവിതകള്‍ റാഫേലേട്ടന്റെ കണക്കു പുസ്തകത്തിന്റെ താളുകളില്‍‍ ഒളിപ്പിച്ചു.

” അച്ഛനറിയരുത് റാഫേലേട്ടാ”

” അക്കാര്യം ഞാനേറ്റു മോളെഴുതിക്കോ ”

കവിതയെഴുതുന്ന കാര്യം അച്ഛനറിയരുതെന്ന് റാഫേലേട്ടനെ ചട്ടം കെട്ടും. കപ്പലണ്ടികേക്കും പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു.

വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് ബാലേട്ടന്‍ പരീക്ഷക്കു പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും , പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ഏട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു.

വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രജ്ഞിനിച്ചേച്ചിയുടെ വയനിലില്‍ തന്ത്രികളുണരും.
അപ്പോള്‍ ബാലേട്ടന്‍ പാഠപുസ്തകം അടച്ചു വെക്കും . നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വലിനില്‍ പാട്ട് തീരുമ്പോള്‍ ബാലേട്ടന്റെ എഴുത്തും തീര്‍ന്നിട്ടുണ്ടാകും. കടലാസ് മടക്കി ജനത വായനശാലയില്‍ നിന്നും വായിക്കാനെടുത്ത പുസ്തകത്തില്‍ ഒളീപ്പിച്ച് വെച്ച് തന്നെ പതുക്കെ വിളിച്ച് , ആരതിക്കുട്ടി ഈ ലൈബ്രറി രജ്ഞിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും.

ഒരു ദിവസം സ്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു . ഒരു പുത്തന്‍ പുസ്തകം . നിറയെ കവിതകള്‍ ബാലകൃഷ്ണന്റെ കവിതകള്‍ എന്ന് പുസ്തക പേര്. അരുന്ധതി കവിതകള്‍ ഓരോന്നായി വായിച്ചു . അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതെ സമയം കളയുമ്പോള്‍ എഴുതിയ വരികള്‍ .

റാഫേലേട്ടന്റെ കണക്കു പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച അതേ പാട്ടുകള്‍. അരുന്ധതി പാദാദികേശം വിറകൊണ്ടു. പുസ്തകത്തില്‍ പുറംചട്ടയില്‍ ബാലേട്ടന്റെ പടം.

ഏട്ടനല്ലേ എഴുതിക്കോട്ടെ . പക്ഷെ അതല്ല , ഒരു വാക്ക് പറയാമായിരുന്നില്ലേ ബാലേട്ടന്? ഒന്നു ചോദിക്കാമായിരുന്നില്ലേ റാഫേലേട്ടന്? അതായിരുന്നു അന്ന് ആ കുഞ്ഞു മനസിലെ ആത്മനൊമ്പരം .

പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു.

” എടാ റപ്പായി നിന്നെപ്പിന്നെ കണ്ടാളാമെടാ”

” ആരതിക്കുട്ടി, കവിതയുണ്ടാക്കിയിട്ടു കാര്യമില്ല മോളെ. ഇതിനു പിടിപാടു വേണം ബാലനെ കണ്ട് പഠിക്ക്. മോള്‍ നോക്കിക്കോ ബാലകൃഷ്ണന്‍ ഈ നാട്ടിലെ വലിയ കവിയാകും” റാഫേല്‍ പിന്നെയും ചിരിച്ചു.

അരുന്ധതി പിന്നെയും എഴുതി. ആരും കാണാതെ. എഴുതി ഒരു നോട്ടു പുസ്തകം നിറഞ്ഞൂ . പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിതാ പുസ്തകം കണ്ടാല്‍ ശകാരിക്കും . ചെലപ്പോ കീറീം കളയും . കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലം രജ്ഞിനിച്ചേച്ചിയാണ്.

തന്റെ കവിതകളോട് പ്രിയമായിരുന്നു രജ്ഞിനിച്ചേച്ചിക്ക് . ആ വരികള്‍ വയലിനില്‍ വായിച്ച് രജ്ഞിനിച്ചേച്ചി പാടുമായിരുന്നു.

” ബാലേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി?”

” വേണ്ട അച്ഛനെ പിണക്കെണ്ട. പുസ്തകമിറക്കല്‍ അത്രക്കു വല്യ കാര്യമൊന്നുമല്ല ”

അച്ഛന്റെ ഹിതം നോക്കാതെ ബാലേട്ടന്‍ പാട്ടുകള്‍ എഴുതി വാരികകളീലൂടെയും കാവ്യകൃതികളിലൂടെയും ബാലകൃഷ്ണനെ നാടറിഞ്ഞു.

മഴ തോര്‍ന്നിട്ടില്ല . മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്നു വീഴുന്നു.

” ബാലേട്ടാ നോ സെന്റിമെന്റെന്‍സ്. അച്ഛനുമമ്മക്കും സ്നേഹമായിരുന്നു ബാലേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍”

” നിന്റെ കവിതയില്‍ നിന്നുമാണല്ലോ എന്റെ തുടക്കം. പിന്നെ കുറെ എഴുതി പുസ്തകങ്ങളായി, പ്രശസ്തിയായി. പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്”

” ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍ വെട്ടത്തില്‍ ഒന്നു നടന്നു കൂടെ ബാലേട്ടന്?”

” രജ്ഞിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്. ഓര്‍ക്കുന്നുണ്ടോ ? അന്ന് രണ്ട് വളകളൂം മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു ഇത് എന്റെ സ്വന്തം ഏട്ടത്തിയാണ് നോക്കിക്കൊളളണം എന്ന് ”

”നിങ്ങള്‍ പോയി . അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു തല്ലി. ചത്തില്ലെന്നു മാത്രം. പിന്നെയൊന്നും ബാലേട്ടനറിഞ്ഞില്ലല്ലോ ? ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ അതോ മണ്മറഞ്ഞോ ഒന്നും അറിയാനിട വന്നിട്ടില്ലല്ലോ”

” വീടിനു ഞാനുണ്ടാക്കിയ നാണക്കേടുകള്‍, തറവാട് കുളം തോണ്ടിയത്, കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്കു പറയാന്‍ അല്ലേ?”

അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു.

” എവിടെ നിന്റെ മോള്‍ ? മാമന്‍ വന്നിരുന്നുന്നെന്ന് അവളോടൂ പറയണം ”

സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകവുമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയുമെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ ബാലകൃഷ്ണന്‍ നടന്നകന്നു . അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കയ്യിലെടുത്തു.

” അരുന്ധതിയുടെ കവിതകള്‍”

പൂമുഖപ്പടിയിലിരുന്നു മഴക്കാഴ്ചകള്‍ കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍.

അരുന്ധതി താളുകള്‍ ഓരോന്നായി‍ മറിച്ചു . താളുകളില്‍ മഴ ചൊരിയുന്നു. മഴയോടൊപ്പം വയലിന്റെ സംഗീതവും പെയ്യുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English