മഴ ഭാവങ്ങൾ

 

k3

ലാസ്യഭാവങ്ങൾ ഉതിർക്കുകയാണ് മഴ..!

മഴയ്ക്ക് മുഖങ്ങള്‍ പലതാണ്.. ചാറ്റൽ മഴ..!

അതെപ്പോഴും ഉള്ളിൽ ഹരമാണ് നിറക്കുന്നത്…

സകലതിനെയും തൊട്ടുതലോടി, കുളിരണിയിപ്പിച്ചുകൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ആദ്യ മഴത്തുള്ളികൾ..!!

പ്രകൃതിയെ ഹരിതമണിയിക്കുവാൻ വെമ്പുന്ന മഴ! ഈ മഴയിങ്ങനെ നോക്കിയിരിക്കാൻ എന്തു രസമാണ്..! ഇറയത്തേക്ക് അടിച്ചു കയറുന്ന തൂവാനത്തുള്ളികൾ അവളെയും.. കുളിരണിയിപ്പിച്ചു. നേർത്ത ഹൃദയ തന്ത്രികളിലെങ്ങോ ആരോ.. ഒരു മൃദുരാഗം മീട്ടിയപോലെ..

പതിയെ മഴയുടെ ഭാവം മാറുകയാണ്.. ഒപ്പം കാറ്റിന്റെ ഇരമ്പലും.. പറമ്പിലെ മാവും, തെങ്ങും, കവുങ്ങുമൊക്ക കാറ്റത്ത് ഇളകിയാടുന്നു.. മച്ചിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ കൈകക്കുള്ളിൽ നൃത്തം വെച്ചുകൊണ്ടിരുന്നു.. മനസ്സിന്റെ അകതാരിലെങ്ങോ ഒരു കുഞ്ഞു മയിൽപ്പീലി വിടരുകയായ്..!

“ലച്ചൂ.. നിയെവിടെ എന്തെടുക്കുവാ.. മഴയത്തു കളിക്കുവാണോ..?”

“വേഗംവാ… വിളക്കു കൊളുത്താൻ നേരമായ്…”

“ദേ.. വരുന്നു ചേച്ചമ്മേ..”

അവളകത്തേക്കു നോക്കി ഉറക്കെ നീട്ടിവിളിച്ചു പറഞ്ഞു.

ചേച്ചമ്മയാണ്..

വിളിക്കു പിന്നാലെ അവരും അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.

“അച്ഛനുമമ്മയും വരുമ്പോഴെക്കും.. പനി പിടിപ്പിച്ചു വെക്കേണ്ട..”

വാത്സല്യത്തോടെയുള്ള ശ്വാസനയുമായി ചേച്ചമ്മ അവൾക്കടുത്തേക്കു വന്നു. അവർ ലച്ചുവിന്റെ നനഞ്ഞ ഡ്രസ്സിൽ തൊട്ടു നോക്കിയിട്ട് പറഞ്ഞു.

“മൊത്തം നനഞ്ഞിരിക്കുന്നു.. വേഗം പോയി ഡ്രസ്സുമാറി വന്ന് വിളക്കു കത്തിക്ക് മോളെ…”

അല്പം മടിച്ചു മടിച്ചാണെങ്കിലും അകത്തേക്കു പോകാനൊരുങ്ങിയവൾ കണ്ടു. മാനത്തു വളഞ്ഞു പുളഞ്ഞു പോകുന്നൊരു മിന്നൽപ്പിണർ…!

അയ്യോ…ചേച്ചമ്മേ ..!!

പെട്ടന്നു ചാടിക്കേറിയവൾ ചേച്ചമ്മയെ കെട്ടിപിടിച്ചു.

ഒരു കുഞ്ഞിനെയെന്ന വണ്ണം അവരെവളെ മാറോട് ചേർത്തണച്ചു കൊണ്ട് വേഗം അകത്തേക്കു കയറി വാതിലടച്ചു. അതിനു തൊട്ടുപിന്നാലെ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കാതിടിപ്പിക്കുന്ന ഇടിമുഴക്കം! തുടരെ തുടരെ രണ്ടുമൂന്ന് കൊള്ളിയാനും ഇടിമുഴക്കങ്ങളും…

ചേച്ചമ്മയുടെ മാറിലേക്കവൾ മുഖം പൂഴ്‌ത്തി, കാതു രണ്ടും പൊത്തിപിടിച്ചു. ഇടിമുഴക്കം ഭയങ്കര പേടിയാണ് ലച്ചുവിന്. അവരുടെ മാറിലേക്കവൾ കൂടുതൽ പറ്റിച്ചേർന്നു. ആ ശരീരത്തിലെ നേർത്ത ഇളം ചൂട് അവരിലെ മാതൃത്വത്തെ തൊട്ടുണർത്തി.

“പേടിക്കണ്ടാടാ കുട്ടാ..”

അവളുടെ മൂർദ്ധാവിലൊരു മുത്തം കൊടുത്തു കൊണ്ടവർ മെല്ലെ ആ മുടിയിഴകളിൽ തലോടി. പിന്നെ.. പതിയെ അവളെ തന്നിൽനിന്നും അടർത്തി മാറ്റിക്കൊണ്ട് ആ മുഖത്തേക്കുറ്റു നോക്കി. കണ്ണുകൾ രണ്ടും ഇറുകെ അടച്ചു പിടിച്ചിരിക്കുകയാണവൾ.

“മോളു ചെല്ല്.. പോയി ഡ്രസ്സ്മാറിവാ..”

ഇത്തിരിനേരം കൂടി ചേച്ചമ്മയെ അങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാനവൾ കൊതിച്ചു.

ലച്ചുവിനെ നിർബന്ധിച്ചവർ അകത്തേക്ക് പറഞ്ഞു വിട്ടു. പിന്നെ വന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ ഇത്തിരി തോർന്നിട്ടുണ്ട്. പടിഞ്ഞാറുനിന്നും ഈറൻ കാറ്റ് വീശിയടിക്കുന്നുണ്ട്.. നേരത്തെ ഇരുൾ പരന്നിരിക്കുന്നു.

അങ്ങ് വിദൂരതയിലേക്കെങ്ങോ മനസ്സ് പായുകയാണ്…

നാളെ അവരുടെ കൂടെ ലച്ചു പോകുമോ..? തന്നെ ഉപേക്ഷിച്ചിട്ട്.??

ഒരു പാഴ് മരമായി തീർന്ന തനിയ്ക്കു ഇത്രയുംനാൾ ജീവശ്വാസമേകിയിരുന്ന ലച്ചുവും തന്നെ വിട്ടുപോകുകയാണ്….

അവരുടെ മനസ്സ് വിങ്ങി.

ജീവിതത്തിൻെറ പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവ്. അന്ന് യാഥാർഥ്യത്തിനു മുന്നിൽ അമ്പരന്നു അന്തം വിട്ടു നിൽക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല. അന്ന്, മോളെ സുധയാണ് തന്റെ കൈയിലേക്കു വെച്ചു തന്നത്. തന്റെ പ്രിയ അനുജത്തി. നാലു വയസ്സു മാത്രമുള്ള കുഞ്ഞു ലച്ചുവിനെ.

ചേച്ചിയും അമ്മയും ചേർത്ത് തന്നെയവൾ ‘ചേച്ചമ്മ’യെന്ന് വിളിച്ചു. സുധയെക്കാളധികം തന്റെ മാറിലെ ചൂടേറ്റവൾ വളർന്നു.

“വാഷിയിൽ.. കുട്ടികളെ നോക്കാൻ വല്യ ബുദ്ധിമുട്ടാ ചേച്ചീ.., അനൂപും പറയുന്നു.. ആശിച്ചു മോഹിച്ച് കിട്ടിയ ജോലിയല്ലേ കളയേണ്ടന്ന്..!”

ആ വാക്കുകൾ തന്നിൽ തേൻതുള്ളികൾ നിറക്കുകയായിരുന്നു… എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോയത്…

ഇന്ന് ലച്ചുമോൾ ടെൻത് കഴിഞ്ഞിരിക്കുന്നു. അവൾക്കവിടെ നവി മുംബൈയിലെ ‘വാഷിയിൽ’ അനൂപ് ഹയർസ്റ്റഡീസിന് അഡ്‌മിഷൻ ശരിയാക്കിയിട്ടുണ്ട്. നാളെവരും അവർ അവളെ വിളിച്ചു കൊണ്ടുപോകാൻ…! തന്നെ പിരിഞ്ഞിരിക്കാൻ ലച്ചുമോൾക്കാവുമോ..?

നാഴികയ്‌ക്കു നാൽപ്പതുവട്ടം ‘ചേച്ചമ്മേ’ ‘ചേച്ചമ്മേ’യെന്നു വിളിച്ചു നടക്കുന്നവൾക്ക്. ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലെന്താ.. താനൊരു നല്ല അമ്മയല്ലെ..? തന്റെ ലച്ചുമോളുടെ.. സുധയെക്കാളധികം തന്നെയവൾ സ്നേഹിക്കുന്നുണ്ട്. അവളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ അവൾ പൊയ്ക്കോട്ടേ… സ്വയമവൾ ആശ്വസിക്കാൻ ശ്രമിച്ചു.

രമയുടെ ചിന്തകളങ്ങനെ നീണ്ടു പോയി…

പെട്ടന്ന്, ലാൻഡ്ഫോൺ ശബ്ദിച്ചു.

അവളോടി ഡ്രോയിങ്റൂമിൽ എത്തിയപ്പോഴേക്കും അതിന്റെ ശബ്ദം നിലച്ചിരുന്നു. കാറ്റും, മഴയും കാരണം ചിലപ്പോൾ കട്ടായി പോയതാവാം..

അന്നേരമാണ് രമ ഓർത്തത്.

ലച്ചുമോൾ ഇതുവരെ പായ്ക്കൊന്നും ചെയ്തിട്ടില്ല. അവരുടെ കൂടെ പോകാനൊട്ടും മനസ്സില്ലവൾക്ക്.. ഇനി താൻ തന്നെ വേണം അതും ചെയ്തു കൊടുക്കാൻ..! രമ പതിയെ അവളുടെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ കണ്ടു പൂജാമുറിയിൽ തെളിഞ്ഞു കത്തുന്ന നിലവിളക്ക്.. അതിന് മുൻപിലായി നിലത്തു ചമ്രം പിടഞ്ഞിരിക്കുന്ന ലച്ചുമോൾ!

അവൾ കുളിച്ചു ഉടുപ്പൊക്കെ മാറിയിട്ടുണ്ട്. വിടർത്തി ഇട്ടിരിക്കുന്ന മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു. ശബ്ദമുണ്ടാക്കാതെ മെല്ലെ രമ അവൾക്കടുത്തു ചെന്നിരുന്നു. കണ്ണടച്ചു കൈകൂപ്പി ഇരിക്കുകയാണ് ലച്ചുമോൾ കവിളിലൂടെ ചാലു കീറി ഒലിച്ചിറങ്ങുന്ന കണ്ണീർ. നെഞ്ച് പിടഞ്ഞുപോയി!!

“എന്തുപറ്റിയെടാ…”

താനും കരയുകയാണെന്ന് രമയ്ക്ക് തോന്നി. അവൾ മെല്ലെ ലച്ചുവിനെ തന്റെ തോളിലേക്ക് ചായ്‌ച്ചു, അവളുടെ പുറത്തു പതിയെ തലോടി കൊണ്ടു ചോദിച്ചു.

“പറ മോളെ… മോളെന്തിനാ കരഞ്ഞത്.”

“എനിക്ക് .. എനിക്ക് പോണ്ടാ ചേച്ചമ്മേ…”
അവൾ ഏങ്ങലടിച്ചു കരഞ്ഞു. രമയുടെ ഹൃദയം ആർദ്രമായി.

“മോളങ്ങനെ പറയരുത്.. മോളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ..?”

രമ തന്റെ വിഷമം ഉള്ളിലൊതുക്കി, ലച്ചുവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. താൻ കാരണം അവളുടെ ഭാവി അവതാളത്തിലാകരുത്.

“ചേച്ചമ്മയുടെ നല്ല മോളല്ലെ.. പറയുന്നത് കേക്ക്”

അവർ സാരിത്തുമ്പു ഉയർത്തി അവളുടെ കണ്ണീരു തുടച്ചു കൊടുത്തു കൊണ്ട് അവളെ സമാധാനിപ്പിച്ചു പൂജാമുറിക്ക് പുറത്തേക്കിറങ്ങി. അവിടെ നിന്നാൽ താനും കരഞ്ഞു പോയേക്കുമെന്ന് രമയ്ക്ക് തോന്നി.

ലച്ചുവിന്റെ മുറിയിലെത്തി. അലമാരയുടെ മുകളിൽനിന്നും ബാഗെടുത്തു വച്ചു അതിലേക്കു അവളുടെ ഡ്രസ്സുകൾ ഓരോന്നായ് പെറുക്കിയടുക്കി വെച്ചു. അതാ.. തുണികൾക്കിടയിൽ ഒരു ഫോട്ടോ. തന്റെ പഴയൊരു ഫോട്ടോ..! ലച്ചുവിനെയും എടുത്തുകൊണ്ടു നിൽക്കുന്നത്. അവൾക്കന്ന് നാലു വയസുണ്ട്. ഏറെനേരം അതിലേക്ക് നോക്കി നിന്നുപോയവൾ..!. ഓർമ്മകൾ വീണ്ടും തന്നിലേക്ക് ചിറകടിച്ചെത്തുന്നതുപോലെ… അത് തിരികെ വെയ്‌ക്കാൻ ഒരുങ്ങുമ്പോഴാ പുറകു വശത്തു കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. ‘എന്റെ..അമ്മ’. പിന്നെ… സങ്കടമടക്കാനായില്ല.. രമയ്ക്ക്. തേങ്ങി കരഞ്ഞുപോയവൾ..!

‘ദൈവം എനിക്കു മാത്രമെന്തേ.. ദുഃഖങ്ങൾ തരുന്നു..’ ഒന്നും.. ആശിക്കാൻ വിധിയില്ലെന്നണോ..?’

ഒരു കുഞ്ഞിക്കാലു കാണാൻ ഒരുപാട് ആശിച്ചിരുന്ന നാളുകൾ… മരുന്നുകൾ, വഴിപാടുകൾ, പ്രാർഥനകൾ എല്ലാം.. വിഫലമായി. എന്തുവന്നാലും ആരൊക്കെ എതിർത്താലും എന്നും.. കൂടെക്കാണുമെന്ന് പറഞ്ഞ വിജയേട്ടനും തന്നെ ഉപേക്ഷിച്ചുപോയി.
കായ്ഫലമില്ലാത്ത വൃക്ഷത്തിനെ ആർക്കുവേണം..?

അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്ന സമൂഹത്തിന് മുന്നിൽ ഒരിക്കലും തനിക്ക് തലയുയർത്തി നില്‌ക്കാനാവുന്നില്ല. എന്നും.. അവഗണനയും, നിന്ദയും മാത്രം.. ഏക തുണയായിരുന്ന പ്രിയപ്പെട്ട അമ്മയുടെ മരണം. ഒക്കെ താൻ സഹിച്ചു. ‘ഈശ്വരാ..ഒരു പെണ്ണിനോട് വേണോ ഇത്രയും പരീക്ഷണങ്ങള്…?’ ഇപ്പോൾ ജീവൻെറ ജീവനായ ലച്ചുമോളും തന്നെ വിട്ടു പോവുകയാണ്.. വീണ്ടും ഒറ്റപ്പെടുകയാണ് താൻ…!

ലാൻഡ് ഫോൺ വീണ്ടും ശബ്ദിച്ചു.

സാരി തലപ്പുകൊണ്ട് മുഖം അമർത്തി തുടച്ചുകൊണ്ട് വേഗം ഓടിച്ചെന്ന് രമ ഫോണെടുത്തു.

“ഹലോ ..”

“ഞാനാണ് ചേച്ചീ.. സുധ”.

“എത്രനേരമായി ഞാൻ ട്രെ ചെയ്യുന്നു..”

“ഇവിടെ മഴ പെയ്യുകയാ സുധേ.. അതാ”

“എന്താ.. നീയിപ്പോൾ.. നാളെ വരുവല്ലെ.. പിന്നെന്താ..”

ഒറ്റ ശ്വാസത്തിലാണത് ചോദിച്ചത്.

“ലച്ചു മോളെന്തേ…”

“അവൾ പൂജാമുറിയിലാണ്.. വിളിക്കണോ ..”

“വേണ്ടാ.. ഞങ്ങള് നാളെ വരുന്നില്ല. അതുപറയാനാ വിളിച്ചത്.”

“ങ്ങ്ഹേ..!”
ഉള്ളിലൊരു നടുക്കമുണർന്നു.

“അവൾ അവിടെ തന്നെ നിന്ന് പഠിച്ചോട്ടെ.. ചേച്ചീ, അതാ നല്ലത്. ഞാൻ പിന്നെ വിളിക്കാം..”

മറുതലയ്‌ക്കൽ ഫോൺ കട്ടായി.

രമയ്ക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.
തന്റെയുള്ളിലേക്ക് ആരോ.. തണുത്തൊരു മൺകുടം കമഴ്ത്തിയപോലെ തോന്നി രമയ്ക്ക്. തന്റെ ആ പഴയ സുധ തന്നെയാണോ ഇത്..?. ഈ പെണ്ണിനെ ഒട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ.. ഈശ്വരാ… തനിക്ക്?

കുട്ടിക്കാലത്ത് എന്തു കിട്ടിയാലും എല്ലാം.. ശ്യാഠ്യം പിടിച്ചു തന്നിൽനിന്ന് സ്വന്തമാക്കിയിരുന്നവൾ…! പിന്നെ.. ഒരു വിജയിയുടെ ഭാവമായിരുന്നവൾക്ക്..! വീട്ടിലെ ഇളയ കുട്ടിയെന്ന പരിഗണയെന്നും കിട്ടിയിരുന്നു അവൾക്ക്. അൽപം സങ്കടത്തോടെ ആയിരുന്നെങ്കിലും ഒക്കെയും.. താനും വിട്ടു കൊടുത്തിരുന്നു.. തന്റെ പ്രിയ കുഞ്ഞനുജത്തിക്ക്. കളിപ്പാട്ടങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ ആഭരണങ്ങൾ… അങ്ങനെയങ്ങനെ പോകുന്നു ഇഷ്ട്ങ്ങളുടെ ഒരു പട്ടിക തന്നെ.

ഒരിക്കൽ ‘കുട്ടികളെ നോക്കാൻ വാഷിയിൽ ബുദ്ധിമുട്ടാണെന്നും’ പറഞ്ഞു തന്റെ കൈയിലേക്ക് ലച്ചുമോളെ വെച്ചു തന്നവൾ…! ഇന്ന്.. ‘മോൾ ഇവിടെ തന്നെ നില്ക്കട്ടെ അതാ നല്ലതെന്ന്..’ ഒരുപക്ഷെ..! തന്നെയേറ്റവും കൂടുതൽ മനസ്സിലാക്കിയിരിക്കുക അവൾ മാത്രമായിരിക്കും.. തന്റെ പ്രിയ കുഞ്ഞനുജത്തി. തന്റെ സ്വന്തം.. കൂടെപ്പിറപ്പ്!!

ദുഃഖങ്ങളിൽ.. ജീവിത യാഥാർഥ്യങ്ങൾക്കു മുൻപിൽ ദിക്കറിയാതെ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരിറ്റു ആശ്വാസമേകാൻ കൂടെപ്പിറപ്പിനോളം വരില്ലാ മറ്റാരും…!

രമ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.

അവിടെ മഴയുടെ ഭാവങ്ങൾ വീണ്ടും മാറുകയാണ്…

പ്രണയത്തിൻെറ.. വേദനയുടെ.. സങ്കടത്തിന്റെ.. സന്തോഷത്തിന്റെ‍.. സ്‌നേഹത്തിന്റെ.. അങ്ങനെ പലതരം ഭാവങ്ങൾ..!!

രമയുടെ മുഖത്തും ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു…

ലച്ചുമോളെ വിളിക്കാനവൾ പൂജാമുറിയിലേക്ക് കയറിപ്പോയി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English