ബിബു ഭാഗം 8

ബെന്നിയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. ബിംബു പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബിന്നിക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സർക്കസ്‌ കൂടാരത്തിലെ കഷ്‌ടപ്പാടുകളും ലോറിയിലെ യാത്രയും ഭിംബന്റെ ആക്രമണവുമെല്ലാം സഹിച്ച ബിംബുവിനെ ബിന്നി കുറെ നേരം നോക്കിനിന്നു. ബിംബുവിനോട്‌ ശരിക്കും സംസാരിക്കാൻ പോലും ബിന്നിക്ക്‌ ശക്തിയില്ലായിരുന്നു.അമ്മയുടെ സങ്കടപ്പെട്ടുള്ള നിൽപ്പു കണ്ടപ്പോൾ ഹീമന്‌, ബിംബു തങ്ങളിൽ ഒരാനയാണെന്നു മനസ്സിലായി. ബിംബുച്ചേട്ടൻ പറഞ്ഞത്‌ എല്ലാം മനസ്സിലായില്ലെങ്കിലും കുറെ കാര്യങ്ങൾ അവനു പിടികിട്ടി. അവൻ മെല്ലെ ബിംബുവിന്റെ അരികിലേക്കു നീങ്ങിനിന്നു. മുറിവുകളും ചോരപ്പാടുകളും കണ്ട്‌ ഹീമൻ ചോദിച്ചു.ബിംബുച്ചേട്ടാ, ചേട്ടന്റെ ശരീരമൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ. എന്തുപറ്റി?“ ബിംബുവിന്‌ ഹീമന്റെ ചോദ്യം കേട്ടപ്പോൾ ചിരിയാണു വന്നത്‌. കൊഞ്ചിക്കുഴഞ്ഞുള്ള അവന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്‌.”അതൊക്കെ അമ്മ പിന്നെ പറഞ്ഞുതരാം മോനേ. ബിംബുവിന്‌ തീരെ വയ്യ. മനുഷ്യർ പിടിച്ചുകൊണ്ടുപോയിട്ട്‌ ബിംബു രക്ഷപ്പെട്ടു വന്നതാ. ഈ അമ്മ പറയാറില്ലേ, മനുഷ്യർ ഭയങ്കരന്മാരാണെന്ന്‌“. ഹീമന്‌ അമ്മ പറഞ്ഞു കേട്ടപ്പോൾ പേടിയായി.”അച്ഛാ, അമ്മേ നമുക്കുടനെ ഇവിടന്നു പോകാം. വല്ല മനുഷ്യരും വന്നാൽ നമ്മളെ പിടിക്കും“. ഹീമൻ പറഞ്ഞു.”മോനേ ബിംബൂ, നീ പതുക്കെ നടക്കാൻ പറ്റുമോ എന്നു നോക്ക്‌. നമുക്ക്‌ കാട്ടിനകത്തേക്കു പോകാം. എന്തായാലും ഈ പുഴയോരത്തുള്ള നില്‌പ്‌ അത്ര പന്തിയല്ല“ ബിന്നിയമ്മായി ഇങ്ങനെ പറഞ്ഞ്‌ ബിംബുവിനെ മെല്ലെ താങ്ങി. അവൻ സാവധാനം എഴുന്നേറ്റു കാൽമുട്ടിനും മുതുകിനും നല്ല വേദനതോന്നിയെങ്കിലും അവൻ അതൊന്നും പുറത്തു കാണിച്ചല്ല. എന്തായാലും താൻ പിറന്നു വീണ കാട്ടിൽ തിരിച്ചെത്തിയല്ലോ. ആനക്കൂട്ടം മെല്ലെ മുന്നോട്ടു നീങ്ങി. ബിന്നിയും ഹീമനും ബിംബുവിന്റെയൊപ്പം നടന്നു.മോന്‌ ഈ സ്‌ഥലമൊക്കെ പരിചയമുണ്ടോ?” ബിന്നി യാത്രയ്‌ക്കിടയിൽ ബിംബുവിനോടു ചോദിച്ചു.ബിംബു അതിനു മറുപടിയൊന്നും പറഞ്ഞില്ല. പകരം ബിന്നിയെ ഒന്നു നോക്കുകമാത്രം ചെയ്‌തു.കുറച്ചു ദൂരം ചെന്നപ്പോൾ ബിന്നി ബിംബുവിനെ ഒരു പാറയ്‌ക്കരികിൽ നിർത്തി. എന്നിട്ട്‌ ഒരിനം നീളൻപുല്ലുകൾ തുമ്പിക്കൈ കൊണ്ട്‌ ബിംബുവിനു പറിച്ചാകൊടുത്തു.“ഇതു മുഴുവൻ തിന്നോ. മുറിവുണങ്ങാനും ശക്തി കിട്ടാനുമൊക്കെ ഈ പുല്ല്‌ വളരെ നല്ലതാ.” ബിംബു അത്‌ തുമ്പിക്കൈ നീട്ടി വാങ്ങി തിന്നാൻ തുടങ്ങി. അപ്പോഴേക്കും ഹീമനും അതു വേണമെന്നായി. ബിന്നി അവനും കുറച്ചു പുല്ല്‌ കൊടുത്തു.“ഇനി കുറച്ചു നേരം നമുക്കിവിടെ വിശ്രമിക്കാം.” ഭീമനാന പറഞ്ഞു.എല്ലാ ആനകളും അതനുസരിച്ചു. ഭീമൻ ഒരു കാവൽക്കാരനെപ്പോലെ തലയുയർത്തി ചുറ്റുപാടും നോക്കി. ബിംബു ഒരു നിമിഷത്തേക്ക്‌ ഭീമനെത്തന്നെ നോക്കിനിന്നു.ബിന്നിയമ്മായി, അതാരാ?“ ബിംബു സ്വകാരയമായി ചോദിച്ചു.അതാണ്‌ ഭീമൻ ചേട്ടൻ. ഭീമൻചേട്ടനാണ്‌ ഇപ്പോ ഞങ്ങളുടെ നേതാവ്‌. ഇവൻ ഭീമന്റെയും എന്റെയും മോനാ.” ഹീമനെ തലോടിക്കൊണ്ട്‌ ബിന്നി പറഞ്ഞു.ബിംബുവിന്‌ ഭീമനെ കണ്ടിട്ട്‌ മതിയായില്ല. കൂറ്റൻ തടികൾ പോലുള്ള കാലുകൾ. ഒത്ത ശരീരം. കരിമ്പാറപോലുള്ള കറുത്തിരുണ്ട ശരീരപ്രകൃതി. തന്റെ കൊമ്പിന്റെ ഇരക്കിയോളമുള്ള കൊമ്പുകൾ. ഭീമന്റെ ഒറ്റയടി കൊണ്ടാൽ മതി. ഏതായാലും അടിയറവു പറയുമെന്ന്‌ ബിംബുവിനു തോന്നി.അല്‌പം കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു പക്ഷേ, ബിംബു ഉറങ്ങിപ്പോയിരുന്നു. ബിംബുവിനെ ഉണർത്താൻ ബിന്നി അടുത്തു ചെന്നപ്പോൾ ഭീമൻ പറഞ്ഞു.“വേണ്ട ബിന്നി, അവൻ ഇഷ്‌ടംപോലെ ഉറങ്ങട്ടെ. പാവം! നല്ല ക്ഷീണമുണ്ട്‌. നമുക്കല്‌പനേരം കൂടി ഇവിടെ നില്‌ക്കാം. ”ഭീമൻ പറഞ്ഞു തീർന്നില്ല. അതിനുമുമ്പേ ബിംബു ഉറക്കമുണർന്നു. പിന്നെ, ഒരു നിമിഷം പോലും പാഴാക്കാതെ ആനക്കൂട്ടം മുന്നോട്ടു നടന്നു.കുറെ ദൂരം ചെന്നപ്പോൾ ബിംബു പെട്ടെന്നു നിന്നു. എന്നിട്ട്‌ ചുറ്റുപാടും നോക്കി.“എന്താ ബിംബൂ, എന്തുവേണം? ബിന്നി ചോദിച്ചു.പൊടുന്നനെ ബിംബുവിന്റെ കണ്ണു നിറഞ്ഞു അവൻ എന്തോ ആലോചിച്ച്‌ ബിന്നിയമ്മായിയെ ചുറ്റിപ്പിടിച്ചുകൊണ്ടു ചോദിച്ചു.”ബിന്നിയമ്മായി, ഇവിടെയാണല്ലോ എന്റെ അമ്മ…. കിടന്നിരുന്നത്‌. പക്ഷേ, ഇപ്പോൾ……“ ബിംബുവിന്റെ തൊണ്ടയിടറി. ബിന്നി എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിൽക്കെ ബിംബു വീണ്ടും ചോദിച്ചും.”അമ്മായീ, എന്റെ അമ്മയെവിടെ? പറയൂ, ബിന്നീയമ്മായി. അമ്മ ഇവിടെനിന്നു താമസം മാറ്റിയോ? അതോ, എന്റെ അമ്മയ്‌ക്ക്‌ വല്ല അപകടവും പിണഞ്ഞോ?“ ബിംബു പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു. അതുകേട്ട്‌ മറ്റാനകൾക്കും ദു;ഖം തോന്നി. ബിംബു വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഭീമൻ ബിംബുവിന്റെ അടുത്തേക്കു വന്ന്‌ അവനെ തുമ്പിക്കൈകൊണ്ടു തലോടി ആശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു.”ബിംബുമോനേ, ഇങ്ങനെ കരഞ്ഞാലോ? നിനക്ക്‌ ഞങ്ങളൊക്കെയില്ലേ? എന്തായാലും നിന്റെ അമ്മയെ ഞാൻ കാണിച്ചുതരാം. പക്ഷേ, ഇന്നു കാണാൻ പറ്റില്ല. രണ്ടു ദിവസം കഴിയണം.ബിംബു, ഭീമനെത്തന്നെ കണ്ണു ചിമ്മാതെ നോക്കി. തന്റെ അമ്മ സുഖമായി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ ബിംബുവിന്‌ സന്തോഷമായി. അവൻ ഒളികണ്ണിട്ട്‌ ബിന്നിയമ്മായിയെ നോക്കി. ങേ! ബിന്നിയമ്മായി കരയികയാണല്ലോ. മറ്റാനകുളുടെ മുഖത്തും സന്തോഷമില്ല. അവരുടെ ഓരോരുത്തരുടേയും മുഖഭാവം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന്‌ ബിംബുവിനു തോന്നി. അമ്മയ്‌ക്ക്‌ എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ? ഭീമനമ്മാവൻ തന്നെ പറ്റിക്കാനാണോ അമ്മയെ കാണിച്ചു തരാമെന്നു പറഞ്ഞത്‌? ഇക്കാര്യമെല്ലാം ആരോടെങ്കിലും ചോദിച്ചാലോയെന്ന്‌ ബിംബു സംശയിച്ചു. പക്ഷേ, ഭീമനമ്മാവൻ പറയുന്നതനുസരിക്കാനേ ബിംബുവിനു കഴിഞ്ഞുള്ളു. അവൻ മെല്ലെ കൂട്ടുകാരോടൊപ്പം മുന്നോട്ടു നടന്നു.


Generated from archived content: _j_k8.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English