ഭാഗം6

ബിംബുവിന്റെ ശരീരം മുഴുവൻ വിറയ്‌ക്കുന്നുണ്ടായിരുന്നു. വീണ്ടും സർക്കസ്‌ കൂടാരത്തിലെത്തിയാൽ…..? ഇല്ല…. ഇനിയൊരിക്കലും തനിക്ക്‌ തിരിച്ചു വനത്തിലേക്കു വരാൻ കഴിയില്ല. കിട്ടുന്നതു തിന്ന്‌, തല്ലും ഇടിയും കൊണ്ട്‌ സർക്കസ്‌ കൂടാരത്തിൽകിടന്ന്‌ മരിക്കുകയേ തരമുള്ളു. ചിലപ്പോൾതന്നെ കൊല്ലാനും മതി. ബിംബുവിന്റെ മനസ്സിൽ പെട്ടെന്ന്‌ ചിമ്പുവിന്റെ രൂപം തെളിഞ്ഞുവന്നു.എത്ര മിടിക്കനായിരിന്നു ചിമ്പൻ. നല്ല തലയെടുപ്പ്‌. ഒത്ത, നല്ല വണ്ണമുള്ള, കൊമ്പുകൾ. ആ നടപ്പിനും നിൽപ്പിനുമൊക്കെയുണ്ട്‌ ഒരു ഗാംഭീര്യം. സർക്കസ്സിൽ ഏറ്റവും പ്രശസ്‌തി ചിമ്പനായിരുന്നു. ചിമ്പനുമായി തട്ടിച്ചുനോക്കുമ്പോൾ താൻ ആരുമല്ലെന്ന്‌ ബിംബുവിനു തോന്നി. സർക്കസ്‌ കാണിക്കുക മാത്രമായിരുന്നില്ല ചിമ്പന്റെ ജോലി. പത്തും ഇരുപതും പേർ ചെയ്യുന്ന ജോലി ചിമ്പൻ നിഷ്‌പ്രയാസം ചെയ്യും. എത്രയെത്ര സമ്മാനങ്ങളാണ്‌ ചിമ്പനു കിട്ടിയത്‌! എത്ര സിനിമകളിലാണ്‌ ചിമ്പൻ അഭിനയിച്ചത്‌. അഭിനയിക്കാൻ ഏഴായിരവും എണ്ണായിരവുമൊക്കെയായിരുന്നു ചിമ്പന്റെ ഫീസ്‌ എന്നു കേട്ടിട്ടുണ്ട്‌. എല്ലാവരും ബഹുമാനത്തോടെ മാത്രം ചിമ്പനെ നോക്കി. ഇത്രയൊക്കെയായിട്ടും ചിമ്പന്റെ ഗതി ഒടുവിൽ എന്തായിരുന്നു? ഒരിക്കൽ സർക്കസ്‌ കൂടാരത്തിനു മധ്യത്തിലുള്ള കൂറ്റൻ തേക്കിൻ കഴ ചെറിയൊരു പിഴവുകൊണ്ട്‌ ചിമ്പന്റെ മേൽ വീണു അന്ന്‌ ചിമ്പന്റെ നട്ടെല്ലിൽ എവിടെയോ ചതവു പറ്റിയത്രെ! ചികിൽസിക്കാൻ കുറെ പണം ചിലവാക്കി. പക്ഷേ, അതുകൊണ്ടൊന്നും ചിമ്പന്റെ നട്ടെല്ല്‌ ശരിയായില്ല. ഒടുവിൽ…. ബിംബുവിന്‌ അത്‌ ഇന്നും വിശ്വാസമായിട്ടില്ല. ചിമ്പനെ രഹസ്യമായി വിഷം കുത്തിവച്ച്‌ കൊന്നു. ആനയെകൊല്ലുന്നത്‌ കുറ്റമായതുകൊണ്ട്‌ രഹസ്യമായാണത്രെ എല്ലാം നടത്തിയത്‌. എന്തായാലും ചിമ്പൻ സർക്കസ്‌ കൂടാരത്തോട്‌ വിടപറഞ്ഞു.പെട്ടെന്ന്‌ ബിംബുവിന്‌ എവിടെനിന്നോ ധൈര്യം തന്നിലേക്ക്‌ ഇരമ്പിവരുന്നതുപോലെ തോന്നി. എന്തായാലും കാട്ടിൽവച്ച്‌ മനുഷ്യരുടെ മുന്നിൽ തോറ്റുകൊടുക്കരുതെന്ന്‌ ബിംബു ഉറച്ചു. ഇപ്പോൾ തന്റെ കാലിൽ ചങ്ങലയൊന്നുമില്ലല്ലോ.അന്തോണിച്ചേട്ടനും കൂട്ടകാരും അപ്പോഴേക്കും ബിംബുവിന്റെ ഏതാണ്ട്‌ അടുത്തെത്തിക്കഴിഞ്ഞിരുന്നു.“കണ്ടോടാ, ബിംബു അനുസരണയുള്ള എന്റെ മോനാ. ഞാൻ വളിച്ചപ്പോൾ അവൻ നില്‌ക്കുന്നതു കണ്ടില്ലേ? അല്ലാതെ നിന്റെ തോക്കുകൊണ്ട്‌ അവനെ പിടിക്കാമെന്നുവച്ചാൽ. അതൊന്നും നടപ്പുള്ള കാര്യമല്ല”. അന്തോണിച്ചേട്ടൻ കിതച്ചുകൊണ്ടു പറഞ്ഞു.“അല്ലെങ്കിലും തോക്കുകൊണ്ട്‌ എന്തു കാട്ടാനാ ചേട്ടാ? അവൻ പുഴയിൽ ചാടിയാൽ നമ്മുടെ പിടി വിട്ടതുതന്നെ. തോക്കിൽ ഒരു ഉണ്ടയല്ലേ ഉണ്ടയിരുന്നുളളു. അതു തീർന്നു”. തോക്കുമായി പിന്നാലെ വന്നവൻ പറഞ്ഞു.ങേ! ബിംബുവിന്‌ ഇത്‌ കേട്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. അവൻ മെല്ലെ എഴുന്നേറ്റു. അന്തോണിച്ചേട്ടനും കൂട്ടരും എന്തെങ്കിലുംചെയ്യും മുമ്പേ ‘പ്‌ളും’ എന്നൊരു ശബ്‌ദത്തോടെ ബിംബു, മലമുകളിൽ നിന്നൊരു കൂറ്റൻ കരിമ്പാറ വീഴുംപോലെ വെള്ളത്തിൽ വീണുപോയി.“ചതിച്ചും. എല്ലാ നശിച്ചു. ബിംബു കാൽ വഴുതി പുഴയിൽ വീണു.” അന്തോണിച്ചേട്ടൻ അലറി വിളിച്ചു. അടുത്ത നിമിഷത്തിൽ അതൊരു കരച്ചിലായി മാറി.“എന്റെ….. എന്റെ മോനേ, നിന്നെ എനിക്കു നഷ്‌ടപ്പെട്ടല്ലോടാ.” അന്തോണിച്ചേട്ടന്റെ കരച്ചിൽ കേട്ട്‌ എല്ലാവരും പുഴക്കരയിൽ ഓടിയെത്തി. കുത്തിയൊഴുകുന്ന പുഴയിൽ ബിംബു ഒഴുകിയൊഴുകി പോകുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ അവന്റെ തുമ്പിക്കൈ ഒരു മരക്കൊമ്പുപോലെ വെള്ളത്തിനു മുകളിൽ പൊങ്ങിവരികയും പിന്നീട്‌ അതു കാണാതാകുകയും ചെയ്‌തു. നിമിഷങ്ങൾക്കുള്ളിൽ ബിംബുവിന്റെ പൊടിപോലും കാണാതായി.“കഷ്‌ടം! ഇനി അവൻ രക്ഷപ്പെടുമെന്നു തോന്നുന്നില്ല. അല്‌പംകൂടി ചെന്നാൽ ഒരു വലിയ വെള്ളച്ചാട്ടമാണ്‌ അതിനു മുമ്പേ രക്ഷപ്പെട്ടില്ലെങ്കിൽ അവന്റെ കഥ കഴിയും.” അന്തോണിച്ചേട്ടൻ നെഞ്ചത്തു കൈ വച്ച്‌ കരഞ്ഞുകൊണ്ടു പറഞ്ഞു.അപ്പോഴേക്കും ആകാശം കറുത്ത പുതുപ്പുപോലെയായി; എങ്ങും മഴക്കാറുകൾ നി രന്നു ശക്‌തിയായ കാറ്റടിക്കാനും തുടങ്ങി.“ഇനി ഈ കാട്ടിൽ നില്‌ക്കുന്നത്‌ ആപാത്താ. നമുക്കു വേഗം പോകാം.” ഒരാൾ പറഞ്ഞു. അതു കേട്ട്‌ എല്ലാവരും കൂടി തിരിച്ചുള്ള യാത്ര തുടങ്ങി. പക്ഷേ, അവർക്ക്‌ എതുവഴിയിലൂടെ. പോകണമെന്ന്‌ ഒരു രൂപവുമില്ലായിരുന്നു. ചുറ്റും കാടാണ്‌. കൊടുംകാട്‌. അവർ ഭയന്നു നിൽക്കേ പെട്ടെന്ന്‌ ഇടിമുഴങ്ങി. അടുത്ത നിമിഷത്തിൽ പാറക്കല്ലുകൾ പോലെ മഴത്തുള്ളികൾ വീഴാൻ തുടങ്ങി. അന്തോണിച്ചേട്ടനും കൂട്ടുകാരും എങ്ങോട്ടെന്നില്ലാതെ ഓടി.


Generated from archived content: _j_k6.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English