കാലിത്തൊഴുത്തിലെ രാജകുമാരൻ

ക്രിസ്‌മസ്‌ കരോൾ (ക്രിസ്‌മസ്‌ കാലത്ത്‌ കുട്ടികൾക്കും മുതിർന്നവർക്കും അവതരിപ്പിക്കാവുന്ന ഒരു ‘ക്രിസ്‌മസ്‌ കരോളാ’ണിത്‌. പത്തുപേരുണ്ടെങ്കിൽ അടുക്കും ചിട്ടയോടും കൂടി ഇതവതരിപ്പിക്കാം).

അനൗൺസർ 1ഃ- ക്രിസ്‌മസ്‌ ശാന്തിയുടെയും സമാധാനത്തിന്റെയും മഹോത്സവമാണ്‌. നവവത്സരത്തിന്റെ മുന്നോടിയായി ആഹ്ലാദത്തിന്റെ ലില്ലിപ്പൂക്കളും പേറി ക്രിസ്‌മസ്‌ ഇതാ വന്നെത്തിയിരിക്കുന്നു!

അനൗൺസർ 2ഃ- ക്രിസ്‌മസ്‌ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വസന്തോത്സവമാണ്‌! ക്രിസ്‌മസ്‌ കാർഡുകളും ക്രിസ്‌മസ്‌ കേക്കുകളും ക്രിസ്‌മസ്‌ കരോളുകളും നിറഞ്ഞ ആ മഹൽസുദിനം ഇതാ ആഗതമായിരിക്കുന്നു!…

പാട്ട്‌ഃ- (ഗായകസംഘം)

ക്രിസ്‌മസ്‌ സ്‌റ്റാറു തെളിഞ്ഞല്ലോ

ക്രിസ്‌മസ്‌ കേക്കു നിരന്നല്ലോ

ക്രിസ്‌മസ്‌ ഫാദർ വന്നല്ലോ

ഹാപ്പീ ക്രിസ്‌മസ്‌ പാടുക നാം!…

ക്രിസ്‌മസ്‌ പൂക്കൾ വിരിഞ്ഞല്ലോ

ക്രിസ്‌മസ്‌ വീണ്ടുമണഞ്ഞല്ലോ

ഹാപ്പീ ക്രിസ്‌മസ്‌ പാടുക നാം!…

അനൗൺസർ 1ഃ- പൈമ്പാലുപോലെ നിലാവു പരന്നൊഴുകുന്ന നാട്ടുവഴികൾ!… വീടുകൾക്കു മുന്നിൽ കാറ്റിൽ തൂങ്ങിയാടുന്ന നക്ഷത്രവിളക്കുകൾ!….

അനൗൺസർ 2ഃ- രണ്ടായിരം സംവത്സരങ്ങൾക്കു മുമ്പുള്ള പ്രശാന്തസുന്ദരമായ ഒരു രാത്രി!… ആ ദിവ്യരാത്രിയിലാണ്‌ ലോകരക്ഷകനായ ഉണ്ണിയേശു മാളോരുടെ കണ്ണീരൊപ്പാൻ ഈ ഭൂമിയിലിറങ്ങിവന്നത്‌. മലഞ്ചരിവുകളിൽ മരം കോച്ചുന്ന തണുപ്പത്ത്‌ ചുരുണ്ടുകൂടിക്കിടന്ന ആട്ടിടയന്മാരാണ്‌ ആ സംഭവം ആദ്യം മനസ്സിലാക്കിയത്‌.

(പാതിരാത്രിയെ സൂചിപ്പിക്കുന്ന പശ്ചാത്തല സംഗീതം. രാക്കിളികളുടെ പാട്ട്‌. ഇടക്കിടെ ആടുകൾ കരയുന്നു ശബ്ദം. ഇടയന്മാർ ഉണർന്ന്‌ സംസാരിക്കുന്നു.)

ഒന്നാമൻ ഃ- നേരം പാതിരാത്രിയായല്ലോ!… എന്നിട്ടും ഈ ആടുകൾക്ക്‌ ഉറക്കമില്ലേ?…

രണ്ടാമൻ ഃ- ആടുകൾ മാത്രമല്ല; ഞങ്ങളും ഉറങ്ങീട്ടില്ല. എങ്ങനെ ഉറങ്ങാനാണ്‌?… ഈ രാത്രിയുടെ സൗന്ദര്യം നിങ്ങൾ കാണുന്നില്ലേ?… ആയിരം കാന്താരി പൂത്തപോലെ ആകാശം നിറയെ നക്ഷത്രങ്ങൾ! മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പൂനിലാവ്‌!…

മൂന്നാമൻ ഃ- അയ്യോ!… എനിക്കു വല്ലാതെ തണുക്കുന്നു!… നമുക്ക്‌ അല്പം ചപ്പും ചവറും കൂട്ടി തീയിടാം എന്താ?…

നാലാമൻ ഃ- വരട്ടെ വരട്ടെ; എല്ലാരുമൊന്ന്‌ ആകാശത്തേക്ക്‌ നോക്കിയാട്ടെ!… അതാ ഒരു ദിവ്യനക്ഷത്രം ഉദിച്ചു നിൽക്കുന്നത്‌ നിങ്ങൾ കാണുന്നില്ലേ?

എല്ലാവരും ഒപ്പം ഃ- അതെ; സംശയമില്ല; അതൊരു അത്ഭുതനക്ഷത്രം തന്നെ!…

(പെട്ടെന്ന്‌ സ്വർഗ്ഗീയമായ ഒരു ഹമ്മിംഗ്‌ ഉയരുന്നു. ഹമ്മിംഗ്‌ അടുത്തടുത്തു വരുന്നു.)

ഒന്നാമൻ ഃ- അതാ, എവിടെനിന്നോ ഒരു പാട്ടു കേൾക്കുന്നല്ലോ!…. ഹാ എന്തൊരു ഇമ്പമുള്ള പാട്ട്‌!.. അത്‌ അടുത്തടുത്തു വരുന്നല്ലോ!…

രണ്ടാമൻ ഃ- തങ്കക്കിരീടങ്ങളും സ്വർണ്ണക്കുപ്പായങ്ങളുമണിഞ്ഞ മാലാഖമാർ!… അതാ നോക്കൂ!… വെള്ളിച്ചിറകുകൾ വീശി മന്ദം മന്ദം അവർ ഇങ്ങോട്ടു വരികയാണ്‌!…

(പെട്ടെന്ന്‌ മാലാഖമാരുടെ സംഘഗാനം കേൾക്കുന്നു)

പാട്ട്‌ ഃ-

(ഗായകസംഘം)

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം!…

ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി!…

ശാന്തി!… ശാന്തി!… ശാന്തി!…

മൂന്നാമൻ ഃ- ഈ ഗാനം! ഈ മനോഹരഗാനം!… ഇതിന്റെ അർത്ഥമൊന്നും നമുക്കു മനസ്സിലാവുന്നില്ലല്ലോ!… എന്താണിതിന്റെ സന്ദേശം? (വീണ്ടും സ്വർഗ്ഗീയമായ ഹമ്മിംഗ്‌)

നാലാമൻ ഃ- ഇതാ വെൺമേഘം പോലുള്ള ചിറകുകളുമായി ഒരു ദൈവദൂതൻ നമ്മുടെ മുന്നിൽ നിൽക്കുന്നല്ലോ!…

ഒന്നാമൻ ഃ- ദൈവദൂതൻ എന്തോ അരുളിച്ചെയ്യുകയാണ്‌. എന്തെന്നു ശ്രദ്ധിച്ചാലും!…

ദൈവദൂതൻ(രണ്ടാമൻ) ഃ- നിങ്ങൾ ഒട്ടും പേടിക്കേണ്ട!… സർവ്വജനങ്ങൾക്കും ആനന്ദമുണ്ടാക്കുന്ന ഒരു സന്തോഷവാർത്ത ഞാൻ നിങ്ങളെ അറിയിക്കാം.

(സന്തോഷസൂചകമായ ഹമ്മിംഗ്‌…)

ദൈവദൂതൻ (രണ്ടാമൻ) ഃ- ഇതാ!…. ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കൊരു രക്ഷകൻ പിറന്നിരിക്കുന്നു! നിങ്ങൾ പട്ടണത്തിലേക്കു പോകുവിൻ. അവിടെ പുഴന്തുണിയിൽ ചുറ്റി പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ദിവ്യശിശുവിനെ നിങ്ങൾ കാണും!…

എല്ലാവരും ഃ- നമ്മൾ ഭാഗ്യവാന്മാർ!… നമ്മൾ ആനന്ദവാന്മാർ. നമുക്കാ ഉണ്ണിയെ കാണണം! കൺ നിറയെ കാണണം!

(ഹമ്മിംഗ്‌ അകന്നകന്നു പോകുന്നു)

മൂന്നാമൻ ഃ- അതാ മാലാഖവൃന്ദം അകന്നു പൊയ്‌ക്കഴിഞ്ഞു.

നാലാമൻ ഃ- വരൂ, നമുക്കുടനെ ആ പട്ടണത്തിലേക്കു പോകാം. ഉണ്ണിയെ കണ്ട്‌ കൈവണങ്ങാം.

(അവർ യാത്രയാകുന്നതിനെ സൂചിപ്പിക്കുന്ന പശ്ചാത്തല സംഗീതം!… കിളിക്കൊഞ്ചലുകൾ…)

ഒന്നാമൻ ഃ- ഹാ!… പച്ചക്കുന്നുകൾ!…

രണ്ടാമൻ ഃ- കളകളം പാടുന്ന കാട്ടരുവി!…

മൂന്നാമൻ ഃ- മഞ്ഞിൽ കുളിച്ച മലമേടുകൾ!…

നാലാമൻ ഃ- അങ്ങകലെ രാക്കിളികൾ പാടുന്നു!… ആടുകൾ കരയുന്നു!…

(ആടുകൾ കരയുന്ന ശബ്ദം)

ഒന്നാമൻ ഃ- അതാ, ആ ദിവ്യനക്ഷത്രം നിൽക്കുന്നതിന്റെ നേരെ ചുവട്ടിലായി ഒരു കുടിൽ കാണുന്നു!

രണ്ടാമൻ ഃ- അവിടെയാവും ഉണ്ണി പിറന്നിരിക്കുന്നത്‌.

(വീണ്ടും ആടുമാടുകളുടെ ശബ്ദം)

മൂന്നാമൻ ഃ- അതെ; സംശയമില്ല. നമുക്കങ്ങോട്ടു ചെല്ലാം.

നാലാമൻ ഃ- അതാ, ഉണ്ണിമിശിഹാ പുൽത്തൊട്ടിയിൽ കിടന്ന്‌ കൈകാൽ കുടഞ്ഞ്‌ കളിക്കുന്നു!…

ഒന്നാമൻ ഃ- ചുറ്റും അത്ഭുതത്തോടെ ആടുമാടുകൾ നോക്കിനിൽക്കുന്നു!…

രണ്ടാമൻ ഃ- ഹാ!… ഉണ്ണിയ്‌ക്കു ചുറ്റും ഒരു പ്രകാശവലയം നിങ്ങൾ കാണുന്നില്ലേ?…

മൂന്നാമൻ ഃ- ഒരു വെള്ളിനക്ഷത്രം മണ്ണിൽ പതിച്ചതു പോലെ!

നാലാമൻ ഃ- നമുക്ക്‌ ഈ ദിവ്യരക്ഷകനെ കൈവണങ്ങാം.

എല്ലാവരും പാട്ട്‌ ഃ-

വാഴ്‌ത്തുന്നു വാഴ്‌ത്തുന്നു ഞങ്ങൾ – ഉണ്ണി

യേശുവെ വാഴ്‌ത്തുന്നു ഞങ്ങൾ!…

കാണിക്ക വെയ്‌ക്കുന്നു നാഥാ – ഞങ്ങൾ

സർവ്വവുമങ്ങേയ്‌ക്കു മുന്നിൽ!…

യൗസേപ്പ്‌ ഃ- നിങ്ങൾ എവിടന്നു വരുന്നു?… കണ്ടിട്ട്‌ ഇടയന്മാരാണെന്നു തോന്നുന്നല്ലോ.

രണ്ടാമൻ ഃ- അതെ; ഞങ്ങൾ ആട്ടിടയന്മാരാണ്‌. അങ്ങ്‌ ഉണ്ണിയുടെ പിതാവാണെന്ന്‌ ഞങ്ങൾ കരുതുന്നു.

യൗസേപ്പ്‌ ഃ- അതെ. എന്റെ പേര്‌ ജോസഫ്‌; അത്‌ ഉണ്ണിയുടെ അമ്മ!… മറിയം.

മറിയം ഃ- ഉണ്ണിയെ കാണാൻ വന്ന നിങ്ങൾക്കു നന്ദി!…

എല്ലാവരും ഃ- നീ നന്മനിറഞ്ഞൾ!… രക്ഷകന്റെ അമ്മയായ ഭാഗ്യവതി!…

മറിയം ഃ- ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

ഒന്നാമൻ ഃ- ഉണ്ണി പിറന്ന വാർത്ത ഞങ്ങളെ അറിയിച്ചത്‌ ദൈവദൂതന്മാരാണ്‌. അതറിഞ്ഞ നിമിഷം ഞങ്ങൾ ഇങ്ങോട്ട്‌ ഓടിപ്പോന്നു!… ഹാ!… ഉണ്ണിയെ കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണും കരളും നിറഞ്ഞു. ഇനി ഞങ്ങൾ തിരിച്ചുപോവുകയാണ്‌!…

(തിരിച്ചുപോക്കിനെ സൂചിപ്പിക്കുന്ന സംഗീതം)

അനൗൺസർ ഃ- ആട്ടിടയന്മാർ ഉണ്ണിയേശുവിനെ കണ്ട്‌ തിരിച്ചുപോയി. അതിനു പിന്നാലെയാണ്‌ വിദ്വാന്മാരായ മൂന്നു രാജാക്കന്മാർ ഉണ്ണിയെത്തേടി യാത്രയായത്‌.

അനൗൺസർ 2ഃ- അവർ ജ്യോതിശാസ്ര്ത പണ്ഡിതന്മാരായിരുന്നു. കാലിക്കൂട്ടിൽ പിറന്നിരിക്കുന്ന ഉണ്ണി, ലോകത്തിന്റെ രക്ഷകനായി വരാനിരുന്ന യേശുവാണെന്ന്‌ അവർ മനസ്സിലാക്കി. അവർ താമസിയാതെ യാത്രയായി.

(യാത്രയെ സൂചിപ്പിക്കുന്ന പശ്ചാത്തലസംഗീതം)

ബൽത്തസാർ രണ്ടാമൻ ഃ- മെൽഷ്യർ, കാസ്‌പർ!… നമുക്കു വഴിതെറ്റിയോ? ജറൂസലേമിൽത്തന്നെയാണോ നാം എത്തിച്ചേർന്നിരിക്കുന്നത്‌?

മെൽഷ്യർ(മൂന്നാമൻ) ഃ- എങ്കിൽ വരൂ; നമുക്കങ്ങോട്ടു യാത്ര തിരിക്കാം.

(അവർ പോകുന്നതിന്റെ പശ്ചാത്തലസംഗീതം)

അനൗൺസർ 1 ഃ- അവർ യാത്ര ചെയ്ത്‌ അധികം വൈകാതെ ഹെറോദേശ്‌ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. ഹെറോദേശ്‌ ദുഷ്ടമനസ്സിന്റെ ഉടമയായിരുന്നു. തനിക്കു മീതെ ആരുമില്ല എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റേത്‌.

അനൗൺസർ 2ഃ- താമസിയാതെ അവർ ഹെറോദേശിന്റെ മുന്നിലെത്തി. ഹെറോദേശ്‌ അവരെ സ്വീകരിച്ച്‌ വിവരങ്ങൾ ആരാഞ്ഞു.

(രാജകൊട്ടാരമാണെന്നു സൂചിപ്പിക്കുന്ന പശ്ചാത്തലസംഗീതം!…)

രാജാക്കൾ ഃ- കീർത്തിമാനും വീരശൂരപരാക്രമിയുമായ ഹെറോദേശ്‌ നീണാൾ വാഴട്ടെ!…

ഹെറോദേശ്‌ ഃ- നിങ്ങൾ ആരാണ്‌? എവിടെനിന്നു വരുന്നു?

ബൽത്തസാർ ഃ- ഞങ്ങൾ മൂന്നു രാജാക്കൾ!… മെൽഷ്യർ, കാസ്പർ, ഞാൻ ബൽത്തസാർ!… ഞങ്ങൾ ഒരു പ്രത്യേക കാര്യം മനസ്സിലാക്കിയാണ്‌ ഇതുവഴി വന്നത്‌.

ഹെറോദേശ്‌ഃ- ങും?… എന്താണത്‌?

മെൽഷ്യർ ഃ- യഹൂദരുടെ രാജാവാകാൻ യോഗ്യനായ ഒരു ദിവ്യശിശു ഇന്നാട്ടിൽ പിറന്നിരിക്കുന്നു!…

കാസ്പർ ഃ- ആ ദിവ്യശിശുവിനെ ഒരു നോക്കു കാണാനും അവന്റെ തിരുമുന്നിൽ കാണിക്ക സമർപ്പിക്കാനുമാണ്‌ ഞങ്ങൾ അനേകം മൈലുകൾ താണ്ടി ഇവിടെ എത്തിയത്‌.

ബൽത്തസാർഃ- ആ ദിവ്യ കുമാരനെ കാണാൻ അങ്ങ്‌ ഞങ്ങളെ സഹായിക്കണം.

ഹെറോദേശ്‌ ഃ- എന്ത്‌? യഹൂദന്മാർക്ക്‌ രാജാവാകാൻ യോഗ്യനായ ഒരുവൻ നമ്മുടെ നാട്ടിൽ പിറന്നിരിക്കുന്നുവെന്നോ? നമുക്കിതു വിശ്വസിക്കാനാവുന്നില്ല!… ആരവിടെ?

ഒരു ഭൃത്യൻ ഃ- അടിയൻ!…

ഹെറോദേശ്‌ ഃ- നമ്മുടെ പ്രധാനാചാര്യനോട്‌ ഉടനെ മുഖം കാണിക്കാൻ പറയൂ!…

ഒരു ഭൃത്യൻ ഃ- ഉത്തരവ്‌!…

പ്രധാനാചാര്യൻ ഃ- മഹാനായ ഹെറോദേശ്‌ ചക്രവർത്തി ജയിക്കട്ടെ!…

ഹെറോദേശ്‌ഃ- ആചാര്യരേ!.. ഇന്നാട്ടിൽ യഹൂദരന്മാരുടെ രാജാവാകാൻ യോഗ്യതയുള്ള ഒരുവൻ പിറന്നിരിക്കുന്നുവെന്ന്‌ ഇവർ പറയുന്നല്ലോ!… ഇതു നേരാണോ?

പ്രധാനാചാര്യൻ ഃ- അതെ തിരുമേനി, യഹൂദ്യായിലെ ബെത്‌ലഹേമിൽ അത്തരമൊരു ദിവ്യശിശു പിറന്നിട്ടുണ്ട്‌.

ഹെറോദേശ്‌ ഃ- ങ്‌ഹേ!… നേരോ?…

കാസ്പർ ഃ- അതെ തിരുമേനീ, അവൻ തന്നെയായിരിക്കും ആ ദിവ്യകുമാരൻ!

ഹെറോദേശ്‌ ഃ- ഏതായാലും നിങ്ങൾ അവിടേക്ക്‌ പോവുക. അവനെ കണ്ടശേഷം ഇതുവഴി തിരിച്ചുവരണം. അവനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമ്മെ അറിയിച്ചിട്ടേ പോകാവൂ.

രാജാക്കൾ ഃ- എല്ലാം അങ്ങയുടെ താല്പര്യം പോലെ ചെയ്യാം!… എങ്കിൽ ഞങ്ങൾ യാത്രയാവട്ടെ!…

(അവർ യാത്രയാവുന്നതിനെ സൂചിപ്പിക്കുന്ന പശ്ചാത്തലസംഗീതം. അല്പം കഴിഞ്ഞ്‌ ഒരു താരാട്ടിന്റെ ഈണം ഉയരുന്നു)

ബൽത്തസാർ ഃ- ഇതാ, ഇതു തന്നെയാണ്‌ നാം അന്വേഷിച്ച പുൽക്കുടിൽ!…

കാസ്പർഃ- ശരി. നമുക്ക്‌ അകത്തു കടന്ന്‌ ഉണ്ണിയെ കൈവണങ്ങാം.

മെൽഷ്യർ ഃ- കൈയിലുള്ള പൊന്നും മീറയും കുന്തിരിക്കവും അവന്റെ തൃപ്പാദങ്ങളിൽ കാഴ്‌ചവയ്‌ക്കാം.

രാജാക്കളുടെ പാട്ട്‌ഃ-

വന്ദനം വന്ദനം രാജാധിരാജാ!…

വന്ദനമേകുന്നു സ്വർഗ്ഗകുമാരാ!…

പൊന്നും മീറയും കാഴ്‌ചവയ്‌ക്കട്ടെ!

കുന്തിരിക്കം മുന്നിൽ കാഴ്‌ചവയ്‌ക്കട്ടെ!..

അനൗൺസർ 1ഃ- ഉണ്ണിയേശുവിന്‌ കാഴ്‌ചകൾ സമർപ്പിച്ചുകൊണ്ട്‌ വിദ്വാന്മാരായ ആ മൂന്നു രാജാക്കന്മാരും പുൽത്തൊട്ടിക്കരികിൽ നിന്ന്‌ മടങ്ങി. എങ്കിലും ഹെറോദേശ്‌ ചക്രവർത്തി കൽപിച്ചിരുന്നതുപോലെ അവർ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക്‌ തിരിച്ചു ചെന്നില്ല. കാരണമെന്തെന്നോ? ഹെറോദേശ്‌ ഉണ്ണിയെ വധിക്കാൻ വട്ടംകൂട്ടുകയാണെന്ന്‌ ഇതിനിടയിൽ അവർക്കൊരു ദർശനമുണ്ടായിക്കഴിഞ്ഞിരുന്നു.

അനൗൺസർ 2ഃ- വിദ്വാന്മാർ തന്നെ കബളിപ്പിച്ചു എന്ന്‌ മനസിലാക്കിയ ഹെറോദേശ്‌ അന്നുതന്നെ ഒരു വിളംബരം പുറപ്പെടുവിച്ചു!… ആ വിളംബരം നിങ്ങളൊന്നു ശ്രദ്ധിക്കൂ…

(വിളംബരത്തിനായുള്ള പെരുമ്പറ ശബ്ദം)

വിളംബരം ഃ- ബത്‌ലഹേംവാസികളെ, ഇന്നാട്ടിൽ പിറന്നിരിക്കുന്ന രണ്ടുവയസിനു താഴെയുള്ള എല്ലാ ആൺകുട്ടികളെയും കൊന്നൊടുക്കുവാൻ അന്നദാതാവായ പൊന്നുതിരുമേനി ഇതിനാൽ വിളംബരം ചെയ്തുകൊള്ളുന്നു!…

(പേടിച്ചരണ്ട കുട്ടികളുടെയും അമ്മമാരുടെയും കൂട്ടക്കരച്ചിൽ ഉയരുന്നു.)

യൗസേപ്പ്‌ ഃ- മറിയം, നമുക്ക്‌ ഉണ്ണിയേയും കൊണ്ട്‌ ഇപ്പോൾത്തന്നെ ഈജിപ്തിലേക്ക്‌ ഓടി പോകാം.

മറിയം ഃ- അയ്യോ!.. എന്റെ പൊന്നുണ്ണിക്ക്‌ ഒന്നും സംഭവിക്കരുതേ!…

യൗസേപ്പ്‌ ഃ- ഇല്ല; ഉണ്ണിക്ക്‌ ഒന്നും സംഭവിക്കില്ല. ദൈവം നമ്മുടെ കൂട്ടിനുണ്ട്‌.

മറിയം ഃ- നേരം വൈകണ്ട!… ഉണ്ണിയെ ഞാൻ നെഞ്ചത്തടക്കിപ്പിടിച്ചു കൊള്ളാം!…വരൂ…

(അവർ യാത്രതിരിക്കുന്നതിനെ സൂചിപ്പിക്കുന്ന പശ്ചാത്തലസംഗീതം)

അനൗൺസർ 1 ഃ- ലോകരക്ഷകനായ ഉണ്ണിയേശുവിന്റെ ജനനം ഇപ്രകാരമായിരുന്നു. ഈ വലിയ ആഘോഷമാണ്‌ ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്‌മസ്‌!

അനൗൺസർ 2 ഃ- ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്‌മസ്‌!… സൗഹൃദത്തിന്റെ വെള്ളരിപ്രാവുകൾ നൃത്തം വയ്‌ക്കുന്ന ക്രിസ്‌മസ്‌!… ഈ ക്രിസ്‌മസിന്റെ ആനന്ദലഹരിയിൽ നമുക്കും അലിഞ്ഞുചേരാം.

പാട്ട്‌ (ഗായകസംഘം)

ക്രിസ്‌മസ്‌ സ്‌റ്റാറു തെളിഞ്ഞല്ലോ

ക്രിസ്‌മസ്‌ കേക്കു നിരന്നല്ലോ

ക്രിസ്‌മസ്‌ ഫാദർ വന്നല്ലോ

ഹാപ്പീ ക്രിസ്‌മസ്‌ പാടുക നാം!…

ക്രിസ്‌മസ്‌ പൂക്കൾ വിരിഞ്ഞല്ലോ

ക്രിസ്‌മസ്‌ വീണ്ടുമണഞ്ഞല്ലോ

ഹാപ്പീ ക്രിസ്‌മസ്‌ പാടുക നാം!…

Generated from archived content: kuttinadan1_dec21_07.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകളി കാര്യമായി
Next articleകൈരളീപൂജ
Avatar
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English