കുഞ്ഞുണ്ണി വളരുന്നു

പ്രശാന്തസുന്ദരമായ അതിയാരത്ത്‌ വീടിന്റെ അകത്തളത്തിൽ മുത്തശ്ശിപ്പാട്ടുകളുടേയും കൈകൊട്ടിക്കളിപ്പാട്ടുകളുടേയും ഈരടികൾ എപ്പോഴും ഉയർന്നു കേട്ടിരുന്നു. വെളുപ്പാൻ കാലത്ത്‌ തൈരു കലക്കുമ്പോഴും അവിടെ കീർത്തനങ്ങൾ പാടുന്ന പതിവുണ്ടായിരുന്നു.

കുഞ്ഞുംനാൾ തൊട്ടേ കുഞ്ഞുണ്ണിയുടെ കുഞ്ഞുമനസിൽ താളബോധമുണർത്താൻ ഇത്തരം പാട്ടുകൾ ഏറെ സഹായകമായി. മൂത്തചേച്ചിയായ മാധവി ഓപ്പോൾ പാടിയിരുന്ന ഒരു പഴംപാട്ട്‌ കുഞ്ഞുണ്ണിയെ വല്ലാതെ ആകർഷിച്ചിരുന്നു. വളരെ രസകരമായ ആ പാട്ട്‌ ഒന്നു ശ്രദ്ധിച്ചോളൂ.

“കുട്ടീടച്ഛൻ കൊട്ട്യോടൻ ചാത്തൻ കന്നൂട്ടാൻ പോയി.

കുട്ടീടമ്മ എങ്ങട്ടുപോയി?

കുട്ടീടമ്മ കൊട്ടാട്ടിലയ്‌ക്കുപോയി

കുട്ടിക്കെന്തെല്ലാം വെച്ചും കൊണ്ട്‌ പോയി?

അമ്മിക്കുട്ടി ചുട്ടതും

കണ്ണൻ ചെരട്ടേലെ വെള്ളോം.

അമ്മിക്കുട്ടി ചുട്ടതു നായ തിന്നും കൊണ്ട്‌ പോയി?

കണ്ണൻ ചെരട്ടേലെ വെള്ളം പൂച്ച കുടിച്ചോണ്ട്‌ പോയി…..

നേരമാണെങ്കിൽ സന്ധ്യയായി

കുട്ടീടമ്മ വന്നതില്ലാ!…

കാട്ടിലെ കട്ടുറുമ്പേ, വീട്ടിലെ പിള്ളയ്‌ക്കുറക്കം വായോ

വീട്ടിലെ പിള്ളയ്‌ക്കുറക്കം വായോ!”

-അനുജത്തിയെ തോളിൽ കിടത്തി മാധവി ഓപ്പോൾ താളത്തിൽ പാടിയ ഈ പാട്ട്‌ കുഞ്ഞുണ്ണിയുടെ ചുണ്ടിലും മനസ്സിലും ചോരയിലും അലിഞ്ഞുചേർന്നു; ഇത്‌ കുഞ്ഞുണ്ണിയിൽ ഒരു താളാനുഭവം ഉണ്ടാക്കിത്തീർത്തു.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ലെ ഉണ്ണിയുടെ രൂപവും ഭാവവും വേഷവുമാണ്‌ കുഞ്ഞുനാളിൽ കുഞ്ഞുണ്ണിക്ക്‌ ഉണ്ടായിരുന്നത്‌. തലയിൽ കുടുമ, കഴുത്തിൽ ചെറിയൊരു ലോക്കറ്റ്‌ കോർത്ത സ്വർണ്ണമാല, കൈവിരലിൽ സ്വർണ്ണമോതിരം, കാതിൽ ഒറ്റക്കല്ലുവെച്ച കുടക്കടുക്കൻ, അരയിൽ സ്വർണ്ണനൂല്‌!

എന്തിനു പറയുന്നു; കണ്ടാൽ ഒരു പൊന്നുണ്ണി തന്നെ!

പക്ഷെ പൊന്നുണ്ണി എന്നു പറഞ്ഞിട്ടെന്തു കാര്യം? കുഞ്ഞുണ്ണിക്ക്‌ ചില ഉണ്ണികുസൃതികളുണ്ടായിരുന്നു. ഒരിക്കൽ വീട്ടിലെ പണിക്കാരിൽ ആരോ ഒരാൾ മൺകുടത്തിൽ വെള്ളം കോരി ചെടികൾ നനയ്‌ക്കുമ്പോൾ ഈ വികൃതിച്ചെറുക്കൻ കുടത്തിലേയ്‌ക്ക്‌ കല്ലെടുത്ത്‌ ഒറ്റയേറ്‌! കുടം പൊട്ടി ‘ശറശറോന്ന്‌’ വെള്ളം പുറത്തേക്കൊഴുകി. ഇതു കണ്ട്‌ അമ്മ ഒരു വടിയുമായി ഓടിവന്നു. അമ്മ ദേഷ്യഭാവത്തിൽ പറഞ്ഞുഃ “ എടാ കുട്ടാ, നിനക്ക്‌ പറ്റ്യസ്ഥലം കണ്ണൂരാ. ഇനി ഇങ്ങനെ വികൃതി കാട്ട്വോ?” – അമ്മ കുഞ്ഞുണ്ണിയുടെ കുഞ്ഞിത്തുടയിൽ ചുട്ട ഒരടിവച്ചു കൊടുത്തു.

കുട്ടിക്കാലത്ത്‌ കഴുത്തിൽ കിടക്കുന്ന മാലയുടെ ലോക്കറ്റ്‌ കടിക്കുന്ന ഒരു ദുശ്ശീലം കുഞ്ഞുണ്ണിക്കുണ്ടായിരുന്നു. അങ്ങനെ കടിച്ച്‌കടിച്ച്‌ ലോക്കറ്റ്‌ വല്ലാതെ ചുളുങ്ങി. ഇതിന്റെ പേരിൽ പലപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടതായി വന്നിട്ടുണ്ട്‌.

ഒന്നാംക്ലാസ്സിൽ പഠിക്കുന്ന കാലത്ത്‌ കുഞ്ഞുണ്ണി ചെറിയൊരു മുണ്ടുടുത്താണ്‌ വിദ്യാലയത്തിൽ പോയിരുന്നത്‌. വഴിയിൽ വെച്ചെങ്ങാൻ മുണ്ടഴിഞ്ഞ്‌ പോയാൽ, അതൊന്നു മുറുക്കിക്കുത്താൻ പോലും കുഞ്ഞുണ്ണിക്ക്‌ അറിയുമായിരുന്നില്ല. അതുകൊണ്ട്‌ വീട്ടിൽ നിന്ന്‌ പുറപ്പെടുമ്പോൾ തന്നെ അമ്മ മുണ്ടിന്‌ മുകളിലായി ഒരു ചരട്‌ കെട്ടിക്കൊടുക്കുമായിരുന്നു.

ഒരിക്കൽ കുഞ്ഞുണ്ണി ഒരു പുളിയിലക്കര മുണ്ടുടുത്ത്‌ സുന്ദരക്കുട്ടനായി ചമഞ്ഞ്‌ കുഞ്ഞിക്കാലടിവെച്ച്‌ പ്രൈമറി വിദ്യാലയത്തിലേക്കു പോവുകയായിരുന്നു. നടന്ന്‌ നടന്ന്‌ വലപ്പാടുചന്തയുടെ കിഴക്കേ ഗേറ്റുകടന്നു. തൊട്ടടുത്ത്‌ നല്ല തിരക്കുള്ള ഒരു ചായക്കടയുണ്ട്‌. ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ഹയ്യട! കുഞ്ഞുണ്ണിയുടെ പുളിയിലക്കരമുണ്ട്‌ ദാ, കിടക്കുന്നു താഴെ! ചരടു കെട്ടിയിരുന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. പക്ഷെ ഭാഗ്യമെന്നു പറയട്ടെ പിറന്ന രൂപത്തിൽ കണ്ടിട്ടും കുഞ്ഞുണ്ണിയെ ഒരാൾപോലും കളിയാക്കിയില്ല.

കുറേനാൾ പിന്നിട്ടപ്പോൾ മുണ്ടുമാറ്റി ട്രൗസറും വരയൻ കുപ്പായവുമാക്കി. ചിലപ്പോഴൊക്കെ കഴുത്തു മുതൽ മുട്ടുവരെയുള്ള ഒരു നീണ്ടട്രൗസറുണ്ടായിരുന്നു. കുട്ടികൾ അതിനെ കുരങ്ങൻകുപ്പായമെന്ന്‌ പറഞ്ഞ്‌ കളിയാക്കാറുണ്ടായിരുന്നു.

“അങ്ങട്ട്‌ ചാടെടാ കുഞ്ഞിരാമാ, ഇങ്ങട്‌ ചാടെടാ കുഞ്ഞിരാമാ – എന്നു വിളിച്ച്‌ ചിലരൊക്കെ ഇടക്കിടെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.

കുഞ്ഞുംനാൾ മുതൽക്കേ കുഞ്ഞുണ്ണിയ്‌ക്ക്‌ വായനയിലായിരുന്നു കൂടുതൽ താല്പര്യം. എങ്കിലും ചില കുട്ടിക്കളികളിലും ഈ കുസൃതിക്കുട്ടന്‌ കമ്പമുണ്ടായിരുന്നു.

ഗോട്ടികളി കുഞ്ഞുണ്ണിക്ക്‌ വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. ഗോട്ടികളിയിൽ തോറ്റാൽ തോൽക്കുന്നയാൾ കൈവിരൽ ചുരുട്ടിവെച്ചു കൊടുക്കണം. ജയിച്ചയാൾ ചുരുട്ടിവെച്ച വിരൽ മുട്ടിനുനേരെ വിജയാഹ്ലാദത്തോടെ ഗോട്ടി തൊടുത്തുവിടും. അതു വന്നു കൊള്ളുമ്പോൾ ഠേ!…. ഠേ! എന്ന്‌ ശബ്ദം കേൾക്കാം. അടിയേൽക്കുന്നയാൾ വേദനകൊണ്ട്‌ പുളഞ്ഞുപോകും. എന്തൊരു കഷ്ടമാണല്ലേ? പക്ഷേ കളിയിൽ തോറ്റാലും കുഞ്ഞുണ്ണിയെ കുട്ടികൾ വളരെ പതുക്കെ മാത്രമേ അടിച്ചിരുന്നുള്ളൂ.

ഉപ്പുകുത്തിക്കളി, ഒളിച്ചുകളി, കൂപ്പിട്ടുകളി, ഉറുമ്പുകളി, അക്കുത്തിക്കുത്ത്‌ എന്നിങ്ങനെ കുട്ടിത്തം നിറഞ്ഞ ധാരാളം കളികൾ കുഞ്ഞുണ്ണി ഇഷ്ടപ്പെട്ടിരുന്നു.

ഒഴിവുദിവസങ്ങളിൽ കുഞ്ഞുണ്ണിയും കൂട്ടുകാരും ഒരുമിച്ച്‌ വീടിന്റെ കിഴക്കേ ഇറയത്ത്‌ വട്ടമിട്ടിരുന്ന്‌ ‘അക്കുത്തിക്കുത്ത്‌’ കളിക്കും. അതു വളരെ രസകരമായ ഒരനുഭവം തന്നെയായിരുന്നു. കുട്ടികൾ രണ്ടു കൈപ്പടവും നിലത്ത്‌ കുത്തിവയ്‌ക്കും. ഒരാൾ വലത്തേ കൈപ്പടം മടക്കി മറ്റുള്ളവരുടെ കൈപ്പടങ്ങളിൽ തൊട്ട്‌ ഉറക്കെ ഇങ്ങനെ ചൊല്ലുംഃ-

”അക്കുത്തിക്കുത്താനവരമ്പ-

ത്തിക്കരെനിക്കണ ചക്കിപ്പെണ്ണിന്റെ

കൈയോ കാലൊ രണ്ടാലൊന്ന്‌

വെട്ടിക്കുത്തിപ്പടംമലർത്ത്‌“ – എന്ന്‌ പാടി നിറുത്തുമ്പോൾ പാട്ടുകാരന്റെ കൈവിരൽ ആരുടെ കൈപ്പടത്തിലാണോ, അയാൾ കൈപ്പടം മലർത്തണം. അതിനുശേഷം പാട്ടും, കൂത്തും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കും.

മാമ്പഴക്കാലത്ത്‌ കുഞ്ഞുണ്ണിയും അയൽപക്കത്തെ കൂട്ടുകാരും കൂട്ടുകാരികളുമെല്ലാം മാവിൻചോട്ടിലങ്ങനെ മേലോട്ട്‌ നോക്കിയിരിക്കും. എന്നിട്ട്‌ ഉറക്കെപ്പാടുംഃ

”അണ്ണാറക്കണ്ണാ – പൂവാലാ

അണ്ട്യേപ്പാതി കടംതായോ?“

ഈ പാട്ടുകേൾക്കുമ്പോൾ അണ്ണാറക്കണ്ണനോ കാക്കയോ ഒരു മാമ്പഴം താഴേക്കിട്ടു തരുമെന്നായിരുന്നു അവരുടെ വിശ്വാസം. കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്ത്‌ ഇങ്ങനെ കളികളുമായി ബന്ധപ്പെട്ട അനേകം പാട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഈ പാട്ടുകളിൽ നിന്ന്‌ കിട്ടിയ താളാനുഭവങ്ങൾ കുഞ്ഞുണ്ണിയുടെ കാവ്യവാസനയെ നന്നായി തട്ടിയുണർത്തി.

Generated from archived content: kunjunni3.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓല മേഞ്ഞ വീട്ടിൽ ഒരു പൊന്നുണ്ണി
Next articleകുഞ്ഞുണ്ണി അത്ഭുതലോകത്തിൽ
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English