നല്ല ശീലം

കണ്ണനും കൃഷ്‌ണനും സമപ്രായക്കാരും ഏഴാം ക്ലാസ്സിൽ പഠിക്കുന്നവരുമാണ്‌. കണ്ണന്റെ കാതുകുത്തി കമ്മലിട്ടിരുന്നു മുമ്പ്‌. അതിനാൽ അവനെ ഃ‘കാതുകുത്തിക്കണ്ണൻ’ എന്ന്‌ ചില കുട്ടികൾ വിളിക്കുമായിരുന്നു. ഇങ്ങനെ വിളിക്കുന്നത്‌ അവന്‌ തീരെ ഇഷ്‌ടമായിരുന്നില്ല. പ്രത്യേകിച്ച്‌ അവന്റെ അടുത്ത കൂട്ടുകാരൻ കൃഷ്‌ണൻ വിളിച്ചാൽ സഹിക്കാനാകുമായിരുന്നില്ല.

ഒരു ദിവസം സ്‌കൂൾ വിട്ടുവരുംവഴി എന്തോ പറഞ്ഞ്‌ തെറ്റിയ കൃഷ്‌ണൻ പല പ്രാവശ്യം “കാതുകുത്തിക്കണ്ണാ, കാതുകുത്തിക്കണ്ണാ” എന്ന്‌ വിളിച്ച്‌ പരിഹസിച്ചു. കണ്ണന്‌ ദേഷ്യം വന്നു. “എടാ, കൃഷ്‌ണാ, എന്നെ കണ്ണാന്ന്‌ വിളിക്കാൻ പറ്റില്ലെങ്കിൽ ഇനീഷ്യല്‌ ചേർത്ത്‌ വിളിച്ചോ! കാതുകുത്തിയെന്ന്‌ പറഞ്ഞ്‌ കളിയാക്കുന്നതെന്തിന്‌?”

“നിന്നെ ‘കാതുകുത്തീ’ന്നല്ലാതെ ‘മൂക്കുകുത്തീ’ന്ന്‌ വിളിക്കാൻ പറ്റ്വോ? ക്ലാസ്സിൽ കണ്ണനെന്ന്‌ പേരുളള രണ്ടുപേർ കൂടിയുളളതു കൊണ്ടല്ലേ നിന്നെയിങ്ങനെ വിളിക്കുന്നത്‌!” കൃഷ്‌ണൻ പിന്നെയും ചിരിച്ചു. “സ്‌കൂളിൽ മറ്റെല്ലാവരും വിളിച്ചാൽ നീ മിണ്ടാതിരിക്കും. ഇപ്പോൾ ഞാൻ വിളിച്ചപ്പോൾ മാത്രം നിനക്കെന്താ ദേഷ്യം, കാതുകുത്തിക്കണ്ണാ?”

വല്ലാത്ത കോപത്തോടെ കണ്ണൻ കൈവീശി അടിച്ചു. കൃഷ്‌ണൻ പെട്ടെന്ന്‌ മാറിയില്ലായിരുന്നെങ്കിൽ നല്ലൊരടി കിട്ടിയേനെ!

“എന്തടാ, നീയെന്നെ അടിക്ക്വോ? എങ്കിൽ നിന്നെ ഞാൻ തിരിച്ചടിക്കും!”

“നീ അടിച്ചാൽ പോലും ഞാൻ കൊണ്ടോളാം. പക്ഷെ മറ്റുളളവരെപ്പോലെ നീയെന്നെ കളിയാക്കിയാൽ സഹിക്കാനാവില്ല. കാരണം, നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരനല്ലേ?”

“നീയതിന്‌ കരയണോ? പെൺകുട്ടികളേ ഇങ്ങനെ എപ്പോഴും കരയാറുളളൂ. നീ പെണ്ണായി പിറക്കേണ്ടവനായിരുന്നു. അതാണ്‌ നിനക്കു കാതുകുത്തിയത്‌!”

“എങ്കിൽ, ഞാനും നിന്നെ കളിയാക്കൂട്ടോ. പിന്നെ അതുമിതും പറയരുത്‌!”

“എന്നെ എന്തു പറഞ്ഞ്‌ കളിയാക്കാൻ? ഞാൻ കാതോ മൂക്കോ കുത്തീട്ടില്ലല്ലോ!”

“നീ പോടാ എരട്ടത്തലയാ! വായ്‌നാറീ!”

കണ്ണൻ ആദ്യമായിട്ടിങ്ങനെ വിളിച്ചപ്പോൾ കൃഷ്‌ണൻ അമ്പരന്നുപോയി. തന്റെ തലയിൽ രണ്ട്‌ ചുഴിയുണ്ടെന്ന്‌ അവനറിയാം. അതിന്‌ ‘എരട്ടത്തലയാ’ന്ന്‌ വിളിക്ക്യേ? എന്നാൽ വായ്‌നാറ്റമുണ്ടെന്ന്‌ ഇപ്പോഴാണറിഞ്ഞത്‌! കൃഷ്‌ണൻ പറഞ്ഞു. “ഇനി നമുക്കീ ചങ്ങാത്തം വേണ്ട. നിനക്ക്‌ നിന്റെ വഴി; എനിക്കെന്റെ വഴി!” അവൻ വേഗം നടന്നു.

“എന്നെ ആരൊക്കെ ചീത്ത പറഞ്ഞിട്ടും ഞാൻ സഹിച്ചില്ലേ? ഞാനൊരു പ്രാവശ്യം പറഞ്ഞപ്പോഴേക്കും നിനക്കെന്ത്‌ ദേഷ്യം! ഇതെന്തു ന്യായം!” കണ്ണൻ പിറകെ ചെന്നു.

“പോടാ. നിന്റെ കൂട്ടുകെട്ടേ എനിക്ക്‌ വേണ്ടെന്ന്‌ പറഞ്ഞില്ലേ? എന്റെ കൂടെ വരാതെ പോടാ!” രണ്ടുപേരും വഴക്കിട്ടു നടന്നു.

അവരുടെ പിന്നാലെ വന്നിരുന്ന പ്രായം ചെന്ന ഒരാൾ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന്‌ “ഹ ഹ ഹാ” എന്ന്‌ പൊട്ടിച്ചിരിച്ചു. കണ്ണനും കൃഷ്‌ണനും തങ്ങളുടെ വർത്തമാനം നിർത്തി തിരിഞ്ഞുനോക്കി. അദ്ദേഹം ചിരി നിർത്തി. “എന്താ വല്യച്ഛാ, പിന്നാലെ കൂടി ഇങ്ങനെ ചിരിക്കണേ, ഞങ്ങൾ പേടിച്ചുപോയല്ലോ!”

ഇതുകേട്ട്‌ അദ്ദേഹം വീണ്ടും ചിരിക്കാൻ തുടങ്ങി. “പിന്നേം ചിരിക്ക്യേ! എന്താ ഇങ്ങനെ ചിരിക്കണേ?” കൃഷ്‌ണനാണത്‌ ചോദിച്ചത്‌.

“ചിരി വന്നൂ, ചിരിക്കണ്‌! അല്ലാണ്ടെന്താ പറയുക!”

“എന്ത്‌ കണ്ടിട്ടാ ചിരിക്കണേന്നാ ചോദിച്ചത്‌?”

“നിങ്ങളുടെ പ്രവൃത്തി കണ്ടിട്ടുതന്നെയാ ചിരിച്ചത്‌!”

“അതിന്‌ ഞങ്ങളെന്ത്‌ ചെയ്‌തൂ?”

“നിങ്ങളെന്ത്‌ ചെയ്‌തെന്ന്‌ നിങ്ങൾക്കറിയില്ല; എനിക്കറിയാം! അതു പറഞ്ഞാൽ നിങ്ങളും ചിരിക്കും.”

“പറയൂ. ഞങ്ങളും ചിരിക്കാം.”

“കുട്ടികൾ ‘എടാ, പോടാ’ന്ന്‌ പറഞ്ഞ്‌ വഴക്കിടുന്നു. അങ്ങനെ ചെയ്യാൻ പാടുണ്ടോ?”

“ഇതിനാണോ ചിരിച്ചത്‌?”

“പഠിക്കുന്ന കുട്ടികൾ ഇങ്ങനെ മര്യാദയില്ലാതെ സംസാരിക്കരുത്‌. പഠിപ്പും വിവരവും ഇല്ലാത്തവർ അങ്ങനെ സംസാരിച്ചെന്നു വരാം. എന്നാൽ നിങ്ങളങ്ങനെ പറയാൻ പാടില്ല. ഞാനതിനല്ല ചിരിച്ചത്‌!”

“പിന്നെ?”

“സ്‌നേഹിതനെ വേണ്ടാന്ന്‌ പറഞ്ഞ്‌ രണ്ടുപേരും പോകുന്നുണ്ടല്ലോ. പിന്നെന്തിനാ രണ്ടുംകൂടി അതും പറഞ്ഞ്‌ ഇങ്ങനെ മുട്ടിമുട്ടി പോകുന്നത്‌! തമ്മിൽ പിരിയാനും മനസ്സില്ല; പുറമെ ദേഷ്യഭാവവും! അതുകണ്ടിട്ട്‌ ചിരിച്ചതാ.”

“അത്‌ പിന്നെ, ഇവൻ എന്നെ കളിയാക്കിയിട്ടാ.” കണ്ണൻ അല്‌പം ജാള്യതയോടെ പറഞ്ഞു.

“നീയും കളിയാക്കിയില്ലേ?” കൃഷ്‌ണൻ.

“കൊച്ചുന്നാളിലെ നല്ലത്‌ ശീലിക്കണം. നന്നായി ചിന്തിച്ച ശേഷമേ എന്തും പറയാവൂ; എന്തും പ്രവർത്തിക്കാവൂ. നന്നായി ചിന്തിക്കുന്ന കുട്ടികൾ മുതിർന്നവർക്കു ചെയ്യാൻ പറ്റാത്ത കാര്യം പോലും ചെയ്യാറുണ്ട്‌. അങ്ങനെയൊരു കാര്യം കേൾക്കണോ?”

“കേൾക്കട്ടെ വല്യച്ഛാ!” കുട്ടികൾ അദ്ദേഹത്തോടൊപ്പം നടന്നു.

“ഒരു നാട്ടിൽ വീടുവീടാന്തരം മോഷണം നടക്കുന്നത്‌ പതിവായി. നാട്ടുകാരും പോലീസുകാരും വിചാരിച്ചിട്ട്‌ കളളനെ പിടിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം രാത്രി കട്ടെടുത്ത സാധനങ്ങൾ മാറാപ്പിലാക്കി കളളൻ പോകുന്നത്‌ നേർത്ത നിലാവെളിച്ചത്തിൽ ഒരാൾ കണ്ടു. ഒരു കൈയിൽ ഭാണ്‌ഡവും മറുകൈയിൽ നിവർത്തിപ്പിടിച്ച കത്തിയുമായി വളവ്‌ തിരിഞ്ഞോടിയ കളളനെ പിന്നീട്‌ കാണാനൊത്തില്ല. കളളൻ എന്തു ചെയ്‌തെന്നോ!”

“എന്തു ചെയ്‌തു?”

“ഒരു മരത്തിൽ കയറി ഒളിച്ചിരുന്നു. ഒരു വീടിന്റെ ടെറസ്സിനോട്‌ ചേർന്നാണ്‌ മരം നിന്നിരുന്നത്‌. മുറിയിലിരുന്ന്‌ വായിച്ചുകൊണ്ടിരുന്ന ആ വീട്ടിലെ കുട്ടി, കളളൻ മരത്തിൽ കയറുന്നത്‌ ജനലിലൂടെ കണ്ടു. ഒച്ചവെച്ചാൽ ടെറസ്സിലൂടെയിറങ്ങി അയാൾ ഓടുമെന്നവൻ വിചാരിച്ചു. ശബ്‌ദമുണ്ടാക്കാതെ അവൻ വീടിന്റെ പിന്നിലൂടെ ടെറസ്സിലേക്ക്‌ കയറി. കളളൻ ഇരുന്നിരുന്നതിന്‌ സമീപത്ത്‌ നേരത്തെയുണ്ടായിരുന്ന കടന്നൽക്കൂട്‌ അവിടെത്തന്നെയുണ്ട്‌. അവൻ ഉറപ്പുവരുത്തി. അവിടെയുണ്ടായിരുന്ന കനംകുറഞ്ഞ തോട്ടി പൊക്കി കടന്നൽക്കൂട്‌ അവൻ ഇളക്കിവിട്ടു. കടന്നൽക്കുത്തേറ്റതോടെ കളളൻ മരത്തിലെ പിടിവിട്ട്‌ താഴെ വീണ്‌ കാലൊടിഞ്ഞു. നാട്ടുകാർ അയാളെ കൈയോടെ പിടിച്ച്‌ പോലീസിലേർപ്പിച്ചു.”

“ബഹളമുണ്ടാക്കാതെ ആലോചിച്ച്‌ പ്രവർത്തിച്ചതു കൊണ്ടാണ്‌ കളളനെ പിടിക്കാനായത്‌.” കണ്ണൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞപ്പോൾ കൃഷ്‌ണൻ ശരിയാണെന്ന്‌ സമ്മതിച്ചു.

“സ്‌നേഹിതന്മാർ എപ്പോഴും ഒരുമയോടെ ജീവിക്കണം. തെറ്റുകൾ പൊക്കിക്കാട്ടി വഴക്കടിക്കരുത്‌. നല്ല കാര്യത്തിൽ മിതമായി പ്രശംസിക്കുകയുമാവാം. അനുഭവങ്ങളിലൂടെ നല്ലത്‌ പഠിക്കണം. തേച്ചു തേച്ചു കഴുകുമ്പോഴല്ലേ പാത്രങ്ങൾക്ക്‌ തിളക്കവും ഭംഗിയും കൂടുന്നത്‌!”

രണ്ടുപേരുടെയും തോളിൽ സ്‌നേഹപൂർവ്വം മൃദുവായി തട്ടി അദ്ദേഹം നടന്നുപോയി. അൽപ്പനേരം ആ പോക്ക്‌ നോക്കിനിന്ന കണ്ണനും കൃഷ്‌ണനും കൈകോർത്തുപിടിച്ച്‌ മുന്നോട്ട്‌ നടന്നു.

Generated from archived content: unnikatha_oct21_05.html Author: poovai_amudan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English