ഗാനകോകിലം

കാട്ടിലെ കിളിമകൾ പാട്ടുകാരി

കൂട്ടരിൽ നല്ലൊരു കൂട്ടുകാരി

കാനനഭംഗിയിലീഗാനനിർഝരി

പൊന്നിൻകുടത്തിന്‌ പൊട്ടുപോലെ.

കാട്ടിലെയുത്സവം വന്നുവല്ലോ

കുയിലമ്മ പാട്ടിനൊരുങ്ങിയല്ലോ

കടുവ, പുലി, പുളളിമാനും, മുയലും

മൃഗരാജനും ഉപവിഷ്ടരായി.

ആനപ്പുറത്തെഴുന്നളളിയതാ

കോകിലം വേദിയിലെത്തിടുന്നു.

കരടിക്കൂത്തും മയിലാട്ടങ്ങളും

മുന്നിൽ തിമിർക്കുന്നു മേളമോടെ.

പൂർണ്ണേന്ദു വാനിലുദിച്ചുവല്ലോ

കാട്ടിലായ്‌ തൂവെണ്മ തൂകിയല്ലോ

കണ്ണിൽ മയക്കം പിടിച്ചിട്ടും താരകൾ

കൺചിമ്മി പാട്ടിനുണർന്നിരുന്നു.

ചിഞ്ചിലടിക്കുന്നു കാട്ടരുവി

പുല്ലാങ്കുഴൽ മുളങ്കാട്ടിൽ നിന്ന്‌

മരംകൊത്തി താളം പിടിച്ചിടുന്നു

കുഴൽവിളി കുറുക്കന്മാരേറ്റെടുത്തു.

മയിലമ്മ നൃത്തം ചവിട്ടിടുന്നു

കുരുവികൾ കലപില മണിമുഴക്കി

രാവേറെയായിട്ടും കാടും കാട്ടാരും

കണ്ണിമ പൂട്ടാതുണർന്നിരുന്നു.

കാട്ടിലെ കിളികൾക്ക്‌ കൂട്ടുകാരി

കൂട്ടരിലെ നല്ല പാട്ടുകാരി

കനക വസന്ത വാതായനത്തിൽ

തുയിലുണർത്തും ഗാനകല്ലോലിനി.

—-

Generated from archived content: kuttinadan_jan30.html Author: nandakumar_kayamkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English