ഭ്രാന്തന്‍ ചായസല്‍ക്കാരം(തുടര്‍ച്ച)

‘’ തിരുമനസ്സേ പൊറുക്കണം.’‘ മുട്ടുകുത്തി നിന്ന് വിനയത്തോടെ രണ്ട് പറഞ്ഞു : ‘’ ഞങ്ങള്‍..’‘

‘’ ഓ , മനസിലായി !’‘ പൂക്കളില്‍ കണ്ണോടിച്ച് രാജ്ഞി പറഞ്ഞു.

‘’ അവരുടെ തലവെട്ട് ! ‘’ എഴുന്നള്ളത്ത് മുന്നോട്ടു പോയി . മൂന്ന് പടയാളികള്‍ അവരെ ശിരഛേദം ചെയ്യാനായി അവിടത്തന്നെ നിന്നു . ഭാഗ്യഹീനരായ തോട്ടക്കാര്‍ , അഭയം തേടി ആലീസിനടുത്തേക്കോടി.

‘’ ആരും നിങ്ങളുടെ തലവെട്ടാന്‍ പോകുന്നില്ല ‘’ ആലീസ് പറഞ്ഞു . അവള്‍ അവരെ അടുത്തുകണ്ട ഒരു പൂപ്പാത്രത്തിലൊളിപ്പിച്ചു. പടയാളികള്‍ കുറച്ചു നേരം അവരെ തിരഞ്ഞു നടന്നതിനു ശേഷം , ഘോഷയാത്ര യ്ക്കു പിന്നാലെ മാര്‍ച്ചു ചെയ്തു പോയി.

‘’ അവരുടെ തല വെട്ടിയോ?’‘ രാജ്ഞി തിരക്കി.

‘’ അവരെ ശിരച്ഛേദം ചെയ്തു . അവിടുന്നു പ്രസാദിച്ചാലും !’‘ പടയാളികള്‍ വിളിച്ചു പറഞ്ഞു.

‘’അതുകൊള്ളാം!’‘ രാജ്ഞി പറഞ്ഞു. ‘’ നിനക്ക് ക്രോക്കേ കളിക്കാന്‍ അറിയാമോ?’‘

പടയാളികള്‍ നിശബ്ദരായി ആലീസിനെ നോക്കി. ആലീസിനോടായിരുന്നു രാജ്ഞി ചോദിച്ചത്.

‘’ ഉവ്വ്!’‘

‘’ എങ്കില്‍ വരു!’‘ രാജ്ഞി ക്ഷണിച്ചു. ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് ആ‍ലീസ് ആ എഴുന്നുള്ളത്തില്‍ പങ്കു ചേര്‍ന്നു.

‘’ ഇത് – ഇത് ഒരു നല്ല ദിവസമാണ് !’‘ ഭയപ്പോടെയുള്ള ഒരു ശബ്ദം തൊട്ടരികെ കേട്ടു. വെള്ളമുയലായിരുന്നു അത്. ഉത്കണ്ഠയോടെ അവളുടെ മുഖത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു അവന്‍.

‘’ അതെയതെ ‘’ ആലീസ് ആ അഭിപ്രായത്തോടു യോജിച്ചു. ‘’ പ്രഭി എവിടെ?’‘

‘’ഹഷ് ! ഹഷ് !’‘ ശബ്ദം താഴ്ത്തി മുയല്‍ വേഗം അവളെ വിലക്കി. ആരെങ്കിലും കേട്ടോ എന്ന് പരിഭ്രമത്തോടെ ചുറ്റും നോക്കിയിട്ട് തള്ള വിരല്‍ മാത്രം നിലത്തൂന്നി , ശബ്ദമുണ്ടാക്കാതെ അടുത്ത് വന്ന് അവളുടെ ചെവിയില്‍ മന്ത്രിച്ചു : ‘’ അവളെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്. ‘’

‘’ എന്തിന്?’‘

‘’ എന്തു കഷ്ടം!’ എന്നല്ലേ നീ പറഞ്ഞത് ?’‘മുയല്‍ ചോദിച്ചു.

‘’ അല്ല ഞാനങ്ങനെ പറഞ്ഞില്ല ‘’ ആലീസ് പറഞ്ഞു. ‘’ അത് അത്ര കഷ്ടമാണെന്നൊന്നും എനിക്കു തോന്നുന്നില്ല . ‘ എന്തിന് ‘ എന്നാണ് ഞാന്‍ ചോദിച്ചത്’‘.

‘’ അവര്‍ രാജ്ഞിയുടെ ചെവിയില്‍ ഇടിച്ചു ,’‘ ആലീസിന് ചിരിയടക്കാനായില്ല ‘’ ഓ, ഹഷ്! ‘’ ഭയത്തോടെ മുയല്‍ മന്ത്രിച്ചു ‘’ രാജ്ഞി കേള്‍ക്കും ! വൈകിയാണ് പ്രഭ്വി വന്നത് . രാജ്ഞി പറഞ്ഞു-‘’

‘’ അവരവരുടെ സ്ഥാനങ്ങളിലേക്കു പോകൂ!’‘ ഇടിവെട്ടും പോലെ രാജ്ഞി അലറി . പരസ്പരം തട്ടിമറിച്ചിട്ട് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓട്ടം തുടങ്ങി . അല്‍പ്പനേരത്തിനകം എല്ലാവരുമതാതിടങ്ങളില്‍ സ്ഥാനം പിടിച്ചു . കളി ആരംഭിച്ചു.

ഇത്ര വിചിത്രമായ ഒരു ക്രോക്കേ മൈതാനം ആലീസ് തന്റെ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലായിരുന്നു. ചുറ്റുപാടും നിറയെ മണ്‍കൂനകളും ഉഴവുചാലുകളും . ജീവനുള്ള മുള്ളന്‍പന്നികളാണ് ക്രോക്കേ പന്തുകള്‍ . ബാറ്റ് ജീവനുള്ള അരയന്നങ്ങളും . ആര്‍ച്ചുകളായി പടയാളികള്‍ തലകീഴായി നില്‍ക്കുന്നു.

തന്റെ അരയന്നത്തെ നിയന്ത്രിക്കുകയായിരുന്നു ആലീസിന് ഏറ്റവും വിഷമം . ഒടുവില്‍ അവള്‍ അതിനെ കയ്യിലൊതുക്കിപ്പിടിച്ചു. അതിന്റെ കാലുകള്‍ താഴേക്കു തൂങ്ങിക്കിടന്നു. പക്ഷെ , കഴുത്തു നേരെ പിടിച്ച്, തല കൊണ്ട് മുള്ളന്‍ പന്നിയെ അടിക്കാന്‍ പോകുമ്പോള്‍, അത് തലതിരിച്ച് അവളെ നോക്കും. അതിന്റെ അമ്പരപ്പോടെയുള്ള നോട്ടം കാണുമ്പോള്‍ അവള്‍ക്ക് ചിരി പൊട്ടും . വീണ്ടും തല താഴ്ത്തിപ്പിടിച്ച് അടിക്കാനൊരുങ്ങുമ്പോഴാണ് , പന്തുപോലെ ചുരുണ്ടു കിടന്ന പന്നി നിവര്‍ന്ന് , ഇഴഞ്ഞു നീങ്ങുക. മുള്ളന്‍ പന്നിയെ അടിച്ചു തെറിപ്പിക്കുമ്പോഴാവും ആ ഭാഗത്ത് വല്ല മണ്‍ തിട്ടയോ ഉഴവുചാലോ കാണുക , അതുമല്ലെങ്കില്‍ ആര്‍ച്ചുകളായി നില്‍ക്കേണ്ട പടയാളികള്‍ എഴുന്നേറ്റു നില്‍ക്കുകയും മൈതാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടന്നു നീങ്ങുകയും ചെയ്യുക. ഇത് ശരിക്കും വളരെ വിഷമം പിടിച്ച ഒരു കളി തന്നെയാണെന്നു തോന്നാന്‍ ആലീസിന് അധിക നേരം വേണ്ടി വന്നില്ല.

കളിക്കാരാകട്ടെ , താന്താങ്ങളുടെ ഊഴത്തിനു മുമ്പേ കളിച്ചു തുടങ്ങുകയും സദാസമയവും വഴക്കടിക്കുകയും മുള്ളന്‍പന്നികളെ കിട്ടാന്‍ ശണ്ഠ കൂടുകയും ചെയ്തു. രാജ്ഞി ക്ഷുഭിതയായി, നാഴികകയ്ക്ക് നാല്പതു വട്ടം നിലത്ത് ആഞ്ഞു ചവിട്ടുകയും ‘’ അവന്റെ തലവെട്ട് !’‘ അല്ലെങ്കില്‍ ‘’ അവളുടെ തലവെട്ട്’‘ എന്ന് അട്ടഹസിക്കുകയും ചെയ്തു.

ആലീസിന് വല്ലാത്ത അസ്വസ്ഥത തോന്നി. രാജ്ഞിയുമായി ഇതുവരെയും ഉരസലൊന്നുമുണ്ടായില്ലെങ്കിലും , ഏതു നിമിഷവും അതുണ്ടാവാം. ‘’ എന്താണെനിക്കു സംഭവിക്കുക ? ആളുകളുടെ തല കൊയ്യാന്‍ ഇവര്‍ക്കെല്ലാം വളരെ ഇഷടമാണ് . അരെങ്കിലും ജീവനോടെ ബാക്കിയായാലെ അത്ഭുതമൊള്ളു!’‘ രക്ഷപ്പെടാനുള്ള മാര്‍ഗം തേടി അവള്‍ ചുറ്റും നോക്കി . ആരും കാ‍ണാതെ രക്ഷപ്പെടാന്‍ കഴിയുമോയെന്ന് സംശയമായിരുന്നു. അപ്പോഴാണ് അന്തരീക്ഷത്തില്‍ എന്തോ പ്രത്യക്ഷപ്പെടുന്നത് അവള്‍ കണ്ടത്. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് പല്ലിളിക്കലാണെന്ന് മനസിലായി ‘ ചെഷയര്‍ പൂച്ച എന്തായാലും സംസാരിക്കാന്‍ പറ്റിയൊരാളെ കിട്ടി.’ അവള്‍ വിചാരിച്ചു.

‘’ കളിയൊക്കെ എങ്ങിനെയുണ്ട്?’‘ സംസാരിക്കാന്‍ മാത്രം വായ് തെളിഞ്ഞപ്പോള്‍ , പൂച്ച ചോദിച്ചു. കണ്ണൂകള്‍ പ്രത്യക്ഷപ്പെടും വരെ കാത്തിരുന്നിട്ട് ആലീസ് തലകുലുക്കി ‘ ചെവികള്‍ , ചുരുങ്ങിയത് ഒരു ചെവിയെങ്കിലും കാണാതെ സംസാരിച്ചിട്ടു കാര്യമില്ല ‘ അവള്‍ വിചാരിച്ചു . അടുത്ത നിമിഷം , പൂച്ച മുഴുവനായും പ്രത്യക്ഷമായി . ഒരു കേള്‍വിക്കാരനെ ലഭിച്ചതില്‍ സന്തുഷ്ടയായ ആലീസ് ഉടനെ തന്നെ അരയന്നത്തെ താഴെ വച്ച് കളിയുടെ ഒരു ഏകദേശ വിവരണം ആരംഭിച്ചു. താന്‍ ആവശ്യത്തിനു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുവെന്ന ചിന്തയോടെയാവണം പൂച്ച മുഴുവനായും തെളിഞ്ഞില്ല.

‘’ അവര്‍ നന്നായി കളിക്കുന്നുണ്ടെന്ന് തോന്നുന്നില്ല’‘ പരാതിപ്പെടും പോലെ അവള്‍ പറഞ്ഞു തുടങ്ങി. ‘’ ഒരാള്‍ പറയുന്നത് മറ്റെയാള്‍ക്കു കേള്‍ക്കാന്‍ പോലും കഴിയാത്തവണ്ണം വഴക്കടിക്കുകയാണവര്‍ . കളിക്ക് എന്തെങ്കിലും നിയമങ്ങളുണ്ടെന്നേ തോന്നുന്നില്ല . ഉണ്ടെങ്കില്‍ തന്നെ ആരുമത് പാലിക്കുന്നുമില്ല. ജീവനുള്ള വസ്തുക്കളെക്കൊണ്ടുള്ള ഈ കളി എത്ര കുഴപ്പം പിടിച്ചതാണെന്നോ! ഉദാഹരണത്തിന് ഞാന്‍ പന്തടിച്ചു വിടേണ്ട ആര്‍ച്ച് മൈതാനത്തിന്റെ മറ്റേയറ്റത്തു കൂടി നടന്നു പോകുന്നു. രാജ്ഞിയുടെ മുള്ളന്‍ പന്നിയെ ഞാന്‍ ഇപ്പോള്‍ തന്നെ ക്രോക്കേ ചെയ്തതേയുള്ളു. പക്ഷെ എന്റെ പന്ത് വരുന്നത് കണ്ടപ്പോള്‍ അത് ഓടിക്കളഞ്ഞു ‘’

‘’ നിനക്ക് രാജ്ഞിയെ ഇഷ്ടമായോ?’‘ പൂച്ച ശബ്ദം താഴ്ത്തി ചോദിച്ചു.

‘’ ഇല്ലേയില്ല ‘’ ആലീസ് പറഞ്ഞു ‘’ അവര്‍ അങ്ങേയറ്റം ‘’ ഇത്രയും പറഞ്ഞപ്പോഴാണ് രാജ്ഞി തൊട്ടു പിന്നില്‍ താന്‍ പറയുന്നത് ശ്രദ്ധിച്ചു നില്‍ക്കുന്നുണ്ടെന്ന് ആലീസിനു മനസിലായത്. അവള്‍ തുടര്‍ന്നു:

‘’ സാദ്ധ്യതയുണ്ട് വിജയിക്കാന്‍’‘

ഒരു പുഞ്ചിരിയോടെ രാജ്ഞി നടന്നു പോയി.

‘’നീ ആരോടാണ് സംസാരിക്കുന്നത് ?’‘ ആലീസിനടുത്തേക്കു വന്ന് രാജാവ് ചോദിച്ചു . വളരെ കൗതുകത്തോടെ അവന്‍ പൂച്ചയുടെ തലയിലേക്കു നോക്കി.

‘’ അത് എന്റെയൊരു സുഹൃത്താണ് . ഒരു ചെഷയര്‍ പൂച്ച ‘’

ആലീസ് പറഞ്ഞു . ‘’ അതിനെ പരിചപ്പെടുത്താന്‍ അനുമതി തന്നാലും. ‘’

‘’ അതിന്റെ നോട്ടം എനിക്കത്ര പിടിക്കുന്നില്ല ‘’ രാജാവ് പറഞ്ഞു.

‘’ വേണമെങ്കില്‍ അത് വന്ന് എന്റെ കൈ ചുംബിച്ചോട്ടെ’‘

‘’ എനിക്കു വയ്യ ‘’ പൂച്ച പറഞ്ഞു.

Generated from archived content: athbhutha16.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English