ഭാഗം ഃ ഒന്ന്‌

നാണിയമ്മയുടെ പുരയിടം വിശാലമാണ്‌. കുറച്ചിടം ഒരു കൊച്ചു മൈതാനം തന്നെയാണെന്ന്‌ പറയാം. അവിടെയാണ്‌ കളിക്കാൻ എല്ലാവരും ഒത്തുകൂടുന്നത്‌. നാണിയമ്മ ഒറ്റയ്‌ക്കാണു താമസം. നാണിയമ്മയുടെ കുട്ടികളെവിടെയാണ്‌, ഭർത്താവെവിടെയാണ്‌ എന്നൊക്കെ ചില വില്ലന്മാർ ചോദിക്കാറുണ്ട്‌. പല്ലില്ലാത്ത മോണകാട്ടി നാണിയമ്മ ചിരിക്കുക മാത്രം ചെയ്യും. എന്റെ കുട്ടികൾ നിങ്ങളല്ലേ എന്ന്‌ ചോദിക്കും.

പെൺകുട്ടികൾ തൊങ്കി കളിക്കുന്നത്‌ നാണിയമ്മയുടെ മുറ്റത്താണ്‌. ആണുങ്ങൾ ഫുട്‌ബോളും ക്രിക്കറ്റും മറ്റും കളിക്കുന്നത്‌ പറമ്പിലും. കളിയറിയാത്ത കൊച്ചുകുട്ടികൾ അവിടെ കണ്ടുകൊണ്ടിരിക്കും. ചിലർക്ക്‌ നാണിയമ്മയുടെ മടിയിലാണ്‌ സ്ഥാനം.

ചക്കപ്പഴത്തിന്റെയും, മാമ്പഴത്തിന്റെയും കാലത്ത്‌ നാണിയമ്മ അതെല്ലാം ശേഖരിച്ച്‌ കൊണ്ടുവന്ന്‌ കുട്ടികൾക്ക്‌ കൊടുക്കും. അങ്ങാടിയിൽ പോയി വാങ്ങിച്ച നെല്ലിക്കയോ പൈനാപ്പിളോ എന്നുവേണ്ട എന്തെങ്കിലും കാണും എന്നും നാണിയമ്മയുടെ വീട്ടിൽ. ആരും വഴക്കുണ്ടാക്കാതെ നാണിയമ്മ എല്ലാവർക്കും വീതിച്ചുകൊടുക്കും. പോരാത്തതിന്‌ ഒരു കൊച്ചു കിണറുണ്ടവിടെ. അവിടന്ന്‌ വെള്ളം കോരിക്കുടിച്ച്‌ ക്ഷീണവും മാറ്റും. അവധിക്കാലമായാൽ പിന്നെ ഉത്സവമാണ്‌. നാട്ടിലേതൊരു കുട്ടിയേയും നാണിയമ്മയുടെ പറമ്പിലന്വേഷിച്ചാൽ മതി. ക്രിക്കറ്റ്‌ പന്തുകൊണ്ട്‌ വീടിന്റെ ഓടുകൾ പൊട്ടും. “എടാ പിള്ളാരെ ഓടു പൊട്ടിച്ചാ തല്ലുവച്ചുതരും ഞാൻ…” നാണിയമ്മ കണ്ണുരുട്ടും. “അയ്യോ നാണിയമ്മേ ഞങ്ങൾ പുതിയ ഓടുവച്ചുതരാം”. പിള്ളാര്‌ പറയും“. പിന്നെ നിനക്കൊക്കെ ആശാരിപ്പണിയല്ലേ. ഓടടാ…” നാണിയമ്മ ചിരിക്കും. അവർക്കങ്ങോട്ടുമിങ്ങോട്ടും വല്ല്യ സ്നേഹമാണ്‌.

അവധിക്കാലത്ത്‌ വിരുന്നുവരുന്നവരും അവിടെ കളിക്കാൻ വരും. ആദ്യമൊക്കെ മടിയാണെങ്കിലും പിന്നെ അവരും കൂടും കളിക്കാൻ. നാണിയമ്മയ്‌ക്കെല്ലാവരും ഒരുപോലെയാണ്‌. കഴിഞ്ഞ അവധിക്കു വന്ന പ്രിൻസാണ്‌ ഒരു ഫുട്‌ബോൾ വാങ്ങിയത്‌. അതുകൊണ്ടാണിപ്പോഴും അവർ കളിക്കുന്നത്‌. സ്‌കൂൾ തുറന്ന്‌ അവരെല്ലാം യാത്ര പറഞ്ഞുപോകുമ്പോൾ നാണിയമ്മയ്‌ക്കു സങ്കടമാണ്‌. “പോയി നന്നായി പഠിക്കണം ട്ടോ…” നാണിയമ്മ പറയും. പിന്നെ ഓണത്തിനും ക്രിസ്തുമസ്സിനും അവരുടെ ഗ്രീറ്റിംഗ്‌ കാർഡുകൾ വരും. “സ്നേഹപൂർവ്വം നാണിയമ്മയ്‌ക്ക്‌, ഞങ്ങൾ അവധിക്കു വരാം…!” വൈകുന്നേരമാകുമ്പോൾ നാണിയമ്മയുടെ ഇറയം ക്രിക്കറ്റ്‌ സ്‌റ്റമ്പും ബാറ്റും ബോളും കൊണ്ട്‌ നിറയും. എല്ലാവരും അവരവരുടെ വീട്ടിൽ പോകും. നാണിയമ്മ ഒറ്റയ്‌ക്കാവും. ഒരു വിളക്കും കത്തിച്ചുവെച്ച്‌ അവരൊറ്റയ്‌ക്ക്‌ നാമവും ജപിച്ചങ്ങനെ ഇരിക്കും.

ഒരു ദിവസം ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുമ്പോൾ നാസർ ഉയർത്തിയടിച്ച പന്ത്‌ ബൗണ്ടറിലൈനും കടന്ന്‌ പറന്നുചെന്നൊരു കുഴിയിൽ വീണു. രാജേഷാണ്‌ അതെടുക്കാൻ പോയത്‌. സാമാന്യത്തിലധികം ആഴമുള്ള ആ കുഴി മുഴുവൻ കാടുപിടിച്ച്‌ കിടക്കുകയാണ്‌. രാജേഷ്‌ താഴേക്കുനോക്കി. കാടുപോലെ വളർന്ന വള്ളിച്ചെടികൾക്കു മുകളിൽ പന്ത്‌ കിടക്കുന്നു. അതിനടുത്തായി ഒരു മുയൽ. രാജേഷ്‌ വിളിച്ചുകൂവി. “ഓടിവാ… ദേ ഒരു മുയൽ….” എല്ലാവരും ഓടിയെത്തി. കുഴിക്കു ചുറ്റും നിന്ന്‌ ആഴത്തിലേക്ക്‌ നോക്കി. ഒരു മുയൽ പമ്മിയിരിക്കുന്നു. അത്‌ ചെറുതായി വിറയ്‌ക്കുന്നുണ്ട്‌.

“എന്താ പിള്ളാരെ അവിടെ….?” നാണിയമ്മ ഓടിവന്നു. അവരും എത്തിനോക്കി. ശരിയാണ്‌. ഒരു മുയൽ കുഴിയിൽ വീണു കിടക്കുന്നു.

“അയ്യോ പാവം…?” നിഷ പറഞ്ഞു. മുറ്റത്ത്‌ കളം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അവളും കൂട്ടുകാരികളും മുയലിനെ കാണാൻ എത്തിയിട്ടുണ്ട്‌.

“ഞാൻ പോയി ഇക്കാനെ വിളിച്ചോണ്ടു വരാം…” നാസർ പറഞ്ഞു.

“വേണ്ട…” നാണിയമ്മ തടഞ്ഞു. “അവർ കൊണ്ടുപോയി കൊന്നുതിന്നും. കൊല്ലാനാണെങ്കിൽ, പിന്നെയെന്തിനാ നമ്മളതിനെ രക്ഷിക്കുന്നത്‌…”

“നമുക്ക്‌ കല്ലെറിഞ്ഞാലോ അപ്പോളത്‌ കേറിപൊക്കോളും… ആരോ പറഞ്ഞു.

”എടാ മണ്ടാ കേറിപ്പോകാമെങ്കിൽ അതെപ്പോഴേ കേറിപ്പോയേനെ. നമ്മളതിനെ രക്ഷപ്പെടുത്തണം…“

”ശരിയാ എന്നാ വഴി..“ രാജേഷ്‌ ചോദിച്ചു.

ആരൊക്കെയോ ശൂ ശൂന്ന്‌ കേൾപ്പിച്ചു. മുയൽ ഒന്നു കൂടി പമ്മിയിരുന്നു.

”നമ്മടെ പന്തും പോയല്ലോ…“ ശ്രീനാഥ്‌ സങ്കടപ്പെട്ടു.

”പന്ത്‌ ഞാനെടുത്തു തരാം…“ ഒരു ശബ്ദം കേട്ട്‌ എല്ലാവരും തിരിഞ്ഞുനോക്കി. ഒരു ചെക്കൻ. കാക്കിപാന്റും ഷർട്ടുമാണ്‌ വേഷം. കൈയിലൊരു കീറിയ വല്യ ബാഗുണ്ട്‌. തലമുടി മുഴുവൻ ചെമ്പിച്ച്‌ മുഖം നിറയെ വിയർത്തിരിക്കുന്നു.

”പന്ത്‌ മാത്രമല്ല, ഒരു മുയലുമുണ്ട്‌…“ നാസർ പറഞ്ഞു.

”ഞാൻ രക്ഷിക്കാം…“ അവൻ കുഴിയുടെ വക്കത്തുവന്ന്‌ താഴേക്കു നോക്കി ചോദിച്ചു. ”ഒരു കയറു കിട്ട്വോ…“

നാണിയമ്മ വെള്ളം കോരുന്ന കയറു കൊണ്ടുവന്നു. അവൻ ഷർട്ടൂരി ഒരു മരത്തിൽ തൂക്കി. പിന്നെ കയറിന്റെ അറ്റം മരത്തിൽ കെട്ടി അഭ്യാസിയെപ്പോലെ കുഴിയിലേക്ക്‌ തൂങ്ങിയിറങ്ങി. പന്തെടുത്ത്‌ മുകളിലേക്കെറിഞ്ഞുകൊടുത്തു. പിന്നെ മുയൽക്കുഞ്ഞിന്റെ ചെവിക്കു പിടിച്ച്‌ തൂക്കിയെടുത്ത്‌ അതിനേം കൊണ്ട്‌ മുകളിലേക്കു കയറി. മുയൽ അവന്റെ കൈയിൽ പേടിച്ച്‌ പമ്മിയിരുന്നു.

എല്ലാവരും അതിന്റെ പുറത്ത്‌ അരുമയോടെ തലോടി.

”ഇതിനെ എന്തു ചെയ്യണം?“ അവൻ ചോദിച്ചു.

”ഈ പറമ്പിന്റെ അങ്ങേ അതിരിൽ കൊണ്ടുവിട്ടേക്ക്‌…“ നാണിയമ്മ പറഞ്ഞു. എല്ലാവരും കൂടി അതിനെ അവിടെക്കൊണ്ടുവിട്ടു. മുയലോടിപ്പോയപ്പോൾ എല്ലാവരും കൈയടിച്ചു ബഹളമുണ്ടാക്കി.

”ഇത്തിരി വെള്ളം കുടിക്കണം…“ അവൻ പറഞ്ഞു.

നാണിയമ്മ കയർകെട്ടി വെള്ളം കോരി അവന്റെ കൈക്കുമ്പിളിൽ ഒഴിച്ചുകൊടുത്തു. അവനത്‌ മടമടാ കുടിച്ചു. പിന്നെ മുഖം കഴുകി.

”ഞാൻ പോവ്വാ…“ അവൻ ബാഗെടുത്തു.

”എന്താ പേര്‌…?“ രാജേഷ്‌ പിന്നിൽ നിന്നും വിളിച്ചുചോദിച്ചു.

”ഈശ്വരൻ…“ അവൻ പറഞ്ഞു.

നാണിയമ്മ അറിയാതെ കൈകൂപ്പിപ്പോയി.

Generated from archived content: kumila1.html Author: krishnakumar_marar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English