പ്രളയം

images-1

സമയം ഏതാണ്ട് പുലര്‍ച്ചെ രണ്ട് മണിയായി കാണും. ആഡംബരങ്ങളിലും ആഘോഷങ്ങളിലും ആടിതിമിര്‍ത്ത് അതിന്‍ ആലസ്യത്തില്‍ മയങ്ങി കിടക്കുകയായിരുന്നു ആ മഹാനഗരം. അപ്പോഴാണ് ഒട്ടും നിനച്ചിരിക്കാതെ ഓര്‍ക്കാപ്പുറത്തെത്തിയ അശനിപാതം പോലെ മഹാനഗരത്തെ മൊത്തമായി വിഴുങ്ങുവാന്‍ വാ പിളര്‍ന്ന് പടപ്പുറപ്പാടോടെ പ്രളയമെത്തിയത്. നാളെയുടെ നല്ല വികസനം സ്വപ്നം കണ്ടുറങ്ങിയ, നാളെ ചെയ്തു തീര്‍ക്കുവാനുള്ള ദൗത്യങ്ങള്‍ എണ്ണമിട്ടു നിരത്തിയ നഗരം അങ്ങനെ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ശവപ്പറമ്പായി മാറി. ചാകര പോലെ കുമിഞ്ഞുകൂടുകയാണ് മര്‍ത്ത്യജഡങ്ങള്‍. എങ്ങും അലമുറകള്‍, ആര്‍ത്തനാദങ്ങള്‍, വിരല്‍തുമ്പില്‍ നിന്നൂര്‍ന്നുപോയ കിടാങ്ങള്‍ക്കായി തേടുന്ന അമ്മയുടെ കേഴലുകള്‍. അഹങ്കാരത്തിന്‍ ലഹരി കെട്ടഴിഞ്ഞ ആ നഗരത്തില്‍ ഇന്നവശേഷിക്കുന്നതോ ഉറ്റവരും ഉടയവരും വീടും കുടിയും എല്ലാം നഷ്ടപ്പെട്ട, ഇത്രയും നാളത്തെ ജീവിതം കൊണ്ട് സമ്പാദിച്ചുക്കൂട്ടിയതെല്ലാം ഒരു രാത്രി കൊണ്ട് കണ്‍മുന്നില്‍ നിന്നും മറഞ്ഞുപോയ, ഇപ്പോള്‍ ‘അതിജീവനം’ എന്ന പരമമായ സത്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നില്ക്കുന്ന ഒരു പറ്റം മനുഷ്യരാണ്. അതില്‍പ്പെട്ടതാണ് അവളും.

അവളുടെ അച്ഛനും അമ്മയും ഏട്ടനും അടുത്ത ബന്ധുക്കളുമെല്ലാം പ്രളയം മൂലം മരണപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. എങ്ങനെയോ എത്തപ്പെട്ട ദുരിതാശ്വാസക്യാമ്പില്‍ നിന്നുകൊണ്ട് അവള്‍ ചുറ്റിലും നോക്കുകയാണ് തനിക്ക് പരിചയമുള്ള ഒരു മുഖമെങ്കിലും ഉണ്ടോ എന്നറിയാന്‍. ഇല്ല, ആരുമില്ല. ഇന്നീ ലോകത്ത് തന്നെ അറിയുന്ന തനിക്കറിയാവുന്ന ഒരാളു പോലുമില്ല എന്ന നഗ്നമായ സത്യം അവളെ വല്ലാതെ നടുക്കം കൊള്ളിച്ചു. അങ്ങനെയിരിക്കെ അവള്‍ കണ്ടു അങ്ങ് ദൂരെ ഒരു മിന്നായം പോലെ അവന്‍ തന്‍റെ ആജന്മശത്രു.

ഈ ലോകത്ത് തനിക്കേറ്റവും കൂടുതല്‍ ദേഷ്യം തോന്നിയിട്ടുള്ളത് അവനോടാണ്. തന്‍റെ വീടിനടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ ചെറ്റകുടിലില്‍ താമസിക്കുന്ന തേപ്പുകാരന്‍റെ മകന്‍. അവനുമായിട്ട് വഴക്ക് തുടങ്ങാനുണ്ടായ സാഹചര്യം അവളൊന്ന്‌ ഓർത്തു.

“ഒരുദിവസം എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞ ഒരു പട്ടികുട്ടി എന്‍റെ വീട്ടിലേക്ക്‌ കയറി വന്നു. ഞാനതിനെ മാരകമായി മുറിവേല്പ്പിച്ച ശേഷം ഒരു ചാക്കില്‍ കെട്ടി എന്‍റെ വീടിനു മുന്‍വശത്തുള്ള ചെറിയ കുറ്റിക്കാട്ടില്‍ കൊണ്ടു പോയിയിട്ടു. അതു കാണാനിടയായ അവന്‍ അതിനെ എടുത്തോണ്ടു പോയി മുറിവുകളില്‍ മരുന്നുവെച്ചു കെട്ടി സുഖപ്പെടുത്തിയെടുത്തശേഷം അതിനെ വളര്‍ത്താന്‍ തുടങ്ങി. അതിനുശേഷം വൈകുന്നേരങ്ങളില്‍ ഞാനും അമ്മയും നടക്കാനിറങ്ങുമ്പോള്‍ അവനാ പട്ടിയേയും കൊണ്ട് വഴിക്കുവന്നു നില്ക്കും. എന്നെ കാണുന്നതേ ആ പട്ടി കുരയ്ക്കാന്‍ തുടങ്ങും. മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് അവനാ പട്ടിയേയും കൊണ്ട് വഴിക്ക് വന്നു നില്ക്കുന്നത്. അതു മാത്രമല്ല കാര്യം. ഒരു ദിവസം എന്‍റെ വീട്ടിലെ വേലക്കാരി പാറുവിനെ ഞാന്‍ പേരെടുത്തു വിളിച്ചു. അതിലും അവന്‍ കയറി ഇടപ്പെട്ടു അഭിപ്രായം പറഞ്ഞു. “എടീ, നിന്‍റെ അമ്മമ്മയാകാനുള്ള പ്രായമുണ്ടല്ലോ അവര്‍ക്ക്. അങ്ങനത്തെ അവരെ നീ പേര് വിളിക്കയോ. നിനക്കെന്താ അവരെ പാറുവമ്മേന്ന്‍ വിളിച്ചാല്. “ആ വേലക്കാരിയുടെ മുന്‍പില്‍ വെച്ച് അവനെന്നെ എടീന്നും നീയെന്നും വിളിച്ചത് എനിക്കൊട്ടും ഇഷ്ടമായില്ല. നാഗരാജകൗണ്ടറിന്‍റെ മകളെ അങ്ങനെയൊക്കെ വിളിക്കാന്‍ അവനാരാ അധികാരം കൊട്ത്തെ. എന്‍റെ വീട്ടിലെ വേലക്കാരിയെ ഞാനെങ്ങനെ വിളിച്ചാലും അവനെന്താ. ഇതൊന്നും പോരാഞ്ഞ് ഫുട്ബോള്‍ മാച്ചില്‍ എന്‍റെ ഏട്ടന് കിട്ടേണ്ടിയിരുന്ന സംസ്ഥാന ടീമിലേക്കുള്ള സെലക്ഷന്‍ അവന്‍ ഇടങ്കോലിട്ട് ഇല്ലാതാക്കി. അതോടെ എന്‍റെയുള്ളില്‍ അവനോടുള്ള ദേഷ്യം നുരച്ചു പൊങ്ങി. അവനെന്നെ കളിയാക്ക്ന്നെന്നും പിന്നാലെ നടന്ന്‍ ശല്യം ചെയ്യ്‌ന്നെന്നും അച്ഛനോട്‌ പറഞ്ഞു കൊടുത്തിട്ട് അച്ഛന്‍റെ ശിങ്കടികളുടെ കൈയ്യില്‍ നിന്നും ഞാനവന് പലതവണ തല്ല് വാങ്ങികൊട്ത്തിട്ട്ണ്ട്. അതോടെ എന്നെ കാണുന്നതു തന്നെ അവന് കലിപ്പായി.”

ഇപ്പോ ഈ ലോകത്ത് തനിക്കാകെ പരിചയമുള്ള മുഖം ആ ശത്രുവിന്‍റേത് മാത്രം. എല്ലാവരും നഷ്ടപ്പെട്ട് എല്ലാതും നഷ്ടപ്പെട്ട് ഒന്നുമില്ലാത്ത ഈ അവസ്ഥയില്‍ അവന്‍റടുത്ത് ചെന്നാല്‍ അവനെന്നെ ആശ്വസിപ്പിക്കില്ലെന്നു മാത്രല്ല പരിഹസിക്കുകയും ചെയ്യും. എന്തിനാ വെറുതെ അവന്‍റെ പരിഹാസം കേള്‍ക്കാന്‍ നില്ക്കുന്നെ. അതെന്തായാലും വേണ്ട. എന്ത് പ്രശ്നമുണ്ടായാലും എന്തൊക്കെ പ്രയാസങ്ങളനുഭവിക്കേണ്ടി വന്നാലും അവന്‍റെ സഹായം തേടി പോകരുത്. അതൊരു വാശി കൂടിയാ. അവനും അവളെ കണ്ടിരുന്നുവെങ്കിലും കണ്ടഭാവം നടിച്ചില്ല. അതവളെ കൂടുതല്‍ ചൊടിപ്പിച്ചു.

ആവശ്യത്തിന് ഭക്ഷണമോ ശുദ്ധജലമോ മരുന്നുകളോ ഇല്ലാതെ നരകയാതന അനുഭവിക്കുകയാണ് ദുരിതാശ്വാസക്യാമ്പിലെ ജനങ്ങള്‍. അതിന്‍റെ കൂടെ മഴ വീണ്ടും കനക്കാനും വീണ്ടും പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ് കൂടി ആയതോടെ അവരാകെ പരിഭ്രാന്തരായി. പട്ടിണിയും ദുരിതങ്ങളുമൊന്നും ശീലമില്ലാതിരുന്ന അവള്‍ക്ക് ആയവസ്ഥയില്‍ പിടിച്ചു നില്‍ക്കാനേ ആയില്ല. അതുകൊണ്ടായിരിക്കാം ഒരുദിവസം വിശപ്പ് സഹിക്കവയ്യാതെ അവള്‍ തല ചുറ്റി വീണത്. അതൊക്കെ അവന്‍ അറിഞ്ഞിരുന്നുവെങ്കിലും അറിഞ്ഞതായി ഭാവിച്ചേയില്ല. താന്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും അവന്‍ തന്നെ അവഗണിക്കുന്നത് കണ്ടപ്പോള്‍ അവളുടെയുള്ളില്‍ അവനോടുള്ള ദേഷ്യം ഇരട്ടിച്ചു.

വീണ്ടും പ്രളയമെത്താനുള്ള സാധ്യത കനത്തതോടെ ആളുകള്‍ അവിടെ നിന്നും പലായനം ചെയ്തു തുടങ്ങി. ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോകാന്‍ വന്ന ഒരു ബസ്സില്‍ എങ്ങോട്ടേക്കാണെന്നു പോലും നോക്കാതെ അവളും കയറി പറ്റി. അതേ ബസ്സിന്‍റെ മുകളില്‍ കുറച്ചു പുരുഷന്മാര്‍ ഇരിക്കുന്നതിന്‍റെ കൂട്ടത്തില്‍ അവനുള്ളത് അവളറിഞ്ഞില്ല.

അങ്ങനെ നാഗരാജകൗണ്ടറിന്‍റെ മകളായി എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിച്ച അവള്‍ ഇപ്പോള്‍ ഏതോ നാട്ടില്‍ അറിയാത്ത ആളുകളുടെ ഇടയില്‍ ഒരു നാടോടിയെപ്പോലെ പീടികതിണ്ണയിലും മരച്ചുവട്ടിലുമായി കഴിയുന്നു. വെറും പൈപ്പ് വെള്ളം കൊണ്ടു മാത്രം വിശപ്പിനെ പിടിച്ചടുത്ത് നിറുത്താന്‍ കഴിയാതെയായപ്പോള്‍ ഒരു ജോലി അന്വേഷിച്ച് അവളാ നാടു മുഴുവന്‍ അലഞ്ഞു. എന്തു പണിയും എടുക്കാന്‍ തയ്യാറായിരുന്ന അവള്‍ എന്തെങ്കിലും ഒരു പണിക്കായി പലരോടും യാചിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.

ഒരുദിവസം ഒരു ഹോട്ടലില്‍ കയറി വിശപ്പടക്കാന്‍ എന്തെങ്കിലും തര്വോ എന്നു യാചിച്ച് നിരാശയോടെ പടിയിറങ്ങുമ്പോള്‍ “ഹും, ഒരു കാര്‍ഡും പിടിച്ച് ഇങ്ങെറങ്ങിക്കോളും. വെള്ളപ്പൊക്കം ഉരുള്‍പൊട്ടലെന്നൊക്കെ പറഞ്ഞ്‌ ഇവറ്റകളൊക്കെ സ്വന്തം നാട്ടില് എന്തേലും ഏടാകൂടങ്ങള്ണ്ടാക്കീട്ടാരിക്കും ഇങ്ങോട്ട് വണ്ടി കയറ്ന്നെ. ഇവറ്റകളെയൊക്കെ അടുപ്പിച്ചിട്ട് വേണം നമ്മളും പുലിവാല് പിടിക്കാന്‍. തരം കിട്ടിയാ കണ്ണീകാണുന്നതൊക്കെ അടിച്ചോണ്ട് പോവുകയും ചെയ്യും.”

കടയുടമയുടെ ആ വാക്കുകള്‍ ഒരു കൂരമ്പു പോലെയാണ് അവളുടെ ചെവിയില്‍ പതിച്ചത്. പട്ടിണിയും, ജോലിയൊന്നും തരാവാത്തതിലുള്ള നിരാശയും, തനിച്ചാണെന്ന തോന്നലുളവാക്കിയ ഭീതിയും എല്ലാം കൂടി അവളാകെ തളര്‍ന്നിരുന്നു. അതിനെക്കാളുമൊക്കെയേറെ അവളെ തളര്‍ത്തിയിരുന്നത് ചില ആഭാസന്മാരുടെ ശരീരത്തിനുള്ളിലേക്ക്‌ തുളച്ചുകയറുന്ന തരത്തിലുള്ള നോട്ടങ്ങളും അശ്ലീലച്ചുവയുള്ള സംസാരങ്ങളുമാണ്. ചിലര്‍ കൂടെ പോരുന്നോ എന്ന്‍ ചോദിക്കും. പീടികതിണ്ണയില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രിയുടെ ഇരുട്ടിനെ മറയാക്കി പമ്മി പതുങ്ങിയെത്തുന്ന കാമവെറിയന്മാരില്‍ നിന്നും ഭാഗ്യം കൊണ്ടാ പലപ്പോഴും അവള്‍ രക്ഷപ്പെട്ടിര്ന്നെ.

എങ്ങനേലും ജീവന്‍ നിലനിറുത്തണമല്ലോ എന്നു കരുതി നിരാശയും ക്ഷീണവും ഒന്നും വക വെയ്ക്കാതെ അവള്‍ പിന്നെയും ജോലി അന്വേഷിച്ചു നടന്നു. അന്നവള്‍ ആദ്യം കയറിയത് ഒരു തുണി മില്ലിലാണ്. അച്ചാമ്മ എന്നു പേരുള്ള ഒരു സ്ത്രീ ആണ് അതിന്‍റെ ഉടമസ്ഥ. അവളുടെ മുഖത്തെ ദൈന്യഭാവം കണ്ടിട്ട് സഹതാപം തോന്നീട്ടാകാം അവര്‍ അവള്‍ക്കവിടെ ജോലി കൊടുത്തു. ജോലിക്കാരായിട്ട് അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. അവരോടൊപ്പം ആ തുണിമില്ലിനോട്‌ ചേര്‍ന്നുള്ള അച്ചാമ്മയുടെ വീട്ടില്‍ താമസിക്കാനുള്ള സൗകര്യവും കൊടുത്തു. കൊടും വേനലില്‍ നില്‍ക്കുമ്പോള്‍ പെരുമഴ പെയ്തത് പോലെയായിരുന്നു അവള്‍ക്കാ ജോലി. കുറച്ചു ദിവസങ്ങള്‍ വലിയ അല്ലലൊന്നുമില്ലാതെ കടന്നുപോയി.

പോകേ പോകേ ആ തുണി മില്ലിലെ അന്തരീക്ഷം അത്ര പന്തിയല്ലെന്നവള്‍ക്ക് തോന്നി. ഒരുദിവസം അച്ചാമ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് അവരറിയാതെ അവള്‍ കേള്‍ക്കാനിടയായി. അതോടെ പെണ്‍കുട്ടികളെ ജോലിക്കെന്ന വ്യാജേന വിദേശത്തേക്കു കടത്തി കൊണ്ടു പോകുന്ന സെക്സ്റാക്കറ്റിന്‍റെ ഒരു കണ്ണിയാണ് അച്ചാമ്മയെന്നും അടുത്താഴ്ച അവിടെയെത്തുന്ന ഏജന്‍റിന് കൈമാറാന്‍ തന്നെയാണ് അവരുദ്ദേശിച്ചിട്ടുള്ളതെന്നും അവള്‍ക്ക് മനസ്സിലായി. ഇനി ഇവിടെ നില്ക്കുന്നത് ആപത്താണ്. എങ്ങനേലും ഇവിടുന്ന്‍ രക്ഷപ്പെടണം അവള്‍ തീരുമാനിച്ചു.

ഒരു രാത്രീല്, എല്ലാവരും ഉറങ്ങിയെന്ന്‍ ഉറപ്പായതിനു ശേഷം അവളാ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഗതികേടു കൊണ്ട് ഗേറ്റിനടുത്തെത്താനായപ്പോള്‍ അവിടെ മുറ്റത്തു കിടപ്പുണ്ടായിരുന്ന ഒരു തരകപ്പാട്ടമേല്‍ അവളുടെ കാല് തട്ടുകയും തരകപ്പാട്ട ഉരുണ്ടുപോയി ഗേറ്റില്‍ ചെന്നിടിക്കുകയും ചെയ്തു. ആ ശബ്ദം കേട്ട് അച്ചാമ്മയുടെ മുറിയിലെ ലൈറ്റ് തെളിഞ്ഞു. അതുകണ്ടപ്പോള്‍ അവള്‍ തന്‍റെ സകല ത്രാണിയുമെടുത്ത് അവിടെ നിന്നും അതിവേഗം ഓടി. ഓടുന്നതിനിടയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവള്ടെ പിന്നാലെ തന്നെയുണ്ട് അച്ചാമ്മയുടെ കിങ്കരന്മാര്‍. അപ്പോള്‍ അവള്‍ സകല ദൈവങ്ങളെയും വിളിച്ച് എല്ലാ ഊര്‍ജ്ജവും കൊണ്ട് മുന്‍പില്‍ കാണുന്ന ഊടുവഴിയിലൂടൊക്കെയും എങ്ങോട്ടേക്കാണെന്ന് പോലും നോക്കാതെ ഓടി.

ഓടിയോടി തളര്‍ന്നു ഒടുവില്‍ ഇനി ഓടാന്‍ പോയിട്ട് ഒരടി മുന്നോട്ട് വെക്കാന്‍ പോലും പറ്റില്ല എന്നവസ്ഥയില്‍ തളര്‍ന്നപ്പോള്‍ അവള്‍ അവിടെ നിന്നു വെറുതെ ഒന്നു തിരിഞ്ഞു നോക്കിയതാണ്. ഇല്ല ആരുമില്ല അച്ചാമ്മയുടെ കിങ്കരന്മാരെ കാണാനില്ല. ഹാവൂ രക്ഷപ്പെട്ടു. ഒരു പക്ഷേ താന്‍ ഊടുവഴിയിലേക്ക് കയറിയപ്പോള്‍ അവര്‍ക്ക് വഴിതെറ്റിയതാകാം. അവള്‍ തെല്ലൊരാശ്വാസത്തോടെ നിവര്‍ന്നു നിന്നു.

കാലുകള്‍ വല്ലാതെ കഴയ്ക്കുന്നു. എവിടേലും ഒന്നിരിക്കാന്‍ പറ്റിയെങ്കില്‍. അവള്‍ ചുറ്റും നോക്കി. അപ്പോഴാണവള്‍ ആ സ്ഥലം ശ്രദ്ധിക്കുന്നത്. വിജനമായ വഴി, കട്ട പിടിച്ച ഇരുട്ട്, റോഡിന്നിരുവശവും ഇടതിങ്ങി നില്ക്കുന്ന വന്‍ മരങ്ങള്‍, അടുത്തെങ്ങാനും ഒരു മനുഷ്യഗന്ധം പോലുമില്ല. ഈ വഴി ഒരു വണ്ടി വന്നിട്ട് തന്നെ നാളുകളേറെയായെന്നു തോന്നുന്നു . അവളുടെയുള്ളില്‍ ഭയം ഇരച്ചുകയറി. ആ വെപ്രാളത്തിനിടയില്‍ മുമ്പില്‍ കണ്ട ഊടുവഴികളിലൂടെയൊക്കെ ഓടിപ്പോയതാണ്. ഈശ്വരാ ഇതേതാ സ്ഥലം. നാടാണോ കാടാണോ എന്നുപോലും തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ. ഭയന്നു ഭയന്നു അവളുടെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ശരീരം തളരുന്നു. കണ്ണുകള്‍ അടയുന്നു. പയ്യെ അവള്‍ പിന്നോക്കം മറിഞ്ഞു വീണു.

ബോധം വന്നപ്പോള്‍ അവള്‍ ചുറ്റുമൊന്ന്‌ കണ്ണോടിച്ചു. താനിപ്പോള്‍ ഏതോ ആശുപത്രിയിലാണെന്ന് അവള്‍ക്കു മനസ്സിലായി. എന്തൊക്കെയാണ് സംഭവിച്ചത്, അതേതായിരുന്നു സ്ഥലം, താനെങ്ങനെയാ ഇവിടെ എത്തിയത്. ചിതറികിടക്കുന്ന ചിന്തകളെ ഏകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കേ അവള്‍ കണ്ടു, കൈയ്യില്‍ ഒരു കപ്പ്‌ ചായയുമായി തന്‍റെ കട്ടിലിനെ ലക്ഷ്യമാക്കി നടക്കുന്നു അവന്‍. തന്‍റെ ആജന്മ ശത്രു. ഇവനിവിടെ? തന്‍റടുത്തേക്കാണല്ലോ അവന്‍ വരുന്നത്. താനെങ്ങനെയാ ഇവിടെയെത്തിയത്. തന്നെയാരാ ഇങ്ങോട്ടു കൊണ്ടുവന്നെ. അവനെന്തിനാ എന്‍റടുത്തേക്ക് വരുന്നെ. ഇങ്ങനെ നൂറ് നൂറ് ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ ആര്‍ത്തലയ്ക്കുമ്പോഴേക്കും അവന്‍ അവളുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു.

“പേടിക്കേണ്ട, ഞാനാ ഇങ്ങോട്ട് കൊണ്ട് വന്നെ. പനിച്ചു വിറച്ചു ബോധമില്ലാതെ വഴിയില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ഉപേക്ഷിച്ചുപോരാന്‍ തോന്നിയില്ല.”

അവള്‍ക്കപ്പോള്‍ അവന്‍ പര്‍വ്വതത്തോളം വലുതാണെന്നും താനൊരു കടുകുമണിയോളം ചെറുതാണെന്നും തോന്നി. വിറയാര്‍ന്ന ശബ്ദത്തില്‍ പൊട്ടി കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.

“ഞാന്‍——ഞാനൊറ്റയ്ക്കാണ്, എനിക്കാരുമില്ല. എനിക്കാകെ പേടിയാവുന്നു.”

“പേടിക്കേണ്ട ഞാനുണ്ട്.” ഒന്നു നിര്‍ത്തി കുറച്ചുനേരം എന്തോ ആലോചിച്ച ശേഷം അവന്‍ തുടര്‍ന്നു.

“ഇനിയെന്നും എപ്പോഴും ഞാന്‍ കൂടെയുണ്ടാകും.”

അവന്‍ പറഞ്ഞത് വിശ്വസിക്കാനാവാതെ അവളവനെ തന്നെ നോക്കിനിന്നു.

“കളിയായി പറഞ്ഞതല്ല. എനിക്കു നിന്നെ ഒരുപാട്‌ ഇഷ്ടമായിരുന്നു. സ്വന്തമാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനു തടസ്സം നിന്നത് നീ തന്നെയാണ്. നിന്‍റെ അഹങ്കാരം. ഇത്രയും അഹങ്കാരിയായ ഒരു പെണ്ണിന്‍റെ കൂടെ എങ്ങനെ ജീവിക്കും എന്ന ആശയകുഴപ്പത്തിലായിരുന്നു ഞാന്‍. കളിയാക്കിയും പരിഹസിച്ചും നീ ചെയ്യുന്നതിനെയൊക്കെ എതിര്‍ത്തും നിന്നിലെ അഹങ്കാരത്തെ തുടച്ചു കളയാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍ പ്രകൃതി തന്നെ പ്രളയമായി വന്ന്‍ നിനക്കെല്ലാം നഷ്ടപ്പെടുത്തി നിന്നിലെ അഹങ്കാരത്തെ ഒരു പരിധി വരെ ശമിപ്പിച്ചു. അതുകൊണ്ടുമായില്ല. ഉത്തമയായ ഒരു മനുഷ്യസ്ത്രീയായി നീ മാറണമെങ്കില്‍ നീ ഇനിയും ജീവിതം പഠിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അതുകൊണ്ടാ ദുരിതാശ്വാസക്യാമ്പില്‍ വെച്ച് നീ ദുഃഖിതയാണെന്നറിഞ്ഞിട്ടും നിന്നെ ഞാന്‍ അവഗണിച്ചത്. അന്ന്‍ ക്യാമ്പിന്‍റെ മുന്നില്‍ വെച്ച് നീയ്യാ ബസ്സില്‍ കേറുന്നത് കണ്ടിട്ട് തന്നെയാ ഞാനും അതില്‍ കയറി പറ്റിയത്. അതിനു ശേഷം നീ പോകുന്നിടത്തൊക്കെ ഒരു നിഴലുപോലെ നിന്‍റെ പിന്നാലെ ഞാനുമുണ്ടായിരുന്നു. നീയത് അറിഞ്ഞില്ലെന്ന്മാത്രം. ഇപ്പോ നീ ഒരുപാട് മാറിയിരിക്കുന്നു. ജീവിതം നിന്നെ കുറെ പാഠങ്ങള്‍ പഠിപ്പിച്ചിരിക്കുന്നു. എന്‍റെയിഷ്ടം നിന്നോട് തുറന്നു പറയാന്‍ സമയമായെന്ന്‍ എനിക്കു തോന്നി. അതാ തുറന്നു പറഞ്ഞെ. നിനക്കറിയ്യോ തലക്കനം കാരണം ഇന്നീ ലോകത്തിന്‍റെ തല വലുതായി കൊണ്ടിരിക്കുകയാണ്. അതിനാനുപാതികമായി ഹൃദയം ചുരുങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ തല വലുതായി വലുതായി പൊട്ടിതെറിക്കാതിരിക്കാന്‍ ഈശ്വരന്‍ തരുന്ന മറുമരുന്നാ പ്രളയം പോലുള്ള ഈ പ്രകൃതിദുരന്തങ്ങള്‍.”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English