പ്രദീപൻ പാമ്പിരികുന്നിന്റെ എരി

eri

 

അർദ്ധരാത്രി ഇരുട്ടില്‍ നീന്തി എരി വെളിയണ്ണൂര്‍ക്ക് പോയി. ഇടവഴിയില്‍ ചാടിക്കടന്നും ആളുകാണാതെ വെളിയണ്ണൂര്‍ മലയന്റെ കുടിലിലെത്തി.

എണ്‍പത് കഴിഞ്ഞ രാമര്‍പണിക്കര്‍ കൈതോലത്തടുക്കില്‍ ഇരിക്കുകയാണ്.നേരം പരപരാ വെളുക്കുന്നു. പണിക്കര്‍ എന്തോ മന്ത്രം ഉരുക്കഴിച്ചു കൊണ്ടിരിക്കുകയാണ്.

”അടിയനാ”പറമ്പിന്റെ അതിര്‍ത്തിയില്‍ നിന്ന് എരി വിളിച്ചറിയിച്ചു.

”ആരാ?”

”പറയനാ…”

”എന്താ? കൊട്ടയും വട്ടിയുെമാന്നും വേണ്ടേ .”

”അതല്ല… അടിയെനാരു കാര്യം അറീക്കാനുണ്ട്. ഇവിടെത്ത മോള് … എന്റെ ‘അമ്മ മാതു …”
ഒരു നിമിഷം.

നിശ്ശബ്ദത ആ തൊടിമുഴുവന്‍ വ്യാപിച്ചു.

മാതു വീട് വിട്ട് പോയിട്ട് മുപ്പത് വര്‍ഷമായിരിക്കുന്നു. അവെളക്കുറിച്ച് എപ്പോഴും ഒാര്‍ക്കും. അവളുടെ അമ്മ മരിച്ചു. മാതുവിെന പിടിച്ചുകൊണ്ടുപോയ പറയനും മരിച്ചെന്ന് ആരോ പറഞ്ഞറിഞ്ഞു. മാതുവിനെ
ഒരിക്കൽപ്പോലും കണ്ടിട്ടില്ല . ഒാമനിച്ചുവളര്‍ത്തിയതാണ്.

രാമര്‍ പണിക്കര്‍ക്ക് ഉള്ളില്‍ ഒരു അരിപ്പറ മുഴങ്ങി. ഏകാകിയായ രാമര്‍ പണിക്കര്‍ തടുക്കില്‍നിന്നെഴുന്നേറ്റ് അതിരിലേക്ക് നടന്നു. അവിടെ ഒരു പിലാവിന്റെ വേരിൽപ്പിടിച്ച് ദൃഢഗാത്രനായ യുവാവ് നില്‍ക്കുന്നു. കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പിനില്‍ക്കുന്നു.

‘മോനെ ” എന്ന് വിളിക്കാന്‍ രാമര്‍പണിക്കര്‍ ആഗ്രഹിച്ചു. പേക്ഷ, പറയനായ അവനെങ്ങനെ തന്റെ കൊച്ചു മകനാവും എന്നയാള്‍ ദുഃഖിച്ചു.

പ്രശസ്ത ദലിത് ചിന്തകനും നിരൂപകനുമായിരുന്ന പ്രദീപൻ പാമ്പിരികുന്നിന്റെ ആദ്യനോവലാണ് ‘എരി‘ . ദൗര്‍ഭാഗ്യവശാല്‍ അവസാനത്തേതും. തികഞ്ഞ ലക്ഷ്യബോധത്തോടെയുള്ള എഴുത്തായിരുന്നു പ്രദീപൻ പാമ്പിരികുന്നിന്റേത് . ആധുനിക കേരളം രൂപപ്പെട്ടതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍തന്നെയാണ് ഈ നോവലിന്റെയും അടിസ്ഥാനം. വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന ആശയം സമര്‍ത്ഥമായി ആവിഷ്‌കരിക്കാന്‍ നോവലിന്റെ വലിയ കാന്‍വാസ് ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു പ്രദീപൻ പാമ്പിരികുന്ന്.

പറയരെ അദൃശ്യരാക്കിയ ഒരു മേലാളചരിത്രത്തെ തിരുത്തിയ എരി എന്ന ഇതിഹാസപുരുഷന്റെ ജീവിതകഥയിലൂടെ എല്ലാവരാലും അവഗണിക്കപ്പെട്ട, തിരസ്‌കരിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ ജീവിതചിഹ്നങ്ങള്‍ കണ്ടടുക്കുകയാണ് എരി എന്ന നോവലിലൂടെ എഴുത്തുകാരൻ. കീഴടക്കാനാവാത്ത ശരീരബലവും തളരാത്ത മനസ്സും തികഞ്ഞ ജ്ഞാനവും എരിക്കായി അദ്ദേഹം കരുതിവെച്ചിരുന്നു.

എരി സംസാരിച്ചുതുടങ്ങി:

”കൂട്ടരേ, നമുക്കൊരു വലിയ പാരമ്പര്യമുണ്ട്. നാം ഈ കാടിന്റെയും മലയുടെയും വെള്ളത്തിന്റെയും മക്കളാണ്. നമുക്കു ദൈവം തരുന്നതാണ് കാറ്റും വെളിച്ചവും. നമുക്ക് ജ്ഞാനമില്ല എന്നതാണ് പ്രശ്‌നം. നാമത് നേടണം.”

അതുവരെ പറയരുടെ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന കീഴ്‌വഴക്കങ്ങള്‍ അതിലംഘിക്കേണ്ടവയാണെന്ന് എരി തന്റെ സമൂഹത്തോട് വിളിച്ചുപറയുന്നതോടെ ഉരിത്തിരിയുന്ന പ്രധാനപ്പെട്ട ഒരു തിരിച്ചറിവ് ചത്ത പശുവിന്റെ ഇറച്ചി ഇനി തിന്നരുത് എന്നുള്ളതാണ്. മേലാളര്‍ ഇട്ടുകൊടുക്കുന്ന ചത്തപശുക്കളെ ഇനി ഒരു പറയനും തൊട്ടുപോകരുത്, പട്ടിണി കിടന്നു ചത്താലും. അവര്‍തന്നെ അവരുടെ ചത്തപശുക്കളെ മറവുചെയ്‌തോട്ടെയെന്ന്. ആ ഒരു പ്രഖ്യാപനത്തിന്റെ പ്രതികരണം അവരെ സംബന്ധിച്ച് ഭീകരമായിരുന്നിട്ടും തീരുമാനത്തില്‍നിന്നു പിന്നോട്ട് മാറാത്ത ഒരു നിശ്ചയദാര്‍ഡ്യത്തിന്റെ ചരിത്രഗാഥകൂടിയാകുന്നു എരി എന്ന അസാധാരണനോവല്‍.

മധുരം ഒരയഥാര്‍ത്ഥ മേലാളരുചിയാണെങ്കില്‍ എരിവ് ഒരു യഥാര്‍ത്ഥ കീഴാളരുചിയാണെന്നും തീയെരിയുന്നതുപോലെ, വിളക്കെരിയുന്നതുപോലെ ഈ എരിയോലയില്‍ എരി എന്ന കീഴാളനും എരിഞ്ഞുനില്ക്കുന്നുവെന്ന് അവതാരികയില്‍ കല്‍പ്പറ്റ നാരായണന്‍ എഴുതുന്നു.

കോഴിക്കോട് ജില്ലയിലെ പാമ്പിരികുന്നില്‍ 1969- ലാണ് പ്രദീപൻ പാമ്പിരികുന്ന് ജനിച്ചത്.  കേരള സംസ്‌കാരം ഒരു ദലിത് സമീപനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്.ദലിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദലിത് സൗന്ദര്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ് അവാര്‍ഡും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എന്‍.വി. സ്മാരക വൈജ്ഞാനിക അവാര്‍ഡും ലഭിച്ചു. 2016 ഡിസംബര്‍ 8-ന് പ്രദീപൻ പാമ്പിരികുന്ന് അന്തരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English