പെണ്ണ്‌

pennu

കറുത്തവാവു ദിവസ്സമായിരുന്നു അന്ന്. മനസ്സിലും കറുത്ത മേഘപടലങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
ഷീലയെ ആറാമത്തെ പ്രസവത്തിനായി അഡ്മിറ്റുചെയ്തു. അഞ്ചു പ്രസവങ്ങളിള്‍ കഴിഞ്ഞ രണ്ടും സിസേറിയനായിരുന്നു.
നാലാമത്തെ കുട്ടി ജനിക്കാന്‍ സിസേറിയന്‍ വേണമെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ നെഞ്ചില്‍ ആധി കയറി. പണത്തിനുവേണ്ടി നെട്ടോട്ടം ഓടി. ആരും തരില്ലെന്നറിഞ്ഞു. !.

ഓരാള്‍ ദൈവത്തേപ്പോലെ തന്റെയടുത്തു വന്നു തന്നെ സഹായിക്കാമെന്നു പറഞ്ഞു. അയാളുടെ കാല്പാദങ്ങളില്‍ തൊട്ടു വന്ദിക്കണമെന്നു തോന്നി. ദൈവത്തിനൊരായിരം നന്ദി മനസ്സില്‍ അര്‍പ്പിക്കുമ്പോള്‍ അയാള്‍ പറഞ്ഞു

“ കുട്ടി ആണായാലും പെണ്ണായാലും എനിക്കു വേണം…!!”

പണം തന്നു സഹായിക്കുന്നതിനു ബദലായി കുട്ടിയെ വേണമെന്നൊ ?!. അയാളുടെ ചിന്തകള്‍ക്കപ്പുറമായിരുന്നു അത്തരമൊരാവശ്യം. പക്ഷെ പൈസയ്ക്കു പകരം പൈസതന്നെ വേണ്ടേ..? കാല്‍ക്കീഴില്‍ നിന്നും ഭൂമി തെന്നിമാറിയതുപോലെ തോന്നി. തല മരവിപ്പിക്കുന്ന ആവശ്യമായിരുന്നു അയാളുടേത്. സമനില വീണ്ടെടുത്ത് അയാള്‍ പറഞ്ഞു.

“കുട്ടി ആണാണെങ്കില്‍ തരില്ല..എനിക്കാള്‍കുട്ടിയില്ല….!!”

അങ്ങനെ വ്യവസ്ഥചെയ്ത് അയാള്‍ പൈസകൊടുത്തു. അതില്‍ നിന്നും പുറവാതിലില്‍ക്കൂടി ഡോക്ടറിനുള്ള വിഹിതം എത്തിച്ചു.

പൈസ തന്നയാള്‍ തന്നോടൊപ്പം ഒരച്ഛനാകാന്‍പോകുന്ന ഉള്‍പ്പുളകവുമായി കാത്തിരുന്നു !. പക്ഷെ തന്റെ മനസ്സിനെ കറുത്തവാവിലെ കാളരാത്രിപോലെ കറുത്ത കരിമ്പടംകൊണ്ട് മൂടിയിരിക്കുകയാണ്‌ !.
പിന്നെയുംപെണ്‍ കുഞ്ഞു പിറന്നു. മനസ്സില്‍ കറുപ്പിനു കട്ടികൂടിവന്നു. അയാളുടെ മുഖം താനൊരച്ഛനായി എന്നപോലെ പ്രസന്നമായിരുന്നു. കുറേക്കൂടി പൈസതന്ന് അയാള്‍ കുട്ടിയെ കൊണ്ടുപോയി.
തന്റെ അരിഷ്ടിതാവസ്ഥയ്ക്കുമുന്നില്‍ ഷീല തോറ്റുപോയി. ഹൃദയ നൊമ്പരത്തെ അതിജീവിക്കാന്‍ അവള്‍ തന്നെ മുറുകെപ്പിടിച്ച് മുഖമമര്‍ത്തി കരഞ്ഞു.

“ദൈവഹിതം” എന്നു പറഞ്ഞു ഞാനവളെ സമാശ്വസിപ്പിച്ചു.

മൂത്ത കുട്ടി തിരക്കി “ അമ്മ പെറ്റ കുഞ്ഞൂഞ്ഞ് എന്ത്യേന്ന്…?”

ദൈവം പൊറുക്കാത്ത നുണ പറഞ്ഞു കുട്ടിയെ സമാധാനിപ്പിച്ചു.

അഞ്ചാമത്തേതിനും അങ്ങനെതന്നെ സംഭവിച്ചു. പഴയ ആള്‍ തന്നെയാണ്‌ ഇത്തവണയും കാശുതന്ന് സഹായിച്ചത്. അയാള്‍ക്കെന്തിനാണീ കുട്ടികളെ ?. സ്വയം ചോദിച്ചു.
കുറച്ചുമാസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളെ പോലീസ് പിടികൂടി കുട്ടികളെ വാങ്ങി വില്ക്കുന്ന കുറ്റത്തിന്‌. തന്റെ കുട്ടികളൊക്കെ എവിടെച്ചെന്നു ചേര്‍ന്നിരിക്കുമോ ആവോ…?!. ദുഖം ഉള്ളിലൊതുക്കി ദീര്‍ഘ നിശ്വാസമിട്ടു. മനസ്സില്‍ സുനാമി ഉയര്‍ന്നുപൊങ്ങി ഹൃദയ ഭിത്തികളെ പ്രഹരിച്ച് തകര്‍ക്കുകയായിരുന്നു.
ആണ്‍ കുട്ടിയോടുളള അമിതമായ ത്വരകൊണ്ടാണീ ദുസ്സഹാവസ്ഥ വന്നു ചേര്‍ന്നത് !.
ആറാമത്തേതെങ്കിലും ഒരാണ്‍കുഞ്ഞായിരിക്കണെയെന്ന് അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
ഡോക്ടര്‍ പറഞ്ഞ തീയതിയും സമയവും കഴിഞ്ഞു രണ്ടു ദിവസ്സം പിന്നിട്ടിരിക്കുന്നു. പിന്നിട്ടുകൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളും ചിലവു കൂട്ടും.
സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാലും ഇതേ ചിലവുതന്നെയാകും. പ്രത്യക്ഷത്തില്‍ ചിലവില്ലെന്നു തോന്നുമെങ്കിലും കഴിഞ്ഞ അനുഭങ്ങള്‍ തനിക്കു പാഠമാണ്‌. ഒരോപ്രേഷന്‍ വേണമെങ്കില്‍ പുറവാതിലില്‍ക്കൂടി കാശെത്താതെ നടന്നില്ലെന്നുവരും. ചിലപ്പോള്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നിരിക്കും. അതുണ്ടാവണ്ടാ എന്നു കരുതിയാണ്‌ കടം വാങ്ങിയ പൈസകൊണ്ട് ഷീലയെ ഇത്തവണ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആക്കിയത്.

“നാളെ പത്തുമണിവരെ നോക്കാം മിസ്റ്റര്‍ സുരേഷ്…എന്നിട്ടും നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെ വേണ്ടിവരും….” ഡോക്റ്റര്‍ സുഷമ പറഞ്ഞു.

ഒരാള്‍കുഞ്ഞു വേണമെന്ന മോഹംകൊണ്ടു മാത്രമാണ്‌ പരീക്ഷണത്തിനു വീണ്ടും വീണ്ടും മുതിര്‍ന്നത്.
ഷീലയെ ഓപറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോകുന്നത് നിര്‍ന്നിമേഷമായി നോക്കി നിന്നു.
ഡോക്ടര്‍ സുഷമ ഓപറേഷന്‍ തീയറ്ററിലേക്ക് കടക്കാന്‍ നേരം സുരേഷ് ഗദ്ഗദകണ്ഠനായി പറഞ്ഞു.
“ ഡോക്ടര്‍…ആണായാലും പെണ്ണായാലും ശരി ഇനിയവള്‍ക്കു പ്രസവം വേണ്ട….പിന്നെ പെണ്ണാണു പിറക്കുന്നതെങ്കില്‍ അതിനെ കുത്തിവെച്ചു കൊന്നേക്കൂ ഡോക്ടര്‍…..!!” അയാള്‍ തേങ്ങുകയായിരുന്നപ്പോള്‍.

സുരേഷിന്റെ വാക്കുകളെ വെറും ബാലിശമായി മാത്രമെ അവര്‍ കണക്കാക്കിയുള്ളു.
“മിസ്റ്റര്‍ സുരേഷ് നിങ്ങള്‍ ധൈര്യമായിരിക്കൂ…എല്ലാ നല്ലതിനുവേണ്ടി നിങ്ങള്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കൂ….” സുരേഷ് വിഷമം ഉള്ളിലൊതുക്കി തലയാട്ടുക മാത്രം ചെയ്തു.
നിമിഷങ്ങള്‍ നിശബ്ദമായി കടന്നുപോയി. സുരേഷ് പ്രാര്‍ത്ഥനാ നിരതനായിരുന്നു.
സിസേറിയന്‍ ചെയ്ത് ഡൊക്ടര്‍ കുഞ്ഞിനെ പുറത്തെടുത്തു.

തൊട്ടിലില്‍ കിടത്തിയിരിക്കുന്ന കുഞ്ഞിനെ അവര്‍ കയ്യിലെടുത്തു. അപ്പോള്‍ അനിതരസാധരണമായ ഒരനുഭൂതി അവര്‍ക്കനുഭവപ്പെട്ടു. സിരകളില്‍ ഉഷ്ണ രേണുക്കള്‍ അതിശീഘ്രം പ്രവഹിക്കുന്നതുപോലെ തോന്നി.

എത്രയെത്ര ഓപറേഷനുകളാണ്‌ താന്‍ നടത്തിയിട്ടുളളതും തന്റെ കരസ്പറ്ശനത്തില്‍ക്കൂടി ജനിച്ച നിരവധി കുട്ടികളും. പക്ഷെ അന്നൊന്നും തോന്നാത്ത വികാരമാണ്‌ ഇന്നുണ്ടായിരിക്കുന്നത്. ഒരുപക്ഷെ പെണ്ണാണെങ്കില്‍ കൊന്നുകളയാന്‍ സുരേഷ് പറഞ്ഞതുകൊണ്ടായിരിക്കും ഡോക്ടര്‍ സുഷമയ്ക്ക് ഒരു വേറിട്ട അനുഭൂതി തോന്നാന്‍ കാരണം.

നിശബ്ദമായ നിമിഷങ്ങളെ ഭേദിച്ചുകൊണ്ട് ഡോക്ടര്‍ സുഷമ പുറത്തുവന്നു.

“ഡോക്ടര്‍…” സുരേഷ് വിളിച്ചു.

“ങാ..സുരേഷ്..ഓപറേഷന്‍ ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി കഴിഞ്ഞു…അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ”.

“എന്താണു ഡോക്ടര്‍ കുഞ്ഞ്…?”

“കുഞ്ഞ്… കുഞ്ഞു പെണ്ണാണ്‌…!”

ഡോക്ടര്‍ സുഷമ അതു പറഞ്ഞപ്പോള്‍ അവരെ പിച്ചിച്ചീന്തണമെന്നയാള്‍ക്കു തോന്നി. അയാളുടെ ശരീരം കത്തിയെരിയുന്നതുപോലെയുളള അനുഭവം അയാള്‍ക്കുണ്ടായി.

“ അതിനെ കൊന്നില്ലേ ഡോക്ടര്‍ നിങ്ങള്‍…? എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഇന്‍ഡമിനിറ്റി ബോണ്ടില്‍ ഞാന്‍ ഒപ്പിട്ടു തന്നിരുന്നതല്ലേ ഡോക്ടര്‍…..? പിന്നെ നിങ്ങള്‍ എന്തുകൊണ്ട് ഞാന്‍ പറഞ്ഞതുപോലെ ചെയ്തില്ല ഡോക്ടര്‍….!!”

“മിസ്റ്റര്‍ സുരേഷ് ..ഞങ്ങള്‍ രക്ഷകരാണ്‌ അല്ലാതെ ഘാതകരല്ല….!”

സുരേഷും ഷീലയും കുഞ്ഞുമായി ആശുപത്രി വിട്ടു. അവരുടെ വേര്‍പാടില്‍ മനസ്സു നൊന്തതുപോലെ തോന്നി ഡോക്ടര്‍ സുഷമയ്ക്ക്.

രോഗികള്‍ വന്നുപോകുന്നത് സര്‍വ്വസാധാരണമാണ്‌. പിന്നെ എന്തിനു തന്റെ മനസ്സു വ്യാകുലപ്പെടുന്നുവെന്നവര്‍ സ്വയം ചോദ്യമുന്നയിക്കാതിരുന്നില്ല. നിസീമമായ മോഹങ്ങളെ നിസംഗതയിലേയ്ക്ക് നയിക്കാതിരിക്കാന്‍ വെറുതെ നിനച്ചുപോയെന്നു സ്വയം ആശ്വസിക്കുകയായിരുന്നു. ഇനിയവര്‍ വന്നെങ്കിലായി എന്നും ഉല്‍കണ്ഠകൊണ്ടു.

ഡോക്ടറന്മാരെയും ഹോസ്പിറ്റലിനെയും ശപിച്ചിട്ടു പോകുന്നവരുമുണ്ട്. ചാര്‍ജ്ജു കൂടുതല്‍..അവരുടെ കൈകൊണ്ടെടുത്താല്‍ പെണ്ണേ പിറക്കൂ….അല്ലെങ്കില്‍ രക്ഷപെടില്ല…അങ്ങനെ നൂറു നൂറു പരാതികള്‍ പറഞ്ഞു വേറെ ആശുപത്രികളിൽ പോകുന്നവരുമുണ്ട്.
ഡോക്ടര്‍ സുഷമ ഡ്രൈവറെ വിളിച്ച് കാര്‍ വരുത്തി. സുരേഷും ഷീലയും സഞ്ചരിക്കുന്ന ഓട്ടോയ്ക്കു പുറകെ അവര്‍ അനുഗമിച്ചു.

പട്ടണത്തില്‍ നിന്ന് വേറിട്ടു സ്ഥിതിചെയ്യുന്ന അനാഥാലയത്തിന്റെ മുന്നില്‍ അവരുടെ ഓട്ടോ എത്തി.
വഴിയോരത്തുനിന്നു കണ്ടുകിട്ടിയ കുട്ടിയാണെന്ന വ്യാജേന സുരേഷ് കുട്ടിയെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു അവര്‍ മടങ്ങി. അപ്പോള്‍ ഷീലയുടെ ഇടനെഞ്ചിലെ നൊംബരങ്ങള്‍ സുരേഷ് അറിയുന്നുണ്ടായിരുന്നു. തങ്ങളുടെ ദുര്‍ഗ്ഗതിയെ സ്വയം ശപിക്കുകയായിരുന്നവര്‍.

ഷീലയെ അയാള്‍ സ്വാന്തനപ്പെടുത്തിക്കൊണ്ടിരുന്നു.

അച്ഛനും അമ്മയും തിരിച്ചുചെന്നപ്പോള്‍ മൂത്ത കുട്ടി പഴയപടി തിരക്കി “ അമ്മയ്ക്കുണ്ടായ ഉണ്ണി ന്ത്യേ അച്ഛാ….?”

അയാള്‍ വ്യസനം കടിച്ചമര്‍ത്തി പറഞ്ഞു. “ മരിച്ച ഉണ്ണിയാണു കുട്ട്യേ പെറന്നെ….!!”
“ഒന്നു കാണാന്‍ കൂടി കഴിഞ്ഞീല്ലാലോ ന്റച്ഛാ….. ന്റമ്മയ്ക്ക് ഇപ്പെണ്ടാവണ കുട്ടികളെല്ലാം ന്താച്ഛാ ഇമ്മാതിരി ചാവണെ…?!”

വേദനയോടെ മൂത്ത കുട്ടി പറയുമ്പോള്‍ അവളുടെ വായ പൊത്തിക്കൊണ്ട് അവളെ അമ്മ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

വീട്ടിലേക്കു മടങ്ങുമ്പോള്‍ ഡോക്ടര്‍ സുഷ്മ കാറിന്റെ പിന്‍സീറ്റില്‍ ചിന്താമഗ്നയായിരുന്നു.
നീണ്ട നാല്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും മാതാവാകാന്‍ ഭാഗ്യമില്ലാത്തവള്‍. തനിക്കൊരിക്കലും മാതാവാകാന്‍ കഴിയില്ലെന്നു വൈദ്യ ശാസ്ത്രം തന്റെ ജീവിത ഫലകത്തില്‍ കുറിച്ചുകഴിഞ്ഞു. എന്നിട്ടും ജീവനു തുല്യം സ്നേഹിക്കുന്ന ഭര്‍ത്താവ്. എല്ലാം കൂടി ഒത്തുകിട്ടാന്‍ ഭാഗ്യമില്ലാതെയായ്പ്പോയി.
ആ കുഞ്ഞിന്റെ കരച്ചില്‍ തന്റെ കാതുകളില്‍ അലയൊലി കൊള്ളുന്നതുപോലെ തോന്നി ഡോക്ടര്‍ സുഷമയ്ക്ക്. അതിന്റെ സ്പര്‍ശന സുഖം അറിയുന്നതുപോലെയും തോന്നി അവര്‍ക്ക്.
ഡോക്ടര്‍ പ്രകാശ് എത്ര തവണ പറഞ്ഞിട്ടുളളതാണ്‌ ഒരു കുട്ടിയെ ദത്തെടുക്കുന്ന കാര്യം. അന്നൊന്നും ഡോക്ടര്‍ സുഷമ സമ്മതിച്ചില്ല. സമയം വരട്ടെയെന്നു കാത്തിരുന്നു. വൈദ്യശാസ്ത്രത്തിനും തെറ്റു പറ്റിക്കൂടെന്നില്ലല്ലോ എന്നാശിക്കുകയായിരുന്നവര്‍. പക്ഷെ ഇന്നു മനസ്സു പറയുന്നു സമയമായിരിക്കുന്നുവെന്ന്.

ഡോക്ടര്‍ സുഷമയും പ്രകാശും ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു സുരേഷും ഷീലയും അനാഥാലയത്തില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെത്തന്നെ ദത്തെടുക്കുകയെന്നത്.

“നിങ്ങള്‍ക്ക് ഒരാള്‍ കുഞ്ഞിനെ ദത്തെടുത്തുകൂടെ ഡോക്ടര്‍…?” അനാഥാലയ നടത്തിപ്പുകാര്‍ തിരക്കി.
“ഞങ്ങള്‍ ഇതിനെ ഒരാണിനെപ്പോലെ വളർത്തും..!!” ഡോക്ടര്‍ സുഷമ പറഞ്ഞു.
ഈ കുട്ടി എവിടെയാണ്‌ വളരുന്നതെന്ന് ഒരുത്തരും അറിയരുതെന്ന് അവര്‍ അനാഥാലയത്തില്‍ നിന്നും ഉറപ്പുവാങ്ങി.

അനാഥാലയത്തില്‍ നിന്നു പേപ്പറുകര്‍ വാങ്ങുമ്പോള്‍ ആ കുട്ടി എവിടെയാണു വളരുന്നതെന്ന് പുറത്താരും അറിയില്ലെന്ന വാക്കും അവര്‍ കൊടുത്തു.

പല പേരുകളും തിരഞ്ഞു. ഒടുവില്‍ സൗമ്യ എന്നു കുട്ടിക്കവര്‍ പേരിട്ടു.

സൗമ്യ എന്നവര്‍ പലകുറി ഉരുവിട്ടു നോക്കി. അവര്‍ പരസ്പരം പറഞ്ഞു ഏറ്റവും അനുയോജ്യമായ പേരാണ്‌ സൗമ്യയെന്ന്.

സൗമ്യയെന്ന പേരിനെ അര്‍ത്ഥവത്താക്കുംവിധം അവര്‍ മിടുക്കിയായി വളര്‍ന്നു.
സൗമ്യക്ക് കൊടുക്കാവുന്നത്ര സ്നേഹം അവര്‍ നല്കി. അവര്‍ക്കിടയില്‍ കിടന്നില്ലെങ്കില്‍ സൗമ്യക്ക് ഉറക്കം വരില്ല.

തങ്ങള്‍ക്ക് സ്വന്തമായൊരു കുട്ടിയില്ലാതെപോയല്ലോ എന്നു ചിന്തിക്കാന്‍പോലും അവള്‍ക്ക് അവസ്സരമുണ്ടായില്ല.

കോളേജ് ഡേയ്ക്ക് ബെസ്റ്റ് സ്റ്റുഡന്റിനുളള അവാര്‍ഡ് വാങ്ങുമ്പോള്‍ ഡോക്ടര്‍ പ്രകാശും സുഷമയും അനിര്‍വ്വചനീയമായ ആനന്ദത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു. സൗമ്യയെ അവര്‍ കെട്ടിപ്പിടിച്ച് ഗാഢഗാഢം ചുംബിച്ചു.

ഒരമ്മയുടെ നിറവോടെ ഡോക്ടര്‍ സുഷമ സൗമ്യയോട് വര്‍ത്തിക്കുന്നതുകണ്ട് ഡോക്ടര്‍ പ്രകാശ് ആനന്ദാശ്രുക്കള്‍ പൊഴിച്ചു.

വൈദ്യ ശാസ്ത്രത്തിന്റെ ഉത്തുംഗ പഥത്തില്‍ സൗമ്യയെ എത്തിക്കണമെന്ന് അവള്‍ആഗ്രഹിച്ചു. അതിനുവേണ്ടി സൗമ്യയെ വിദേശത്തയച്ചു പഠിപ്പിച്ചു. ഉപരിപഠനവും കഴിഞ്ഞെത്തി സൗമ്യ മാതാപിതാക്കളുടെ കീഴില്‍ പ്രാക്ടീസാരംഭിച്ചു.

അല്പ കാലംകൊണ്ട് സൗമ്യ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഡോക്ടറായിത്തീര്‍ന്നു.

ഏതോപ്രേഷനും സൗമ്യ വിജയകമായി ചെയ്തു തീര്‍ത്തു.
സ്വന്ത കാലിൽ തറച്ച മുള്ളെടുക്കുന്ന ശുഷ്കാന്തിയോടെതന്നെ സൗമ്യ രോഗികളുടെ കാര്യത്തിലും ശ്രദ്ധിച്ചു.
ഡോക്ടര്‍ സുഷ്മ അവരുടെ ഓഫീസ്സിലിരുന്ന് പത്രം വായിക്കുകയാണ്‌.
അശരണനായ ഒരു ഹൃദ്രോഗിയുടെ പരസ്യത്തില്‍ അവരുടെ കണ്ണുകള്‍ ഉടക്കി നിന്നു. ആ രോഗിയെ കണ്ടുമറന്ന പ്രതീതി. ഓര്‍മ്മകളെ കുറെക്കാലം പിന്നിലേയ്ക്ക് തിരിച്ചുവിട്ടു. അയാള്‍ തന്നെയാണത് എന്നു ഡോക്ടര്‍ സുഷമ ഉറപ്പു വരുത്തി.. പത്രത്തില്‍ നിന്നും ആ രോഗിയുടെ അഡ്രസ്സ് ഡോക്ടര്‍ സുഷ്മ കുറിച്ചെടുത്തു.

അടുത്ത ദിവസ്സം ഡ്രൈവറിന്റെ കയ്യില്‍ ആ അഡ്രസ്സും കൊടുത്തുവിട്ട് രോഗിയെ കണ്ടുപിടിച്ച് കൂട്ടിക്കൊണ്ടുവന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തു.

പഴയ ആശുപത്രിയുടെ സ്ഥാനത്തിന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്‌ നിലകൊള്ളുന്നത്. ശൗമ്യക്കുവേണ്ടി പണികഴിപ്പിച്ചതാണവര്‍.

രോഗിയെ സ്കാനിംഗ് നടത്തി സൗമ്യ സര്‍വ്വ റിപ്പോര്‍ട്ടും ശേഖരിച്ചു.
എന്നത്തേതുപോലെ അത്താഴത്തിനു മുമ്പുളള ഡിസ്കഷനുവേണ്ടി ഡോക്ടര്‍ പ്രകാശും സുഷമയും സൗമ്യയും ഒത്തുകൂടി. വാര്‍ഡുകളില്‍ കിടക്കുന്ന ഓരോ രോഗിയുടെയും കാര്യങ്ങൾ അവര്‍ ഉള്‍പ്പെടുത്തും. അടുത്ത ദിവസ്സം ചെയ്യേണ്ട രൂപരേഖകള്‍ തയ്യാറാക്കും.

സൗമ്യ നടത്താന്‍ പോകുന്ന നാലാമത്തെ ഹൃദയ ശസ്ത്രക്രിയയാണിത്.

പ്രഭാതം പൊട്ടിവിരിഞ്ഞു. ഡോക്ടര്‍ സുഷമ സൗമ്യയെ കൂട്ടി പൂജാമുറിയില്‍ പോയി പ്രാര്‍ത്ഥിച്ചു.

“എന്താ മമ്മി പതിവില്ലാത്തൊരു പ്രാര്‍ത്ഥന..?” സൗമ്യ തിരക്കി.

“ഒന്നുമില്ല മോളെ …..മനസ്സില്‍ അങ്ങനെ തോന്നിപ്പോയി മോളെയും കൂട്ടി പ്രാര്‍ത്ഥിക്കണമെന്ന്…!”

“ ഓ…മമ്മീ…” സൗമ്യ ഡോക്ടര്‍ സുഷമയെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

മണിക്കൂറുകള്‍ നീണ്ട ഓപറേഷന്‍ വിജയകരമായിതീര്‍ന്നു.
ഡോക്ടര്‍ സുഷമയുടെ സന്തോഷത്തിനതിരില്ലായിരുന്നു അപ്പോള്‍.
അയാൾ സുഖം പ്രാപിച്ചു വന്നു. ഡോക്ടര്‍മാര്‍ രോഗികളെ ചെക്കപ്പുചെയ്ത് അയാളുടെ അടുത്തെത്തി.
“എന്റെ കയ്യില്‍ നിങ്ങള്‍ക്ക് തരാനായി ഒരു കാശുപോലും ഇല്ലാട്ടോ ഡോക്ടര്‍…!!” അയാള്‍ കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് ഡോക്ടര്‍ സുഷമയോടു പറഞ്ഞു.

“ഇതു കാലത്തിന്റെ നിയമമാണ്‌ ഓരോന്നും നടക്കണമെന്നുളളത്……എല്ലാം ദൈവ ഹിതമായിരുന്നുവെന്നു കൂട്ടിയാല്‍ മതി..”

ഡോക്ടര്‍ വിഷയം മാറ്റിക്കൊണ്ടു പറഞ്ഞു.

“ഇതെന്റെ മകളാണ്‌….ഡോക്ടര്‍ സൗമ്യ…ഇവളാണ്‌ നിങ്ങളെ ഓപറേഷന്‍ ചെയ്തതും ചികിത്സിക്കുന്നതും….”

അയാള്‍ ഡോക്ടര്‍ സൗമ്യയുടെ കൈകളില്‍ മുഖമമര്‍ത്തി കരഞ്ഞുകൊണ്ടു പറഞ്ഞു “ന്റെ കുട്ടിയ്ക്ക് ഒത്തിരിയൊത്തിരി ദൈവാനുഗ്രഹമുണ്ടാകും..”

അയാള്‍ സൗമ്യയെ ആശിര്‍വദിക്കുമ്പോള്‍ ഡോക്ര് സുഷമയുടെ നെഞ്ചില്‍ കുറെ കനലുകൾ എരിയുകയായിരുന്നു.

പ്രസവിച്ചില്ലെങ്കിലും ജീവനു തുല്യം സ്നേഹിക്കുന്ന സൗമ്യ അയാളുടെ മകളാണെന്നു പറയാന്‍ അവള്‍ നാവനക്കിയില്ല.

ഇതു തന്റെ സ്വാര്‍ത്ഥതയാണോ എന്നവര്‍ മനസ്സിനോടു നൂറുവട്ടം ചോദിച്ചു. ഇല്ല… ഒരിക്കലുമല്ല…. അവര്‍ തന്റെ മാത്രം മകളാണെന്ന് മനസ്സില്‍ സ്ഥിതീകരിക്കുകയായിരുന്നു അവരപ്പോള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചിത്രശലഭവും കരിവണ്ടും
Next articleഓണൊരുക്കം
ജോയ് നെടിയാലിമോളേല്‍
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English