പത്മിനി

 

 

ഞാൻ കഥകളെ പ്രണയിക്കുന്നു. അതോ കഥകൾ എന്നെ പ്രണയിക്കുകയാണോ? ഇവിടെ ആര് ആരെ പ്രണയിക്കുന്നു എന്നതിലല്ല പ്രസക്തി, മറിച്ച് ഒരാൾ മറ്റൊരാളുടെ തീവ്ര പ്രണയത്തിന് അടിപ്പെട്ടിരിക്കുന്നു എന്നതിലാണ്. എന്റെ പ്രണയം ആരംഭിച്ചത് മുതൽ ഞാൻ നാലപ്പാട്ടെ മാധവിക്കുട്ടിയായി, ഖസാക്കിലെ മൈമുനയായി, ബേപ്പൂരെ <!–more–>പാത്തുമ്മയായി അങ്ങനെയങ്ങനെ എന്റെയുള്ളിലെ ഒരിക്കലും കെടാത്ത വിളക്കിനു മുൻപിൽ ആടിത്തിമിർക്കുകയാണ്.
അഞ്ചു പെൺമക്കൾക്ക് ശേഷം നേർച്ചക്കും കാഴ്ച്ചക്കുമൊടുവിൽ അച്ഛനുമമ്മക്കും ഒരാൺതരി കൂടി പിറന്നപ്പോൾ കൂട്ടത്തിൽ മൂന്നാമത്തവളായ എന്നെ അമ്മമ്മേടെ വീട്ടിലേക്ക് കുടിയിരുത്തിയത് എന്റെ വീട്ടിൽ ഇടമില്ലാഞ്ഞിട്ടോ അതോ ഒന്നിനെ വളർത്താനുള്ള ചിലവ് കുറയട്ടെ എന്ന് കരുതിയിട്ടോ? ആവോ… എന്റെ പത്താം വയസ്സിൽ എത്തിപ്പെട്ടതാണ് ഞാൻ അമ്മമ്മേടെ അരികിലേക്ക്. അമ്മമ്മയെപറ്റിയോർക്കുമ്പോൾ ഇപ്പോഴും മൂക്കിന്റെ തുമ്പിലേക്ക് ആ പഴയ കാച്ചിയ വെളിച്ചെണ്ണയുടെ മണം ഇരച്ചു കയറും. അതൊരു പ്രത്യേക കൂട്ടായിരുന്നു. ചെമ്പരത്തിപ്പൂവും, കയ്യോന്നിയും, ബ്രഹ്മിയുമൊക്കെച്ചേർത്ത് ഒരു പ്രയോഗം. പിന്നീടെപ്പോഴോ നിതംബത്തെ മറച്ച എന്റെ ചുരുൾമുടിക്കെട്ടിന്റെ രഹസ്യവും അത് തന്നെ. ജന്മം തന്നു എന്നതിലപ്പുറം അമ്മയോടോ ജനിപ്പിച്ചു എന്നതിലുപരി അച്ഛനോടോ അടുപ്പം തോന്നാതിരുന്നതെന്തേ എന്നത് ഇപ്പോഴും എന്റെയുള്ളിലെ ചുരുളഴിയാത്ത രഹസ്യമാണ്. എങ്കിലും ഒരിക്കൽ പോലും അതോർത്ത് എനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.
വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ പഠനം അനാവശ്യമായ ഒരലങ്കാരമാണെന്നു തോന്നിയതിനാലാവാം അച്ഛൻ എന്റെ മറ്റ് സഹോദരിമാരുടെ വിദ്യാലയ ജീവിതത്തിന് ചുവപ്പ് കൊടി വീശിയത്. അപ്പോഴും എനിക്ക് രക്ഷയായത് അമ്മമ്മയായിരുന്നു. അങ്ങനെ വിജയശ്രീലാളിതയായി ഞാൻ എന്റെ വിദ്യാഭ്യാസം തുടർന്നു. അതുവരെ അക്ഷരങ്ങളോടും കഥകളോടും തോന്നിയ അടുപ്പം പതിമൂന്നാം വയസ്സിൽ ഋതുമതി ആയതോടെ ഒരു പ്രണയമായി രൂപാന്തരപ്പെട്ടു. പത്താംതരം പുഷ്പം പോലെ ജയിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് കോളേജെന്ന സ്വപ്നം. അക്കാലത്ത് പത്താംതരം വരെ പഠിച്ചു എന്നത് തന്നെ ഹിമാലയം കീഴടക്കിയത് പോലെയാണ്. അതിനിടയിൽ ഗീതേച്ചീടേം ശുഭേച്ചീടേം കല്യാണം തട്ടിയും മുട്ടിയും കടന്നു പോയി. മൂന്നാമൂഴക്കാരിയായ എനിക്കായ് വിവാഹാലോചനകൾ വന്നപ്പോഴാണ് രവിമാഷിന്റെ രംഗപ്രവേശം. ” അവൾ പത്താംതരം പാസ്സായ കുട്ടിയല്ലേ, അവളെ കോളേജിൽ ചേർത്ത് പഠിപ്പിച്ചൂടെ…. “. പല പ്രതിസന്ധികളിലും അച്ഛനുവേണ്ടി കീശ കാലിയാക്കിയ രവിമാഷിന്റെ വാക്കുകൾ അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റില്ലല്ലോ. ദാസന്മാഷിന്റെ പാരലൽ കോളേജിൽ വിട്ട് അവളെ ഞാൻ പഠിപ്പിക്കാം എന്ന അമ്മമ്മേടെ വാക്കുകൾ കൂടി ആയപ്പോൾ മീനാട്ട് നിന്ന് എനിക്കായ് വന്ന ഗോപിയുടെ ആലോചന ഗതിമാറി എനിക്ക് താഴെയുള്ള ശ്രീദേവിയിലേക്ക് ചെന്ന് നിന്നു.

മുട്ടറ്റം മറക്കുന്ന മുറിപ്പാവാടയിൽ നിന്ന് ഉപ്പൂറ്റി മറക്കുന്ന ഫുൾപ്പാവാടയിലേക്കുള്ള പരിണാമമായിരുന്നു എനിക്ക് സ്കൂളിൽ നിന്നും കോളേജിലേക്കെത്തിയപ്പോൾ. ആ യാത്രക്കിടയിൽത്തന്നെ എന്നിലെ എഴുത്തുകാരിക്ക് ഞാൻ ജന്മം കൊടുത്തിരുന്നു. കഥകളോടുള്ള ഒരുതരം അമിതാസക്തിയാവാം ഒരുപക്ഷെ കൃഷ്ണകുമാറിന്റെ തൂലികയെ ആരാധിക്കുവാൻ ഇടയാക്കിയത്. ഒരുതരം ഭ്രാന്ത്‌ പിടിച്ച ആരാധനയായിരുന്നു അതെനിക്ക്. കൃഷ്ണകുമാറെന്ന വ്യക്തിയെ അല്ല അനുഗ്രഹീതമായ ആ കരങ്ങളെയാണ് ഞാൻ ആരാധിച്ചത്. അവന്റെ കഥകളിലെ നളിനിയായും തുളസിയായും ഞാൻ എത്രയോ തവണ ആടിയിരിക്കുന്നു…. ആ വേഷങ്ങൾ അഴിച്ചു വയ്ക്കാൻ ആഗ്രഹം ഇല്ലാതിരുന്നതിനാലാവാം അന്നവന്റെ മറുപാതിയാവാൻ കൊതിച്ചതിനും കാരണം. പട്ടിണിയും പരിവട്ടവും ആയിരുന്നെങ്കിലും നായർ കുലത്തിന്റെ അഭിമാനം അടിയറവ് വയ്ക്കാൻ ഒരുക്കമല്ലാതിരുന്നതിനാലാവാം ഈഴവച്ചെക്കനുമായുള്ള എന്റെ അടുപ്പം അറിഞ്ഞപ്പോൾ തന്നെ പഠനത്തിന് വിരാമമിടാൻ അച്ഛൻ കൽപ്പിച്ചത്. അതോടെ അമ്മമ്മേടെ അരികിൽ നിന്നും യാത്ര പറഞ്ഞ് കലാലയ സ്വപ്നങ്ങളെ കാറ്റിൽ പറത്തി ഞാൻ തിരികെ വീട്ടിലേക്കെത്തി. പിന്നീട് വന്ന ശ്രീയേട്ടന്റെ ആലോചനയും ഞങ്ങളുടെ വിവാഹവും കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞു. അക്ഷരങ്ങൾ കൊണ്ട് താജ്മഹൽ തീർത്തിരുന്ന കൃഷ്ണകുമാറെന്ന മാന്ത്രികനെ മറക്കാൻ എനിക്ക് തെല്ലും പ്രയാസപ്പെടേണ്ടി വന്നില്ല.പിന്നീടൊരിക്കലും ഞാൻ അയാളെ കണ്ടിട്ടുമില്ല. വിവാഹ ശേഷം ശ്രീയേട്ടനോടൊപ്പം ഹരിധ്വാറിലേക്ക് വണ്ടി കയറുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം മാത്രമായിരുന്നു എന്റെയുള്ളിൽ അവശേഷിച്ചിരുന്നത്.

ഞങ്ങൾ ഹരിധ്വാറിലെത്തി ഒന്നര വർഷത്തിനിടയിൽ തന്നെ ശ്രീയേട്ടന്റെ നാട്ടിലുള്ള അകന്ന ബന്ധു അപ്പുക്കുട്ടനുമായി കുഞ്ഞനിയത്തി ഭാമയുടെ വിവാഹവും കഴിഞ്ഞു.ഹരിധ്വാറിലെ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ലൈബ്രറി മേൽനോട്ടക്കാരനായിരുന്ന ശ്രീയേട്ടന് വായനയുടെയും എഴുത്തിന്റെയും മഹത്വത്തെപ്പറ്റി പറഞ്ഞ് കൊടുക്കേണ്ടി വന്നില്ല. എന്റെ മനസ് വായിക്കാൻ കഴിഞ്ഞതിനാലാവാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന എന്റെ കോളേജ് പഠനം പുനരാരംഭിക്കാൻ അദ്ദേഹം സമ്മതം മൂളിയത്. അതി സമർഥമായി തന്നെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയെടുക്കാൻ എനിക്ക് സാധിച്ചു… അവസാനമായി ഞാനെന്റെ നാടിന്റെ ഗന്ധം ശ്വസിച്ചത് രണ്ട് കൊല്ലം മുൻപ് അമ്മമ്മേടെ ആണ്ടിന് പോയപ്പോഴാണ്. ഞാനീ ഹരിധ്വാറിന്റെ വളർത്തുമകളായിട്ട് രണ്ട് വ്യാഴവട്ടക്കാലത്തോളമായിരിക്കുന്നു. കുറച്ച് തടി കൂടി എന്നതല്ലാതെ എന്നിലെ എനിക്ക് ഒരു മാറ്റവുമില്ല. ഇന്ന് ഞാൻ നാലാളാൽ അറിയപ്പെടുന്നവളാണ്. വിവിധ കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങൾക്കർഹയായ പ്രശസ്ത എഴുത്തുകാരി പത്മിനി ശ്രീനിവാസൻ.
ഈ കാലയളവിനുള്ളിൽ തന്നെ ശർമ്മാജിയുടെ വാടക വീട്ടിൽ നിന്നും നീലാംബരി എന്ന സ്വന്തം വീട്ടിലേക്ക് ഞങ്ങൾ ചേക്കേറിയിരുന്നു. ഒരു ഭാര്യയെന്ന നിലയിൽ ഹരിയേട്ടനോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിരുന്നില്ല. അന്നും ഇന്നും എനിക്ക് ആത്മബന്ധം പുലർത്താനായിട്ടുള്ളത് കഥകളോടും, അക്ഷരങ്ങളോടും, ഞാൻ ജന്മം നൽകിയ കഥാപാത്രങ്ങളോടും മാത്രമാണ്. കിടപ്പറയിൽ ശ്രീയേട്ടനോടൊപ്പം സന്ധിക്കുമ്പോഴും എന്റെയുള്ളിൽ ഞാൻ രൂപം നൽകിയ മാതംഗിയും ബാസുരിയും ജയനാരായണനുമൊക്കെയായിരുന്നു. ശ്രീയേട്ടന്റെ ബീജത്തിന് ജന്മം നൽകാൻ എന്നിലെ സ്ത്രീ ശരീരം പ്രാപ്തയായിരുന്നില്ല. ഒരു കുഞ്ഞിനെ പത്തു മാസം വയറ്റിൽ ചുമക്കാത്തതിലോ, പേറ്റുനോവിന്റെ സുഖം അറിയാതിരുന്നതിലോ ഒരിക്കൽ പോലും ഞാൻ ദുഖിച്ചിരുന്നില്ല. ഒരു സ്ത്രീ പൂർണയാകാൻ അവൾ കുഞ്ഞിന് ജന്മം നൽകണമെങ്കിൽ എന്റെ കഥകളിലൂടെ എത്രയോ മക്കൾക്ക് ഞാൻ ജന്മം നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നിൽ നിന്നും ലഭിക്കേണ്ടതൊന്നും ലഭിക്കാതിരുന്നിട്ടും ഒരിക്കൽ പോലും ശ്രീയേട്ടനെന്നോട് നീരസപ്പെട്ടിട്ടില്ല. ഒരുപക്ഷെ ഒരിക്കലും എന്നിൽ നിന്ന് ശ്രീയേട്ടൻ ആഗ്രഹിച്ചത് പോലെ ഒരു ഭാര്യയുടെ കരുതൽ കിട്ടില്ലെന്നറിയാവുന്നതിനാലാവാം വസുന്ധരയിൽ ശ്രീയേട്ടൻ ആകർഷണീയനായതും അവളാൽ ഒരു കുഞ്ഞിന്റെ പിതാവായതും. വസുന്ധരയെ എനിക്കറിയാമായിരുന്നു. അവരുടെ നാടകങ്ങൾ കണ്ണിമ വെട്ടാതെ ഞാൻ കണ്ടിട്ടുണ്ട്. വേദിയിൽ തകർത്ത് അഭനയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെയാണ് മരണം അവരെ കൂട്ടിക്കൊണ്ട് പോയതും. അരങ്ങിൽ അഭിനയിക്കുമ്പോൾ തന്നെ മരണത്തിന് കീഴടങ്ങുക എന്നത് ഉടലോടെ സ്വർഗത്തിൽ പോകുന്നതിനു തുല്യമാണ്. അതിൽ പരമൊരംഗീകാരം അവർക്ക് ലഭിക്കാനില്ല എന്നതാണ് എന്റെ പക്ഷം. വസുന്ധരയുടെ മരണത്തിന് ശേഷമാണ് അവരുമായുണ്ടായിരുന്ന ശ്രീയേട്ടന്റെ ബന്ധത്തെപ്പറ്റി ഞാൻ അറിയുന്നത്. ശ്രീയേട്ടൻ തന്നെയാണ് ആ തുറന്നുപറച്ചിൽ നടത്തിയത്. അഞ്ച് വയസ്സ് പ്രായമായ തന്റെ മകൾ തെരുവിലേക്കെറിയപ്പെടുമോ എന്ന ഭയമാകാം ശ്രീയേട്ടനെ ആ കുമ്പസാരത്തിന് നിർബന്ധിതനാക്കിയത്… ഹേമ, അതായിരുന്നു അവളുടെ പേര്. ശ്രീയേട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്യാൻ എനിക്ക് തെല്ലും ചിന്തിക്കേണ്ടി വന്നില്ല. നാളെയൊരു കാലത്ത് വായ്ക്കരിയിടാൻ അദ്ദേഹത്തിനാകെയുള്ള സമ്പാദ്യം. ശ്രീയേട്ടന്റെ തുറന്നുപറച്ചിൽ എന്നിൽ യാതൊരു പൊട്ടിത്തെറികളും ഉണ്ടാക്കിയില്ല. വസുന്ധരയുമായുള്ള ബന്ധത്തെ ഒരു അവിഹിതത്തിന്റെ ഛായായിൽ കാണാനും ഞാൻ തയ്യാറായിരുന്നില്ല. ഹേമയെ വേണ്ടപ്പെട്ടവളായി കാണാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിയും വന്നില്ല. ഇപ്പോൾ കൃത്യം പതിനഞ്ച് വർഷമായി ഹേമ ഞങ്ങൾക്കൊപ്പമെത്തിയിട്ട്. സ്വന്തം പിതാവായിരുന്നിട്ടും ശ്രീയേട്ടനെ അവൾ ജീജു എന്നും എന്നെ ജീജ എന്നുമായിരുന്നു വിളിച്ചിരുന്നത്.

അമ്മമ്മേടെ മരണത്തിന് മുൻപേ തന്നെ അച്ഛൻ മരണപ്പെട്ടിരുന്നു. പെട്ടെന്നുണ്ടായ നെഞ്ച് വേദനയിൽ അടഞ്ഞ അച്ഛന്റെ കണ്ണുകൾ പിന്നെ തുറന്നില്ല. അച്ഛന്റെയും അമ്മമ്മേടെയും മരണ ശേഷം പിന്നെ അമ്മയും അനുജൻ മുരളിയും മാത്രമായിരുന്നു നാട്ടിൽ. ലാളനയും സ്നേഹവും കൂടിപ്പോയതിനാലാവാം മുരളി നാട്ടുകാർക്ക് തലതിരിഞ്ഞവനായത്. ഒരിക്കൽ ശുഭേച്ചിയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാലയും പൊട്ടിച്ച് അകലങ്ങളിലേക്കോടിമറഞ്ഞ മുരളിയെ പിന്നെയാരും കണ്ടിട്ടില്ല. അതിന് ശേഷം അമ്മ ശ്രീദേവിയുടെ കൂടെയാണ്. ഇടയ്ക്കിടെ വരാറുള്ള അമ്മയുടെ കത്തുകളിൽ എന്നും വാതത്തിന്റെയും കോച്ചിപ്പിടുത്തതിന്റെയും കഥകളാണ്….

ഇപ്പോൾ ഞാനൊരന്വേഷണത്തിലാണ്. അരുന്ധതിയെ തനിച്ചാക്കിപ്പോയ ഗൗതമനു വേണ്ടിയുള്ള അന്വേഷണം. എട്ട് മാസങ്ങൾക്ക് മുൻപാണ് ഗൗതമനും അരുന്ധതിക്കും ഞാൻ ജന്മം നൽകിയത്. ഏതൊരു കഥാപാത്രം എന്നിൽ നിന്നും പിറവിയെടുത്താലും ഞാനറിയാതെ തന്നെ അതെന്നിൽ അലിഞ്ഞുചേരുമായിരുന്നു. ഒരു കഥയ്ക്ക് ഞാൻ തുടക്കമിട്ടാൽ പിന്നെയത് തെളിനീരൊഴുകുന്ന നദിയിലെന്നപോലെ ഒഴുകിയൊഴുകി അതിന്റെ പരിസമാപ്തിയിൽ എത്തുകയായിരുന്നു പതിവ്. പക്ഷെ ഗൗതമനും അരുന്ധതിയും അങ്ങനെയല്ല. പുറമെ ശാന്തമായൊഴുകിയിരുന്ന ആ നദിയുടെയുള്ളം ഞാനറിയാതെ അതിശക്തമായ അടിയൊഴുക്കായി മാറിയിരുന്നു. എനിക്ക് പിടിതരാതെ എന്നിൽ നിന്നും വഴുതിമാറാൻ അവർ ശ്രമിക്കുകയായിരുന്നു. പ്രണയത്തിന്റെ അതിശക്തമായ പര്യായങ്ങളായി ഞാൻ കരുതിയിരുന്ന അവരിൽ സംഘർഷങ്ങളുണ്ടായത് ഞാൻ അറിഞ്ഞില്ല. ഞാനറിയാതെ ഗൗതമൻ അരുന്ധതിയിൽ നിന്നും അകലുകയായിരുന്നു. എത്ര തിരിച്ചുപിടിക്കാൻ നോക്കിയിട്ടും പിടിതരാതെ നൂല് പൊട്ടിയ പട്ടം പോലെ അവൻ വീണ്ടും അകലങ്ങളിലേക്ക് പോയി. അവന്റെ സാമീപ്യത്തിനായി അരുന്ധതി അലമുറയിട്ടു, അവന്റെ കവിൾത്തടങ്ങള തഴുകാൻ അവളുടെ ചുണ്ടുകൾ പിടച്ചു, അവന്റെ ഇടനെഞ്ചിന്റെ ചൂടിനായി അവൾ പരവശപ്പെട്ടു. ഗൗതമനെ തന്നിൽ നിന്നുമകറ്റിയതിന് അരുന്ധതി അവളുടെ നെഞ്ചുപൊട്ടി എന്നെ ശപിച്ചു. പിന്നീടുള്ള രാത്രികളിൽ ഞാൻ ഉറക്കമെന്തെന്നറിഞ്ഞില്ല. എന്നിലെ സത്യവും മിഥ്യയും തമ്മിൽ കുരുക്ഷേത്രയുദ്ധം നടന്നു. ചുറ്റുമുള്ളതൊന്നും എന്റെ ശ്രദ്ധയിൽ പതിഞ്ഞില്ല. എന്റെ നിയന്ത്രണവലയത്തിൽ നിന്നും അതിസമർഥമായി രക്ഷപ്പെട്ട ഗൗതമൻ മാത്രമായിരുന്നു എന്റെ മനസ്സിൽ…
” നിനക്ക് പിടിതരാത്തതിനെ തേടിപ്പോയി നീയെന്തിനാണ് നിന്റെ ജീവിതം വ്യർഥമാക്കുന്നത്? അതിനെ സ്വതന്ത്രമാകാൻ അനുവദിക്കൂ… “. ശ്രീയേട്ടന്റെ വാക്കുകളായിരുന്നു അത്. അങ്ങനെ എനിക്കവരെ ഉപേക്ഷിക്കാനാകുമോ, എന്നിൽനിന്നും പിറവിയെടുത്ത എന്റെ ജീവാംശമല്ലേയത്. ഗൗതമനെ കണ്ടെത്താനായില്ലെങ്കിൽ എന്നിലെ എഴുത്തുകാരിക്ക് എന്തർഥമാണുള്ളത്?
രാപ്പകലുകൾ മാറിമാറി വന്നു. പക്ഷെ ഗൗതമൻ മാത്രം വന്നില്ല. എല്ലാ രാത്രിയിലേതും പോലെ ആ രാത്രിയിലെ അവനായുള്ള കാത്തിരിപ്പിന് ഭിത്തിയിലെ ക്ലോക്ക് രണ്ടരയെന്ന് സമയം പറഞ്ഞു. തുറന്നിട്ട ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കിയിരുന്നപ്പോഴാണ് അവൾ എന്റെയരികിലേക്കെത്തിയത്. ” ജീജാ… നിങ്ങളുടെ കരങ്ങൾ ഈശ്വരന്റേതാണ്. തേജസുറ്റ കഥാപാത്രങ്ങളെ പ്രസവിക്കുന്ന നിങ്ങളുടെ ഹൃദയവും ഈശ്വരന്റേതാണ്. പക്ഷെ നിങ്ങളിപ്പോൾ അഗാധമായ ഒരു നിദ്രയിലാണ്. നിങ്ങളുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുണരൂ. നിങ്ങളുടെ ബോധതലത്തെ ഉണർത്തൂ. നിങ്ങളുടെ ഗൗതമൻ എങ്ങും പോയിട്ടില്ല. അയാൾ അന്നും ഇന്നും നിങ്ങളോടൊപ്പമുണ്ട്. ഇരുട്ട് മൂടിയ ആ കണ്ണുകളെ നിങ്ങൾ വെളിച്ചത്തിലേക്ക് തുറന്ന് പിടിക്കൂ… ”
ഹേമയുടെ വാക്കുകൾ ഒരു പ്രഹരമായി എന്റെ ഹൃദയത്തിൽ കൊണ്ടു. അവൾ പറഞ്ഞത് ശരിയാണ്, ഗൗതമൻ എന്റെ കൂടെത്തന്നെയുണ്ട്. അരുന്ധതിയാണ് അവനിൽ നിന്നും ഇത്രനാൾ അകന്നുകൊണ്ടിരുന്നത്. എന്റെ കവിൾത്തടങ്ങളെ നനയിച്ചുകൊണ്ട് താഴേക്കൊഴുകിയ കണ്ണുനീർ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു…
മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ശ്രീയേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. മഹിയുടേയും ഗംഗയുടേയും കഥ പറയുന്ന കറുത്തരാത്രികൾ എന്ന എന്റെ പുസ്തകത്തിന്റെ താളുകൾ മറിക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. പതിയെ ശ്രീയേട്ടന്റെ അരികിലേക്ക് ചെന്ന് ആ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഇത്രനാൾ ഭ്രാന്തിയെപ്പോലെ ഞാൻ തിരഞ്ഞുനടന്നിരുന്ന ഗൗതമനെയായിരുന്നു. ഹേമ പറഞ്ഞത് ശരിയാണ്. ഗൗതമനെങ്ങും പോയിട്ടില്ല. എന്റെയരികിൽത്തന്നെയുണ്ട്….
ശ്രീയേട്ടന്റെ കവിൾത്തടങ്ങളെ തഴുകി ആ നെറ്റിയിൽ ചുംബിച്ചപ്പോൾ അതിശയവും ഒപ്പം ഇത്രനാൾ എന്തേ നീയെന്റെയരികിൽ വന്നില്ല എന്ന ചോദ്യവുമാണ് ഞാനാ കണ്ണുകളിൽ കണ്ടത്. കൈയിലിരുന്ന പുസ്തകം പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞ് ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു. ” കറുത്തരാത്രികൾ കഴിഞ്ഞു ശ്രീയേട്ടാ… ഇനി നമുക്കായി കാത്തിരിക്കുന്നത് ആയിരം പൂർണചന്ദ്രന്മാർ ഒന്നിച്ചുദിക്കുന്ന പൗർണമീരാത്രികളാണ്…. ”
എന്നെ പുണർന്നുകൊണ്ട് ഹരിയേട്ടന്റെ വിരലുകൾ എന്റെ ചുരുൾമുടിയിഴകളെ തഴുകിയപ്പോൾ എന്റെ മനസ്സുമന്ത്രിച്ചു….
എന്നിലെ അരുന്ധതി അന്ധയായിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളായി ഗൗതമൻ കൂടെയുണ്ടായിരുന്നിട്ടും അവൾ അവനെ തിരിച്ചറിഞ്ഞില്ല. കസ്തൂരിയുടെ ഗന്ധം തേടിയലയുന്ന കസ്തൂരിമാനെപ്പോലെ അവൾ അന്ധകാരത്തിൽ അലഞ്ഞുനടന്നു. ഇന്നീ നിമിഷം മുതൽ ഗൗതമന്റെ അരുന്ധതി അവനോടൊപ്പമുണ്ട്. ഇന്നുമുതൽ അവരൊന്നാണ്………

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

4 COMMENTS

 1. നന്നായിട്ടുണ്ട്..💕💕
  വാക്കുകളും അവയുടെ പ്രയോഗവും……..
  കഥാപാത്രത്തിനോട് വല്ലാത്ത മമത തോന്നുന്നു…..💜
  അടുത്ത കഥയ്കായി കാത്തിരിക്കുന്നു…..

 2. വളരെ നന്നായിരിക്കുന്നു.. എഴുത്തിന്റെ മായാലോകം ഇനിയും തുറക്കുക 🥰

 3. വരികൾ കൊണ്ട് മായാജാലം തീർത്ത
  കൈവിരലുകൾക്ക് പ്രണാമം…………………

 4. വരികൾ കൊണ്ടു മായാജാലം തീർത്ത
  കൈ വിരലുകൾക് പ്രണാമം…………………

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English