പത്മശ്രീ നിരസിച്ചു ശ്രദ്ധ നേടി ഗീത മേത്ത

 

പത്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരി ഗീത മേത്ത, തിരഞ്ഞെടുത്തതിലുള്ള നന്ദി അറിയിച്ചുകൊണ്ടുതന്നെ പുരസ്‌കാരം നിരസിച്ചു. പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ് രണ്ടാം ദിവസമായിരുന്നു ഇത്. ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാനുളള സമയം ശരിയല്ല എന്നാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ചിലരുടെ അഭിപ്രായം

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയാണ് ഗീത മേത്ത. കര്‍മ കോള, റിവര്‍ സൂത്ര, രാജ്, സ്‌നേക്ക് ആന്റ് ലാഡര്‍, ഗ്ലിംസസ് ഓഫ് മോഡേണ്‍ ഇന്ത്യ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭര്‍ത്താവ് സോണി മേത്ത പ്രശസ്തനായ പബ്ലിഷറാണ്. ബെസ്റ്റ് സെല്ലറായ ഒബാമയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചതിന്റെ പ്രശസ്തിയും അദ്ദേഹത്തിനുണ്ട്. മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് മോദിയുടെ പ്രശസ്തിമോഹത്തിനും ഈ പുരസ്‌കാരദാനത്തില്‍ പങ്കുണ്ട് എന്നു ചിലർ വാദിക്കുന്നു. തന്റെ ജീവചരിത്രം രചിക്കുന്നതിനും പുറത്തിക്കുന്നതിനും മേത്ത ദമ്പതികളുടെ സഹായം മോദി ആഗ്രഹിച്ചിരുന്നു. ആ മോഹത്തില്‍ കണ്ണുവച്ചുകൊണ്ട് മോദി പല തവണ മേത്താ ദമ്പതിമാരുമായി സമയം ചിലവഴിച്ചിട്ടുണ്ട്. മോദി നേരിട്ടുതന്നെ അവരെ ക്ഷണിച്ചിരുന്നുവത്രേ. അതിന്റെ ഭാഗമായി അവര്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഗീത മേത്തയുടെ സഹോദരന്‍ നവീന്‍ പട്‌നായിക്കിനെ കൂടെ നിര്‍ത്താനുള്ള കളികളുടെ ഭാഗമാണ് ഇതെന്നാണ് മറ്റൊരു കഥ. നവീന്‍, എന്‍.ഡി.എ സര്‍ക്കാരിന് പല നിയമ നിര്‍മ്മാണങ്ങളിലും പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു പങ്കാളിയാവാനുള്ള തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല, ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും സമദൂരമായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English