ഒറ്റപ്പനമരം

 

 

 

അവിടെപ്പനയില്ലയിപ്പോൾ,
കാലമാത്മാവിനെ തട്ടിമാറ്റി
പരിഷ്കാരനിരപ്പാക്കിയ ഭൂമിമാത്രം.
മനസ്സിൽ വേദനയുടെ തേനൊഴിയ്ക്കും
ഒരു സ്ഥലനാമം – പനമരം.

നിൽപുണ്ടവിടെ
നടുവൊടിഞ്ഞൊരു പുരാതനജൈനക്ഷേത്രം,
പഴമയുടെ പോയ്മറഞ്ഞ പെരുമകളും പാടി,
അവശിഷ്ടമായ് കരിങ്കൽത്തൂണുകൾ മാത്രം

ആകാശചുംബിയായ് പണ്ടവിടെ ഒരൊറ്റപ്പനമരം നിന്നിരിക്കാം,
വെറിയൻ കാറ്റുകളുടെ രാഗാലാപനത്തിന് താളംകൊട്ടി,
തലമുടി പറത്തി, തലയാട്ടി,
കുറ്റാക്കൂരിരുട്ടിൽ, മഴച്ചാറ്റലിൽ
വഴിതപ്പിത്തടഞ്ഞു മാഴ്കും
മുഴുക്കുടിയന്മാർക്ക് വീടെത്താൻ വഴികാട്ടിയായ്

നഷ്ടപ്പെട്ടവരുടെ ദീപസ്തംബം,
നട്ടെല്ലുനിവർത്തിനിന്നാകാശം തിരഞ്ഞ്
താരാവലിക്കായ് ഏകാന്തഹൃത്തിൽനിന്നുമമൃതംചൊരിഞ്ഞ്
പാടിനിന്നൊരു സന്തതമിത്രം,
പനമരം, പണ്ടത്തെയൊറ്റപ്പനമരം.

ആർക്കറിയാം, നക്ഷത്രമെണ്ണി നിന്നപ്പോളേ-
തുചിന്തകൾ അവൻറെ മണ്ടയിൽ കൂടുകൂട്ടി,
ഏത് സ്വപ്നങ്ങളവൻ കണ്ടു,
ഏത് രക്തയക്ഷികളവനെയവരുടെ ഭവനമാക്കി
വഴിതെറ്റിയ വിഷയലമ്പടന്മാരെപ്പുണർന്ന്,
രക്തമൂറ്റി, മോഹാലസ്യമൃതിക്കാഹുതി ചെയ് വാൻ?

അന്നത്തെ ഒറ്റപ്പനമരമെ,
നീയൊരു മഹാസ്വപ്നം.
താരങ്ങൾ, കാറ്റുകൾ, മഴ, പിന്നെ
കരഞ്ഞലയുമൊരുപാടാത്മാവുകൾ ഇവ
തിക്കിത്തിരക്കും ഭൂതത്തിന്നേകാന്തപ്പരപ്പിൽ
ഞങ്ങളെ മയക്കും നീയൊരു നിർവൃതിസ്വപ്നം

*പനമരം – വയനാടൻ ഉത്തുംഗങ്ങളിലെ
വെറുമൊരു സ്ഥലനാമം – പനമരം

___________

ഈ കവിത ആംഗലത്തിൽ ഇവിടെ വായിക്കാം:
https://www.poemhunter.com/poem/lone-palmyra/

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English