ഒറ്റത്തടി

duchamp_nude_jeunehomme_triste_train_1911
തികഞ്ഞ പ്രതീക്ഷയോടെയാണ് അയാൾ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടം വരുമ്പോൾ അവൾ സഹായിക്കാതിരിക്കില്ല.ഇന്നലെയെന്നോണം ഓർമ്മയുണ്ട്.ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടു,അധികം വൈകാതെ അമ്മയും.ജീവിതമെന്ന നാൽക്കവലയ്ക്ക് മുന്നിൽ ഏതു വഴിക്ക് പോകണമെന്നറിയാതെ താനും സഹോദരിയും അന്തിച്ചു നിന്ന നാൾ..
സഹായിക്കുന്നതിനെക്കാളേറെ ഉപദ്രവിക്കാനായിരുന്നു പലർക്കും താൽപര്യം.അടുത്തു കൂടി അവസരം മുതലാക്കി തങ്ങൾക്കവകാശപ്പെട്ട സ്വത്തും വസ്തുവും കൈക്കലാക്കാൻ ശ്രമിച്ചവരെയും മറന്നിട്ടില്ല.ഒടുവിൽ മനസ്സിലായി ജീവിതമെന്ന യാഥാർഥ്യത്തെ നേരിടാനും സഹോദരിയെ സംരക്ഷിക്കാനും ഇനി താൻ മാത്രമേയുള്ളൂ.അതിനു വേണ്ടിയായി പിന്നെ തന്റെ ജീവിതം.പല സ്വപ്നങ്ങളും പാതി വഴിക്ക് മാറ്റി വെച്ചപ്പോൾ എല്ലാം അവൾക്ക് വേണ്ടിയാണല്ലോ എന്ന സന്തോഷമായിരുന്നു.അവളെ ഒരാളുടെ കൈ പിടിച്ചേൽപ്പിക്കുന്നത് വരെ അവൾക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചത്.
ഇനി തനിക്കു വേണ്ടി ജീവിക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഡോക്ടറിൽ നിന്ന് മനസ്സിലാക്കുന്നത്.കഴിയുന്നതും ഡോക്ടറെയും ആശുപത്രിയേയുമൊക്കെ അകറ്റി നിർത്തുന്നയാളായിരുന്നു അയാൾ’കൂടി വന്നാൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് വിവരം പറഞ്ഞു മരുന്നു വാങ്ങും.ക്ഷീണവും തളർച്ചയും താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം ഡോക്ടറെ കാണാൻ പോയത്.പല വിധ പരിശോധനകൾക്കു ശേഷമാണ് ഡോക്ടർ പറഞ്ഞത്,’’കിഡ്നിയുടെ തകരാറാണ്.അടിയന്തിരമായി കിഡ്നി മാറ്റി വെക്കണം.’’
അതിനാവശ്യമായ ചിലവ് കണ്ടെത്താൻ കൂട്ടുകാരും നാട്ടുകാരും മുന്നിട്ടിറങ്ങി.പക്ഷേ കിഡ്നി നൽകാൻ തയ്യറുള്ള ആളെ കണ്ടെത്തണം.അപ്പോഴാണ് അയാൾ സഹോദരിയുടെ കാര്യം ഓർത്തത്.തങ്ങളുടെ രക്തം ഒരു ഗ്രൂപ്പാണല്ലോ.അവളോട് ഒന്നു സൂചിപ്പിക്കേണ്ട കാര്യമേ ഉണ്ടാവൂ..കണ്ണിലെ കൃഷ്ണമണിയെക്കാൾ കാര്യമായാണല്ലോ അവളെ നോക്കിയത്.
ഓരോന്നാലോചിച്ച് പാടത്തിന് നടുവിലൂടെ നടന്ന് അവളുടെ വീടെത്തിയറിഞ്ഞില്ല.പാടമാകെ മഴ വെള്ളം നിറഞ്ഞു കിടക്കുന്നു.വെള്ളത്തിലൂടെ നടന്നു വരുമ്പോൾ ബാല്യ സ്മൃതികളുടെ ഗൃഹാതുരത്വം അയാളുടെ മനസ്സിനെ തൊട്ടുണർത്തി.
’’അല്ല,ഇതാര് ഏട്ടനോ,എന്താ ഒരു മുന്നറിയിപ്പുമില്ലാതെ..’’ പാത്രങ്ങൾ കഴുകാൻ പുറത്തേക്ക് വരുമ്പോഴാണ് പെങ്ങൾ ഏട്ടനെ കാണുന്നത്.
‘’നിന്നെ കാണാൻ വരുന്നതിനെന്തിനാ അറിയിപ്പൊക്കെ?കുറെ നാളായില്ലേ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട്..വരണമെന്ന് എപ്പോഴും ഓർക്കും,പിന്നെ തിരക്കിനിടയ്ക്ക് അതങ്ങോട്ട് മറക്കും..’’അയാൾ ചിരിച്ചു.
‘’അല്ല,സുകു ഇല്ലേ..’’അകത്തേക്ക് നോക്കി അയാൾ ചോദിച്ചു.
‘’ഉണ്ട്.ഊണ് കഴിക്കുന്നത് ഇവിടെ വന്നിട്ടാ.കുട്ടികൾ സ്കൂളിൽ പോയി..ഏട്ടൻ അകത്തേക്ക് കേറൂ,ഊണ് കഴിച്ചിട്ടാകാം സംസാരമൊക്കെ..’’ ദേവിക നിറഞ്ഞ ചിരിയോടെ ഏട്ടനെ അകത്തേക്ക് ക്ഷണിച്ചു.അളിയനോടൊപ്പം ഊണ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്ക് ദേവിക ഭക്ഷണം കഴിക്കാനിരുന്നു.പുറത്ത് കാറ്റും കൊണ്ട് സംസാരിച്ചിരിക്കുമ്പോൾ അയാൾ മെല്ലെ എഴുന്നേറ്റു.’’ഞാനിപ്പോൾ വരാം സുകൂ,അവളോടൊരു കാര്യം പറഞ്ഞോട്ടെ..’’ ഊണ് കഴിച്ചു കൊണ്ടിരുന്ന സഹോദരിയുടെ അടുത്തേക്ക് അയാൾ ചെന്നു.
‘’ദേവൂ,വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വന്നത്..’’ സഹോദരന്റെ ആമുഖം കേട്ട് അവൾ തലയുയർത്തി.അയാൾ പറഞ്ഞതൊക്കെ നിശബ്ദയായ് നിന്ന് അവൾ കേട്ടു.അൽപ നേരത്തെ ഇടവേളയ്ക്ക് ശേഷം അവൾ പറഞ്ഞു.’’ഏട്ടന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ..ഞാൻ സുകുവേട്ടനോടൊന്ന് ചോദിച്ചോട്ടെ.’’
അവൾ വീടിന് പുറത്തേക്കിറങ്ങി.അളിയനും പെങ്ങളും തമ്മിൽ പുറത്ത് അടക്ക്ക്കിപ്പിടിച്ച് പറയുന്നതൊന്നും അയാൾക്ക് മനസ്സിലായില്ല.കുറച്ചു കഴിഞ്ഞാണ് അളിയൻ അയാളുടെ അടുത്തേക്ക് വരുന്നത്. ’’അളിയാ,അളിയനെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് വിരോധമൊന്നുമില്ല.പക്ഷേ..’’ സുകു അർദ്ധോക്തിയിൽ നിറുത്തി.’’ദേവുവിന്റെ മറ്റേ കിഡ്നിക്ക് വല്ലതും സംഭവിച്ചാൽ പ്രശ്നമാകില്ലേ..അവൾക്കെന്തെങ്കിലും പറ്റിയാൽ എന്റെ കാര്യം പോകട്ടെ,ഞങ്ങളുടെ ചെറിയ രണ്ടു കുട്ടികളുടെ കാര്യമെന്താകും?അളിയനൊന്ന് ആലോചിച്ച് നോക്ക്..അളിയനാകുമ്പോൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലല്ലോ ,ഒറ്റത്തടിയല്ലേ..’’
അളിയന്റെ വാക്കുകൾ മുഴുവൻ കേൾക്കാൻ അയാൾ നിന്നില്ല.പെങ്ങളുടെ മുഖത്തേക്ക് വീണ്ടും അയാൾ നോക്കിയതുമില്ല.നിറഞ്ഞു കിടക്കുന്ന പാടത്തിന് നടുവിലൂടെ നടക്കുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകെണിയില്‍ വീണ പുലി
Next articleഉണക്കമരം
നൈന മണ്ണഞ്ചേരി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English