ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മുപ്പത്തി മൂന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മുപ്പത്തി മൂന്ന് (Current)
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി രണ്ട്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഒന്ന്

ഇടക്ക് സാമുവൽ ദേവസിക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു.

‘ദേവസിക്കുട്ടി ഞാൻ നിങ്ങൾക്ക് നല്ലതു വരാൻ വേണ്ടി പറഞ്ഞന്നേയുള്ളു നിങ്ങൾ തന്നെയാ നിങ്ങളുടെ ബദ്ധപ്പാടുകൾ എന്നോട് പറഞ്ഞത്’

ദേവസിക്കുട്ടിയുടെ മറുപടി ഇത്രമാത്രം.

‘ ഞങ്ങളുടെ നേതാവ് സാറാകണമെന്നല്ലേ പറഞ്ഞൊള്ളു ഏ.പിയെയും അനന്തൻ പിള്ളയെയും എപ്പോഴും കിട്ടില്ലല്ലോ സമരം നടത്താൻ സാറാ നല്ലത് ‘

‘ നീ കൂടി പറഞ്ഞിട്ടല്ലേ നമ്മളവിടെ കൂടിയത്? നിങ്ങളുടെ നന്മയ്ക്കു വേണ്ടി ‘

അതിന്  ദേവസിക്കുട്ടി പറഞ്ഞ വാക്കുകൾ സമരവുമായി ബന്ധപ്പെട്ടതായിരുന്നില്ല. മാത്രമല്ല സാറേ എന്നുള്ള വിളിയൊക്കെ മാറി.

‘ എടാ കള്ളാ,  പാര  പണിയുന്നവനെ നിന്നെ സാറേ എന്നല്ല വിളിക്കേണ്ടത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത ദുഷ്ടനാ…. കേട്ടോ…. സമര രീതി മാറുവാ.  അതിനു പറ്റിയ ആൾ നീയാ. നീയാ ഞങ്ങടെ  നേതാവ്.  തീ പിടുത്തമുണ്ടായപ്പോൾ പണിക്കാരി സാറാമ്മേ വളയ്ക്കാൻ നോട്ടമിട്ടില്ലേ? സായിപ്പിന്റെ പെണ്ണും പിള്ളേ നോട്ടമിട്ടില്ലേ?’

അവിടെ കൂടിയ ചിലർക്കൊക്കെ  അതൊരു പുതിയ അറിവായിരുന്നു. സ്‌കഫോൾഡിന്റെ ഭാര്യയെ വരെ നോട്ടമിട്ടു എന്ന വിവരം.

‘ എന്നിട്ട് ? എന്നിട്ടെന്തായി?’ അയ്യമ്പുഴ കവലയിൽ ചായക്കട നടത്തുന്ന കുട്ടപ്പനാണ്.. എസ്റ്റേറ്റ് പണിക്ക് പുറമെ കവലയിൽ ചെറിയൊരു ചായക്കടയും നടത്തുന്നുണ്ട്. പകൽ സമയം  അയാൾ പണിക്കു പോകുമ്പോൾ അയാളുടെ ഭാര്യയെ കടയിലിരുത്തും.

‘ അപ്പൊ ഇങ്ങെർ മോശമല്ലോ നമ്മളൊക്കെ പണിക്ക് വരുമ്പോ  ഇയാൾ ഫിൽഡെന്നു പറഞ്ഞ് ചുറ്റി നടക്കുന്നത്തിന്റെ ഉദ്ദേശ്യം ഇതാണോ?’

സമരം  നീളുന്നത്തിന്റെ ദേഷ്യവും  ഇച്ഛഭംഗവും  അവർ സാമുവലിന്റെ കണ്ടപ്പോൾ തീർക്കുന്നെന്നു മാത്രം .

”ആട്ടെ നമ്മുടെ പുതിയ നേതാവ് എഴുന്നേൽക്ക് നമുക്ക് ഓഫി‌സിന്റെ അടുക്കലേക്കു പോകണം അവിടാകുമ്പം കുറച്ചുകൂടി ആൾക്കാരുണ്ട് മിണ്ടീയും പറഞ്ഞും ഇടക്ക് മുദ്രാവാക്യം  വിളിച്ചും കൂടാം’

ഏറെ തളർന്നവശനായി തലയും കുമ്പിട്ടിരിക്കുന്ന അസി.മാനേജർ സാമുവൽ എന്ന പ്രഗത്ഭനായ പ്ലാന്റർക്ക് ഇത്രയും വേദനാജനകമായ അനുഭവം അയാളുടെ മുപ്പത്തഞ്ചു വർഷത്തെ ജോലിക്കാലത്തിനിടയ്ക്ക് ഒരിക്കലുമുണ്ടായിട്ടില്ല.

മുമ്പ് ഹൈറേഞ്ചിലും കുമിളിയിലുമുള്ള  തോട്ടങ്ങളിൽ  ഫിൽഡ് സുപ്പർവൈസറായി, പിന്നയത് ഇവിടെ വന്ന് സിനിയർ അസി. മാനേജരായി മാറിയ സാമുവലിനു ,ജോലിയിൽ നിന്ന് വിരമിക്കുന്നതിനു മുമ്പ് മാന്യമായ ഒരു പദവി വേണമെന്ന മോഹം ഇവിടെ പൊളിയുകയാണോ ? സ്വകാര്യ ജിവിതം,  പിന്നെ പലപ്പോഴും പലർക്കും പാര പണിയുന്ന സ്വഭാവം അതൊനൊക്കെ തിരിച്ചടിയാണോ ഇവിടെ കിട്ടാൻ പോകുന്നത്?

മുദ്യാവാക്യം  വിളി പിന്നെയും തുടർന്നു. അതും തോട്ടത്തിന്റെ അതിർത്തിയോട് ചേർന്ന് കടന്നു പോകുന്ന റോഡിൽ കൂടി  പോകുന്നവർ കേൾക്കുന്നത്ര ഉച്ചത്തിൽ. അപ്പോഴേക്കും സമരമുഖത്ത് നിന്നും ഒരു തൊഴിലാളി സൈക്കിളിലെത്തി മുദ്യാവാക്യം വിളിക്കാരന്റെ അടുക്കൽ എന്തോ പറഞ്ഞതോടെ എല്ലാവരും ഓഫിസ് പരിസരത്തേക്ക് പോകാൻ തയാറായി.

‘ ഇപ്പം ഞങ്ങൾ പോകുന്നു എന്തിനും ഞങ്ങടെ കൂടെ ഉണ്ടാകണം സമരത്തിന് നേതാവില്ലാത്ത വേഷമത്തിലാ ഞങ്ങൾ പോട്ടെ’

അവർ കുറെ ദൂരെ എത്തി എന്ന് കണ്ടപ്പോഴാണ് സാമുവലിനു സമാധാനമായുള്ളു .എന്തായിരിക്കും അവർ പോവാൻ കാരണം? ഒന്നുകിൽ എമ്മല്ലേ , അല്ലെങ്കിൽ അനന്തൻ പിള്ള.

സാമുവലിന്റെ നിഗമനം ശരിയായിരുന്നു. വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി അനന്തൻ പിള്ള വന്നിരിക്കുന്നു.

ഒരു ശുഭ വാർത്തയുമായിട്ടാണ് വന്നിട്ടുള്ളത്. എമ്മെല്ലെയും അഗ്രി. കമ്മീഷണറും ഇടപെട്ട് കമ്പനി വക തോട്ടത്തിലെ സമരം ഒത്തു തീർപ്പിലേക്കു നീങ്ങുന്നു. സമരം കൃഷി വകുപ്പിന്റെ കീഴിലുള്ളതിനായതിനാൽ ഈ സമരം പ്രത്യേകമായി കണ്ട് ഒത്തു തീർപ്പാവുകയാണ് . പ്രാരംഭ ചർച്ചകൾ നടത്തി കഴിഞ്ഞു. ഇനി ഗവണ്മെന്റ് ഓർഡർ ഇറക്കുകയെ വേണ്ടു. തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും കൂലി വർദ്ധനയിലും ലേബർ ലൈനുകളുടെ മെയിന്റനൻസും നടത്തുന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിരിക്കുന്നു. അതിനു പുറമെ ഓരോ മേഖലയിലും വിപുലമായ സൗകര്യങ്ങളോട് കൂടിയ  ഒരു ആശുപത്രി തുടങ്ങണമെന്ന ആവശ്യവും അംഗീകരിച്ചു കഴിഞ്ഞു. അതുവരെ ഇപ്പോഴത്തെ പ്രൈമറി ഹെൽത്ത് സെന്റർ ഒന്ന് കൂടി വിപുലീകരിച്ച്  ഓരോ തോട്ടത്തിലും ഓരോന്ന് എന്ന രീതിയിലാകും. വേറൊന്ന് രോഗികളെ അങ്കമാലിയിലോ ചാലക്കുടിയിലോ  കൊണ്ട് പോകുന്നതിനു ആംബുലൻസ് വാൻ ഉണ്ടാകും . ഇനിയുള്ള കാര്യങ്ങൾ പ്രത്യേകമായി ഒരു കോൺഫ്രൻസ്  കൂടി തീരുമാനത്തിലെത്തും.  കാലടി പ്ലാന്റേഷനിലെ പ്രൈമറി തലത്തിൽ ഒരു ഗവണ്മെന്റ് സ്‌കൂൾ തുടങ്ങാനുള്ള  നടപടി,  ഇതും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഇത്രയൊക്കെ  നടപടികളുണ്ടായ സ്ഥിതിക്ക് കമ്പനിയുടെ കീഴിലുള്ള തോട്ടങ്ങളിലെ സമരം അവസാനിപ്പിക്കുകയാണ് . അതിനു മുന്നോടിയായി ഒരു പൊതുയോഗം ഈസ്റ്റ് ഓഫിസ് പടിക്കൽ  അരമണിക്കൂറിനകം ഉണ്ടാകും. യോഗത്തിൽ സെക്രട്ടറി അനന്തൻ പിള്ളയുടെ വിശദികരണമുണ്ടാകും . അതിന്  വേണ്ടിയാണ് തൊഴിലാളികൾ ഫിൽഡിൽ നിന്നും സാമുവലിനെ വിട്ട് ഓഫിസ് പരിസരത്തേക്ക് വന്നത്.

മൈക്ക് വച്ചുള്ള പ്രസംഗമായതിനാൽ ഏകദേശം ഒരു മൈൽ ദൂരെയുള്ളവർക്ക് വരെ പ്രസംഗം കേൾക്കാനാകും. അനന്തൻ പിള്ളയുടെ സാമാന്യം ദിർഘമേറിയ പ്രസംഗം തൊഴിലാളികൾ വളരെ ക്ഷമയോടെയാണ് കേട്ടത്. എസ്റ്റേറ്റിലെ തൊഴിൽ രംഗത്ത് മാനേജുമെന്റെ തലത്തിൽ നടക്കുന്ന പല പ്രക്രിയകളും വ്യക്തമായി അറിയാത്തത് പലർക്കും അതിനെക്കുറിച്ച് ഒരു ഊഹം കിട്ടാൻ ഈ പ്രസംഗം കാരണമായി. അനന്തൻപിള്ളയുടെ പ്രസംഗത്തിൽ സാമുവലിന്റെ കുത്തഴിഞ്ഞ ജിവിതം വളരെ നല്ല രീതിയിൽ തന്നെ വിശദീകരിക്കുകയുണ്ടായി. തൊഴിൽ സമരം തീർന്നെന്ന വാർത്ത വന്നതോടെ നാളെ മുതൽ മുടങ്ങിക്കിടന്ന പല ജോലികളും തുടങ്ങുന്നതിലെ മുന്നൊരുക്കങ്ങൾ ഏതൊക്കെ എന്ന ആലോചിക്കാനുള്ള അവസരവും കിട്ടി.

മാനേജുമെന്റെ തലത്തിലുള്ള പല ഫീൽഡ് ഓഫി‌സർമാർക്കും സാമുവലിന്റെ സ്വകാര്യ ജിവിതത്തിലെ കറുത്ത വശങ്ങളെ കുറിച്ചറിയാമെങ്കിലും അവയുടെ വ്യാപ്തി  മനസിലാക്കാൻ അനന്തൻ പിള്ളയുടെ പ്രസംഗം കാരണമായി. തന്റെ കുത്തഴിഞ്ഞ ജീവിതം ഒരു തുറന്ന പുസ്തകം പോലെ മാറിയത്തിലെ വേദന സാമുവലിനു ഭാവിയിലെ ഗ്രുപ്പ് ഫിൽഡ് ഓഫി‌സർ എന്ന പദവി സ്വപ്നം കാണുന്ന അയാൾക്ക് അതൊരു മനക്കോട്ട മാത്രമായി മാറുമോ എന്ന ആശങ്കയാണിപ്പോൾ.

തോട്ടം തൊഴിലാളി സമരം ഒത്തു തീർപ്പായത്തിന്റെ പിന്നാലെ കാലടി പ്ലാന്റേഷനിൽ  ഏറെക്കുറെ മദ്ധ്യഭാഗത്തായി ഒരു ഗ്രുപ്പ് ഹോസ്പിറ്റൽ  തുടങ്ങാനുള്ള സ്ഥലം കണ്ടെത്തി. ഒത്തു തീർപ്പ് വ്യവസ്ഥകളിൽ പ്രധാനപ്പെട്ട ഒരാവശ്യമായിരുന്നു ജിവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ഒരു വിപുലമായ സൗകര്യങ്ങളുള്ള  ഒരു ഹോസ്പിറ്റൽ തുടങ്ങുക എന്നുള്ളത്. കെട്ടിടം പണി പൂർത്തിയായി. ഡോക്ടർ, നേഴ്സ്, ഫാര്മസിസ്റ് ,അറ്റൻഡർ തുടങ്ങിയ സ്റ്റാഫംഗങ്ങളോട് കൂടിയ ഹോസ്പിറ്റൽ തുടങ്ങാൻ ഏകദേശം ഒരു വര്ഷക്കാലമെടുത്തു . ഹോസ്പിറ്റൽ തുടങ്ങുന്നതിന്റെ മുന്നോടിയായി ഓരോ എസ്റ്റേറ്റിലും ഓരോ പ്രൈമറി ഹെൽത്ത് സെന്ററും തുടങ്ങി. ജോലി ചെയ്യുന്ന സമയം പെട്ടന്നുണ്ടായേക്കാവുന്ന ചില മുറിവ്, ചതവ്, വീഴ്ച തുടങ്ങിയവയ്ക്കു വേണ്ട പ്രാഥമിക ചികിത്സകളാകും ഉണ്ടാവുക . ഗുരുതരമായ സ്വഭാവങ്ങളോട് കൂടിയ അസുഖങ്ങളെല്ലാം ഗ്രുപ്പ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്ന ജോലിയും ഇവർക്കുണ്ട്. ആംബുലൻസിലോ ജീപ്പിലോ അവരെ ഹോസ്പിറ്റലിലെത്തിക്കാനോ അതുമല്ലെങ്കിൽ  വിഷം തീണ്ടൽ തുടങ്ങിയ ഗുരുതര സ്വഭാവത്തോട് കൂടിയ രോഗികളായി വരുന്നവരെ അങ്കമാലിയിലേക്കോ ചാലക്കുടിയിലേക്കോ എത്തിക്കേണ്ട ചുമതലയും അവർക്കുണ്ട്. തൊഴിലാളി സമരത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായ ഹോസ്പിറ്റലും പ്രാഥമിക സെന്ററുകളും തുടങ്ങുക എന്നത് അംഗീകരിച്ച് നടപ്പിലായത് മൂന്നു എസ്റേറ്റുകളിലുമുള്ള ഉദ്ദേശം ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ച നടപടിയായിരുന്നു. സൗകര്യങ്ങൾ ഏറെക്കുറെ പൂർത്തിയായെന്ന് പറയാമെങ്കിലും ഡോക്ടർമാരും നേഴ്സുമാരും അധികകാലം ഒരിടത്തും സ്ഥിരമായെന്നോണം നിന്നില്ല എന്നത് വലിയൊരു പോരായ്മയായിരുന്നു.

ഒരു നഴ്സോ, ഫാർമസിസ്റ്റോ പോയി വേറൊരാൾ വരാൻ പലപ്പോഴും മാസങ്ങൾ വരെയുള്ള കാലവിളംബരം വന്നിട്ടുണ്ട്. ഗ്രുപ്പ് ഹോസ്പിറ്റലിൽ എത്തുന്ന തൊഴിലാളികളും ഡോക്ടർമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതുളവാക്കുന്ന പ്രശ്നങ്ങളും വേറെ. പലപ്പോഴും രോഗികൾ തന്നെ അവരുടെ രോഗം എന്താണെന്ന് നിശ്ചയിക്കുന്നു. അവർക്കു വേണ്ടത് എങ്ങനെയും ആങ്കമാലിയിലേക്കോ ചാലക്കുടിയിലോ ഉള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു കിട്ടുക എന്നത് മാത്രമാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ അവരെ ശാന്തരാക്കുന്ന ജോലി അധികവും എസ്റ്റേസ്റ്റ് മാനേജര്മാരും നേതാക്കളും ഏറ്റെടുത്ത് ഒത്തു തീർപ്പാക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട് .

ഈ അവസരത്തിലാണ് കല്ലാല എസ്റ്റേറ്റിലെ പ്രാഥമിക ഹെൽത്ത് സെന്ററിൽ ആദ്യമായി ചാർജെടുത്ത ഒരു നഴ്സ് ഉണ്ടാക്കിയ പൊല്ലാപ്പ്. മുമ്പ് മിലിട്ടറി സർവീസിൽ ജോലി ഉണ്ടായിരുന്ന സാറാമ്മ എന്ന ഒരു തിരുവല്ലാക്കാരി. എസ്റ്റേറ്റിലെ ലേബർ ലൈനുകളിലെ രണ്ട് മുറികളിലായിട്ടാണ് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. ഒരു മുറിയിൽ സ്ക്രീൻ വച്ച് തിരിച്ച് രണ്ടായി പകുത്ത് ഒരു ഭാഗത്ത് രോഗികളെ പരിശോധിക്കാനും ഇഞ്ജക്ഷനോ മുറിവോ വച്ച്‌ കെട്ടുന്നതിനും മറുവശത്ത് നേഴ്‌സിനും ഫാര്മസിസ്റ്റിനും മരുന്നുകളെടുത്ത് കൊടുക്കുന്നതിനും രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് കുറിച്ചെടുക്കാനുമുള്ള ഒരു ഭാഗമായിട്ടും ഉപയോഗിക്കുന്നു.

രണ്ടാമത്തെ മുറി നഴ്‌സിന് താമസിക്കുന്നതിന് വേണ്ടിയിട്ടുള്ളാതാണ്. സാറാമ്മ ലേബർ ലൈനുകളോട് ചേർന്നുള്ള മുറികളിൽ കഴിഞ്ഞു കൂടാനാണ് താത്പര്യമെടുത്തത്.. അറ്റന്ഡറായി വന്ന ശശികുമാർ ആ ഡിവിഷനിലെ തൊഴിലാളിയായതിനാൽ ഹെൽത് സെന്ററിലെ പുറകിലെ ചായ്പു മുറിയിലാണ് അയാളുടെ പാചകം ചെയ്യലും കിടപ്പും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English