ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മൂന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു
  2. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം -രണ്ട്
  3. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മൂന്ന് (Current)

novel-3
നിന്ന നില്‍പ്പില്‍ വിയര്‍ത്തു കുളിച്ചു. കാറ്റ് വീശിയിട്ടും ദേഹത്തെ ചൂടിനു കുറവില്ല. ഇതു വല്ല പ്രേതമോ ഭൂതമോ അതോ പണ്ട് പല യക്ഷിക്കഥകളിലും വായിച്ചിട്ടുള്ളതു പോലെ….. ഇപ്പോഴും മനസ് തുടി കൊട്ടുന്നു. ഒന്നു കാല്‍ വഴുതിയാല്‍ മതി താഴെ കൊക്കയിലേക്കു വീഴും. മനസാന്നിദ്ധ്യം വീണ്ടെടുത്ത് ഒരു കാല്‍ പുറകോട്ടെടുത്ത് വച്ച് തൊട്ടടുത്തുള്ള ഒരു മരക്കൊമ്പില്‍ പിടിച്ച് വഴിത്താരയിലേക്ക് മടങ്ങി വന്നു. അല്പ്പസമയം അനങ്ങാതെ നിന്നു. കണ്ടത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ? ജീവിതത്തിന്റെ മദ്ധ്യാഹ്നം പിന്നിടുന്ന ഈ സമയം വരെ ഒരിക്കെലെങ്കിലു. ഇങ്ങനെ യൊരനുഭവം ഉണ്ടായിട്ടില്ല. പഠിക്കുന്ന കാലത്ത് വായിച്ച പല അപസര്‍പ്പക നോവലുകളിലെ, മനസില്‍ കയറിപ്പറ്റിയ കാഴ്ചകള്‍ എഴുത്തുകാരന്റെയും സംവിധായകന്റെയും ഭാവനാസൃഷ്ടികള്‍ മാത്രമാണെന്നു സമാധാനിക്കുകയായിരുന്നു ഇന്നു വരെ. പക്ഷെ അങ്ങനെയല്ല എന്നു ഇന്നു മനസിലാക്കുന്നു.
ഇനി എങ്ങോട്ട്? മുന്നോട്ടു പോവുക തന്നെ. ഒരു മണിക്കൂര്‍ കൊണ്ട് കമ്പനി വക തോട്ടത്തില്‍ എത്താന്‍ പറ്റും. അവിടെ ലേബര്‍ ലൈനുകളിലും പിന്നീട് സ്റ്റാഫ് കോര്‍ട്ടേഴ്സുകളിലും ആളനക്കമുണ്ടാകും. തോട്ടത്തിലേക്കു കടന്നാല്‍ പിന്നെയും അരമണിക്കൂര്‍ നേരം കൊണ്ട് ഇന്‍‍സ്പക്ഷന്‍ ബംഗ്ലാവിലെത്താം ഏതായാലും നടക്കുക തന്നെ.
ഉറക്കച്ചടവോടെ കുറെ വൈകിയാണ് എഴുന്നേറ്റത്. സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു. എത്ര വൈകിക്കിടന്നാലും വെളുപ്പിനെ അഞ്ച് മണിക്കുണരുന്ന ശീലം ഇന്ന് കൈ വെടിഞ്ഞ മട്ടാണ്. ഇന്നലെ രാത്രി പാണ്ടു പാറ കാട്ടില്‍ വച്ച് കണ്ട ദൃശ്യം അത് ഇവിടെ വന്നിട്ടും കുറെ നേരം മഥിച്ചിരുന്നു. പാണ്ടു പാറയില്‍ വഴിയരികില്‍ നിന്ന് മാറി എവിടെയെങ്കിലും പള്ളിയുണ്ടോ? ആരോട് ചോദിച്ചാലാണ് അറിയാന്‍ കഴിയുക?

ഇവിടുത്തെ പാചകക്കാരന്‍ ചാലക്കുടിക്കാരനായത് കൊണ്ടും ഇവിടെയീ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടുള്ളതിനാലും എന്തെങ്കിലും ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം തരാന്‍ പറ്റിയേക്കും.

കാലത്തെ ബ്രേക്ക് ഫാസ്റ്റ് സമയത്ത് തന്നെ ചോദിക്കാനുള്ള അവസരം വന്നു.

” ഏയ് അവിടെ പള്ളിയൊന്നുമില്ല പള്ളി പോയിട്ട് ഒരു കുരിശു പോലും അവിടെയില്ല. കണ്ണിമംഗലം ഡിവിഷനിലേക്ക് തിരിയുന്ന ഭാഗത്തൊരു കുരിശുപള്ളിയുണ്ട്. അവിടേ നിന്ന് പിന്നെയും മൂന്നു കിലോമീറ്ററെങ്കിലും പോയാലാണ് പാണ്ടു പാറയിലെത്തുക”

കാപ്പികുടി കഴിഞ്ഞ് കൈ കഴുകാനായി വാഷ് ബേസനിലേക്കു ചെന്നപ്പോഴാണ് ആ നെഞ്ചിടിപ്പേറുന്ന കാഴ്ച. വാഷ്ബേസനു മുകളിലെ കണ്ണാടിയില്‍ തെളിഞ്ഞു വന്ന മുഖം….

ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ നിന്ന് പുല്ലുവാരി ഒരു കുട്ടയിലാക്കി കൊണ്ടു പോകുന്നവള്‍ ഇന്നലെ പാണ്ടു പാറയില്‍ വച്ച് കണ്ടവളോ ഇവള്‍? രാത്രിയില്‍ കണ്ടവളുടെ വേഷം സാരിയും ബ്ലൗസുമായിരുന്നു. വെള്ളനിറത്തിലുള്ളത്. ഇവിടെയിവള്‍ കൈലിയും ബ്ലൗസുമാണെന്നു മാത്രം. തോളത്തൊരു തോര്‍ത്തുണ്ട്.

ആരാണിവള്‍?
അവളുടെ അടുക്കല്‍ പോകണമെന്നായിരുന്നു ആദ്യം മനസിലേക്കു കടന്നു വന്നത്. അതിനു വേണ്ടി പയ്യെ മുറ്റത്തേക്ക് ഇറങ്ങിയതുമാണ്. പക്ഷെ ഒരു വീണ്റ്റു വിചാരം – വേണ്ട ഐബി യിലെ തൂപ്പുകാരിയോടു ചോദിക്കാം.

”ഓ അവളോ, അവളൊരു തെലുങ്കത്തിയാ. ഹിന്ദിയിലും തെലുങ്കിലും പറഞ്ഞാലേ അവള്‍ക്കറിയൂ. വേണേ ഞാന്‍ വിളിക്കാം. പക്ഷെ വര്‍ത്താനോന്നും പറയാന്‍ എനിക്കാവില്ല. സാറ് പറഞ്ഞോളണം”

എന്റെ ഹിന്ദി ഭാഷ കുറെ ബുദ്ധിമുട്ടുള്ളതാണ്. സിനിമ കണ്ടാല്‍ മനസിലാകും. അത്യാവശ്യം സംസാരിക്കാന്‍ പറ്റും. പക്ഷെ ഇവിടെ അതു പോരല്ലോ.

ഞാന്‍ തിരികെ വന്ന് പാചകക്കാരന്‍ സുകുമാരനെ തിരക്കി. അയാള്‍ അടുക്കളയിലാണ്. എന്റെ ആകാംക്ഷ എന്നെ – ഐബിയുടെ അടുക്കളയിലെത്തിച്ചു. അതാ അവിടെ അവള്‍.
വെള്ളം കുടിക്കാനായി അടുക്കള ഭാഗത്തേക്കു വന്നതാണ്.

സുകുവിനെ വിളീച്ച് വളരെ രഹസ്യമായി ഞാന്‍ കണ്ട കാര്യം പറഞ്ഞു.

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

”സാറെന്താണീ പറയുന്നത്? അവളെയിവിടെ കോണ്ട്രാക്ടര്‍ രാമന്‍കുട്ടി കൊണ്ടു വന്നതാണ്. ഇവിടെ ഈ ഐബി ഇരിക്കുന്ന ഡിവിഷനില്‍ കണ്ടമാനം മുള്ളും കാട്ടു ചെടികളുമായിരുന്നു. നമ്മുടെ പ്ലാന്റേഷനിലെ വര്‍ക്കേഴ്സിന്റെ കാര്യം സാറിനറിയാമല്ലോ. അന്നേരം ഇവിടൊക്കെ രാമന്‍കുട്ടിക്ക് കോണ്ട്രാക്റ്റ് കൊടുത്തതാ ആ സമയം വന്നതാ. ഇവളുടെ പണി കണ്ടപ്പോ നമ്മുടെ മാനേജര്‍ രാമകൃഷ്ണന്‍ സാര്‍ ഇവളെ ഇവിടെ നിര്‍ത്തിയാല്‍ ഐബിയും ചുറ്റുപാടും എന്നും വൃത്തിയാക്കാമല്ലോ എന്നു കരുതി. പണി ടെമ്പററി വര്‍ക്കെന്ന പേരിലാണേലും ഇപ്പോ ആറുമാസമായിട്ട് സ്ഥിരമെന്നോണം പണിക്ക് നിര്‍ത്തുന്നുണ്ട്. സ്ഥിരമാക്കാന്‍ നമ്മുടെ യൂണിയന്‍കാര്‍ സമ്മതിക്കുന്നില്ല. അതോണ്ടാ ടെമ്പററിയായി കിടക്കുന്നെ”

ഇത്രയൊക്കെ സുകുമാരന് പറഞ്ഞപ്പോള്‍ അന്വേഷണം മനസ്സില്‍ തന്നെ ഒതുക്കി. എങ്കിലും ഒരു കരട് പോലെ അവള്‍ –

അവളെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് അവള്‍ക്കും തോന്നിക്കാണും. വെള്ളം കുടിച്ചു കഴിഞ്ഞ് മടങ്ങാന്‍ നേരം അവള്‍ തിരിഞ്ഞൊരു നോട്ടം. ഒരു നിമിഷം നോട്ടം അവളിലാണെന്ന് കണ്ടപ്പോള്‍ അവള്‍ വേഗം ഗാര്‍ഡനിലേക്കു പോയി. എസ്റ്റേറ്റ് ഓഫീസുകളില്‍ നിന്നു വന്ന റിക്കോര്‍ഡുകള്‍ മേശപ്പുറത്ത് കിടക്കുന്നു. ഓരോ രജിസ്റ്ററും പരിശോധിച്ച് നോട്ടെടുക്കേണ്ടതാണ്. പക്ഷെ മനസ്സ് ചഞ്ചലപ്പെടുന്നു.

റിക്കോര്‍ഡുകള്‍ പരിശോധിക്കാനായി മൂന്നാലു പേര്‍ കോട്ടയത്തു നിന്നും വരാനുണ്ട്. അവര്‍ ഉച്ചയോടെയേ എത്തു എന്നാണ് അറിയിച്ചിട്ടുള്ളത്. അവരും കൂടി വന്നാലെ ജോലിയിലേക്ക് മുഴുകാന്‍ പറ്റു. അതുവരെ ഒറ്റക്ക് ഈ വര്‍ക്കിലേക്ക് ശ്രദ്ധ ചെലുത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. പോരാത്തതിന് മനസില്‍ നിന്ന് രാത്രിയിലെ ദൃശ്യം പോകുന്നില്ല. നിന്ന മാത്രയില്‍ തന്നെ അപ്രത്യക്ഷമായ ഒരുവള്‍…. അതും പാതിരാത്രിയോടടുക്കുന്ന സമയം കൊടുംകാട്ടില്‍ വച്ചെന്നോണം കണ്ട കാഴ്ച ഇപ്പോഴും മനസിനെ വിഹ്വലതപ്പെടുത്തുന്നു.

ഉച്ചകഴിഞ്ഞനേരം കുറയൊക്കെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ എങ്ങനെയൊക്കെ മനസിനെ പാകപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഒരു യക്ഷി പോലെ മുന്നില്‍ അവള്‍.

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English