ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം നാല്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു
  2. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം -രണ്ട്
  3. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മൂന്ന്

untitled-1adhyayam-4കോട്ടയത്തു നിന്നു വരാമെന്ന് പറഞ്ഞവര്‍ ഇതുവരെയും വന്നില്ല. ഉച്ചകഴിഞ്ഞ് എസ്റ്റേറ്റ് ഓഫീസില്‍ പോയി വന്നയാള്‍ പറഞ്ഞതനുസരിച്ച് അവരിന്ന് വരുന്നില്ല. എസ്റ്റേറ്റ് ഓഫീസിലെ ഫോണ്‍ വഴി കിട്ടിയ വിവരമാണ്. അവരുടെ വാഹനം വര്‍ക് ഷോപ്പിലാണ്. നാളെയേ ശരിയാകു. ശരിക്കും പറഞ്ഞാല്‍ നാളെയും ഇവിടെയീ ഐബിയില്‍ ഒറ്റക്കു തന്നെ കഴിയണം. സാധാരണ ഗതിയില്‍ ഒറ്റക്കു കഴിയുന്ന അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിന്നിട്ടുണ്ട്. എന്തെങ്കിലും എഴുതുന്നതിനോ വായിക്കുന്നതിനോ സാധിക്കും. പക്ഷെ ഇന്നത് സാദ്ധ്യമാകുമെന്നു തോന്നുന്നില്ല.

സുകുമാരനോടു പറഞ്ഞ് വല്ല ഡിക്ടട്ടീവു നോവലുകള്‍ കിട്ടുമോ എന്ന് നോക്കണം. പഠിക്കുന്ന കാലത്തേ ഡിക്ടടീവ് നോവലുകള്‍ വായിച്ചിട്ടുള്ളൂ. പെരിമേസണ്‍ കഥകളും ഡ്രാക്കുള കഥകളും ഷെര്‍ ലക് ഹോംസ് കഥകളും. ആ ഹരമൊക്കെ പോയി. പലപ്പോഴും ബാലിശമായി തോന്നിയ ആ വായനാനുഭവം ഇപ്പോഴൊന്നു കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ സുകുമാരന്‍ കൊണ്ടു വന്ന ഒരു പുസ്തകം ‘ എ’ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആ പുസ്തകം വായിക്കേണ്ടന്നു തീരുമാനിച്ചു. വീണ്ടും സുകുമാരനോട് ഗാര്‍ഡനിലെ പുല്ലു ചെത്തുകാരിയെപറ്റി തിരക്കണമെന്നു കരുതിയെങ്കിലും എന്തിനവളെ പറ്റി ഇനിയും തിരക്കണം സുകുമാരന് വേറേതെങ്കിലും രീതിയില്‍ ആകുമോ കൂടെ കൂടേ അന്വേഷിക്കുമ്പോള്‍ വിലയിരുത്തുക ? പക്ഷെ മനസിലേക്ക് കയറിപ്പറ്റിയ ആകാംഷയും പരിഭ്രാന്തിയും ഓര്‍ക്കുമ്പോള്‍ ചില സമയത്തുണ്ടാകുന്ന വിഹ്വലതയൊക്കെ ആരോടെങ്കിലും ഒന്നു പറഞ്ഞ് മനസിലാക്കാനാവുക?

മേശപ്പുറത്തു കിടക്കുന്ന രജിസ്റ്ററുകളും എസ്റ്റേറ്റ് ഓഫീസ് റിക്കോഡുകളും അതേപടി തന്നെ കിടക്കുന്നു. ഒന്നു മറിച്ചു നോക്കാന്‍ പോലും പറ്റുന്നില്ല. വൈകിട്ട് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ താഴോട്ടുള്ള വഴിയെ നടക്കാമെന്ന് തീരുമാനിച്ചു. കൂടെ സുകുമാരനുമുണ്ട്. സുകുമാരന് പോസ്റ്റാഫീസ് കവല വരെ പോകേണ്ട ആവശ്യമുണ്ട്. താഴെയുള്ള നിരത്തിലോട്ടിറങ്ങി പോസ്റ്റ് ഓഫീസ് ഭാഗത്തേക്കു തിരിയുമ്പോള്‍ ഏതായാലും ഇത്രടം വന്നതല്ലെ പോസ്റ്റോഫീസ് കവലയിലെ റിക്രീയേഷന്‍ ക്ലബ്ബില്‍ ഒന്നു കയറാം. പത്രങ്ങളും മാസികകളും മറിച്ച് നോക്കുകയുമാകാം ഇതായിരുന്നു മനസില്‍.

വായനശാലയിലെ ലൈബ്രേറിയന്‍ സഹൃദനായ ഒരാളായിരുന്നു. വെറുതെ ബുക്കുകള്‍ റജിസ്റ്ററില്‍ ചേര്‍ക്കുകയും മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്യുകയും അവ രേഖപ്പെടുത്തുകയും മാത്രമല്ല ജോലി. നല്ല വായനാശീലമുള്ളയാള്‍

അയാളോട് അപസര്‍പ്പക വിഭാഗത്തില്‍ പെടുത്താവുന്ന ഒരു കൃതി വേണമെന്ന് പറഞ്ഞപ്പോള്‍ അഗത ക്രീസ്റ്റിയുടെ ഒരു പുസ്തമമാണ് എടുത്ത് നീട്ടിയത്.

”സാറ് പിന്നീട് വരുമ്പോള്‍ തന്നാലും മതി. ഇവിടാരും വായിക്കില്ല. ഇവിടുള്ളവര്‍ക്ക് മുട്ടത്തു വര്‍ക്കിയും വേണ്ട. വേണ്ടത് നമ്മുടെ കോട്ടയം പ്രസിദ്ധീകരണങ്ങളില്‍ വരുന്ന മാതിരിയുള്ള കൃതികളാണ്. ഓരോ അദ്ധ്യായവും അവസാനിക്കുന്നത് ഒരു സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ നമ്മുടെ ചാനലുകളില്‍ സീരിയലുകളായി വരുന്നത് ഇത്തരം നോവലുകളാണ്.”

പുസ്തകം വാങ്ങിയെങ്കിലും ഉറപ്പായിരുന്നു ഈ പുസ്തകം വായിക്കാന്‍ പോകുന്നില്ലെന്ന്. കാരണം ക്ലാസിക്കുകള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ ഇപ്പോള്‍ വീട്ടിലെ ബുക്ക് ഷെല്‍ഫില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നാളൂകളേറെയായി . അവയൊക്കെ ഒന്നു മറിച്ചു നോക്കാന്‍ പോലും പറ്റുന്നില്ല.
രാത്രി ഭക്ഷണം കഴിക്കാന്‍ നേരം സുകുമാരന്‍ തന്നെ ഇങ്ങോട്ട് ആ ചോദ്യമെടുത്തിട്ടു.

” സാറാ രാമങ്കുട്ടീടെ പണിക്കാരിയെ പറ്റി ചോദിച്ചല്ലോ എന്താ കാര്യം?”

സുകുമാരന്റെ വാക്കുകള്‍ പ്രചോദനം നല്കുന്നതായിരുന്നു. എല്ലാം തുറന്നു പറയാനുള്ള ഒരു മനസ്ഥിതി വന്നു ചേര്‍ന്നു. പാണ്ടു പാറ വഴിയുള്ള യാത്രയും പെട്ടന്നു മുന്നില്‍ വന്നു പെട്ട ഒരുവളുടെ പെരുമാറ്റവും സംസാരവും അവളുടെ താമസസ്ഥലത്തേക്കുള്ള യാത്രയുമെല്ലാം സുകുമാരനെ അറിയിച്ചു.

സുകുമാരന്‍ ദീര്‍ഘനേരം എന്തോ ആലോചനയിലാണ്ടു. പറഞ്ഞ കാര്യം വിശ്വാസത്തിലെടുക്കാന്‍ മടിയുള്ളതുകൊണ്ടാണോ എന്നറിയില്ല ഒന്നും മിണ്ടിയില്ല. കുറേ നേറം കഴിഞ്ഞ് മനസില്‍ ആകാംക്ഷ വളര്‍ത്തിക്കൊണ്ട് എഴുന്നേറ്റ് പോവുകയാണുണ്ടായത്.

കിടന്നിട്ടും പ്രയോജനമുണ്ടായില്ല. കുറെ നേറം വായനയിലായിരുന്നു. ഒന്നുറപ്പായി അഗതാക്രിസ്റ്റിയുടെ നോവല്‍ ഇന്നത്തെ അവസ്ഥയില്‍ വായിക്കാന്‍ പറ്റുമോ എന്നു തോന്നുന്നില്ല. തിരിച്ചുകൊടുക്കുകയാണ് നല്ലത്. നാളെ കാലത്തു തന്നെ ഏല്പ്പിക്കാം. പത്രത്തിന്റെ തലക്കെട്ടു മുതല്‍ അവസാനം വരെ ഈ നേരം കൊണ്ട് വായിച്ചു കഴിഞ്ഞിരിക്കുന്നു. മേശപ്പുറത്ത് നിരത്തിയിട്ടിരിക്കുന്ന ബുക്കുകളൂം രജിസ്റ്ററുകളും അങ്ങനെ തന്നെ കിടക്കാന്‍ അനുവദിച്ചു. ഓഡിറ്റ് വര്‍ക്ക് മറ്റുള്ളവരും കൂടി വന്നിട്ടാകാം. അങ്ങനെ വരുമ്പോള്‍ നാളെയും ഇങ്ങനെ തന്നെ കഴിയാനാകും വിധി.

സുകുമാരന്‍ രാത്രി ഭക്ഷണ സമയം ഉണ്ടായില്ല. എന്തെങ്കിലും പുതിയ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു. സുകുമാരന്റെ കുട്ടിക്ക് സുഖമില്ലാത്തതുകൊണ്ട് ആശുപതിയില്‍ പോയിരിക്കുന്നു. നേരത്തെ അറിയാന്‍ പറ്റിയിരുന്നെങ്കില്‍ അവരോടൊപ്പം അങ്ങോട്ടു പോകാമായിരുന്നു. ഇവിടെയീ ഐ ബിയിലെ മുറിക്കകത്തും ഗാര്‍ഡനിലും തന്നെ കുറ്റിയടിച്ചത് പോലെ ഇരുന്നതുകൊണ്ടാണ് ഇങ്ങനെ വന്നത്.

രാത്രി ഭക്ഷണം വിളമ്പിയത് സുകുമാരന്റെ സഹായിയായി നില്‍ക്കുന്നയാളാണ്. രാത്രി ഭക്ഷണം ഒരു ചടങ്ങു പോലെ കഴിഞ്ഞു. കിടക്കാന്‍ പോകുന്നതിനു മുമ്പ് എന്തെങ്കിലും വായിക്കണമെന്ന ആഗ്രഹം നേരത്തെ മാറ്റി വച്ചു. സാധാരണ ഓഡിറ്റിംഗിനു പോകുമ്പോള്‍ ഏതെങ്കിലും ഒന്നു രണ്ടു കനപ്പെട്ട പുസ്തകങ്ങള്‍ എടുക്കക പതിവാണ്. പക്ഷെ രാത്രി സമയം യാത്ര കണ്ണിമംഗലം പാണ്ടു പാറ വഴിയാവണമെന്നും അത് നടന്ന് തന്നെ വേണമെന്നും തോന്നിയതുകൊണ്ടു മാത്രം ഒന്നും കൊണ്ടു വരാതെയാണു പോന്നത് അതിന്റെ ശിക്ഷ ഇതാ ഇപ്പോഴനുഭവിക്കുന്നു.

എങ്കിലും മുന്‍പു കണ്ട പല സിനിമകളുടെയും ദൃശ്യങ്ങള്‍ കടന്നു വന്നത് താലോലിച്ചു കൊണ്ടു കിടന്നു.
`

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English