ഒരു ദേശം കഥ പറയുന്നു – അധ്യായം പന്ത്രണ്ട്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു
  2. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം -രണ്ട്
  3. ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മൂന്ന്

 

novel-12കഥ ഇവിടം കൊണ്ടും തീരുന്നില്ല. കഥയുടെ അന്തരീക്ഷം കണ്ണിമംഗലം പാണ്ടുപാറ കല്ലാല വിട്ട് ഇത്തവണ മഞ്ഞപ്രയില്‍ നിന്നും അയ്യമ്പുഴ വഴിക്കുള്ള റൂട്ടാണെന്നു മാത്രം.

പത്തു വര്‍ഷം മുമ്പുള്ള ഒരന്തരീക്ഷം അനാവരണം ചേയ്യേണ്ടിയിരിക്കുന്നു. ആദ്യമായി കാലടി പ്ലാന്റേഷനിലേക്ക് അയ്യമ്പുഴ വഴി അങ്കമാലിയില്‍ നിന്നും വന്ന സമയം.

കോട്ടയത്തു നിന്നും വണ്ടി വരുമെന്നു അറിയിച്ചെങ്കിലും അതിനു കാത്തു നില്ക്കാതെ അങ്കമാലിയില്‍ നിന്ന് മഞ്ഞപ്ര വഴിയുള്ള ബസിനാണു കയറിയത്. മഞ്ഞപ്ര എത്തുന്നതിനു മുന്നേ ചന്ദ്രപ്പുരയില്‍ ബസ് തിരിയുമ്പോള്‍ ഓരോ ബസ്സ് റൂട്ടിനും വിചിത്രമായ പേരുകള്‍. പേര് പ്രാദേശികമായ ഏതെങ്കിലും ഒരു സംഭവത്തില്‍ നിന്നോ സഥലത്തെ ഒരു സ്ഥാപനത്തിന്റെ പേരിലാണെന്നോ ഊഹിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ അത് ചീത്തപ്പേര് കേള്‍പ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിലാവാനും മതി

ചന്ദ്രപ്പുര കഴിഞ്ഞ് മഞ്ഞപ്രയില്‍ നിന്ന് പ്ലാന്റേഷനിലേക്കു തിരിയുന്ന കവലയുടെ പേര് ‘പുല്ലത്താന്‍’ കവല. പുല്ലത്താന്‍ എന്നത് ഒരു വീട്ടു പേരാണ്. അല്പ്പ സ്വല്പ്പം ചട്ടമ്പിത്തരവും ചീട്ടുകളിയും സൊറ പറച്ചിലുമുള്ള കുറെ ചെറുപ്പക്കാരുടെ സങ്കേതം കൂടിയാണ്. വഴിയേ പോകുന്ന പെണ്ണുങ്ങളെ കളിയാക്കുന്ന ജോലിയേ അവര്‍ക്കുള്ളു. വീട്ടില്‍ തൊഴിലില്ലാതെ ഇരിക്കുമ്പോള്‍ പ്രായം ചെന്നവരുടെ ശകാരം കേള്‍ക്കാതെ വന്നിരിക്കാന്‍ പറ്റിയ ഒരിടം. ഒരു സ്പോര്‍ട്സ് ക്ലബ്ബിന്റെ പേര് കടയ്ക്കുണ്ട്. ‘പുല്ലത്താന്‍ വറീത് മേമ്മോറിയല്‍ സ്പോര്‍ട് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ്’ വല്ലപ്പോഴും കുറെ പേര്‍ വട്ടം ചേര്‍ന്ന് പീടിക മുറിക്കകത്തെ ഒരു ബെഞ്ചിന്റെ പുറത്തു വച്ചിട്ടുള്ള കാരംസ് ബോര്‍ഡും ചുറ്റിനും സ്റ്റൂളിലും ബെഞ്ചിലുമായിരുന്ന് ചീട്ടു കളിക്കുന്ന കുറെ ചെറുപ്പക്കാര്‍ അത് കണ്ട് നില്ക്കാനും കളിയുടെ ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിക്കാനുമായി കുറെ കാഴ്ചക്കാര്‍. കാരംസ് കളീ മാത്രം അവിടെ കണ്ടിട്ടില്ല . പ്രായേണ നിരുപദ്രവമാണു കവല. പക്ഷെ രണ്ടു ഫര്‍ ലോംഗ് കിഴക്കോട്ട് ചെല്ലുമ്പോള്‍ അതല്ല സ്ഥിതി. അവിടെ വാറ്റ് ചാരായത്തിന്റെ ബിസിനസ്സുള്ള അവറാന്റെ ചെറിയൊരു വീട്. ആ ബസ്റ്റോപ്പിനു വന്നത് വിചിത്രമായൊരു പേര്. ‘ അവറാന്റെ വാറ്റ് കവല’ കവല സജീവമാകുന്നത് ഉച്ചകഴിഞ്ഞ നേരത്താണ്. വീടിനു മുന്നിലെ വരാന്തയില്‍ ഒരു ബഞ്ചും ഡസ്ക്കും. ഡസ്ക്കിനു പുറത്ത് കുറെ ചില്ലുഭരണിയില്‍ മിഠായിയും ബിസ്ക്കറ്റും നുറുക്കും. പിന്നെ കുറെ സോഡാക്കുപ്പികളൂം ഗ്ളാസും. ഭരണികളില്‍ വേറൊരു ഭാഗത്ത് ബീഡി സിഗരറ്റ് നാരങ്ങാവെള്ളം ഇവ. ഒരു അലൂമിനിയം കലത്തില്‍ കുറെ വെള്ളം. പക്ഷെ ഈ കച്ചവടം ഉച്ചവരെയേ ഉള്ളു. അതും നാമമാത്രമായി. സന്ധ്യയാവുന്നതോടെ കവലക്കു ജീവന്‍ വയ്ക്കുകയായി. പിന്നെയൊക്കെ കേള്‍ക്കാനാവുന്നത് കുറയൊക്കെ പൂരപ്പാട്ടും തെറിവിളിയും ഒക്കെയാണ്. ഇവിടെ എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാത്ത ഗൃഹനാഥന്‍ അവറാന്‍ വല്ലപ്പോഴും വന്നാലായി. അവറാന്റെ മക്കളണ് ബിസിനസ്സ് മുന്നോട്ടു കൊണ്ടു പോകുന്നത്. ഇടക്കൊരു പോലീസ് കേസില്‍ പെട്ട് കാലടി പോലീസ് സ്റ്റേഷനിലെ കുറെ തല്ലും തൊഴിയുമേറ്റ അവറാന്‍ കുറെ നാളത്തേക്ക് കിടപ്പിലായെങ്കിലും ഒരു മാസം കഴിഞ്ഞ് എഴുന്നേറ്റ് വന്നതുകൊണ്ട് അവറാനു മാത്രമല്ല കവലക്കും ജീവന്‍ വച്ചു. ഇതൊക്കെ പഴയ കഥയാണ്. ഇപ്പോള്‍ മക്കളാണ് വാറ്റ് ചാരായത്തിന്റെ ബിസിനസ്സ് നടത്തുന്നത്.

മക്കളില്‍ പെണ്ണിനെ കെട്ടിച്ചു വിട്ടതാണെങ്കിലും ബന്ധമെല്ലാം ഉപേക്ഷിച്ച് ഇപ്പോള്‍ ആങ്ങളമാരെ സഹായിക്കുന്നു. കറിവെച്ചു കൊടുക്കുന്ന ജോലിയാണ് സാറാമ്മക്ക്. പിന്നെ പ്ലാന്റേഷനില്‍ നിന്നു കൂപ്പ് ലോറികള്‍ വരുമ്പോള്‍ ഒരൊളിത്താവളമായി ഇവിടം മാറാറുണ്ടെന്നാണ് കേള്‍വി. ഏതായാലും ബസ്റ്റോപ്പിനു അവറാന്റെ വാറ്റുകവല എന്നത് അംഗീകരിക്കപ്പെട്ട പേരായി മാറി.

പിന്നെത്തെ കവലക്കു വന്ന പേര് ‘കോടാലി’ എന്നാണ് കോടാലിയും ബസ്റ്റോപ്പും തമ്മിലുള്ള ബന്ധമെന്താണെന്ന് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാനാര്‍ക്കും കഴിഞ്ഞിട്ടില്ല.

പിന്നത്തെ ബസ്റ്റോപ്പിനു വീണു കിട്ടിയ പേര്‍ ‘അമ്മിണിക്കവല’ അമ്മിണീ പണ്ട് പ്ലാന്റേഷനില്‍ പണിക്കു പോയിരുന്നു. അവിടെ കൃഷി ഓഫീസറായി ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍‍ നിന്ന് ഡെപ്യൂട്ടേഷനായി വന്ന റേഞ്ചര്‍ ഗോപാലകൃഷണപിള്ളയുടെ ആളായിട്ടാണ് അമ്മിണി അറിയപ്പെട്ടിരുന്നത്. ഗവണ്മെന്റ് റബ്ബര്‍ പ്ലാന്റേഷന്‍ ഒരു കമ്പനിയായി മാറിയപ്പോള്‍ ഡപ്യൂട്ടേഷനില്‍ വന്ന റേഞ്ചര്‍ ഗോപാലപിള്ളക്ക് രണ്ടു വര്‍ഷം മാത്രമേ തുടരാന്‍ കഴിഞ്ഞുള്ളു. പിന്നീട് ഗോപാലപിള്ള പഴയ ലാവണത്തിലേക്കു മടങ്ങിപ്പോയതോടെ അങ്ങേരുടെ ഔദാര്യത്തില്‍ മാത്രം പ്ലാന്റേഷനില്‍ ജോലി ചെയ്ത അമ്മിണിയുടെ ജോലിയും നഷ്ടപ്പെട്ടു. റേഞ്ചറുടെ എസ്റ്റേറ്റ് ക്വോര്‍ട്ടേഴ്സില്‍ അടുക്കളപ്പണിയും വീട്ടുപണിയുമൊക്കെ ചെയ്തിരുന്നത് ഔദ്യോഗിക രേഖകളില്ലാതെയാണ്. ഇപ്പോള്‍ അത്യാവശ്യം കൂലി വേലയുമൊക്കെയായി കഴിയുന്നു. റേഞ്ചര്‍ സമ്മാനിച്ചതാണെന്നു പറയുന്ന ഒരാണ്‍കുട്ടിയും അമ്മിണീയുടെ കൂടെയുണ്ട്. എങ്കിലും ഇപ്പോള്‍ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാത്തതുകൊണ്ട് ആരും പരദൂഷണം പറയുന്നില്ല.

വീണ്ടും വരുന്നു അടുത്ത ബസ്റ്റോപ്പ്. ഇത്തവണ മഞ്ഞപ്രയിലുള്ള പള്ളിയുടെ ഒരു കുരിശുപള്ളിയാണ്. പക്ഷെ ബസ്റ്റോപ്പിനു വീണു കിട്ടിയ പേര്‍ ‘ ദൈവത്തിന്റെ പടി’ യെന്നാണ്. ബസിവിടെ വരുമ്പോള്‍ ചിലര്‍ അവിടെ കുരിശുപള്ളിക്ക് മുന്നിലെ കാണിക്ക വഞ്ചിയില്‍ നാണയമിട്ട് കുരിശു വരക്കാറുണ്ട്. വീണ്ടും രണ്ടു വളവ് കഴിയുന്നതോടെയുള്ള പിന്നത്തെ ബസ്സ് സ്റ്റോപ്പിനു വീണു കിട്ടിയ പേര് ‘പിശാചിന്റെ കവല ‘ എന്നാണ് ആ പേര് എങ്ങിനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല.

മഞ്ഞപ്ര ഗ്രാമത്തിന്റെ അതിര്ത്തി കടന്ന് അയ്യമ്പുഴ എത്തുന്നതിനു മുന്നേ വേറൊരു പേര് കുറെ ക്കൂടി വിചിതമായ പേര് ‘ കണ്ടു കുളിക്കടവ്’. ബസിലെ കിളി വിളിച്ചു പറയുന്ന വാക്കുകളിങ്ങനെ ”കണ്ടു കുളിക്കടവ് – കണ്ടു കുളിക്കടവ് ആളിറഞ്ഞാനുണ്ടോ?”

ബസിലിരുന്ന് താഴോട്ടു നോക്കുന്ന ആര്‍ക്കും ആ ദൃശ്യം കാണാന്‍ കഴിയും. റോഡിനു സമാന്തരമായൊഴുകുന്ന തോട്. കുറച്ചു ദൂരെ മാറി വളവിനോടു ചേര്‍ന്നുള്ള കലുങ്കിനു താഴെ കുളിക്കടവ്. ഒരു വശത്തുള്ള കടവില്‍ സ്ത്രീകളും അടുത്തുളള കടവില്‍ പുരുഷന്മാരും പരസ്പരം കണ്ടു കൊണ്ടുള്ള കുളി. അന്വേഷണത്തില്‍ ബസിലെ ഒരു യാത്രക്കാരന്‍ പറഞ്ഞ വിവരം കുറച്ചൊക്കെ അതിശയോക്തി കലര്‍ന്നതാണെന്നു തോന്നാമെങ്കിലും വാസ്തവികതയുടെ അംശം ഏറെയുണ്ട്.

തുടരും

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English