ഞാനൊരു പാടല്‍ നിര്‍ത്താ ഗാനം

images-5

വീണുകേണു ഞാന്‍ “ജഗദംബേ!
എന്‍റെ സിരയില്‍ ഞരമ്പില്‍ തൊലിയിലേറൂ
പാടൂ പാടൂ അവിരാമം പാടൂ”

എപ്പഴും എന്നുംപോല്‍ പൂഞ്ചിരിച്ചാളെന്‍റെയമ്മ
കൈപ്പിടി ഒരിക്കലും അയക്കാത്തൊരെന്‍റെയമ്മ
പാടാനിരിക്കുന്നു ഞാനതിനാല്‍
സ്വയമലിഞ്ഞിതാ സര്‍വ്വവും മറന്ന്

ഒരുഷ്ണസന്ധ്യയില്‍
ചെമ്മാനക്കീഴില്‍
നാടന്‍ വിസ്തൃതവിശാലങ്ങളില്‍
മയങ്ങും തെങ്ങുകളുടെ കേശഭാരത്തില്‍
പടിഞ്ഞാറന്‍ കാറ്റുകള്‍ തലോടവെ

ആ കാറ്റുകളിലൊരാര്‍ദ്രതയുണ്ട്
വരും കാലവര്‍ഷത്തിന്‍ സുഗന്ധം
പാടൂ പടിഞ്ഞാറന്‍ കാറ്റേ
പാടൂ ഏകാന്തകിളിയേ
മുട്ടയിടാന്‍ കൂടുതേടുമെന്നോമലേ
നാളത്തെ ശോണോദയത്തില്‍
ആ മുട്ട പൊട്ടിയൊരു മഹാഗാനമായ്‌
ചിരീച്ചീടാന്‍, പ്രപഞ്ചത്തെ രമിപ്പിക്കാന്‍

ഈ വിശ്വമെത്ര മോഹനം മനോഹരം
അത് കാണാന്‍ കണ്ണുകളേനിക്കേകൂ ജഗദംബേ!
തരൂ നിന്‍റെ പാടിത്തീരാ ഗാനങ്ങള്‍
എണ്ണിത്തീരാ രാഗങ്ങളിലാലപിച്ചു
മൃതിയടയാനലിയുമൊരു ഹൃദയം

പാടാനറിയാത്ത പാട്ടുകാരന്‍ ഞാന്‍
എങ്കിലുമെന്നശക്തമാം
സ്വരതന്ത്രികളില്‍ ഗാനമഞ്ജരി ത്രസിക്കുന്നു
എന്‍റെ ചിന്തതന്‍ മൂകവ്യോമങ്ങളില്‍
കിളിതന്‍ കൊഞ്ചലില്‍
പൊട്ടിവിടരുമണ്ഡത്തില്‍
കൂടിനു കാവല്‍ നില്‍ക്കും താരകങ്ങളില്‍

നിന്നെപ്പോലാരുമില്ല വാണിമാതാവേ
എന്‍റെ സ്വരനാളപാളികള്‍ അശക്തമാകിലുമമ്മെ
പാടട്ടെ ഞാന്‍ പാടിടട്ടെ
പാടാന്‍ കഴിവുള്ള സര്‍വ്വത്തിലൂടെയും
പാട്ടുകള്‍ തോരാതെ പാടും
അനുഗ്രഹീതമാം ഓരോന്നിലുമൊഴുകും
വിശ്വമൊരു മഹാഗാനം
മഹാനാദപ്രപഞ്ചം
പാടുന്നത് കാടയാകിലും
ഒരു കോകിലമാകിലും

ആരുപറഞ്ഞു പാടാനെനിക്കാകില്ലെന്ന്
ഞാനാകും സര്‍വ്വവും ഒരു പാട്ടായി പാടിനില്‍ക്കവെ
ഞാനൊരു പാടല്‍ നിര്‍ത്താ ഗാനമായ് പാടിനില്‍ക്കവെ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിലാവായ നാദിറ
Next articleകൂടുമാറ്റം
മഠത്തിൽ രാജേന്ദ്രൻ നായർ
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English