സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തൊട്ടുകളിക്കാൻ ആരും വളർന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി ജി. സുധാകരൻ. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും കരുത്തനായ നേതാവും സംഘാടകരിൽ ഒരാളുമാണ് പിണറായി. മുഖ്യമന്ത്രിയെ ഭരിക്കാനനുവദിക്കാതെ പാർട്ടി നിയന്ത്രിച്ചു നിർത്തുന്നുവെന്ന മഞ്ഞളാംകുഴി അലിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് അലിയുടെ ശ്രമമെങ്കിൽ അത് മുഖ്യമന്ത്രിയ്‌ക്കു തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മറുപുറം ഃ ഇങ്ങനെ സാധാരണ ആളുകൾക്ക് തൊട്ടുകളിക്കാനും വിമർശിക്കാനും പറ്റാത്ത ജന്മങ്ങളെയാണോ സഖാവേ ഈ ‘ആൾ ദൈവങ്ങൾ’ എന്നു പറയുന്നത്. കൂടുതൽ വിശദീകരണത്തിന് കെ.ഇ.എന്നിനെ തേടാം. ഇനിയിപ്പോ പിണറായിക്കു പ്രഭാതപൂജയും ഉച്ചപ്പൂജയും പിന്നെ ദീപാരാധനയും നടത്തി അസ്സൽ ഒരു വിപ്ലവഗാനം ഹരിവരാസനം മോഡലിൽ പാടി നമുക്ക് ആരാധന തുടങ്ങാം. മുട്ടിനുമുട്ടിന് പാർട്ടി യോഗങ്ങൾക്കു പകരം യാഗവും ഹോമവും നടത്താം.
മഞ്ഞളാം കുഴി അലിയെന്ന ബിസിനസുകാരനായ എം.എൽ.എ പറയുന്നത് ആ വഴിക്കു പോകട്ടെ…നമ്മൾ പ്രവർത്തിച്ചല്ലേ മറുപടി കാണിക്കേണ്ടത്. അല്ലാതെ മുരണ്ടിട്ടല്ലല്ലോ…പ്ലീസ് പിണറായിയെ ചില്ലിട്ട് വയ്‌ക്കരുതേ…
Generated from archived content: new2_feb13_07.html
Click this button or press Ctrl+G to toggle between Malayalam and English