പുളളുവക്കുടത്തിന്റെ നിർമ്മാണരീതി

1. കഴുത്തുവളളി 2. വായ. 3. തൊക്ക്‌. 4. ഇല്ലി (താങ്ങ്‌ വാറ്‌) 5. ഇലമ്പ്‌ (കൊട്ടുവാറ്‌) 6. കുടത്തിൻ കുഴൽ (മുളയോ ഓടയോ) 7. നൊമ്പലപ്പടി (കവുങ്ങ്‌) 8. മൂടുഭാഗം 9. തോല്‌ (പശു) 10. പുതവാറ്‌ (21 എണ്ണം) 11. വായണം (പുളി, പ്ലാവ്‌ കാതൽ)

കളിമണ്ണുകൊണ്ട്‌ കുശവൻമാർ (കുംഭാരൻമാർ) നിർമ്മിക്കുന്ന പുളളുവക്കുടത്തിന്‌ വ്രതാനുഷ്‌ഠാനമുണ്ട്‌. കുടത്തിന്റെ നിർമ്മാണത്തിന്‌ ഏഴുദിവസംമുൻപ്‌ കുളിയും നോൽമ്പും വേണം. മത്സ്യം, മാംസം എന്നിവയും സ്‌ത്രീകളുമായുളള ശാരീരികബന്ധങ്ങളും പാടില്ല. പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന പുളളുവക്കുടത്തിന്‌ ശരിയായ വില പറയുവാൻ പാടില്ല. പുളളുവന്‌ കുടം കൈമാറുന്ന സമയത്ത്‌ കുശവൻ അനുഗ്രഹിച്ച്‌ കൈമാറ്റം ചെയ്യണം. ആ സമയത്ത്‌ വെറ്റിലയിൽ ദക്ഷിണവും മുണ്ടും പുളളുവൻ കൊടുക്കും.

കുടവുമായി വീട്ടിലെത്തിയ പുളളുവൻ സന്ധ്യാസമയത്ത്‌ കരിംകുട്ടി, പറക്കുട്ടി, മൺമറഞ്ഞുപോയ കാരണവർ എന്നിവർക്ക്‌ കളളും തവിടും വയ്‌ക്കുകയും ശേഷം കുടത്തിന്റെ മൂടുഭാഗം ദ്വാരം തുളയ്‌ക്കുകയും ചെയ്യും. വായവട്ടം മൂടുകുത്തിയ ഭാഗത്ത്‌ ചെണ്ടവട്ടത്തിനേക്കാളും കുറച്ചുകൂടി വലിപ്പമുളള 21 ദ്വാരം (നത്ത്‌കണ്ണ്‌) തുളച്ച്‌ വെളളത്തിൽ കുതിർത്തിയ പശുവിൻതോൽ പുതയ്‌ക്കുകയും ദ്വാരത്തിൽ കൂടി പശുവിൻതോൽ ഒരുവിരൽ കനത്തിൽ വെട്ടിയെടുത്ത ‘പുതയ്‌ക്കുന്ന വാർ’ കുടത്തിന്റെ കഴുത്തിൽ വട്ടത്തിൽ ഇടുന്ന കഴുത്ത്‌ വളളിയുമായി ബന്ധിപ്പിക്കുകയും മുഖത്തോടുമുഖം നോക്കിയിരിക്കുന്ന സഹായിയുമായി കാലിനു മുകളിൽവച്ച്‌ വലിച്ചുമുറുക്കുകയും ചെയ്യുന്നു. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പ്രവൃത്തിയാണിത്‌. അല്പം അശ്രദ്ധ, കുടം പൊട്ടുവാൻ ഇടവയ്‌ക്കും.

വലിച്ചുമുറുക്കിയ കുടത്തിന്റെ മൂടുഭാഗത്ത്‌ ചെറിയ ഒരു ദ്വാരം ഇടുകയും അതിൽകൂടി തോൽ പിരിച്ചെടുത്ത കൊട്ടുവാറ്‌ ഇടുകയും കുടത്തിന്റെ ഉളളിൽ കൊട്ടുവാറ്‌ പുറത്തേയ്‌ക്ക്‌ വരാതിരിക്കുവാൻ ഉളളുവായണം-തോലിന്റെ ഒരു കഷ്‌ണംകൊണ്ട്‌ തടയുകയും ചെയ്യുന്നു. പുറത്തേയ്‌ക്ക്‌ തൂങ്ങിനിൽക്കുന്ന കൊട്ടുവാറിനെ താങ്ങ്‌വാറ്‌ താങ്ങി നിർത്തുന്നു. വലിച്ചുമുറുക്കിയ കുടത്തിന്റെ കഴുത്തുവളളിയിൽ പുളളുവന്റെ ചുമലിൽ തൂക്കിയിടാൻ തരത്തിൽ തൊക്ക്‌-കഴുത്തുവളളി-കെട്ടുകയും ചെയ്യുന്നു. തൂങ്ങിനിൽക്കുന്ന വാറിന്റെ അറ്റത്ത്‌ കുടത്തിൻകുഴൽ കെട്ടുകയും അതിനുളളിൽ (ഞരമ്പ്‌) മുളയുടെ കഷ്‌ണത്താൽ കുടത്തിൻ കുഴൽ ഊരിപോരാതെ നിർത്തുകയും ചെയ്യുന്നു. പുതച്ചതോൽ ഉണങ്ങുന്നതോടെ കുടത്തിന്റെ പണി പൂർത്തിയായി. കുടത്തിന്റെ തോറ്റം ഇതാണ്‌.

ശീമാൻ കടവിൽ കിടക്കും

പന്തീരുനാഴികൊണ്ട്‌ കലശപ്പാനി

അതിറ്റാലൊന്നു കൊണ്ടുവന്ന്‌

വായവട്ടം മൂടുകുത്തി കറ്റക്കിടാവിൻ

തോലിട്ടു പുതച്ച്‌ ഇരുപത്തൊന്നു വാറിട്ടു

മുറുക്കി ഇല്ലി, ഇലമ്പ എന്നീ രണ്ടു വാറിട്ടു

കൊട്ടി എന്റെ നാമം ഉച്ചരിച്ചാൽ

ഞാൻ പ്രസാദിച്ചുകൊളളാം

എന്ന്‌ അഞ്ജനമണിനാഗത്തിന്റെ വരം.

നാഗവീണ

പ്ലാവ്‌, കുങ്കുമം (അലറിപ്പാല), ചെന്തൂരി ഏതെങ്കിലും മരത്തിന്റെ കിണ്ണവും വീണക്കൈയ്യും കടഞ്ഞെടുക്കുകയും കിണ്ണത്തിന്റെ വായഭാഗത്ത്‌ പൊന്നുടുമ്പിന്റെ തുകൽ ഉപയോഗിച്ച്‌ മൂടുകയും പനഞ്ചി എന്ന കായയിൽ നിന്നുമെടുക്കുന്ന പശ ഉപയോഗിച്ച്‌ ഒട്ടിക്കുകയും കൂടുതൽ മുറുക്കത്തിനായി കിണ്ണത്തിന്റെ പിൻഭാഗത്തേയ്‌ക്ക്‌ വലിച്ച്‌ കെട്ടുകയും ചെയ്യുന്നു. കിണ്ണത്തിനേയും വീണയേയും തമ്മിൽ കാമ്പ്‌ കോൽ കൊണ്ട്‌ ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാഗവീണയിൽ കെട്ടുന്ന ചരട്‌ നാഗചിറ്റമൃത്‌ വലിച്ചെടുത്ത്‌ നെല്ലിലിട്ട്‌ വേവിയ്‌ക്കുകയും പാകമായാൽ എടുത്ത്‌ ചെളിയിൽ പൂഴ്‌ത്തിവയ്‌ക്കുകയും പത്ത്‌ പതിനഞ്ച്‌ ദിവസങ്ങൾക്കുശേഷം പുറത്തെടുത്ത്‌ കഴുകി നാരുകൾ ഉണക്കിവയ്‌ക്കുകയും 7,14,21 എന്നീ ക്രമത്തിൽ നാരുകൾ പിരിച്ചെടുത്ത്‌ വീണയുടെ കിണ്ണത്തിന്റെ കാമ്പുകോലിൽ കോർത്ത്‌ വീണകയ്യിന്റെ അഗ്രഭാഗത്തായുളള ശങ്കീരിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വീണക്കോല്‌ കവുങ്ങിന്റെ പൊളിയിൽ തീർത്തതാണ്‌. ഉഴിഞ്ഞ്‌ ഭംഗി വരുത്തിയ കോലിൽ ഒരു ഭാഗത്ത്‌ ചിലമ്പ്‌ ഉറപ്പിക്കുകയും അതിനുതൊട്ടു താഴെചെമ്പിന്റെ മോതിരവുമായി പ്രത്യേകതരത്തിൽ കെട്ടിയ നാഗചിറ്റാമൃതിന്റെ നാരുകൾ മറുതലയുമായി വലിച്ച്‌ കെട്ടുകയും ആ നാരുകൾ കെട്ടിയ വീണക്കോലുപയോഗിച്ച്‌ വീണ മീട്ടുകയും ചെയ്യുന്നു.

1. ഉടുമ്പിൽ തോൽ 2. നാഗരൂപം കൊത്തുപണി 3. നാഗചിറ്റമൃത്‌ പിരിച്ചടുത്ത ചരട്‌ 4. കുടുമ 5. ശങ്കീരി 6. പ്‌ളാവുതടി 7. വീണക്കയ്യ്‌ 8. വീണക്കിണ്ണം 9. വീണപ്പൂള്‌ 10. കാമ്പ്‌ കോൽ 11. ചിലമ്പ്‌ 12. വീണക്കോൽ 13. കവുങ്ങിൻ കഷ്‌ണം 14. നാഗചിറ്റമൃത്‌ വലിച്ചു കെട്ടിയ ചരട്‌ 15. ചെമ്പുമോതിരം

Generated from archived content: aug7_kaivela.html Author: sudheer_mulloorkkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English