ജലവിനിയോഗത്തിന്റെ നാട്ടറിവുകൾ

വേനൽക്കാലം കുളത്തിലേയും പുഴയിലേയും വെളളം താഴോട്ടിറങ്ങുമ്പോൾ വെളളം ശുദ്ധീകരിക്കുന്നതിനും ദാഹം തീർക്കുന്നതിനും പല നാട്ടുമാർഗങ്ങളും സ്വീകരിച്ചിരുന്നു. കൂപശാസ്‌ത്രങ്ങളും ഭൂമിജാതകങ്ങളും എഴുതപ്പെട്ടത്‌ ജനവിനിയോഗത്തിന്റെ ഈ നാട്ടറിവുകളെ അടിസ്‌ഥാനമാക്കിയാണ്‌. കുളത്തിലെ വെളളം സ്വാഭാവികമായി ശുദ്ധീകരിക്കുന്നത്‌ മത്സ്യങ്ങളും ആമകളും മറ്റു ജലജീവികളുമാണ്‌. സൂര്യതാപമേറ്റ്‌ ജലം ആവിയായി പോകാതിരിക്കുന്നതിന്‌ താമര, ആമ്പൽ എന്നിവ വളർത്താറുണ്ട്‌. കുളത്തിലേക്കുളള ചെളിവെളളമോ അഴുക്കു വെളളമോ ശുദ്ധീകരിക്കുന്നതിന്‌ കൈത, അമ, രാമച്ചം എന്നീ സസ്യങ്ങൾ ആ ഭാഗത്ത്‌ നട്ടുകൊടുക്കുന്നു. ധാരാളം വേരുകളുളള ഈ സസ്യങ്ങൾ വെളളം ശുദ്ധീകരിക്കുന്നു. വെളളം വറ്റാൻ തുടങ്ങിയാൽ ഉറവകൾ ശരിയാക്കുന്നതിന്‌ ചെളിയെടുത്തു മാറ്റുന്നു. കുളങ്ങളും കുളങ്ങളും തമ്മിൽ ഉറവബന്ധമുണ്ടെന്ന്‌ നാട്ടുകാർ വിശ്വസിക്കുന്നു. കൂടൽമാണിക്യത്തിലെ കുളത്തിൽനിന്ന്‌ ചിറങ്ങര കുളത്തിലേക്ക്‌ ഉറവയുണ്ടത്രേ. കിഴക്കുഭാഗത്ത്‌ കുളങ്ങളുളള ഭൂമി ഐശ്വര്യം നിറഞ്ഞതാണ്‌. വേളളിലം, നീരോലി, പാറോത്ത്‌, കൈത തുടങ്ങി അനവധി സസ്യങ്ങൾ ചുറ്റുമുളള കുളങ്ങൾ എന്നും നിലനിൽക്കും.

കിണറ്റിലെ വെളളം വറ്റുമ്പോൾ കിണർവൃത്തിയാക്കാനുളള സമയമായി. ചേറെടുത്തുമാറ്റി കരു ശരിയാക്കണം. ഓരോ വർഷം കഴിയുംതോറും ജലാംശം താഴോട്ടിറങ്ങുകയാണെന്ന്‌ പഴമക്കാർ പറയുന്നു. കിണറ്റിലെ വെളളം ശുദ്ധീകരിക്കാൻ കരി, മണൽ, ബ്രഹ്‌മി, വെളളാരംകല്ല്‌ എന്നിവ ഇടാറുണ്ട്‌. ബ്രഹ്‌മിയിട്ടാൽ വെളളം നന്നാവുകയും തണുപ്പുണ്ടാവുകയും ചെയ്യും. വെളളം നന്നേ അടിയിൽപ്പോയാൽ ഇരുമ്പ്‌ ബക്കറ്റ്‌ മാറ്റി പാളേം കയറും ഉപയോഗിക്കുക കലങ്ങാതെ കോരാം. കിണറ്റിൽ നെല്ലിപ്പടി കെട്ടുന്നത്‌ വേനൽകാലത്താണ്‌. കറകളഞ്ഞ നെല്ലിമരം 12 ഇഞ്ച്‌ കനത്തിൽ വളച്ച്‌ പലകയുണ്ടാക്കുന്നു. വക്കുളള കിണറ്റിലാണ്‌ നെല്ലിപ്പടിയിടുക. വക്കിനും നെല്ലിപ്പടിക്കും ഇടക്ക്‌ മണൽ നിറക്കും. അതിനു മുകളിൽ വെട്ടുകൽ കെട്ടുന്നു. ജലശുദ്ധീകരണത്തിനുളള ഈ നാട്ടറിവ്‌ തീരെ അപ്രത്യക്ഷമായിട്ടില്ല. പാലക്കാട്ടെ മലമ്പുഴയിലും മറ്റും ആശാരിമാർ ഇന്ന്‌ നെല്ലിപ്പടി അളവനുസരിച്ച്‌ പണിയുന്നുണ്ട്‌. ‘ക്ഷമയുടെ നെല്ലിപ്പടി കാണുക’ എന്ന ചൊല്ലുതന്നെ ഈ പാരമ്പര്യരീതിയെ ഓർമ്മിപ്പിക്കുന്നു. നെല്ലിമരം വെളളത്തിന്‌ തണുപ്പുനൽകുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശുദ്ധജലം എടുക്കാത്ത കിണറ്റിൽ കശുമാവും ഉപയോഗിക്കുന്നവരുണ്ട്‌. നെല്ലിപ്പടിക്ക്‌ 8 വിരൽ വീതിയുണ്ടാകണം, 4 വിരൽ കനവും. വെട്ടുകല്ല്‌ വെറുതെ അടുക്കിവെച്ച്‌ ചീള്‌കുത്തി ഉറപ്പിക്കുകയേയുളളൂ. കരുക്കളിലൂടെ വരുന്ന വെളളത്തെ മണലും വെട്ടുകല്ലും നെല്ലിയും ശുദ്ധീകരിക്കുന്നു. എന്നാൽ ഇന്ന്‌ കോൺക്രീറ്റ്‌ സ്ലാബുകളാണ്‌ ഇറക്കുന്നത്‌. അത്തരം കിണറിന്‌ തണുപ്പുണ്ടാകുകയില്ല. കാർത്തിക ഞാറ്റുവേലയിലാണ്‌ കിണറ്‌ കുത്തേണ്ടത്‌. കാർത്തികയിൽ വെളളം കാണുന്ന കിണർ ഒരുകാലത്തും വറ്റുകയില്ലത്രേ. കാർത്തികക്കാലിൽ കാക്കക്കാൽ മഴപെയ്‌താൽ മുക്കാലിൽ മുക്കുമത്രെ. കിണറിൽ ചേറെടുക്കാനിറങ്ങുമ്പോൾ വായുസഞ്ചാരത്തിന്‌ തൂപ്പുകെട്ടി വലിക്കാറുണ്ട്‌. കിണറിൽ പലതരം വായുക്കളുണ്ട്‌. അതു നോക്കിയേ കിണറ്റിൽ ഇറങ്ങാവൂ. വായു സഞ്ചാരം ക്രമീകൃതമാക്കുന്നതിന്‌ ഇടക്ക്‌, വെളളം കോരുകതന്നെ വേണം. കിണറു കുത്തുമ്പോൾ കന്നി-മീനം രാശികളിലാണ്‌ കിണറിന്റെ സ്‌ഥാനം കാണേണ്ടത്‌. ദേശത്തെ മൂത്താശാരിമാർ ജലാധിക്യമുളള സ്‌ഥലം പല മാർഗങ്ങളിലൂടെ കണ്ടെത്തുന്നു. നാളികേരമുടച്ചും സ്വർണ്ണമാല ഉപയോഗിച്ചും ജലഭൂമി നിർണ്ണയിക്കുന്നു. കൊന്ന, കരിങ്ങാലി, നെല്ല്‌, പ്ലാവ്‌, വെളളിലം, പാറോത്ത്‌ എന്നീ വൃക്ഷങ്ങൾ നില്‌ക്കുന്നിടത്ത്‌ ജലമുണ്ടാകും. പരിശുദ്ധ ജലമുളള ഭൂമി ‘ദേവമാതൃക’യാണ്‌. മണ്ണിൽ അഗ്‌നികോണിലോ തെക്കോ പഴയ കിണറോ കുളമോ ഉണ്ടെങ്കിൽ അവയ്‌ക്കരികിലെ വീട്‌ വർജിക്കേണ്ടതാണത്രെ. നാലഞ്ചുകോൽ ആഴത്തിൽ കുത്തിയാൽ ശുദ്ധജലം കിട്ടുന്ന ഭൂമിയാണ്‌ നല്ലത്‌ എന്നും പുല്ലുമുളക്കുന്ന ഭൂമിയിൽ ജലാംശം ധാരാളമാണെന്നും കണ്ടറിവ്‌.

വേനൽക്കാലത്ത്‌ കോരിവെച്ച വെളളം ശുദ്ധീകരിക്കുന്നതിന്‌ പല നാടൻ മാർഗങ്ങളുമുണ്ട്‌. വെളളം പാത്രങ്ങളിൽ കോരിവെച്ച്‌ തെളി ഊറ്റുക. വെളളാരംകല്ലിട്ടുവെച്ചാൽ ചെളി താഴെ അടിഞ്ഞുകൂടും. തേറ്റാമ്പരലും ഇട്ടുവെച്ചാൽ നന്ന്‌. പുതിയ മൺകലങ്ങളിൽ പകർന്ന്‌വെച്ചാൽ തണുപ്പു ലഭിക്കും. ഇതിൽ രാമച്ചം, തുളസി എന്നിവയും ഇടാറുണ്ട്‌. പണ്ട്‌ ‘തട്ടും പാത്രവും’ ഉണ്ടായിരുന്നു. വെളളം ശുദ്ധീകരിക്കാൻ മുകളിലെ തട്ടിൽ കരിക്കട്ട, പിന്നെ മണൽ എന്നിങ്ങനെ. വേനൽക്കാലത്ത്‌ തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക. തിളപ്പിച്ച വെളളത്തിൽ മല്ലി, ചുക്ക്‌, ചപ്പങ്ങ, ജീരകം, തുളസി, ബാർലി, ഞെരിഞ്ഞിൽ എന്നിവയിലേതെങ്കിലും ഒന്നിടുന്നത്‌ നല്ലതാണ്‌. ശരീരത്തിലെ ചൂടുകുറയ്‌ക്കാൻ ഉലുവയിട്ടു തിളപ്പിച്ച വെളളം മതി. ഗർഭിണികൾ കുറുന്തോട്ടിവേര്‌ ഇടിച്ച്‌ ധാന്വന്തരം ഗുളിക ചേർത്ത്‌ കഴിച്ചിരുന്നു. ‘ആയിരം കുറുന്തോട്ടിവേര്‌ കഴിച്ചാൽ ആവൂന്ന്‌ പറയുമ്പോഴേക്കും പ്രസവിക്കാം. പ്രായമായവർ ഇക്കാലത്ത്‌ ഇളനീർ കഴിക്കും. കുമ്പളങ്ങനീര്‌ തേനൊഴിച്ച്‌ കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനൽക്കാലത്താണ്‌. നാന്നാറിക്കിഴങ്ങ്‌ കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേർത്ത്‌ ദാഹം തീർക്കുന്നതിനുളള മധുരജലം ഉണ്ടാക്കിയിരുന്നു. ദാഹം തീർക്കുന്നതിന്‌ തേൻ, വെളളം, പാനകം, പഞ്ചസാരം, സംഭാരം എന്നിവയും ഗ്രാമങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇവയ്‌ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്‌. കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയിൽ നിന്നെടുക്കുന്ന ചെറുതേൻ എടവം, മിഥുനം മാസമായാൽ ലഭിച്ചുതുടങ്ങും. മരുന്നിനും ദാഹം തീർക്കുന്നതിനും നല്ലത്‌. വെളളം തിളപ്പിച്ചശേഷം പാകത്തിന്‌ ശർക്കര ചേർത്താണ്‌ പാനകം ഉണ്ടാക്കുന്നത്‌. ഇതിൽ ചുക്കും ജീരകവും ആവശ്യത്തിന്‌ ചേർക്കും. ഈ പാനകം ചില വേലപൂരങ്ങൾക്ക്‌ ഇന്നും നൽകിവരുന്നു. കിണറുകുത്തി വെളളം കണ്ടാൽ എല്ലാവർക്കും പാനകം കൊടുത്തിരുന്നു. മുന്തിരിങ്ങ, ഇരിപ്പക്കാതൽ, ഇരിട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിൻ പഴം ഇവ സമത്തിൽ അരച്ച്‌ വെളളത്തിൽ കലക്കി ഒരു രാത്രി വെച്ചിരുന്ന്‌ അരിച്ചെടുത്ത്‌ ഉണ്ടാക്കുന്നതാണ്‌, പഞ്ചസാരം. മോര്‌ കടഞ്ഞ്‌ വെണ്ണയെടുത്ത്‌ വെളളംചേർത്ത്‌ കട്ടി കുറച്ചാണ്‌ സംഭാരമുണ്ടാക്കുന്നത്‌. ഒരു ഭാഗം മോരും മൂന്നുഭാഗം വെളളവും എന്നാണ്‌ കണക്ക്‌. ഇഞ്ചി, പച്ചമുളക്‌ എന്നിവയും ചേർക്കണം. കവിവേപ്പിലയോ നാരാങ്ങായിലയോ ഇടണം.

പുഴയോരത്തുളളവർ പുഴവെളളം ശുദ്ധീകരിച്ചാണ്‌ കുടിക്കാനെടുത്തിരുന്നത്‌. വെളളമൊഴുകുന്നതിനടുത്തുളള മണലിൽ ഒരുകുഴി കുത്തുന്നു. അതിൽ തെളിയുന്ന വെളളം രണ്ടോ മൂന്നോ പ്രാവശ്യം തെക്കിക്കളയും. പിന്നീടു വരുന്ന വെളളം പാത്രങ്ങളിൽ തെക്കിയെടുക്കും. അവ വീണ്ടും തെളിയിക്കും. പുഴയിൽ വെളളം കുറയുമ്പോൾ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന ജലവിനിയോഗ മാർഗങ്ങളും നാട്ടറിവിലുണ്ട്‌. വേനൽപച്ചക്കും കൊണ്ടകൃഷിക്കും നനയ്‌ക്കുമ്പോൾ വെളളം കീഴോട്ടിറങ്ങി നഷ്‌ടപ്പെടാതിരിക്കാൻ ചാണകമോ ചളിയോ കലക്കി ഒഴിക്കാറുണ്ട്‌. ചക്രം, വേത്ത്‌, കാളത്തേക്ക്‌, കയറ്റുകൊട്ട, ഏത്തം എന്നീ നാടൻ ജലസേചനയന്ത്രങ്ങളും സൂക്ഷ്‌മമായ ജലവിനിയോഗ മാർഗങ്ങൾ അടങ്ങിയതാണ്‌. പറമ്പിലെ നനയ്‌ക്കുതന്നെ കണക്കുകളുണ്ട്‌.

പറഞ്ഞുതന്നത്‌ഃ സി.എൻ.രാമപ്പണിക്കർ, പെരുമ്പിളളിശ്ശേരി രാജൻ, പട്ടാമ്പി. കൊച്ചുകൃഷ്‌ണനാശാരി പുതൂർക്കര, ഭൂമിജാതകം, കൂപശാസ്‌ത്രം.

Generated from archived content: jalam.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English