തൊണ്ട്‌ എന്ന ഹുക്കയുടെ പെരുമകൾ

കോഴിക്കോട്‌ ജില്ലയിലെ പന്തലായിനിക്കൊല്ലം പ്രാചീനകാലം മുതൽതന്നെ അറേബ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. ഉരുവിൽ സാധനങ്ങളുമായി പുറപ്പെടുന്ന നാട്ടിലെ വ്യാപാരികൾ അറബികളെ പ്രീതിപ്പെടുത്തുന്നതിന്‌ പല സമ്മാനങ്ങളും കൊണ്ടുപോവാറുണ്ടായിരുന്നു. കൗതുകകരമായ ഒരു സമ്മാനത്തെക്കുറിച്ചാലോചിക്കവെയാണ്‌ ഹുക്കയുടെ ഉദ്‌ഭവത്തിലെത്തിച്ചേരുന്നത്‌.

അക്കാലത്ത്‌ അറേബ്യയിൽ പുകവലിക്കുന്നതിന്‌ മണ്ണിന്റെ ഹുക്ക പ്രചാരത്തിലുണ്ടായിരുന്നുവത്രെ. അവയെ അനുകരിച്ചുകൊണ്ടാണ്‌ എന്നാൽ തീർത്തും പുതുമയുളള മാതൃകയിൽ കൊയിലാണ്ടിയിലെ കൊല്ലൻമാരെ(മൂശാരിമാർ) സംഘടിപ്പിച്ചുകൊണ്ട്‌ ഇവിടുത്തെ വ്യാപാരികൾ ഹുക്ക നിർമ്മാണമാരംഭിച്ചു. അന്നത്തെ ഷയ്‌ക്കിന്‌ അത്തരമൊരു ഹുക്ക സമ്മാനിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചുവെന്നും വ്യാപാരം വർദ്ധിച്ചുവെന്നുമാണ്‌ ഐതിഹ്യം. ഇത്‌ ഏതാണ്ട്‌ നാലുനൂറ്റാണ്ടുമുമ്പ്‌ നടന്ന കാര്യങ്ങളാണെന്ന്‌ പറയപ്പെടുന്നു. അന്നുമുതലാണ്‌ പന്തലായനികൊല്ലത്തെ ഹുക്ക വിശിഷ്‌ടവും പ്രിയമുളളതുമായിത്തീരുന്നത്‌. ഷെയ്‌ക്കിന്റെ ഹുക്കകണ്ട പല പ്രമുഖരും പിന്നീട്‌ അത്തരം ഹുക്കക്ക്‌ ഓർഡർ നൽകുകയും നൽഫലമായി ഹുക്കനിർമ്മാണവും വ്യാപാരവും പച്ചപിടിക്കുകയും ചെയ്‌തു. അറബികൾ നേരിട്ട്‌ കോഴിക്കോട്‌ വരികയും അവർക്കുവേണ്ട മാതൃകകൾ കാണിക്കുകയും മേൽനോട്ടം വഹിക്കുകയുംചെയ്യാൻ തുടങ്ങിയതോടെ വ്യവസായം അതിന്റെ ഉയർച്ചയിലെത്തി. കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗ്ഗമായി ഹുക്ക നിർമ്മാണം.

‘തൊണ്ട്‌’ എന്ന്‌ മൂശാരിമാർ വിളിക്കുന്ന ഹുക്ക പിച്ചളയിലാണ്‌ നിർമ്മിക്കുന്നത്‌. ഈ പിച്ചളയും മൂശാരിമാർ നിർമ്മിച്ചെടുക്കുന്നതാണ്‌. ഒരു കിലോഗ്രാം ചെമ്പും 800 ഗ്രാം നാകവും ചേർത്തുരുക്കിയാൽ മഞ്ഞനിറത്തിലുളള പിച്ചള രൂപപ്പെടുകയായി. പണ്ടുകാലത്ത്‌ തൊണ്ടിനുമുകളിൽ ചിത്രപ്പണികൾ കൊത്തിയെടുക്കുന്നതിന്‌ ‘കുതിരപ്പവൻ’ എന്നുപേരുളള സ്വർണ്ണനാണയങ്ങൾ പതിക്കുമായിരുന്നു. ഇതിന്‌ പകരം ഇപ്പോൾ ജർമൻ സിൽവറാണ്‌ പതിക്കുന്നത്‌. ഇതിന്‌ ‘വെളളി വയ്‌ക്കുക’ എന്ന്‌ പറയും.

പരമ്പരാഗതമായി മൂശാരിമാരായ പന്തലായനിയിലെ കുനിയിൽ തറവാട്ടുകാർ പണ്ടുകാലത്ത്‌ (ആദ്യമായി ഹുക്ക നിർമ്മിച്ചതവരാണെന്ന്‌ അവകാശപ്പെടുന്നു) രൂപകല്പന ചെയ്‌ത മാതൃകതന്നെയാണ്‌ ഇപ്പോഴും പിന്തുടർന്നുവരുന്നത്‌. കലാപരമായി ചിട്ടപ്പെടുത്തിയ ഒരു അച്ചിലാണ്‌ ഹുക്ക വാർത്തെടുക്കപ്പെടുന്നത്‌. മെഴുകിൽ അച്ച്‌ നിർമ്മിക്കുന്നതിന്‌ മെഴുക്‌ ഉടുത്തുക എന്നാണ്‌ പറയുക. പണ്ടുകാലത്ത്‌ അച്ച്‌ നിർമ്മിക്കുന്നതിന്‌ മാസങ്ങളോളം തന്നെ എടുക്കുമായിരുന്നു.

അച്ചു നിർമ്മിച്ചുകഴിഞ്ഞാൽ കരു കൊത്തിയെടുക്കണം. പിന്നീട്‌ അത്‌ അരച്ച മണ്ണുകൊണ്ട്‌ പൊതിയുന്നു. ചാണകം കൂട്ടി അരച്ച മണ്ണ്‌ വളരെ നേർമയുളളതായിരിക്കും. ആദ്യം ഉപയോഗിച്ചിരുന്ന മണ്ണ്‌, കളിമണ്ണ്‌, ഓടിന്റെ പൊടി എന്നിവയാണ്‌ അരച്ചമണ്ണിനായി എടുക്കുന്നത്‌. ചാണകം ചേർക്കുന്നത്‌ മണ്ണ്‌ പിച്ചളയിൽ പിടിക്കാതിരിക്കാനാണ്‌. അരച്ച മണ്ണ്‌ കരുവിന്‌ മുകളിൽ പൊതിയുന്നതിന്‌ ഒന്നാം മണ്ണിടുക എന്നാണ്‌ പറയുക. ഇത്‌ ഉണങ്ങുന്നതുവരെ കാത്തിരിക്കണം. മെഴുക്‌ ഉരുകി പോകുമെന്നതിനാൽ വെയിലത്തുവച്ചുണക്കാനും പാടില്ല. ഒന്നാംമണ്ണ്‌ ഉണങ്ങിയശേഷം കുറച്ചുകൂടി കട്ടികൂട്ടി രണ്ടാം മണ്ണും അതുണങ്ങിയ ശേഷം മൂന്നാംമണ്ണും ഇടുന്നു. ഇതോടെ കരു യഥാർത്ഥരൂപം പ്രാപിക്കുന്നു. ഇതിന്‌ ഒരാഴ്‌ചയോളം സമയമെടുക്കും. പക്ഷേ പണിക്കാർ ഇതിനായി കാത്തുനിൽക്കാതെ മറ്റു പണികൾ ചെയ്‌തുകൊണ്ടിരിക്കും.

ഇങ്ങനെ ഉണ്ടാക്കിയ കരു ഉലയിൽവെച്ച്‌ ചൂടാക്കണം. ഒരു ഉലയിൽ എട്ടുപത്തു കരുക്കൾ വയ്‌ക്കാം. ചൂടാക്കാൻവച്ചശേഷം മൂശാരിമാർക്ക്‌ ചില പ്രത്യേക നോട്ടമൊക്കെയുണ്ട്‌. പൂർണ്ണമായും ചൂടായിക്കഴിഞ്ഞാൽ കരുവിനുളളിൽനിന്ന്‌ തീനാളം പുറത്തേയ്‌ക്ക്‌ വരും. അപ്പോഴാണ്‌ കരു ഉളളുകായുന്നത്‌. ഉളളുകാഞ്ഞുവെന്ന്‌ പൂർണ്ണമായും ബോധ്യപ്പെട്ടതിന്‌ ശേഷമേ കരു ഉലയിൽനിന്ന്‌ വാങ്ങിവയ്‌ക്കൂ. പൂർണ്ണമായുമ ചൂടായിട്ടില്ലെങ്കിൽ പിച്ചള ചൂടാവാത്ത പ്രതലത്തിലെത്തുമ്പോൾ തിരിച്ച്‌ പുറമേയ്‌ക്കുതന്നെ വരും. പിന്നീട്‌ കരുവിലേയ്‌ക്ക്‌ പിച്ചള ഉരുക്കി ഒഴിക്കുന്നു. ഇതിന്‌ വാർക്കുക എന്നാണ്‌ പറയുന്നത്‌.

വാർത്തുകഴിഞ്ഞശേഷം പിച്ചളയോട്‌ കൂടിയ കരുക്കൾ ചൂടാറാൻ വയ്‌ക്കുന്നു. പൂർണ്ണമായും ചൂടാറിയശേഷം മാത്രമേ കരു പൊട്ടിക്കുകയുളളൂ. പൊട്ടിക്കുമ്പോൾ പിച്ചള ആ രൂപം കൈവരിച്ചിട്ടുണ്ടാവും. പിന്നീട്‌ അരം കൊണ്ട്‌ രാകണം. തുടർന്ന്‌ ചീന്തുളികൊണ്ട്‌ പരണ്ടി അതിന്റെ കലകൾ പോക്കണം. അരംകൊണ്ട്‌ രാകിയശേഷം ഉണ്ടാവുന്ന പാടുകൾ മിനുസപ്പെടുത്തണമെങ്കിൽ ചീന്തുളിതന്നെ വേണം (ഏതാണ്ട്‌ എൽ രൂപത്തിലാണ്‌ ചീന്തുളി). ശേഷം ഉരക്കടലാസിട്ട്‌ മിനുസപ്പെടുത്തുന്നു. പണ്ടുകാലത്ത്‌ മരക്കരികൊണ്ടുരച്ചായിരുന്നു മിനുസപ്പെടുത്തിയിരുന്നത്‌. അതിന്‌ കരിയിടുക എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇപ്പോൾ അവസാനത്തെ മിനുക്കു പണികൾ നടത്തുന്നത്‌ വ്യാപാരികളാണ്‌. മെഷീനും രാസപദാർത്ഥങ്ങളുമുപയോഗിച്ച്‌ കയറ്റുമതി ചെയ്യുന്നതിന്‌ തൊട്ടുമുമ്പേ മാത്രമേ മിനുസപ്പെടുത്തുകയുളളൂ.

വെട്ടിരുമ്പ്‌, മുട്ട്യ, ചെറുളി, അറൂളി, അരം എന്നിവയാണ്‌ മൂശാരിമാരുടെ പ്രധാന ഉപകരണങ്ങൾ. ‘കൊടന്തി’ എന്ന സ്‌റ്റാന്റിൻമേൽ വച്ചാണ്‌ പണികളെല്ലാം ചെയ്യുന്നത്‌. അറൂളികൊണ്ട്‌ ചുരുളുകൾ (ഡിസൈൻ) വെട്ടിയെടുത്തതിന്‌ ശേഷം അരക്കും മറ്റുമൊക്കെയിട്ട്‌ വീണ്ടും മിനുസപ്പെടുത്തുന്നു.

മൂട്‌, മൊകാരം, പടി, പൊതിഞ്ഞട്ട്‌, നരമ്പ്‌, ഇരുപ്പ്‌,കാല്‌, കല്ല, തോട, കൊഴല്‌, താലി എന്നിവയാണ്‌ ഹുക്കയുടെ പ്രധാനഭാഗങ്ങൾ. മൊകാരവും മൂടും തമ്മിൽ ബന്ധിപ്പിച്ചു കഴിഞ്ഞാൽ മൊകാരം പൊതിഞ്ഞട്ടിന്‌ മേൽ കയറ്റിവയ്‌ക്കും. മൊകാരത്തിന്റെയും മൂടിന്റെയും പല്ലുകൾ തമ്മിൽ യോജിപ്പിക്കുന്നതിന്‌ വേണ്ടിയാണ്‌ നരമ്പ്‌ എന്ന ഭാഗം ചേർക്കുന്നത്‌. ഇതിനെല്ലാം നടുക്കായി തേങ്ങയുടെ വെട്ടാത്ത തൊണ്ട്‌ ‘പന്തം’ എന്ന പശ ചേർത്ത്‌ ഉറപ്പിച്ചുവച്ചിരിക്കും. ഹുക്ക വലിക്കുമ്പോൾ വെളളം നിറയ്‌ക്കുന്നത്‌ ഈ തൊണ്ടിലാണ്‌. ഇതോടെ ഹുക്കയുടെ പണികൾ അവസാനിക്കുന്നു. പന്ത്രണ്ടിഞ്ചുമുതൽ ഇരുപത്തിരണ്ടിഞ്ചുവരെയുളള ഹുക്കകളാണ്‌ സാധാരണ നിർമ്മിച്ചുവരുന്നത്‌.

വാർക്കുന്ന സമയത്ത്‌ പിച്ചള ഉരുകി കരുവൊക്കെ സെറ്റായി നിൽക്കുന്ന ഒരു സമയമുണ്ട്‌. ആ സമയം വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്‌. ഒരു സെക്കന്റ്‌ സമയം തെറ്റിപ്പോയിട്ടുണ്ടെങ്കിൽ എല്ലാം വെറുതെയാവും. ചൂട്‌ അധികമായിപ്പോയാൽ കരു വിണ്ടുപോകും. അതുകൊണ്ടുതന്നെ ഈ പ്രത്യേക സമയത്ത്‌ മൂശാരിമാർ ഒരു പ്രത്യേക അവസ്‌ഥയിലായിരിക്കും. മറ്റൊന്നും അവരപ്പോൾ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ‘ഓടുരുകിയ മൂശാരിനെപ്പോലെ’ എന്നൊരു ചൊല്ലുമുണ്ട്‌. ഈ സമയത്ത്‌ ഇനി ദേവൻ തന്നെ വന്നാലും ഇവർ തിരിഞ്ഞ്‌ നോക്കാറില്ല.

ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരുകഥയുണ്ട്‌. ഒരു മുതലാളി ഒരിക്കൽ ഒരു മൂശാരിയുടെ അടുത്ത്‌ ഓടുരുകിയ സമയത്ത്‌ കയറിവന്നു. “എടോ ഉണ്ണീ, ജോറാക്ക്‌ ജോറാക്ക്‌” എന്ന്‌ മുതലാളി മൂശാരിയോട്‌ പറഞ്ഞുവത്രേ. ഇത്‌ മൂശാരിക്ക്‌ അത്ര പിടിച്ചില്ല. അയാൾ മുതലാളി കമന്റുപറഞ്ഞപ്പോൾ ദേഷ്യംപിടിച്ച്‌ തന്റെ കൊടിലുമെടുത്ത്‌ മുതലാളിയുടെ പിറകെ പാഞ്ഞുവെന്നും മുതലാളി പോയ വഴിക്ക്‌ പിന്നെ പുല്ലുമുളച്ചിട്ടില്ല എന്നുമാണ്‌ കഥ. സാധാരണ മുതലാളിവരുമ്പോൾ മുണ്ടൊക്കെ താഴ്‌ത്തിയിട്ട്‌ ഭവ്യതയോടെ നിൽക്കുന്ന ഉണ്ണി മൂശാരിയാണിത്‌ ചെയ്‌തതെന്ന്‌ മുതലാളിക്കും വിശ്വസിക്കാനായില്ല.

സാധനങ്ങളുടെ വിലവർദ്ധനവും കൂടി വർദ്ധനയും ഇടത്തട്ടുകാരുടെ ചൂഷണവും ഗർഫ്‌യുദ്ധം മൂലമുണ്ടായ പ്രശ്‌നങ്ങളും കാരണം ഹുക്ക നിർമ്മാണവ്യവസായം തകർച്ചയുടെ വക്കിലാണിന്ന്‌. കൊയിലാണ്ടി പ്രദേശത്ത്‌ നൂറുകണക്കിന്‌ വീടുകളിലെ കുടിൽ വ്യവസായമായിരുന്ന ഹുക്കനിർമ്മാണം ഇന്ന്‌ വിരലിലെണ്ണാവുന്ന വീടുകളിലായി ചുരുങ്ങിയിരിക്കുന്നു. പഴയ ഹുക്കപ്പണിക്കാരാണ്‌ ഇന്ന്‌ ഓട്ടോ ഡ്രൈവർമാരായി മാറിയതത്രേ!

പറഞ്ഞുതന്നത്‌ഃ കുനിയിൽ ബാലകൃഷ്‌ണൻ, ‘വർണന’, കൊല്ലം പി.ഒ., കൊയിലാണ്ടി.

Generated from archived content: kaivela_june2.html Author: mujeeb_rehman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English