കരിനീലിയാട്ടം

‘അഴകുളള മക്കളെ നിങ്ങളെവടെയ്‌ക്കാ പോണത്‌’ മലങ്കുറത്തി ചോദിച്ചു‘

പുരാവൃത്തംഃ ഉദിപ്പനത്തപ്പന്റെ സൃഷ്‌ടികളാണ്‌ മലവായിയും കരിനീലിയും. കുറെക്കാലം ഊരുംപേരും ഇല്ലാതെ അലഞ്ഞ്‌ നടന്ന്‌ മടുത്ത ഇവർ ഉദിപ്പനത്തപ്പനെ ചെന്നുകണ്ട്‌ പേരുംപൊറുപ്പും നൽകി അനുഗ്രഹിക്കണം എന്നു പറഞ്ഞു. ഉദിപ്പനത്തപ്പൻ ചെവിക്കൊണ്ടില്ല. അവർ തിരുമുല്ലയ്‌ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിപ്പനത്തപ്പന്റെ ആയിരം കതിര്‌ പിടിച്ചെടുത്തു. ഉദിമാനത്ത്‌ ഉദയവും അസ്തമയവും സമയത്ത്‌ ഉണ്ടായില്ല. കാരണം തേടി ഉദിപ്പനത്തപ്പൻ തിരുമുല്ലയ്‌ക്കൽ ചെന്നു. അവിടെ ആദ്യം കണ്ടത്‌ രണ്ടു കന്യകമാരെയാണ്‌.

’നിങ്ങളാരാണ്‌?‘ ഉദിപ്പനത്തപ്പൻ ചോദിച്ചു. തങ്ങൾ ഉദിപ്പനത്തപ്പന്റെ മൂന്നാം തൃക്കണ്ണിൽ പിറന്നവരാണെന്നും പേരും പൊറുപ്പും നൽകി അനുഗ്രഹിക്കണമെന്നും അവർ പറഞ്ഞു. ഉദിപ്പനത്തപ്പൻ അവരെ അനുഗ്രഹിച്ചു. മൂത്തവൾക്ക്‌ മലവാരം പിറന്ന മലവായിഅമ്മ എന്നും രണ്ടാമത്തവൾക്ക്‌ കല്ലടിക്കോടൻ കരിനീലി അമ്മ എന്നും പേരും കിട്ടി. ’നിങ്ങൾക്ക്‌ തിരുഫലം എന്താണു വേണ്ടത്‌‘ ഉദിപ്പനത്തപ്പൻ ചോദിച്ചു. തനിക്ക്‌ ഉത്തമത്തിലുളള കർമ്മവും, തലവും വേണമെന്ന്‌ മലവായി. തനിക്ക്‌ മക്കൾ വിധിയും മരുമക്കൾ സന്തോഷവും വേണമെന്ന്‌ കരിനീലി. മാത്രമല്ല, ഇടി, പൊടി, കലശം, കർമ്മം, തെണ്ട്‌, തിരുകെട്ട്‌ എന്നിവയും വേണം. കരിമല വടക്കേചരിവ്‌ ഉദിപ്പനത്തപ്പൻ അവർക്ക്‌ കൊടുത്തു. പോകുംവഴിക്ക്‌ കളളാടിയെ കണ്ടു. കളളാടി ഇരുവർക്കും ഓരോ തറ നിർമ്മിച്ചുകൊടുത്തു. അവർക്ക്‌ കുളിക്കാൻ തോന്നിയപ്പോൾ കരിങ്കയത്തിൽ പോയാൽ മതിയെന്ന്‌ കളളാടി. കരിങ്കയത്തിലേക്കു പോകുന്ന വഴിക്ക്‌ മലങ്കുറത്തിയെ കണ്ടു. ’അഴകുളള മക്കളെ നിങ്ങളെവടെയ്‌ക്കാ പോണത്‌‘ മലങ്കുറത്തി ചോദിച്ചു. ’കരിങ്കയത്തിൽ പോണു.‘ അവർ പറഞ്ഞു.

അവിടെ നല്ലച്ഛൻ കുളിക്കുന്ന കടവാണ്‌. നാഗങ്ങൾ കാവലുണ്ടവിടെ. അഴകുളള പെണ്ണുങ്ങളെ കണ്ടാൽ ശിവൻ ആശ വയ്‌ക്കും. എന്നിട്ടും അവർ കുളിക്കാൻ പോയി. നാഗങ്ങൾ അവരെ വളഞ്ഞു. ’അരുംതൊണ നിൽക്കണം നാഗങ്ങളെ ഞങ്ങൾ കളമിട്ട്‌ നാഗപടംകെട്ടി ആടിക്കോളാം.‘ എന്നു പറഞ്ഞതിനാൽ നാഗങ്ങൾ കാവൽനിന്നു. നല്ലച്ഛൻ കുളിക്കാൻ വന്നപ്പോൾ പന്തിയല്ലെന്നു തോന്നി. ഇവിടെ ആരാണ്‌ കുളിക്കാൻ വന്നത്‌? അഴകുളള രണ്ട്‌ പെണ്ണുങ്ങളാണ്‌. അവർ പാവങ്ങളാണെന്നും മലങ്കുറത്തി പറഞ്ഞു. ശിവൻ അവരെ കാണാനായി ചെന്നു.

’ഏഴാഞ്ചേരി നേരാങ്ങളേ നിങ്ങളെവിട്‌ന്നാ വര്‌ന്നത്‌ എന്തുവേണം‘ എന്ന്‌ ചോദിച്ചാണ്‌ മലവായി ശിവനെ സ്വീകരിച്ചത്‌. കരിനീലി ശൃംഗരിച്ചുകൊണ്ടും. കരിനീലി ഗർഭിണിയായി. ശുദ്ധമായ മലയിൽ നീ കുലം കുറഞ്ഞുപോകുന്ന കർമ്മമാണ്‌ ചെയ്‌തത്‌. ഇപ്പോൾ മലയിറങ്ങണം. മലയിറങ്ങുന്ന വഴിക്ക്‌ മുത്തപ്പനെ കണ്ടു. അവർ നടന്നതെല്ലാം മുത്തപ്പനോട്‌ പറഞ്ഞു. അവരെ അന്തസ്സുപോലെ ഇരുത്താമെന്ന്‌ മുത്തപ്പൻ വാക്കുകൊടുത്തു. പോകുന്ന വഴിക്ക്‌ ചക്കിരമ്മൻകോവിൽ ഉണ്ണിയ്‌ക്ക്‌ എളംപ്ലാവിന്റെ തണലിൽവെച്ച്‌ പ്രസവവേദന വന്നു. കാഞ്ഞിരക്കുറ്റി മറവാക്കി നീലി പ്രസവിച്ചു. പ്രസവിച്ച ഉടനെ അവൻ അമ്മയോട്‌ ചോദിച്ചു.

എന്റെ അച്‌ഛന്റെ പേര്‌ എന്താണ്‌? അത്‌ പറഞ്ഞില്ലെങ്കിൽ ഒരടി നടക്കാൻ പറ്റില്ല. ദേഷ്യംവന്ന നീലി അവനെ എടുത്ത്‌ അഗ്‌നിയിലിട്ടു. തീയിൽനിന്ന്‌ വളർന്ന അവൻ തന്റെ പേരെന്താണ്‌ എന്ന്‌ ചോദിച്ചു. ’അഗ്‌നിയിൽ പിറന്ന കരിങ്കുട്ടി‘ എന്ന്‌ നീലി. ’തിരുഫലം എന്താണ്‌?‘ ’എനിക്കുളളതെല്ലാം നിനക്കും‘. എല്ലാവരും മുത്തപ്പന്റെ കൂടെ പോയി. മുത്തപ്പൻ അവർക്ക്‌ താലം, ആട്ടം എന്നിവ കഴിച്ചു.

ഗുരുഭാഗംഃ ഗുരുക്കൻമാരെ വന്ദിച്ചാണ്‌ ആട്ടം തുടങ്ങുന്നത്‌. ഗുരുവിന്‌ വെറ്റിലാചാരം ഉണ്ട്‌. ഗുരുവിന്‌ എണ്ണ, ചോറ്‌, കളള്‌, ചാരായം, തവിട്‌, ശർക്കര എന്നിവ നൽകിയാലും തൃപ്‌തിയാകുന്നില്ല. മുറുക്കിത്തുപ്പണം തൃപ്‌തിയാകാൻ. മുറുക്കിത്തുപ്പി അരിയിട്ടു വരം തരണം. പടമുഖത്ത്‌ നായരെപ്പോലെ രംഗക്കളരിപ്പണിക്കരെപ്പോലെ വന്ന്‌ കളം കൂടണം. നിറച്ചെപ്പ്‌ തുടങ്ങിയവ വേണമിതിന്‌. മദ്യം പാടില്ല. ആകാശത്തിന്റെയും ഭൂമിയുടെയും ഉത്‌ഭവത്തെക്കുറിച്ച്‌ പറയുന്നു. ഇതാണ്‌ തുടക്കം.

ഗുരുപൂജഃ ആണെന്നു ആകാശം തോന്നി പെണ്ണെന്ന്‌ ഭൂലോകം തോന്നി

ആയിരടാങ്കി സമുദ്രം അരടാങ്കി ഭൂമിയും തോന്നി

രണ്ടാകാശം പുല്ലും പുഷ്‌പം സത്യയത്താലെ തോന്നിയെപിന്നെ

അരടാങ്കി ഭൂമിലോകത്ത്‌ പിന്നന്തലങ്ങള്‌ സത്തിയത്താലെ തോന്നി

കിഴക്ക്‌ക്ക്‌ ഉദിവാരം തോന്നി പടിഞ്ഞാറ്‌ക്ക്‌ അസ്‌തമനവാരം

തോന്നി തെക്ക്‌ക്കോര്‌ തിരുവിടം വടക്ക്‌ക്കോര്‌ വാവുണ്ടയും

തോന്നി നാലുദിക്കും നാരായണഗുരുവുമായ എട്ടുദിക്കും

എമ്പ്രസ്‌ഥാൻകൊടിയുമായ പത്തുദിക്കും പതിനാറു മുഴിവാതിലും

സത്തിയത്താലെ തോന്നിയോരുകാലം പിന്നന്തലങ്ങളും

അരടാങ്കി ഭൂമിയിൽ സത്തിയത്താലെ തോന്നണ്‌

ഹരിയെന്നൊരക്ഷരമായീ നെല്ലൊന്നെടുത്ത്‌ നിറകതിരും തോന്നി

പൊന്നൊന്നെടുത്ത്‌ പൊരുളഞ്ചും തോന്നീ

ഈ വക പലവിധം സത്തിയത്താലെ തോന്നിയോരുകാലത്ത്‌

പിന്നന്തലങ്ങളും സത്തിയത്താലേ തോന്നന്നുണ്ടോ

കാക്കതൊട്ട്‌ പതിനയ്യായിരം ഉറുമ്പ്‌ തൊട്ട്‌ തൊളളായിരം

പറക്കും പക്ഷികള്‌ പന്തീരായിരം ഇരുകാലിതൊട്ട

ചെറുമനുഷ്യൻമാരും സത്തിയത്താലെ തോന്നിയോരുകാലത്ത്‌

പിന്നന്തലങ്ങള്‌ സത്തിയത്താലെ തോന്നുന്നു.

അരടാങ്കി ഭൂമിമ്മെ പിന്നെതോന്നണ്‌ ഇരുകാലിപ്പെട്ട

ചെറുമനുഷ്യന്‌ സത്തിയത്താലെ തോന്നണ്‌.

മുത്തപ്പൻ ഗുരുവേ മൂലഗുരുവേ തന്റപ്പൻഗുരുവേ തനഗുരുവു

മായ മുത്തപ്പൻ ഗുരുവിനെ മുതുഭാഗം വന്ദിച്ചു

തന്റപ്പൻ ഗുരുവിനെ തനഭാഗം വന്ദിച്ചു പെറ്റമ്മമാതാ

വിനെ തിരുമടിയിലും വന്ദിച്ചു. നേരേട്ടൻ കാലൻ ഗുരുവിനെ

പൊയ്‌നെറുകയിലും വന്ദിച്ചു പെങ്ങള്‌ കാലത്ത്യാർ ഗുരുവിനെ

പതുനെട്ടടിക്ക്‌ വന്ദിച്ചു. മൂവ്വാവ്‌ ഇരുപത്തിയൊന്നു

ഗുരുവിലേക്കും ഭാരമായ ഗുരുവേതേത്‌ ഗുരുവിലാണ്‌.

പാക്കമില്ലും പരപ്പൊരുളും ഏഴാപ്പൊരുളും ചൊല്ലിത്താ

ചൊല്ലിവാങ്ങണം അതിന്റോരു ഗുരുവിനെ

എങ്ങനെങ്ങനാണ്‌ വേണ്ടേന്ന്‌ ചോദിക്കുന്നു.

എങ്ങനെയെങ്ങനെ കളിയൊരുക്കം വരുത്തണം

തോട്ടിൽ കുളിച്ചാൽതൊടുവരെന്ന്‌ ചൊല്ലിക്കളയും

കുളത്തിൽ കുളിച്ചാൽ മണ്ണാത്തീന്ന്‌ ചൊല്ലിക്കളയും

അതിനെന്റൊരു പൊന്നുംഗുരുവിനെ എങ്ങനെങ്ങനാണ്‌ കുളിയൊരുക്കം വരുത്തേണ്ടത്‌

വടക്കിനീടെ വടക്കിനിപുറത്ത്‌ കന്നിമീനകോടിക്ക്‌

എന്നിട്ടെന്റോരു പൊന്നും ഗുരുവ്‌ മൂക്കാലൊന്ന്‌ മൂളിത്തന്നില്ലല്ലോ

ഇനിയെന്റേരു പൊന്നും ഗുരുവിന്‌ എണ്ണതേപ്പൊരുക്കം വരുന്നെ

നാഴിയെണ്ണ തലക്കും കൊടുത്തു നാഴിയെണ്ണ മേല്‌ക്കും

കൊടുത്തു നാഴിയെണ്ണ കാല്‌ക്കും കൊടുത്തു

എന്നിട്ടും എന്റോരു പൊന്നുംഗുരുവിന്‌ അത്തിതെളിഞ്ഞീല

ബുദ്ധിതെളിഞ്ഞീലാ പോരാത്തരം വന്നുപോയില മൂക്കാലൊന്ന്‌ മൂളിത്തന്നീല

ഇനയെന്റോരു പൊന്നും ഗുരുവിനെ എങ്ങനെങ്ങനാണ്‌ കുളിയൊരുക്കം വരുത്തേണ്ടത്‌

പാലക്കാട്ടിരി അങ്ങാടീപ്പോയി പഞ്ഞിനല്ലോം നൂലുനീട്ടി

മൂന്നു തോർത്താലെ തറിക്കിട്ട്‌ നെയ്‌തു കൊടുന്നുവച്ചു

എന്നിട്ടും തന്റോരു പൊന്നും ഗുരുവ്‌ മൂക്കാലൊന്നു

മൂളിത്തന്നീല ഇനിയൊ​‍േൻ​‍ാരു പൊന്നും ഗുരുവിന്‌ താളിയൊരുക്കം വരുത്തണം

എനിഞ്ചിക്ക പുനഞ്ചിക്ക വാക ചെറുപയറ്‌ ചെറുതാളി

എന്നിങ്ങനെ താളിയൊരുക്കം വരുത്തിവച്ചു

ഇനിയംന്റേരു പൊന്നുംഗുരുവിനെ കുളിക്കാനായികൊണ്ടു പോവ്വാന്ന്‌ പറയണ്‌

എന്റോരു പൊന്നുംഗുരുവിനെ ചാടിക്കുളിച്ചാൽ പൊൻമാനെന്നും

ചൊല്ലിക്കളയും ഊത്ത്‌ കുളിച്ചാൽ മാട്‌ന്നും ചൊല്ലിക്കളയും

എന്റോരു പൊന്നും ഗുരുവിന്‌ണ്ട്‌പ്പങ്ങനെ താളി കല്ലിൻമേൽ

താളിയുരസിപ്പോയി വാകകല്ലിൻമേൽ വാകയുരസി

താളിയും വാകയും തേച്ച്‌ ആണിക്കൊപ്പം വെളളത്തിലിറങ്ങി

ആണിയൊലുമ്പി കുളിച്ച്‌ മുട്ടിനൊപ്പം വെളളത്തിലിറങ്ങി

മുട്ടൊലുമ്പി കുളിച്ച്‌ അരക്കൊപ്പം വെളളത്തിലിറങ്ങി

ആണിയൊലുമ്പി കുളിച്ച്‌ പോയി മാറിനൊപ്പം

വെളളത്തിലിറങ്ങി മാറൊലുമ്പി കുളിച്ച്‌ ഒന്നുമുങ്ങി

രണ്ടു മുങ്ങി മൂന്ന്‌ മുങ്ങി കേറിക്കഴിഞ്ഞു

ഒരു മുണ്ടുകൊണ്ട്‌ തലയും തോർത്തി ഒരു മുണ്ടുകൊണ്ട്‌

നടുവും തോർത്തി ഒരു മുണ്ടുകൊണ്ട്‌ കാലും തോർത്തി

എന്നിട്ടും എന്റോരുപൊന്നും ഗുരുവിന്‌ അത്തിതെളിഞ്ഞീല

ബുദ്ധിതെളിഞ്ഞില്ല പോരാത്തരം വന്നുപോയില മൂക്കാലൊന്നു മൂളിതന്നീല…

ഇനിയെന്റോരു പൊന്നുംഗുരുവിന്‌ കുറിയൊരുക്കം വരുത്തണം

മൈസൂരി ചന്ദനംകൊണ്ടുവന്നു നേകരച്ചു കൊണ്ടുവന്നു

വരഞ്ഞുകുറിച്ചാ പട്ടരെന്ന്‌ ചൊല്ലിപ്പോകും

തൊട്ടുകുറിച്ചാ തൊടുകുറീന്ന്‌ ചൊല്ലിപ്പോകും

വെളളത്തി കെടക്കും പൂവാലിക്കുട്ടീടെ കുറിനോക്കി കുറിതൊട്ടു

എന്നിട്ടും എന്റോരു പൊന്നുംഗുരുവിന്‌ അത്തിതെളിഞ്ഞീല

ബുദ്ധിതെളിഞ്ഞില പോരാത്തരം വന്നുപോയീല മൂക്കാലൊന്നു മൂളിത്തന്നിലാ

ഇനിയെന്റോരു പൊന്നുംഗുരുവിന്‌ കുടിയൊരുക്കം വരുത്തണം

കാച്ചിത്തെളിഞ്ഞോന്റെ കറുത്തറാക്ക്‌ നുരവാന്തൻകളളും

കൊടുന്നുവച്ചു ആരിയൻനെല്ല്‌ താഴ്‌ത്തികൊയ്‌തു

ചവിട്ടിമെതിച്ച്‌ ചേറി പതിര്‌ കളഞ്ഞു. കാളൻ തൂളൻ

വറുത്ത്‌ പൊടിച്ച്‌ തവിടും മലരും ഉണ്ടാക്കി വച്ചു

വാണ്ടിടാൻ ശർക്കര പൂണ്ടിടാൻ ഇളനീര്‌ ഈ വകപലവിധം

ഒരുക്കികൊടുത്തു എന്റെ പൊന്നുംഗുരുവ്‌ പാരെ തിന്ന്‌

പോരെ തേട്ടി എന്നിട്ടും എന്റോരു പൊന്നുഗുരുവിന്‌

അത്തിതെളിഞ്ഞീല ബുദ്ധിതെളിഞ്ഞിലാ പോരാത്തരം

വന്നുപോയില മൂക്കാലൊന്ന്‌ മൂളിത്തന്നിലാ

ഇനിയെന്റെ പൊന്നുംഗുരുവിന്‌ ഊണൊരുക്കം വരുത്തണം

പടിഞ്ഞാറ്റു പാണ്ടിയാല കല്ലെ തച്ച്‌ കിലുക്കെ തുറന്ന്‌

അഴുവൻ കൊണ്ടഞ്ഞാഴി അരിയെടുത്ത്‌ ഉരല്‌മിനുക്കെ കുത്തി

മുറംമിന്നുകെ ചേറി നീറ്റിൽ കഴുകി നിറം വരുത്തി

പാലിൽ കഴുകി പതംവരുത്തി പൂപോലെ ചോറൊരുക്കി

കനകം പോലെ അഞ്ചുകറിയൊരുക്കി ചെങ്കദളിതോട്ടത്തിൽ

പോയി കാക്കരിക്കാത്ത ഇല മുറിച്ചു കൊണ്ടുവന്നു

കറ്റു കിടാവിൻ ചാണംകൊണ്ടുവന്നു നിലത്ത്‌ ചാണം

മെഴുകി ചാണമെഴുകിയതിൻ മേലെ പുല്ലോലനല്ല പുൽപ്പായ

ഇട്ടുകൊടുത്തു പക്കത്തിൽ ഇലവച്ചു ഇലപ്പുറത്ത്‌ നീരുതളിച്ചു

നീറ്റുംപുറത്ത്‌ ചോറുവിളമ്പി കനകംപോലഞ്ചു കറിയും വിളമ്പി എന്റെ പൊന്നുംഗുരുവ്‌

വേണ്ടുന്ന ചോറുണ്ട്‌ വേണ്ടാത്ത ചോറിന്‌ കൈമടക്കി

പാരെതിന്ന്‌ പോരെ തേട്ടി കൈ വായ്‌ ശുദ്ധിചെയ്‌തു

എന്നിട്ടും എന്റോരു പൊന്നും ഗുരുവിന്‌ അത്തിതെളിഞ്ഞില

ബുദ്ധി തെളിഞ്ഞിലാ പോരാത്തരം വന്നുപോയില

മൂക്കാലൊന്ന്‌ മൂളിത്തന്നിലാ ഇനിയെന്റോരു ഗുരുവിന്‌

കണ്ണുമ്മലുണ്ണികറിവെറ്റില കൊല്ലൻചുട്ട കുഴഞ്ചുണ്ണാമ്പ്‌

കളിയടക്ക ചെമ്പഴുക്ക കൊണ്ടുവന്നു വെട്ടിതോടുകളഞ്ഞ്‌

തരങ്ങ്‌ കളഞ്ഞ്‌ ചോറുകളഞ്ഞ്‌ നുറുക്കിക്കൂട്ടി കണ്ണിയോട്‌

പുകലയും പൊന്നും കൊടുത്ത്‌ കൊടുത്തു

മൂന്നും കൂട്ടി മുറുക്കെത്തിന്ന്‌ നാലും കൂട്ടി മുറുക്കെത്തുപ്പി

എന്റോരു പൊന്നുംഗുരുവിന്‌ അത്തിതെളിഞ്ഞ്‌

ബുദ്ധിതെളിഞ്ഞ്‌ പോരാത്തരം വന്നുപോയി

കുടുംപിടിച്ചെമുഹൂർത്തം ചൊല്ലിത്തന്ന്‌ അരിയിട്ട്‌ വരമ തന്നു.

ചെന്നോടം ചെന്ന്‌ ജയിച്ചു വരേണം വരം തന്നു.

എന്റോരു ഗുരുവ്‌ തന്ന ഏഓപൊരുൾ ഞാനെടുത്ത്‌

വിളയാടും നേരത്ത്‌ തേനാകത്ത്‌ തെളിവ്‌ പോലെ

ഇരുമ്പകത്ത്‌ മൂർച്ചപോലെ ചാലുവാഴി വേളളം പോലെ

നൂലുവാഴി കുറുപ്പിനെപ്പോലെ പടമുഖത്ത്‌ നായകരെപ്പോലെ

എങ്കക്കളരി പണിക്കരെപോലെ മദിച്ചും കുതിച്ചുംവന്ന്‌

ഞാനിട്ട പൊടിക്കളത്തില്‌ വന്ന്‌ പൂജകൊളേളണം.

Generated from archived content: purattu_june4.html Author: hariya_nandakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English