പുഷ്പവിളകള്‍ തുടര്‍ച്ച

ഹൈഡ്രാഞ്ചിയ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. നനക്കാത്ത പക്ഷം ഇലകള്‍ വാടിത്തുടങ്ങും.

സിലോഷ്യ ( കോഴിപ്പൂ) പൂക്കള്‍ ഉണക്കിയെടുത്ത് പൂപ്പാത്രത്തില്‍ വയ്ക്കാവുന്നതാണ് . അങ്ങനെയെങ്കില്‍ പൂവുകള്‍ ‍കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും.

ഡാലിയാ വിത്തില്‍നിന്നെന്ന പോലെ കിഴങ്ങുകള്‍ , കമ്പുകള്‍ എന്നിവയില്‍ നിന്നും നട്ടു വളര്‍ത്താം. എന്നാല്‍ കിഴങ്ങ് ഉപയോഗിച്ച് നട്ട് വളര്‍ത്തുന്ന ഡാലിയാ ആണ് ശരിയായ വര്‍ഗ ഗുണം കാണിക്കുന്നത്.

ഡാലിയായുടെ കിഴങ്ങ് തണ്ടിന്റെ ഒരംശത്തോടു പാകിയില്ലെങ്കില്‍ മുളക്കുകയില്ല . കാരണം തണ്ടിലാണ് മൊട്ടുകള്‍ ഉള്ളത്.

പെറ്റൂണിയാ ചെടികള്‍ക്ക് പടരുന്ന സ്വഭാവം ഉള്ളത് കൊണ്ട് തൂക്കു ചട്ടികളിലും ആരോഗ്യത്തോടെ വളര്‍ത്താം. എന്നാല്‍ ഇവയ്ക്ക് വെയില്‍ അത്യാവശ്യമാണെന്നും ഓര്‍ത്തുകൊള്ളുക.

ഓര്‍ക്കിഡിന് ശരിയായ തോതില്‍ സൂര്യപ്രകാശം കിട്ടുന്നുവെങ്കില്‍ ഇലകള്‍ക്ക് തത്തപ്പച്ച നിറമായിരിക്കും. ഇലകളുടെ നിറം കടുത്തതോ വിളറിയതോ ആയ പച്ചനിറം ആണെങ്കില്‍ സൂര്യപ്രകാശം ശരിയായ അളവിലല്ല എന്നു മനസിലാക്കാം.

തുറസായ സ്ഥലത്ത് ഓര്‍ക്കിഡ് കൃഷി ചെയ്യുന്നതായാല്‍ കൃഷിപ്പണികള് ‍ലഘൂകരിക്കാം. ചിലവു കുറക്കാം.

തെക്ക് വടക്കായി ചെരിവുള്ള ഭൂമിയും നിരപ്പുള്ള ഭൂമിയും ഓര്‍ക്കിഡ് കൃഷിക്ക് പറ്റുന്നതാണ്.

ഓര്‍ക്കിഡ് ചെടി പുഷ്പ്പിച്ചു നില്‍ക്കുമ്പോള്‍ പത്രപോഷണം നടത്തരുത്.

നേരിട്ട് സൂര്യപ്രകാശം ലഭിക്കാതെ തന്നെ പുഷ്പ്പിക്കുന്ന അപൂര്‍വം ചെടികളിലൊന്നാണ് ആന്തൂറിയം.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കകട്സ് എല്ലാ വര്‍ഷവും പുഷ്പ്പിക്കേണ്ടതാണ്.

കാക്ടസ് ചെടികള്‍ക്ക് മഴക്കാലത്ത് അധികമായി നനയാതെ സംരക്ഷണം നല്‍കേണ്ടതാണ്.

കള്ളിച്ചെടികള്‍ ഏതു ചുറ്റുപാടിലും വളരുന്നതിനായി സ്വയം ക്രമീകരണം ചെയ്യാറുണ്ട്.

ഇരുമ്പ് , മാഗ്നീഷ്യം എന്നിവയുടെ കുറവു മൂലം പുല്‍ത്തകിടിയുടെ പച്ച നിറം മാറി മഞ്ഞനിടമാകാനിടയുണ്ട്.

ഗൃഹാന്തര്‍ സസ്യങ്ങള്‍ക്ക് മഴക്കാലത്ത് ആറ് ദിവസത്തിലൊന്നും വേനല്‍ക്കാലത്ത് രണ്ടു ദിവസത്തിലൊന്നും മാത്രം ജലസേചനം ചെയ്താല്‍ മതിയാകും.

പുഷപാലങ്കാരത്തിന് ലോഹനിര്‍മ്മിതമായ പാത്രങ്ങളേക്കാള്‍ മണ്ണോ സ്ഫടികമോ കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളാണ് ഉത്തമം.

പൂക്കള്‍ക്കിടയിലൂടെ എപ്പോഴും സുഗമമായ വായു സഞ്ചാരം ആവശ്യമായിരിക്കുന്നതിനാല്‍ , പൂപ്പാത്രത്തില്‍ ഒരിക്കലും ക്രമാതീതമായി പൂക്കള്‍ കുത്തി നിറക്കരുത്.

പൂപ്പാത്രത്തില്‍ അല്‍പ്പം തുരിശ് ചേര്‍ത്താല്‍ ഫംഗസ്, ബാക്ടീരിയ എന്നിവയുടെ ആക്രമണം മൂലം പൂക്കള്‍ വാടിപ്പോകുന്നത് തടയാം.

ഓര്‍ക്കിഡിന്റെ വേരുകള്‍ അന്തരീക്ഷത്തില്‍ നിന്നും വളവും വെള്ളവും സംഭരിക്കുന്നു.

വൈകുന്നേരം അഞ്ച് – അഞ്ചര മണി സമയത്ത് കുറ്റിമുല്ല പൂവുകള്‍ പറിച്ചാല്‍ നല്ല ദൃഢത കിട്ടും.

നന്നായി പരിചരിക്കുന്ന ഓര്‍ക്കിഡ് ചെടിയിലാണെങ്കില്‍ ഓര്‍ക്കിഡ് പൂവ് മൂന്നു മാസത്തോളം കേടു കൂടാതെ തന്നെ നിലനില്‍ക്കും.

ഡുറാന്റാ ( ഗോള്‍ഡ് സ്പോട്ട്) യുടെ കായ്കളില്‍ നിന്നെടുക്കുന്ന ചാറിന് കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാന്‍ കഴിയും.

ഹൈഡ്രാഞ്ചിയ ചെടികളില്‍ ശരിയായ രീതിയിലുള്ള കൊമ്പുകോതല്‍ അത്യാവശ്യമാണ്. തന്മൂലം മെച്ചപ്പെട്ട തോതില്‍ പുഷ്പിക്കുകയും ചെയ്യും.

മുല്ലച്ചെടികള്‍ പടര്‍ന്ന് പന്തലിക്കാതിരിക്കുന്നതിനും കൂടുതല്‍ പൂക്കള്‍ ലഭിക്കുന്നതിനും ചുവട്ടില്‍ നിന്നും ഒരടി ഉയരത്തില്‍ എല്ലാ ശാഖകളും മുറിച്ചു മാറ്റണം.

പിച്ചകത്തിന്റെ പൂവിടീല്‍ ഉത്തേജിപ്പിക്കാന്‍ ‘ എത്രെല്‍’ എന്ന ഹോര്‍മോണ്‍ 1500 പി. പി. എം വീര്യത്തില്‍ തളിക്കുന്നത് ഫലപ്രദമാണ്. പൂവ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നതിലുപരി ചെടിയുടെ പുഷ്ടിയും പൂവിന്റെ വലിപ്പവും മെച്ചപ്പെടുകയും ചെയ്യും.

തേയിലച്ചണ്ടി റോസാച്ചെടികള്‍ക്ക് ഒന്നാന്തരമൊരു ജൈവവളമാണ്.

റോസാച്ചെടികളില്‍ പൂമൊട്ട് വിരിയാന്‍ കാലതാമസം അനുഭവപ്പടുന്നുണ്ടെങ്കില്‍ സാവധാനം പൂമൊട്ടിലേക്ക് ഊതിക്കൊടുക്കണം. വിരിയല്‍ പ്രക്രിയ ത്വരിതപ്പെടും.

റോസാച്ചെടികളില്‍ പ്രൂണിംഗ് അത്യാവശ്യമാണ് നല്ലൊരു കിളിര്‍പ്പിന് മുകളില്‍ കാലിഞ്ചു നീളം കമ്പ് നിര്‍ത്തി കിളിര്‍പ്പിന് എതിര്‍ വശത്തേക്ക് ചായ്ച്ച് മുറിക്കുന്നതാ‍ണ് നല്ലത്.

റോസിന്റെ തണ്ടുകളില്‍ ശല്‍ക്കക്കീടങ്ങളുടെ ഉപദ്രവം കാണുന്നുണ്ടെങ്കില്‍ കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തേക്കുക.

റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേടുപാടുള്ളതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ടു നില്‍ക്കുന്നതും ദുര്‍ബലവുമായ കമ്പുകളും കോതി മാറ്റുക.

പുഷ്പകൃഷിയില്‍ കച്ചവടാവശ്യത്തിന് ഉല്‍പ്പാദിപ്പിക്കേണ്ടത് ഒരേ നിറവും വലിപ്പവുമുള്ള പൂക്കളാണ്.

ഗ്ലാഡിയോലസിന്റെ വലിയ കിഴങ്ങുകള്‍ മാത്രം നടുക. ചെറിയ കിഴങ്ങുകള്‍ നട്ടാല്‍ പൂക്കളുടെ വലിപ്പം കുറയും അതിനാല്‍ വിലയും കുറയും.

പെറ്റൂണിയായുടെ വിത്ത് തീരെ ചെറുതാകയാല്‍ മണലുമായി കലര്‍ത്തി മാത്രമേ നടാന്‍ പാടുള്ളു.

പെറ്റൂണിയാച്ചെടി വളരാന്‍ തുടങ്ങി അരയടി ഉയരമാകുമ്പോള്‍ തലപ്പ് നുള്ളിക്കളയണം . എങ്കിലേ ശിഖരങ്ങള്‍ പൊട്ടുകയുള്ളു.

ആന്തൂറിയം ഓര്‍ക്കിഡുകള്‍ വളരെ കുറച്ച് പരിചരണം മതിയാകും. ധാരാളമായി പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.

കള്ളിച്ചെടികള്‍ വളരുന്നത് വളരെ സാവധാനമാണ് വളര്‍ച്ച തിരിച്ചറിയണമെങ്കില്‍ തന്നെ കുറഞ്ഞതു മൂന്നു മാസമെടുക്കും. ഇത് മനസിലാക്കാതെ ചെടി നശിച്ച് പോയെന്നോ , ഇനി വളരുകയില്ലെന്നോ കരുതി , പലരും ചെടിയെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു.

മഴക്കാലത്ത് കള്ളിച്ചെടി പുതുതായി പൊട്ടിച്ച് നടുന്നത് ഒഴിവാക്കുക. ഈ കാലത്ത് ചെടി അഴുകിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചെറിയ പൂത്തണ്ടുള്ള പൂക്കളുടെ ഞെടുപ്പ് ഒരു നീണ്ട സ്ട്രോയില്‍ കടത്തി, സ്ട്രോ പൂപ്പാത്രത്തിലിറക്കി വയ്ക്കുക .പൂക്കള്‍ കൂടുതല്‍ സമയം കേടു കൂടാതെ ഇരിക്കും.

Generated from archived content: karshika30.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English