ദേശീയ ചലച്ചിത്ര പുരസ്കാരം: ജോജുവിനും സാവിത്രി ശ്രീധരനും ശ്രുതിയ്ക്കും പ്രത്യേക പരാമര്‍ശം

 

 

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മലയാളി നടൻ ജോജു ജോര്‍ജ്ജിനും നടി സാവിത്രി ശ്രീധരനും ശ്രുതി ഹരിഹരനും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. മികച്ച നടിയായി മലയാളി നടി കീർത്തി സുരേഷിനെ തെരഞ്ഞെടുത്തു. തെലുങ്ക് ചിത്രം ‘മഹാനടി’യിലെ മികച്ച പ്രകടനത്തിനാണ് കീർത്തി സുരേഷിനെ ഈ പുരസ്കാരത്തിന് അർഹയാക്കിയിരിക്കുന്നത്. ആയുഷ്മാൻ ഖുറാനയെയും വിക്കി കൗശലിനെയും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ‘അന്ധാധുൻ’ എന്ന ചിത്രത്തിലെ അഭിനയം ആയുഷ്മാൻ ഖുറാനയയെയും ‘ഉറി’യിലെ പ്രകടനം വിക്കി കൗശലിനെയും പുരസ്കാരത്തിന് അർഹനാക്കുകയായിരുന്നു. ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ (ഉറി).

‘നതിച്ചരമി’ എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ‘ജോസഫി’ലെ പ്രകടനത്തിനാണ് ജോജു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമാക്കിയത്. ‘സുഡാനി ഫ്രം നൈജീരിയ’ മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരൻ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായത്.

മികച്ച ഹിന്ദി ചിത്രമായി ‘അന്ധാധുൻ’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്ക് ചിത്രമായി ‘മഹാനടി’യും മികച്ച ആക്ഷൻ, സ്പെഷ്യൽ ഇഫക്ട്സ് ചിത്രമായി ‘കെജിഎഫും’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കൊറിയോഗ്രഫി ‘പത്മാവതി’ലെ ചടുല ചലനങ്ങൾ പരിഗണിച്ച് ‘ഗൂമറി’ന് ലഭിച്ചു. ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനുള്ള പുരസ്കാരം എസ് ജയചന്ദ്രൻ നായരുടെ ‘മൗനപ്രാര്‍ത്ഥന പോലെ’ എന്ന പുസ്തകം കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകനായി സഞ്ജയ് ലീല ബൻസാലിയ്ക്കും (പത്മാവത്) മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം ‘കമ്മാരസംഭവ’ത്തിനും ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് പുരസ്കാരം ലഭിക്കുക. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണ് ‘കമ്മാരസംഭവം’. ഹരിജിത്ത് സിങാണ് മികച്ച ഗായകൻ (പത്മാവത്).

മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം സ്വന്തമാക്കിയത് അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. എം.ജെ. രാധാകൃഷ്ണന് ലഭിക്കുന്ന ആദ്യ ദേശീയ പുരസ്കാരമാണ് ഇത്. ഗുജറാത്തി ചിത്രമായ ‘എല്ലാരു’ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സുധാകർ റെഡ്ഢി യെഹന്തി മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം സ്വന്തമാക്കി. ‘നാഗ്’ എന്ന ചിത്രമാണ് സുധാകർ റെഡ്ഢി യെഹന്തിയെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.

മികച്ച ‍സഹനടിയായി സുരേഖ സിക്രിയെ തെരഞ്ഞെടുത്തു. ‘ബദായ് ഹോ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇവര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രമായി ‘പാഡ്മാൻ’ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘ബദായ് ഹോ’ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സൗണ്ട് മിക്സിങിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ‘രംഗസ്ഥലാം’ എന്ന തെലുങ്ക് ചിത്രമാണ്. ഇത്തവണ പുരസ്കാരത്തിനായി സമർപ്പിച്ചിരുന്നത് 490 ചിത്രങ്ങളായിരുന്നു. വിവിധ വിഭാഗങ്ങളിലായി 31 പുരസ്കാരങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English