‘ഐക്യമുണ്ടാക്കാന്‍ ഹിന്ദി വേണ്ട’; ഒരു രാജ്യം, ഒരു ഭാഷ നിര്‍ദേശത്തിനെതിരെ എംടി

 

 

 

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഒരു രാജ്യം, ഒരു ഭാഷ എന്ന നിർദേശം തികച്ചും ഏകാധിപത്യപരമെന്ന് എം ടി വാസുദേവന്‍ നായര്‍. ഈ നിര്‍ദേശത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും എംടി കുറിച്ചു. മലയാള മനോരമയുടെ നോട്ടം എന്ന കോളത്തിലൂടെയാണ് എംടി നിലപാട് വ്യക്തമാക്കിയത്. ”ഹിന്ദിയടക്കം ഒട്ടേറെ ഭാഷകൾ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനിൽക്കണം.

ഒരു ഭാഷ മാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങൾ എതിർക്കപ്പെടണമെന്ന് എംടി എഴുതി. ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാൽ, ഇന്ത്യയിൽ ഹിന്ദിക്കു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകൾ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ട്. പ്രേംചന്ദിനെപ്പോലുള്ളവർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജീവിതവും സംസ്കാരവുമാണ് തന്റെ കൃതികളിൽ പകർത്തിയത്.

കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സാമൂഹിക ഘടന എന്നിവയാണ് നമ്മുടെ എഴുത്തിൽ കടന്നുവരിക. ഓരോ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയാണു ഭരണഭാഷ. കേരളത്തിലതുമലയാളമാണ്. അതുകൊണ്ടാണു മലയാളത്തിൽ ചോദ്യങ്ങളൊരുക്കാൻ പിഎസ്‌സിക്കു ബാധ്യതയുണ്ടെന്നു പറയുന്നതെന്നും എംടി ഓര്‍മിപ്പിച്ചു.

തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തിൽ സർവകലാശാലകളുണ്ട്. ഈ സാഹചര്യത്തിൽ, പ്രാദേശിക ഭാഷയും സംസ്കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ‘ഹിന്ദി’ കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരർഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് എംടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English