മത്സ്യകന്യക

കുളിക്കാനിറങ്ങിയതായിരുന്നു
വീര്‍പ്പുമുട്ടലിന്റെ
ഇരുപത്തിയെട്ടാം നാളിന്റെ
മൂവന്തിയില്‍
തന്നില്‍ നിന്നുമടര്‍ന്നുപോയ
അണ്ഡകടാഹത്തെ
ഓര്‍ത്തു മുങ്ങുമ്പോള്‍

ഒരു മീനുണ്ട്
കണങ്കാലില്‍ മുഖമുരച്ച്
ചെകിളകള്‍ കൊണ്ട്
തുടകളെ ഇക്കിളിപ്പെടുത്തി
എന്നിലുള്ള എല്ലാ പുഷ്പങ്ങളെയും
തളിരുകളെയും
കാടുകളെയും
കുന്നുകളെയും, താഴ്വരകളെയും

ചിറകുകൊണ്ടിളക്കി വാലിട്ടടിച്ച്
കണ്ണിമ കൊണ്ടുപോലും
തികച്ചും
അവന്റെതായ ഈ കുളത്തിന്റെ
ആഴങ്ങളിലേക്ക്
എന്നെ ക്ഷണിച്ചു കൊണ്ടു പോയത്

അടിത്തട്ടില്‍
നീലക്കല്ലുകളുടെ ശയ്യയില്‍
പാതിയടഞ്ഞ കന്‍പോളകള്‍ക്കുള്ളിലൂടെ
അവനെക്കണ്ടു
അരക്കു മീതേ മനുഷ്യനും
താഴേക്ക് അഴകളന്ന
ഒരൊത്ത ആണ്‍മീന്‍
ഞാനെന്നെനോക്കുമ്പോള്‍
അരക്കു മീതേ മനുഷ്യനും
താഴേക്ക് വല്ലാതെ മെഴുക്കമുള്ള
പെണ്‍പിറപ്പ്

എത്ര പ്രാവശ്യമക്കരെയിക്കരെ
നീന്തിയെന്നോ
എത്രവര്‍ഷങ്ങള്‍ മുങ്ങിമരിച്ചെന്നോ
ആലോചിക്കുമ്പോളൊക്കെ
ചുണ്ടുകളെ മുദ്രവച്ചടക്കുകയാണവന്‍

അവസാനത്തെ അലക്
വെയിലും വറ്റിയപ്പോള്‍
കുളത്തില്‍ നിന്ന് കയറി
മറന്നു പോയ അടിവസ്ത്രങ്ങളുടുക്കുമ്പോഴും
വഴിയൊക്കെയും
സ്വച്ഛസ്ഫടിക ജലവീഥിയാവുകയും
എനിക്കെന്നോടു തന്നെ
കൊതിച്ചു പോകുന്ന
അത്രമേല്‍ നഗ്നമായ
ഒരു മീനുടല്‍ കൊണ്ട്
ഞാന്‍ തുഴയുകയുയായിരുന്നു
ഒരിക്കലും വീടെത്താതിരിക്കാന്‍..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English