മാസ്‌ക്

“നിനക്കൊരു മാസ്ക്ക് വയ്ക്കാമായിരുന്നില്ലേ? അല്ലെങ്കിൽ ആ കൈയ്യൊന്ന് കഴുകാമായിരുന്നില്ലേ?”

“എന്തുട്ടാ ദൈവമീ പറേണത്? മാസ്ക്ക് ഉണ്ടാരുന്നു. കൈയ്യും ഓരോ ട്രിപ്പു കഴിയുമ്പോഴും കഴുകായിരുന്നു”.

“പിന്നെ നിനക്കെങ്ങനെ കൊറോണ കിട്ടി?” ദൈവം തല ചൊറിഞ്ഞു.

“എന്റെ ദൈവമേ വണ്ടിയിൽ 60 പേരുണ്ടാര്ന്ന് . അടുത്തു നിന്ന ഒരുത്തൻ തുമ്മിയത് എന്റെ മുഖത്തേക്കാ ദൈവമേ . ട്രിപ്പ് കഴിഞ്ഞ് ഓടി ചെന്ന് കഴുകിയപോഴേക്കും അരമണിക്കൂർ ആയിരുന്നു അതാ”.

“ഒരു വണ്ടിയിൽ 60 പേരോ? അതും  ഇപ്പോ?  അല്ല …. എന്താ നിന്റെ പണി?” ദൈവത്തിന്റെ മുഖത്ത് കൗതുകം.

“ബസ്സിലാ … കണ്ടക്ടർ” . ഞാൻ പറഞ്ഞു.

“എന്റെ കാലാ …… തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ…. അവിടന്ന് ആളെ വേണ്ടന്ന് കഴിഞ്ഞ ആഡിറ്റിങ്ങിൽ പറഞ്ഞതല്ലേ ……” പുറകിൽ നിന്ന കാലനെ  ദൈവം ദേഷ്യത്തോടെ നോക്കി.

“അതു പിന്നെ കൊറോണ ക്വാട്ടാ …… “ കാലൻ മീശയിൽ തടവി തലകുനിച്ചു നിന്നു .

“എടോ അവിടെ ശമ്പളമില്ല …. ജോലി ഭാരം ….. എന്നൊക്കെ പറഞ്ഞ് ആത്മഹത്യ ചെയ്തവരെ താനല്ലേ ഇങ്ങോട്ട് കൊണ്ടുവരുന്നത്? പിന്നെ അപകടങ്ങൾ വേറെ……”

“ആട്ടെ ഇവനെ എവിടുന്നാ കിട്ടിയത്?..”  ദൈവം അസ്വസ്ഥതയോടെ ചോദിച്ചു.

“ഇവനാ ബസ്സിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. ഡ്യൂട്ടിക്കു പോവാൻ എഴുന്നേറ്റപ്പോഴാ ഞാൻ പൊക്കിയത്”. കാലൻ പറഞ്ഞു.

“ഇവന്റെ ഡ്യൂട്ടി തുടങ്ങാറായോ?  “

കാലൻ തന്റെ വാച്ചു നോക്കി യിട്ടു പറഞ്ഞു. “ഇല്ല. അര മണിക്കൂർ ഉണ്ട് . 4.30 ആയിട്ടുള്ളു.”

“എന്നാൽ വേഗം ഇവനെ തിരികെ കൊണ്ടു വിട്ടേക്കു.” ദൈവം കാലനോട് പറഞ്ഞു. “ പിന്നെ  Break  the chain.”

പുറപ്പെടാൻ തുടങ്ങിയ കാലന് ദൈവം അവസാനം പറഞ്ഞത് മനസ്സിലായില്ല.

“ എടോ കൈ കഴുകാൻ ……” ദൈവം ദൈന്യതയോടെ കാലനെ നോക്കി.

എന്നിട്ട് ചിരിച്ചു കൊണ്ട് ഞങ്ങളെ യാത്രയാക്കി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English