ഭൂലോകമലയാളിക്കുവേണ്ടി ഒരു നവവത്സരഗാഥ

എന്നിൽ നിന്നും കിഴിച്ചു ഞാൻ

രക്തമാംസമജ്ജാദികൾ

എന്നിൽ നിന്നും പുകച്ചുപുറത്തു

ചാടിച്ചു ഞാൻ പക, യോർമ്മകൾ;

കുറഞ്ഞതില്ല കടുകോളമെൻസത്ത

പാൽക്കടലും കടന്ന്‌

വ്യാപിച്ചുയുർന്നേൻ

ഹിമാദ്രിക്കുമപ്പുറം.

പ്രവാസത്തിൻ പുലിപ്പുറത്തേറിയിവൻ

താണ്ടുന്നു വൻകരകളൊക്കെയും ഭൂവിന്റെ

അത്തപ്പൂക്കളമിടുന്നന്റാർട്ടിക്കയിൽ

കത്തിക്കുന്നു കതിന കൈലാസത്തിൽ

ന്യൂയോർക്കിൽ ബർഗർ തിന്നുന്നു

ഛർദ്ദിക്കുന്നു റോമാത്തെരുവിൽ

ദഹിക്കാത്ത പിസ്സാ.

കാലടിയിൽ

അഖിലാണ്ഡചക്രം

തലപ്പുറത്തൊരു കളിപ്പെട്ടി

ചുണ്ടത്തൊരു കഥകളിപ്പദം

മാറാപ്പിൽ കൂടാരം

കാലിണയിൽ കളരിച്ചുവടുകൾ

മടിക്കുത്തിൽ പൊടിപ്പച്ചമരുന്ന്‌

ദക്ഷിണായനത്തിലും

ഉത്തരായനത്തിലും

ഇരുൾമുടിക്കെട്ടുമായ്‌

പതിനാറായിരത്തെട്ടുപടികളിൽ

ശരണാഗതിയടയുന്നു ഞാൻ.

മലയോളം കിളരവും

കടലോളമാഴവുമുള്ളയെന്നെ

മലയാളിയെന്നു വിളിക്കൂ

കോരിത്തരിക്കട്ടെയാ വിളി

കേട്ടെന്റെ കാതുകൾ

റബ്ബർമരത്തിന്റെ

നാട്ടിലെനിക്കെന്തുണ്ട്‌-

തുഞ്ചൻപറമ്പൊ

ചിക്കൻഗുനിയയൊ

പഞ്ചവർണ്ണക്കിളിയൊ?

മേടം കൊന്നക്കുടന്നകളുടെ

ശരറാന്തലുകൾ കൊളുത്തി

വെക്കുന്നതാർക്കുവേണ്ടി!

കണ്ണാന്തളികൾ ചിങ്ങത്തിൽ

കൺതുറക്കുന്നതാർക്കുവേണ്ടി!!

Generated from archived content: poem2_dec28_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English