കാറ്റും തിരയും

മുജ്ജന്മസ്‌മരണയില്ലാത്ത തടവ്‌

കഠിനമല്ല, സുഖദം

വിടുതൽ കിട്ടിയ നിമിഷം

നാക്കിൽ പതിച്ചുകിട്ടിയതൊ, കരിമുദ്ര!

ആദ്യരോദനത്തെയൊതുക്കുവാൻ

ആസുരീയത്തിര

ഒന്നിനു പിറകേ മറ്റൊന്ന്‌

കാലത്തിന്റെ കുരുടൻതിരനോട്ടം.

മുന്നോർക്കുടത്തിന്റെ സ്‌ഖലിതത്തിൽപ്പെട്ട്‌

ചീറുമ്പോഴും കാറ്റ്‌ പറഞ്ഞുഃ

കുഞ്ഞേ, കടലിനെയും തീരത്തെയും അവിശ്വസിക്കരുതേ

ഇതൊരു ചൂതാട്ടമാണെങ്കിലും

ഇതിൽനിന്നു ഒഴിഞ്ഞുമാറി നിൽക്കരുതേ.

മുലപ്പാലിനുപകരം ഉപ്പുവെളളമൊ

വായ്‌ത്താരിക്കു പകരം വായ്‌ക്കരിയൊ

ആർക്കറിയാം, മുമ്പും സുനാമികളിൽപ്പെട്ട്‌

പലകുറി നമ്മൾ വേഷംകെട്ടിയിട്ടുണ്ടാകാം-

ജഡങ്ങളുടെ!

പരാതി പാതിശ്ശവങ്ങൾക്കേയുളളൂ

മുഴുശ്ശവങ്ങൾക്കു ഒന്നുമില്ല

അവ ഒന്നും ചെയ്യുന്നില്ല

എങ്കിലും ചെയ്യപ്പെടുവാനായി

ഒന്നുംതന്നെ ബാക്കിയാകുന്നുമില്ല.

പിന്നീടു ശാന്തമായ ഒരു കാറ്റ്‌ വന്നു

ഈ പാതി ശവത്തോടു മന്ത്രിച്ചുഃ

ഭൂമിയിലെ ശവപ്പറമ്പുകൾക്കു അതിരുകളുണ്ട്‌

എന്നാൽ ഒന്നിനുപോലും നിന്നെ വഹിക്കാനാവുകയില്ല.

കടലിൽനിന്നു വന്നതല്ലേ നീ,

നിന്നെ കൊണ്ടുപോകാൻ

കടലിനെ അനുവദിച്ചാലും.

ചോരയൊലിക്കുന്നതും പാതിയടഞ്ഞതുമായ

എന്റെ ഇടതുകണ്ണിനോടു

ഒരു വെളളിത്തിരമാല സുവിശേഷം ചൊല്ലിഃ

എല്ലാം ചാരമാക്കുന്ന മേൽപ്പരപ്പിനും

ആർക്കും കടന്നുചെല്ലാനാകാത്ത ഇരുണ്ട അടിത്തട്ടിനുമിടയിൽ

നിനക്കൊരു സുവർണ്ണഭാവിയുണ്ട്‌!

ഭ്രാന്ത്‌ ശമിച്ച കടലിലെ കുഞ്ഞിത്തിര

എന്റെ അടയാറായ കാതിൽ ആലപിച്ചുഃ

ഉപ്പ്‌ കുറുക്കുന്നവർക്കുവേണ്ടി

ഇരട്ടി മധുരം നീക്കിവെച്ചിട്ടുണ്ട്‌.

അപായകരമായി ജീവിക്കുന്നവർ

അതു വൈകാതെ കണ്ടെത്തും, കുഞ്ഞേ.

Generated from archived content: poem1_july14_05.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English