കർക്കിടകവായന

അവനവന്റെ കുംഭകർണ്ണത്തരം

മനസ്സിലാവാൻ

ഏഴുപുറവും ഏഴുവരിയും

ഏഴക്ഷരവും വിട്ടുവായിക്കുക.

ചിതൽപ്പുറ്റ്‌ നിർമ്മാണം

ഇന്ന്‌ അനാവശ്യമായ ഒരാഡംബരം

നാക്കുംവടിച്ച്‌ മരാ മരാന്ന്‌

ജപിച്ചാൽ ഇനിയൊരുത്തനും വാൽമീകിയാവില്ല.

വാൽമീകിയുടെ നരയൻമൗനത്തിലേക്ക്‌

നുഴഞ്ഞു കയറിയാലേ

സീത രാമനു ആരാണെന്ന കഥ

മനസ്സിലാവൂ

ലക്ഷ്‌മണൻ ശ്രീമതിയെ

കാട്ടിലേക്കു കൂട്ടാത്തതിന്റെ

പൊരുൾ പിടികിട്ടൂ.

തൽക്കാലം ഒരണ്ണാന്‌

ഇത്തിരി പൊരികടല വാങ്ങിച്ചുകൊടുക്കാം

അവനൊരിക്കൽ

തന്നാലാവതു ചെയ്‌തതല്ലേ.

പാതയരികെ

ഒരു കർപ്പൂരവൃക്ഷം നടാം

പുതിയ സമ്പാതികൾക്കിരിപ്പാൻ

ഒരു കൊമ്പ്‌ കിട്ടട്ടെ.

സ്വർണ്ണസിംഹാസനത്തിന്‌

മരമെതിയടി ചേരും

പക്ഷെ കൊടുക്കേണ്ടത്‌

രാജാവിന്റെ പൃഷ്‌ഠത്തിനാണ്‌

കൃത്യം പരദൂഷണരതിൽ വിശ്വസിക്കാത്ത

പുതിയ രജകന്മാർ ചെയ്യട്ടെ.

എല്ലാം തലതിരിച്ച്‌ വായിക്കുമ്പോഴും

കാട്ടാളക്കവി കാണുന്നു

വാലിനും കിരീടത്തിനുമപ്പുറം

രാമായണം പാടിയൊഴുകുന്ന

സരയൂനദിയെ!

Generated from archived content: poem1_julty15_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English