എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്‌

പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭം ഉണ്ടാക്കുന്നതിനേക്കാളുപരി, കൂടുതലാളുകൾക്ക്‌ തൊഴിൽ കൊടുക്കുന്ന സ്‌ഥാപനങ്ങളാവണം എന്നായിരുന്നു. എം.കെ.കെ. യുടെ നിഗമനം. എം.കെ.കെ. നായർ പിരിയുമ്പോൾ, ഫാക്‌ടിൽ 11,000 ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ ശോഷിച്ചുപോയ ഫാക്‌ടിൽ ജീവനക്കാരുടെ എണ്ണം നാലായിരത്തോളം പേരത്രെ. 1959 ലാണ്‌ എം.കെ.കെ. നായർ ഫാക്‌ടിൽ മാനേജിംഗ്‌ ഡയറക്‌ടറായി വരുന്നത്‌ 1971 – ൽ അവിടെ നിന്നും പിരിഞ്ഞു. പന്ത്രണ്ടുവർഷം കൊണ്ട്‌ അദ്ദേഹം ഫാക്‌ടിനെ ഇന്ത്യയിലെ ഒരു ശ്രദ്ധേയമായ സ്‌ഥാപനമാക്കി മാറ്റി എന്നതാണ്‌ യഥാർത്ഥ്യം. ഫാക്‌ടിന്റെ ഉദ്യോഗമണ്‌ഢലത്തിലേയും അമ്പലമേടിലേയും അതിഥി മന്ദിരങ്ങൾ പ്രശസ്‌തങ്ങളാണ്‌. ഇന്ത്യൻ പ്രസിഡണ്ടായിരുന്ന വി.വി. ഗിരി , സി. സുബ്രഹ്‌മണ്യം തുടങ്ങി ഒട്ടനവധിപ്പേർ. ഈ അതിഥി മന്ദിരത്തിലെ താമസവും ഭക്ഷണവും ഇഷ്‌ടപ്പെട്ടിരുന്നവരാണ്‌. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ, പ്രശസ്‌തരായ കലാകാരന്മാരും, എഴുത്തുകാരും, രാഷ്‌ട്രീയ നേതാക്കളും എല്ലാം ഫാക്‌ടിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുള്ളവരാണ്‌. അമ്പലമേട്‌ ഹൗസ്‌ എന്ന സ്‌ഥാപനം, ഇന്ത്യയിലെ ഏതു പഞ്ചനക്ഷത്ര ഹോട്ടലിനോടും കിടപിടിക്കുന്ന രീതിയിലാണ്‌ നിർമ്മിക്കപ്പെട്ടിട്ടുള്ളത്‌. അമ്പലമേട്ടിലെ കൃത്രിമത്തടാകവും, എം.കെ.കെ.യുടെ ഭാവനാസൃഷ്‌ടിതന്നെ. ഒരു ഫാക്‌ടറിയുടെ ടൗൺഷിപ്പാണ്‌, അമ്പലമേട്‌, എന്ന്‌ തോന്നലുണ്ടാക്കത്തരീതിയിലാണത്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. അമ്പലമേട്‌ ഹൗസിൽ ഇന്ത്യയിലെ പ്രശസ്‌തരായ ചിത്രകാരന്മാരുടെ മൗലീക ചിത്രങ്ങൾ എം.കെ.കെ.വാങ്ങി, എല്ലാ മുറികളിലും ഹാളുകളിലും തൂക്കിയിരുന്നു. ഇന്നവയെല്ലാം അവിടെ ഉണ്ടോ, ആവോ! കാനായികുഞ്ഞിരാമൻ പാരീസിൽ നിന്നും വന്ന്‌ , ജീവിക്കാൻ ബുദ്ധിമുട്ടുന്ന കാലത്താണ്‌, എം.കെ.കെ അദ്ദേഹത്തിന്റെ രണ്ടു ശില്‌പങ്ങൾ നിർമ്മിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചത്‌, അതിലൊന്ന്‌, ഇപ്പോഴും അമ്പലമേടിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിന്റെ മുൻവശത്തുണ്ട്‌. മറ്റൊന്ന്‌ ജി.സി.ഡി.എ.യുടെ മുൻപിലും സ്‌ഥാപിച്ചിട്ടുണ്ട്‌.

എം.കെ.കെ.യുടെ ഒരു അർദ്ധകായപ്രതിമ ഉണ്ടാക്കാൻ, കേരള കലാപീഠത്തിൽ വച്ച്‌, കാനായി, എൺപതുകളുടെ ആദ്യം ശ്രമിച്ചു. എം.കെ.കെ.യെ ഇരുത്തിക്കൊണ്ടാണ്‌ , പ്രതിമയുടെ മാതൃക ഉണ്ടാക്കിയത്‌. പ്ലാസ്‌റ്റർ ഓഫ്‌ പാരീസിൽ തീർത്ത, പൂർത്തിയാക്കാതെ, കലാപീഠത്തിന്റെ ഗോഡ്ണിൽ ഉപേക്ഷിക്കുകയായിരുന്നു. അതു പൂർത്തിയാക്കാനുള്ള ചിലവ്‌ വഹിക്കാൻ ആരും മുമ്പോട്ടുവരാത്തതായിരുന്നു കാരണം. ഒരു ദിവസം കലാപീഠത്തിൽ പോയപ്പോൾ, പൂർത്തിയാക്കാത്ത ആ പ്രതിമ ടി കലാധരൻ എനിക്ക്‌ കാണിച്ചു തന്നു. ആയിടക്ക്‌ ഫാക്‌ട്‌ ലളിതാകലാ കേന്ദ്രത്തിന്റെ വാർഷികാഘോഷണങ്ങളിലൊരു ദിവസം, ഫാക്‌ടിൽ നിന്നും വിടവാങ്ങുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ, ഫാക്‌ട്‌ എം.കെ.കെ.നായർ മെമ്മോറിയൽ ഹാളിന്റെ മുൻവശത്ത്‌, എം.കെ.കെ.നായരുടെ ഒരു പ്രതിമ സ്‌ഥാപിക്കുന്നതിന്റെ അനിവാര്യതയെപ്പറ്റി പറഞ്ഞു. നടക്കണം എന്ന ഉദ്ദേശത്തിൽ പറഞ്ഞതൊന്നുമല്ല. വെറുതെ ഒരു തട്ട്‌. കാരണം ഇതേ ഉദ്യോഗസ്‌ഥന്റെ അടുത്ത്‌ പ്രശസ്‌ത കഥാകൃത്തായ റ്റി.പത്മനാഭനും ചില തൊഴിലാളി നേതാക്കന്മാരും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ അതു പരിഹാസ്യതയോടെ തള്ളിക്കളഞ്ഞ ഉദ്യോഗസ്‌ഥനാണ്‌, വിട വാങ്ങുന്ന അവസരത്തിൽ സ്‌റ്റേജിൽ വച്ച്‌, ഇത്തരം ഒരു പ്രസ്‌താവന നടത്തിയത്‌ പക്ഷെ, വേദിയിലുണ്ടായിരുന്ന അന്നത്തെ മാനേജിംഗ്‌ ഡയറക്‌ടർ അതു ഗൗരവമായി എടുത്തു. പിറ്റേന്ന്‌, അദ്ദേഹം, ഫാക്‌ട്‌ ലളിതാകലാ കേന്ദ്രത്തിന്റെ ഭാരവാഹികളായിരുന്ന എന്നെയും, സെക്രട്ടറി ശ്രീ. സി.റ്റി. രാമദാസിനേയും ഓഫീസിലേക്ക്‌വിളിപ്പിച്ചു. എം.കെ.കെ.നായരുടെ പ്രതിമ ഉണ്ടാക്കുന്ന കാര്യം പറഞ്ഞു. ഞാനപ്പോൾ കലാപീഠത്തിലുള്ള പൂർത്തിയാക്കാത്ത പ്രതിമയെക്കുറിച്ചു സൂചിപ്പിച്ചു. പെട്ടെന്ന്‌ തന്നെ, കലാധരനെ കണ്ട്‌, അതു സംഘടിപ്പിക്കാനും ബാക്കി ഏർപ്പാടുകൾക്കായി, തിരുവനന്തപുരത്തുപോയി കാനായിയെ കാണാനും എബ്രഹാം തോമസ്‌ ഞങ്ങളോട്‌ പറഞ്ഞു. തൊട്ടടുത്ത ദിവസം, രാമദാസ്‌ കാനായിയെ കണ്ടു. കലാപീഠത്തിലെ പൂർത്തിയാകാത്ത പ്രതിമ കലാധരൻ, സൗമനസ്യത്തോടെ ഞങ്ങൾക്ക്‌ വെറുതെ തന്നു. രാമദാസ്‌ അതു തിരുവനന്തപുരത്ത്‌ എത്തിച്ചു. (കാനായി, അന്ന്‌, തിരുവനന്തപുരം വേളിയിൽ, തിരക്കുപിടിച്ച ജോലികളിലായിരുന്നു.) പ്രതിമ, എം.കെ.കെ. നായർ മെമോറിയൽ ഹാളിനു മുമ്പിൽ സ്‌ഥാപിക്കേണ്ട സ്‌ഥലം തീരുമാനിക്കുന്നത്‌ കാനായിയാണ്‌. ഫെഡോയിലെ എൻജിനീയറായിരുന്ന ചന്ദ്രമോഹനനാണ്‌​‍്‌​‍്‌ ആ ബിംബം രൂപ കല്‌പന ചെയ്‌തതും പണിയിപ്പിച്ചതും. അങ്ങനെ രണ്ടു മൂന്നു മാസങ്ങൾ കൊണ്ട്‌, പ്രതിമ അവിടെ സ്‌ഥാപിച്ചു. പക്ഷെ ഇപ്പോഴെന്താണ്‌ സ്‌ഥിതി? വല്ലാർപാടം കണ്ടെയിനറിനു വേണ്ടി, റോഡിനു വീതി കൂട്ടിയപ്പോൾ, ആ പ്രതിമയും അതിരുന്ന സ്‌ഥലവും പെട്ടു. പ്രതിമ അവിടെ നിന്ന്‌ എടുത്തുമാറ്റി, ഓഡിറ്റോറിയത്തിനകത്തു വച്ചിരി​‍്‌ക്കുകയാണ്‌. മനുഷ്യർക്ക്‌ ജാതകം ഉണ്ട്‌. എം.കെ.കെ. അതിൽ ആത്‌മാർത്ഥമായി വിശ്വസിച്ചിരുന്നു എന്നതിന്‌ അദ്ദേഹത്തിന്റെ ആത്‌മകഥ സാക്ഷിയാണ്‌. അദ്ദേഹം ഫാക്‌ടിൽ ഉണ്ടായിരുന്ന കാലത്ത്‌ ഒട്ടേറെ ജോത്സ്യന്മാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പുതിയ ഒരു പ്ലാന്റ്‌ തുടങ്ങുന്നതിനു മുമ്പ്‌ അദ്ദേഹം, അതു പണിയേണ്ട സ്‌ഥലത്ത്‌ ഭൂമി പൂജയും സർപ്പപൂജയും ഒക്കെ നടത്തിയിരുന്നു. ചന്തിരൂർ എന്ന ചേർത്തലക്കടുത്തുള്ള ഒരു ജോത്സ്യനെ (അദ്ദേഹം നാഡി ജോത്സ്യനായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മകനാണ്‌ ജോത്സ്യനായി പ്രവർത്തിക്കുന്നത്‌. ചിന്തിരൂർ വിജയൻ ബി.ജെ.പി. ഗവൺമെന്റിന്റെ കാലത്ത്‌ അദ്ദേഹം വാജ്‌പോയിയുടെ ജാതകം പരിശോധിക്കാൻ ഡൽഹിയിൽ പോയിട്ടുണ്ട്‌.) സ്‌ഥിരം സന്ദർശകനായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ, പ്രതിമകൾക്കും ജാതകമുണ്ടോ? ഉണ്ട്‌, എന്നുവേണം വിശ്വസിക്കാൻ. അല്ലെങ്കിൽ, ആ പ്രതിമയുടെ അവസ്‌ഥ ഇങ്ങനെയാകുമോ ?

Generated from archived content: mkknair4.html Author: tm_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English