അമ്മയോളം വരില്ല, ആരും…

അച്ഛനോടൊപ്പം വീട്ടിലേക്കന്നവന്‍
പോയതും നോക്കി താഴേയാ മാഞ്ചോട്ടില്‍,

നിന്നു പോയേറെ നേരമാചോദ്യവും
കുഞ്ഞിനേയെന്തിനിപ്പോഴയച്ചുഞാന്‍.

കണ്ണുകളീറനായതറിയാതെ
പോയവര്‍ഷവും പിന്നെട്ടുമാസവും,

ചിത്രമായ് വന്നു മുന്നില്‍ നിറയുന്നു,
കണ്ണില്‍ നിന്നു മറയുന്നിരുവരും..

ഇന്നലെയുമെന്‍ കൂടെ ഉറങ്ങിയോന്‍,
ഇന്നുറങ്ങുവാനെന്നെ ത്തിരയുമൊ?

എന്നെക്കാണുവാന്‍ ശാഠ്യം പിടിക്കുമൊ?
നിദ്രയില്ലാതെ ദീനനാ‍യീടുമൊ?

പാലുവേണ്ടാ പഴങ്ങളും വേണ്ടെന്നും,
പാവ വേണ്ടാ കളിപ്പാട്ടം വേണ്ടെന്നും,

കുഞ്ഞുടുപ്പുകള്‍ മാറ്റേണ്ടതില്ലെന്നും,
വാശികൊണ്ടു കരഞ്ഞു തളര്‍ന്നാലൊ…..

പാല്‍ മണക്കുന്നൊരാ മുറിക്കുള്ളില്‍ നിന്‍;
വിങ്ങി വീര്‍ത്തൊരാ പൊന്‍ മുഖം കാണുവാന്‍;

അച്ഛനാവില്ല മുത്തശ്ശിക്കാവില്ല,
മൌനം മൌനത്തെ ഉള്ളില്‍ തിരയുമൊ?

ചിന്തകൊണ്ടു വലഞ്ഞു ഞാനപ്പൊഴാ,
കല്‍പ്പടവിലിരുന്നൊരു ശില്പമായ്,

ചുറ്റും തൂകുന്നു മാവില മഞ്ഞയായ്,
അശ്രു വര്‍ഷിപ്പു മേഘവുമല്‍പാല്പം.

ചക്രവാളമിരുണ്ടു തുടങ്ങുന്നു,
അര്‍ക്കബിംബമണക്കുന്നു ര്‍ശ്മികള്‍!

ചേക്കു പക്ഷികള്‍ ഗാനം മറക്കുന്നു,
തഴെയാപാടം കാണാതെയാകുന്നു..

കുഞ്ഞു വാവയോ പത്തു നാളായവന്‍,
രോദനം ചെയ്‌വൂ പാലിനു വേണ്ടിയൊ?

പിന്‍ വിളി കേട്ടു പോകാന്‍ കഴിഞ്ഞില്ല,
കല്ലിന്മേലൊരു കല്ലായിത്തീര്‍ന്നു ഞാന്‍.

ഓടിപ്പോയാലൊ ബസ്സ്റ്റോപ്പിലേക്കപ്പോള്‍,
കൂട്ടിക്കൊണ്ടു വരാതെ വയ്യൊട്ടുമെ.

എന്തുകൊണ്ടവന്‍ പോകാതിരുന്നില്ല,
എന്തുകൊണ്ടു തടഞ്ഞില്ല ഞാനുമെ!

പോകുന്നേരത്തു പുഞ്ചിരിക്കൊണ്ടവന്‍,
മുത്തം തന്നിട്ടു റ്റാറ്റാ പറഞ്ഞതും,

കുഞ്ഞിക്കാലടി വച്ചു നടന്നതും,
ഓര്‍ത്തു വിങ്ങി വിതുമ്പുന്നു പിന്നെയും.

കുട്ടനില്ലാതെ വയ്യെനിക്കൊട്ടുമെ,
ഉള്ളു നോവുന്നുടക്കി വലിക്കുന്നു,

കാണേണമെനിക്കിക്ഷണമെന്നോര്‍ത്തു,
ഉള്ളില്‍ വല്ലത്തൊരാധി തുടങ്ങവെ;

മമ്മായെന്ന വിളികേട്ടു സ്തബ്ധയായ്,
സ്വപ്നമോ വെറും മായയുണര്‍ച്ചയൊ?

നോക്കവേ കുട്ടന്‍ ചാഞ്ചാടി നില്‍ക്കുന്നു,
ണ്ടായിരം സ്വര്‍ഗ്ഗം മുന്നില്‍ നിരന്നപോല്‍!

പിന്നെ വാരിയെടുത്തു നടന്നു പൊയ്,
വീര്‍പ്പു മുട്ടിച്ചൊരായിരം മുത്തങ്ങള്‍,

എന്റെ ജീവിത പാഥയിലാനേരം,
ഏറ്റം സുന്ദരമാനന്ദ സാഫല്യം.

ബസ്സ്റ്റോപ്പില്‍ പൊയി നില്‍ക്കവെയെന്‍ കുട്ടന്‍ ,
“ഞാന്‍ വരുന്നില്ല മമ്മയെക്കാണണം“

കൈയും വിട്ടൊടി“ പോകയാഞാനെന്നും“
കേട്ടിട്ടച്ഛനും കൂടെ തിരിച്ചെത്തി.

ഇത്ര കുഞ്ഞിലെ ഇത്രയും ശ്രേഷ്ഠമാം
കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചതാരാണോ?

അമ്മയോളം വരില്ലാരുമെന്നൊരു,
ചിന്ത ചിത്തത്തില്‍ തന്നതുമാരാണ്?

Generated from archived content: poem1_dec13_12.html Author: thresiamma_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English