സമാധാനത്തിന്റെ ആൾരൂപം

1978-ൽ പോളണ്ടുകാരനായ ബിഷപ്പ്‌ കരോൾ വോയ്‌റ്റിവ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, ലോകം വ്യത്യസ്‌തമായൊരു കത്തോലിക്ക ദർശനത്തിന്റെ വഴി തേടുകയായിരുന്നു. ജോൺ പോൾ രണ്ടാമൻ എന്ന പേരു സ്വീകരിച്ച മാർപ്പാപ്പ ഇറ്റലിക്കാരനായിരുന്നില്ല എന്നതു മാത്രമല്ലായിരുന്നു വ്യത്യസ്തത. യാഥാസ്ഥിതിക കാഴ്‌ചപ്പാടുകൾക്കപ്പുറത്തേയ്‌ക്ക്‌ സമാധാനപൂർണ്ണമായ പുതിയൊരു ലോകം സ്വപ്‌നം കണ്ട ഒരു മാർപ്പാപ്പയുടെ ജനനമാണ്‌ ലോകം അന്ന്‌ കണ്ടത്‌.

കത്തോലിക്ക സമൂഹത്തിന്റെ ആത്മീയാചാര്യനായി നിലകൊണ്ട നീണ്ട ഇരുപത്തിയേഴു കൊല്ലക്കാലവും അദ്ദേഹം തന്റെ ചിന്തയും പ്രവർത്തിയും ലോകസമാധാനത്തിനായി നീക്കിവയ്‌ക്കുകയായിരുന്നു. ദീർഘദർശിയായ ഭരണാധികാരി എന്ന നിലയിലും രാഷ്‌ട്രതന്ത്രജ്ഞൻ എന്ന നിലയിലും ഇദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും ലോകക്രമം തന്നെ മാറ്റിമറിക്കാൻ ഉതകുന്നതായിരുന്നു. സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരെ നിന്നതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്‌ ഇദ്ദേഹം. പോളണ്ടിലെ കമ്യൂണിസ്‌റ്റു ഭരണം ഇദ്ദേഹത്തിന്റെ വാക്കുകളാൽ ഉരുകിയൊലിച്ചത്‌ ഇടതുപക്ഷത്തിന്റെ തലവേദനയായിരുന്നു. പിന്നീട്‌ യൂറോപ്പിനെ ബാധിച്ച ‘ദുർഭൂത’ത്തെ മെരുക്കാൻ ഈ മാർപ്പാപ്പയെപ്പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല, ഇതിലെ തെറ്റും ശരികളും എന്തൊക്കെയാണെങ്കിലും തന്റെ മുൻഗാമികളെപ്പോലെ കമ്യൂണിസ്‌റ്റുകാരെ പ്രഖ്യാപിത ശത്രുവായി കാണാൻ തയ്യാറാകാതെ, ക്രിസ്‌തുദർശനത്തെ അവരിലേയ്‌ക്ക്‌ സ്‌നേഹപൂർവ്വം ഒഴുക്കുകയായിരുന്നു ജോൺ പോൾ രണ്ടാമൻ. അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹത്തിന്റെ വിയോഗത്തിൽ ചൈനയും ക്യൂബയുംവരെ കണ്ണുനീർ വാർക്കുന്നത്‌.

എന്നാൽ ഒരു കമ്യൂണിസ്‌റ്റു വിരുദ്ധൻ എന്ന നിലയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയവിചാരങ്ങൾ. തെറ്റുകൾക്കെതിരെ മുഖം നോക്കാതെ അദ്ദേഹം നടത്തിയ വിമർശനങ്ങൾ ലോകം ഏറ്റ ആശ്വാസത്തോടെയാണ്‌ കേട്ടിരുന്നത്‌. അമേരിക്കയുടെ അഫ്‌ഘാൻ-ഇറാഖ്‌ അധിനിവേശങ്ങളെ ശക്തമായ രീതിയിൽ വിമർശിച്ച അദ്ദേഹത്തെ മുസ്ലീംലോകം ഹൃദയപൂർവ്വമാണ്‌ സ്‌മരിക്കുന്നത്‌. വിശുദ്ധ ഖുറാനെ ആദരപൂർവ്വം ചുംബിക്കാനുളള ഒരു മാർപ്പാപ്പയുടെ ഹൃദയത്തിന്റെ വലിയ വിശാലത എങ്ങിനെയാണ്‌ മുസ്ലീം ജനത മറക്കുക, പീഡനമനുഭവിക്കുന്ന ജൂതർക്കും അറബികൾക്കുമൊപ്പം എന്നും ഈ മാർപ്പാപ്പയുണ്ടായിരുന്നു. മൂന്നാം ലോക രാഷ്‌ട്രങ്ങളുടെ ദുരന്തങ്ങൾക്കറുതി വരുത്താൻ വികസിത രാഷ്‌ട്രങ്ങളോട്‌ ശക്തമായി ആവശ്യപ്പെട്ട മാർപ്പാപ്പ എന്നും ദരിദ്രരുടെ സ്‌നേഹിതനായിരുന്നു. തന്റെ ജീവനെടുക്കാൻ തുനിഞ്ഞവനെപ്പോലും ദൈവത്തിന്റെ ചിറകുകളാൽ ആലിംഗനം ചെയ്‌ത്‌ അവനിലെ കളങ്കം മുഴുവൻ കഴുകിക്കളഞ്ഞ മാർപ്പാപ്പ നല്‌കിയ സന്ദേശം ലോകം നിറകണ്ണുകളോടെയാണ്‌ സ്വീകരിച്ചത്‌.

ക്രിസ്‌തുവിൽ വിശ്വസിക്കുകയെന്നാൽ എന്നാൽ പരസ്‌പരം സ്‌നേഹിക്കുക എന്നർത്ഥമെന്ന്‌ നമ്മെ പഠിപ്പിച്ച ജോൺപോൾ രണ്ടാമൻ ഇനി ഓർമ്മയാണ്‌. തെറ്റു തിരുത്താനും വലിയ ശരികൾ കണ്ടെത്താനും ജീവിതം നീട്ടിവച്ച ഈ മഹാപുരുഷന്റെ വിയോഗം ലോകത്തിലെ സന്മനസ്സുളളവരുടെ വേദനയായി മാറുകയാണ്‌. എരിഞ്ഞുതീരാത്ത ഒരു മെഴുകുതിരിയായി ഈ ഇടയന്റെ ജീവിതം എന്നും നമ്മെ വെളിച്ചത്തിലേയ്‌ക്ക്‌ നയിക്കും.

Generated from archived content: edit_apr4.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English