ഈ വിജയം ഒരു പാഠമാകണം

ആത്മവിശ്വാസത്തിന്റെ പരമാവധി ഔന്നത്യത്തിൽ നിന്നുകൊണ്ടാണ്‌ ആദ്യ ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ധോണിയും സംഘവും നേടിയത്‌. ജോഹനാസ്‌ബർഗിലെ വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയത്തിൽ 110 കോടി ജനങ്ങളുടെ സ്വപ്നസാക്ഷാത്‌കാരം ധോണിയും കൂട്ടരും നടത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകകൂടി ചെയ്യുകയായിരുന്നു ഇവർ. സച്ചിനും ഗാംഗുലിയും ദ്രാവിഡും കുബ്ലയുമില്ലാതെ, എന്തിന്‌ പേരിന്‌ ഒരു കോച്ചുപോലുമില്ലാതെയാണ്‌ ചെറുബാല്യക്കാർ ഈ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്‌. കടലാസിലെ കണക്കുകളുടെയും ക്രിക്കറ്റ്‌ ബോർഡിന്റെ കണക്കുകൂട്ടലുകൾക്കുമപ്പുറം കളിക്കളത്തിലെ കണക്കുപറച്ചിൽ തന്നെയാണ്‌ കളിയുടെ വിജയത്തിനാധാരം എന്ന്‌ ഇവർ തെളിയിച്ചു. താരനിബിഡതയുടെ തോരണങ്ങളല്ല മറിച്ച്‌ ഒത്തിണക്കത്തിന്റെയും പേരാടുവാനുള്ള മനസിന്റെയും സാന്നിധ്യമാണ്‌ ടീമിനു വേണ്ടത്‌ എന്ന്‌ ഇവർ നമ്മെ പഠിപ്പിക്കുന്നു. ഒരു പരസ്യചിത്രത്തിൽപോലും തല കാണിക്കാത്ത ടീമംഗങ്ങളിൽ പലർക്കും കളിക്കപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ല. സമ്മർദ്ദം നേരിടുമ്പോൾ മുട്ടുവിറയ്‌ക്കുന്ന ബൃഹത്‌ ആകാരങ്ങൾക്ക്‌ മുന്നിൽ ഇവർ വ്യത്യസ്തരാകുന്നത്‌ ഇതുകൊണ്ടൊക്കെ തന്നെയാകണം. ലോബിയിങ്ങും പരസ്പരവിശ്വാസമില്ലായ്മയും കൊടികുത്തി വാഴുന്ന ഇന്ത്യൻ ക്രിക്കറ്റിന്‌ ഒരു തിരിച്ചറിവിന്റെ പാഠമായി ഈ വിജയം തീരട്ടെ എന്ന്‌ പ്രാർത്ഥിക്കാം. ലോകകപ്പ്‌ ഇന്ത്യയിലെത്തിച്ച ടീം ഇന്ത്യയ്‌ക്ക്‌ അഭിനന്ദനങ്ങൾ.

Generated from archived content: edit1_sept25_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English