കുരുതിക്കായി ഉണ്ടാക്കിയ ആണവായുധങ്ങള്‍

“മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേൽ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അൽബേനിയ അണ്വായുധം പ്രയോഗിച്ചതോടെയാണ്. ഈജിപ്റ്റ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ തിരിയുമെന്നു വിചാരിച്ചതല്ല. പക്ഷേ അവരുടെ സ്പർദ്ധ ഗൂഢമായി വളർന്നിരുന്നിരിയ്ക്കണം. ഈജിപ്റ്റ് അമേരിക്കയിലും ബ്രിട്ടനിലും അണുബോംബുകളിടുന്നു. അതിനു വേണ്ടി ഈജിപ്റ്റ് ഉപയോഗിച്ച വിമാനങ്ങൾ സോവിയറ്റ് യൂണിയന്റേതായിരുന്നു. ആക്രമണം നടത്തിയത് സോവിയറ്റ് യൂണിയനാണെന്നു തെറ്റിദ്ധരിച്ച നേറ്റോസഖ്യം പകരം വീട്ടാൻ വേണ്ടി സോവിയറ്റ് യൂണിയനിൽ അണുബോംബുകളിടുന്നു. അതിനിടെ ചൈനാ-സോവിയറ്റ് യൂണിയൻ അതിർത്തിയ്ക്കടുത്ത്, സോവിയറ്റ് യൂണിയനിലുള്ള ഒരു വ്യാവസായികമേഖല പിടിച്ചെടുക്കാൻ വേണ്ടി ചൈന സോവിയറ്റ് യൂണിയനെ ആക്രമിയ്ക്കുന്നു. ചൈനയെ തുരത്താൻ വേണ്ടി സോവിയറ്റ് യൂണിയൻ ചൈനയിൽ അണുബോംബുകളിടുന്നു. ചൈന തിരികെയും. നശീകരണശക്തി വർദ്ധിപ്പിയ്ക്കാൻ വേണ്ടി ഭൂരിഭാഗം അണുബോംബുകളിലും കോബാൾട്ട് ഉപയോഗിയ്ക്കപ്പെട്ടിരുന്നു.”

“ഭൂഗോളത്തിന്റെ ഉത്തരാർദ്ധത്തിലുള്ള വിവിധ രാഷ്ട്രങ്ങൾ തമ്മിൽ നടന്ന ഈ അണ്വായുധപ്രയോഗത്താൽ ഉത്തരാർദ്ധത്തിലുണ്ടായിരുന്ന മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെല്ലാം ചത്തൊടുങ്ങി. ദക്ഷിണാർദ്ധത്തിലുള്ള ആസ്ട്രേലിയ, ന്യുസീലന്റ്, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള മേഖല എന്നിവിടങ്ങളിൽ മാത്രമാണ് ജീവൻ അവശേഷിച്ചിരിയ്ക്കുന്നത്. എന്നാൽ ആഗോളവായൂപ്രവാഹങ്ങൾ വിനാശകാരിയായ ആണവ വികിരണത്തെ ഉത്തരാർദ്ധത്തിൽ നിന്ന് ദക്ഷിണാർദ്ധത്തിലേയ്ക്ക് മെല്ലെ വ്യാപിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. മാസങ്ങൾക്കുള്ളിൽ ആണവ വികിരണം ദക്ഷിണാർദ്ധത്തിലും പരക്കുമ്പോൾ ഭൂമിയിൽ അവശേഷിച്ചിരിയ്ക്കുന്ന ജീവനുകളും ഇല്ലാതാകും. ആസ്ട്രേലിയയിലെ ജനത സുനിശ്ചിതമായ മരണത്തെ പ്രതീക്ഷിച്ച് അവസാനമാസങ്ങൾ ചിലവിടുന്നു.”

നെവിൽ ഷ്യൂട്ട് നോർവേയുടെ “ഓൺ ദ ബീച്ച്” എന്ന വിഖ്യാതമായ നോവലിന്റെ തുടക്കമാണ് മുകളിൽ കൊടുത്തിരിയ്ക്കുന്നത്. ലോകത്ത് ആദ്യമായും അവസാനമായും അണുബോംബ് പ്രയോഗിച്ചത് 1945ലായിരുന്നു. ജപ്പാനിൽ. ഒരു വ്യാഴവട്ടം കൂടി കഴിഞ്ഞ്, 1957ൽ എഴുതിയ നോവലാണ്, “ഓൺ ദ ബീച്ച്”. അണ്വായുധപ്രയോഗത്തിന്റെ ഭീകരത ലോകം വ്യക്തമായി മനസ്സിലാക്കിയ കാലഘട്ടമായിരുന്നു, അത്. 1959ൽ ആ നോവൽ സിനിമയായി. ഗ്രിഗറി പെക്ക്, ഏവാ ഗാഡ്നർ എന്നിവർ അതിൽ അഭിനയിച്ചു.

ഇനി സാങ്കല്പികലോകത്തു നിന്ന് യഥാർത്ഥ ലോകത്തേയ്ക്കു കടക്കാം. ഒന്നാം ലോകമഹായുദ്ധം മൂലമുണ്ടായ ആകെ മരണം മൂന്നേമുക്കാൽ കോടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലേത് എട്ടു കോടിയും. ഇനിയുമൊരു മഹായുദ്ധം ഉണ്ടാകരുതെന്ന പ്രതിജ്ഞ ലോകത്തെക്കൊണ്ട് എടുപ്പിയ്ക്കാൻ മതിയായതായിരുന്നു ഭീമമായ ഈ മരണസംഖ്യകൾ. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുകയും അതിൽ ആണവായുധം വ്യാപകമായി പ്രയോഗിയ്ക്കപ്പെടുകയും ചെയ്യുന്നെങ്കിൽ അത് മാനവരാശിയുടെ വംശനാശത്തിലായിരിയ്ക്കും അവസാനിയ്ക്കുകയെന്ന് നെവിൽ ഷ്യൂട്ട് നോർവേ “ഓൺ ദ ബീച്ചി”ലൂടെ നടത്തിയ പ്രവചനം യാഥാർത്ഥ്യമായേയ്ക്കുമോ എന്നു ലോകം ഭയപ്പെട്ട ഒരു സന്ദർഭം രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് പതിനേഴു വർഷം മാത്രം കഴിഞ്ഞപ്പോഴേയ്ക്കുണ്ടായി. ജപ്പാനിൽ അമേരിക്ക അണുബോംബുകളിട്ടതോടെ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയും റഷ്യയും സഖാക്കളായിരുന്നുവെന്നതു ശരി തന്നെ. യൂറോപ്പിലെ യുദ്ധം അവസാനിച്ച ഉടൻ തന്നെ ഐക്യരാഷ്ട്രസഭ രൂപീകരിയ്ക്കപ്പെട്ടപ്പോൾ, അമേരിക്കയോടൊപ്പം സോവിയറ്റ് യൂണിയനും സഭയുടെ സ്ഥാപകാംഗമായിരുന്നു എന്നതും ശരി തന്നെ. എങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന സൌഹൃദം പെട്ടെന്നു തന്നെ അവസാനിച്ചു.

സഖ്യകക്ഷികൾക്കു കീഴടങ്ങിയ ജർമ്മനിയെ സഖ്യകക്ഷികളായിരുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും റഷ്യയും വെട്ടിമുറിച്ചു സ്വന്തമാക്കി. ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേയ്ക്ക് അമേരിക്ക ജർമ്മനി വിട്ടൊഴിഞ്ഞു പോകുമെന്നും, അപ്പോൾ ബ്രിട്ടനേയും ഫ്രാൻസിനേയും ഒഴിപ്പിച്ച് മുഴുവൻ ജർമ്മനിയേയും തങ്ങളുടെ വരുതിയിലുള്ളൊരു കമ്മ്യൂണിസ്റ്റ് രാജ്യമാക്കാം എന്നുമുള്ളൊരു ഗൂഢോദ്ദേശം അന്നത്തെ റഷ്യൻ പ്രധാനമന്ത്രി ജോസഫ് സ്റ്റാലിന് ഉണ്ടായിരുന്നു. റഷ്യയെ ഏറ്റവും വലിയ ശത്രുവായി അമേരിക്കയും, അമേരിക്കയെ ഏറ്റവും വലിയ ശത്രുവായി റഷ്യയും വീക്ഷിയ്ക്കാൻ തുടങ്ങി. ബെർലിൻ നഗരത്തെ വെട്ടിമുറിച്ചുകൊണ്ട് 1961ലുയർന്ന ബെർലിൻ മതിൽ ശീതയുദ്ധത്തിന്റേയും യുദ്ധഭീഷണിയുടേയും പ്രതീകമായി. അമേരിക്ക റഷ്യയ്ക്കെതിരെ പ്രയോഗിയ്ക്കാൻ പാകത്തിന് ഇന്റർ കോണ്ടിനെന്റൽ ബലിസ്റ്റിക് മിസ്സൈലുകൾ (ഐ സി ബി എമ്മുകൾ) തുർക്കിയിലും ഇറ്റലിയിലും തയ്യാറാക്കി നിർത്തി. ആണവായുധങ്ങൾ വഹിയ്ക്കുന്നവയാണ് ഐ സി ബി എമ്മുകൾ. ഇതിനു ബദലായി അമേരിക്കയുടെ സമീപമുള്ള ക്യൂബയിൽ അമേരിക്കയെ ലാക്കാക്കുന്ന മിസ്സൈലുകൾ സ്ഥാപിയ്ക്കാൻ റഷ്യയും ഒരുങ്ങി. ഇത് അമേരിക്ക തടഞ്ഞു. ഏതു നിമിഷവും അമേരിക്കയും റഷ്യയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയുണ്ടായി. മാനവരാശിയുടെ ഭാഗ്യത്തിന് അതുണ്ടായില്ല. 1962ലായിരുന്നു ഇത്. 1961ൽ ഉയർന്ന ബെർലിൻ മതിൽ 1992ൽ പൂർണ്ണമായി പൊളിയ്ക്കപ്പെടുന്നതു വരെ ലോകം ആണവയുദ്ധഭീഷണിയിലായിരുന്നു.1947 മുതൽ 1991 വരെയുള്ള ശീതയുദ്ധകാലത്ത് റഷ്യ (അക്കാലത്തെ സോവിയറ്റ് യൂണിയൻ) 55000 ആണവായുധങ്ങൾ നിർമ്മിച്ചു. അമേരിക്ക 70000വും. ഭൂമുഖത്തു നിന്ന് മാനവരാശിയെ മാത്രമല്ല, സർവ്വ ജീവജാലങ്ങളേയും പല തവണ തുടച്ചു നീക്കാൻ മതിയായതായിരുന്നു ഈ ആണവായുധശേഖരങ്ങൾ.

ഒരു യുദ്ധത്തിന്റെ ഭാഗമെന്ന നിലയിൽ ആണവായുധപ്രയോഗം നടന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ, ജപ്പാനിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ടു ചേരികൾ തമ്മിലായിരുന്നു യുദ്ധം നടന്നത്. സഖ്യകക്ഷികൾ, അച്ചുതണ്ടുശക്തികൾ എന്നിവയായിരുന്നു ആ ചേരികൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ മുതലായ രാജ്യങ്ങളായിരുന്നു സഖ്യകക്ഷികൾ എന്നറിയപ്പെട്ടിരുന്ന ചേരിയിൽ. ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളായിരുന്നു മുഖ്യ അച്ചുതണ്ടുശക്തികൾ. 1945 ഏപ്രിൽ 28ന് ഇറ്റാലിയൻ നേതാവായിരുന്ന മുസ്സൊലീനി വധിയ്ക്കപ്പെട്ടു. അടുത്ത ദിവസം ഇറ്റാലിയൻ സൈന്യം കീഴടങ്ങി. പിറ്റേ ദിവസം ജർമ്മൻ നേതാവായിരുന്ന ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. തുടർന്നുള്ള പത്തു ദിവസത്തിനിടയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ടായിരുന്ന ജർമ്മൻ സൈന്യം കീഴടങ്ങി. ജപ്പാൻ മാത്രം കീഴടങ്ങാതെ, യുദ്ധം തുടർന്നു. പക്ഷേ, ആ യുദ്ധം പേരിനു മാത്രമായിരുന്നു. തങ്ങളുടെ കൂട്ടാളികളായിരുന്ന ജർമ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുർബ്ബലരായിത്തീർന്ന ജപ്പാൻ, തങ്ങൾക്കും അധികം താമസിയാതെ കീഴടങ്ങേണ്ടി വരുമെന്നു മനസ്സിലാക്കി. കീഴടങ്ങും മുമ്പ്, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങൽ വ്യവസ്ഥകൾ നേടാനുള്ള ശ്രമം അവർ തുടങ്ങി. ശത്രുപക്ഷത്തുണ്ടായിരുന്ന റഷ്യയെ ഇതിനു വേണ്ടി അവർ രഹസ്യമായി സമീപിച്ചു. ജപ്പാനു വേണ്ടി റഷ്യ പാശ്ചാത്യശക്തികളുമായി സംസാരിയ്ക്കുക, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങൽ വ്യവസ്ഥകൾ നേടിത്തരിക – അതായിരുന്നു, ജപ്പാന്റെ അഭ്യർത്ഥന. എന്നാൽ, സമാധാനക്കരാറിനു വേണ്ടി തങ്ങളുടെ മദ്ധ്യവർത്തിയാകുമെന്നു ജപ്പാൻ പ്രതീക്ഷിച്ച റഷ്യ, ജപ്പാനുമായി നിലവിലുണ്ടായിരുന്ന ഉടമ്പടി പോലും ലംഘിച്ചുകൊണ്ട് ജപ്പാനെ ആഗസ്റ്റ് ഒമ്പതിന് ആക്രമിയ്ക്കുകയാണുണ്ടായത്. മൂന്നു ദിവസം മുമ്പ്, ആഗസ്റ്റ് ആറിന്, ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു കഴിഞ്ഞിരുന്നു. റഷ്യ ജപ്പാനെ ആക്രമിച്ച ദിവസം തന്നെ നാഗസാക്കിയിലും അണുബോംബു വീണു. ദിവസങ്ങൾക്കകം ജപ്പാൻ കീഴടങ്ങി.

ജപ്പാനെ കീഴടങ്ങാ‍ൻ നിർബദ്ധരാക്കിയത് റഷ്യൻ ആക്രമണവും അമേരിക്കയുടെ അണുബോംബു പ്രയോഗവുമായിരുന്നു. ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയ് എന്ന അണുബോംബിന് നാലരടണ്ണിനടുത്തു ഭാരവും മൂന്നു മീറ്റർ നീളവും 71 സെന്റിമീറ്റർ വ്യാസവുമുണ്ടായിരുന്നു. 15000000 കിലോ (പതിനഞ്ചു കിലോടൺ) ടി എൻ ടിയ്ക്കു സമാനമായ സ്ഫോടകശക്തിയാണ് അതിനുണ്ടായിരുന്നത്. നാഗസാക്കിയിൽ വീണ ഫാറ്റ് മാനിന് നാലര ടണ്ണിലേറെ ഭാരവും മൂന്നേകാൽ മീറ്ററിലേറെ നീളവും ഒന്നര മീറ്റർ വ്യാസവുമുണ്ടായിരുന്നു. അതിന്റെ സ്ഫോടകശക്തി ഭീകരമായിരുന്നു: 21000000 കിലോ (ഇരുപത്തൊന്നു കിലോടൺ). ലിറ്റിൽ ബോയിയുടെ സ്ഫോടനം മൂലം ഹിരോഷിമയിൽ ആ വർഷാവസാനത്തോടെ 166000 പേരും, ഫാറ്റ്മാനിന്റെ സ്ഫോടനം മൂലം നാഗസാക്കിയിൽ 80000 പേരും മരണമടഞ്ഞിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. ഫാറ്റ് മാൻ ലിറ്റിൽ ബോയേക്കാൾ ശക്തിയേറിയതായിരുന്നെങ്കിലും, നാഗസാക്കിയ്ക്കടുത്തുണ്ടായിരുന്ന കുന്നുകൾ നാശനഷ്ടങ്ങളെ ഉരാകാമി താഴ്വരയിൽ മാത്രമായി ഒതുക്കിനിർത്തിയതുകൊണ്ട് അവിടുത്തെ മരണം ഹിരോഷിമയിലേതിനേക്കാൾ കുറവായിരുന്നു. കാര്യക്ഷമത തീരെക്കുറഞ്ഞ ബോംബുകളായിരുന്നു ഇവ രണ്ടുമെന്ന് ചിലയിടങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. കൂടുതൽ മനുഷ്യർ മരിച്ചിരുന്നെങ്കിൽ അവയുടെ കാര്യക്ഷമത കൂടുമായിരുന്നിരിയ്ക്കും!

ജർമ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുർബ്ബലരായിത്തീർന്നിരുന്ന ജപ്പാനെതിരെ ഈ അണ്വായുധങ്ങൾ ഫലപ്രദമായെങ്കിലും, അമേരിക്കയേയും റഷ്യയേയും പോലുള്ള പ്രബലരാജ്യങ്ങൾക്കെതിരേയുള്ള യുദ്ധങ്ങളിൽ ഇത്തരത്തിലുള്ള ചെറിയ അണ്വായുധങ്ങൾ കൊണ്ട് വലുതായ “നേട്ടങ്ങൾ” കൈവരിയ്ക്കാനാവില്ല എന്ന് ആ രാജ്യങ്ങൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. കൂടുതൽ വിനാശകാരികളായ അണ്വായുധങ്ങൾക്കുവേണ്ടിയുള്ള ശ്രമം അമേരിക്കയും റഷ്യയും തുടർന്നു. ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാൽ പോരാ, പകരം ലക്ഷക്കണക്കിനോ, കോടിക്കണക്കിനു തന്നെയോ കൊല്ലാനുള്ള സ്ഫോടകശക്തി ആണവായുധങ്ങൾക്കുണ്ടാകണമെന്ന് അവർ തീരുമാനിച്ചു. എത്രയുമധികം മനുഷ്യരെ ഒറ്റയടിയ്ക്കു കൊല്ലാനാകുമോ അത്രയും നല്ലത്! അണ്വായുധപ്രയോഗത്തിന്റെ ബീഭത്സത ജപ്പാന്റെ അനുഭവത്തിൽ നിന്നു ലോകം മനസ്സിലാക്കി. ഇനിയൊരു കാലത്തും അണ്വായുധം പ്രയോഗിയ്ക്കില്ലെന്ന പ്രതിജ്ഞയെടുക്കാൻ മാനവരാശിയെ പ്രേരിപ്പിയ്ക്കാൻ പോന്ന ദുരന്തങ്ങളായിരുന്നു, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വിതച്ചത്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച അണുബോംബുകൾക്ക് ശക്തി പോരാ എന്ന ചിന്താഗതിയിലേയ്ക്കാണ് അമേരിക്കയും റഷ്യയും എത്തിച്ചേർന്നത്.

വെടിമരുന്ന്, ഡൈനമൈറ്റ്, ടി എൻ ടി, ആർ ഡി എക്സ് എന്നിവ ഈ ക്രമത്തിലാണ് ആവിർഭവിച്ചത്. പൊട്ടാ‍സ്യം നൈട്രേറ്റ് മുഖ്യഘടകമായ വെടിമരുന്ന് ഒമ്പതാം നൂറ്റാണ്ടു മുതൽ ഉപയോഗത്തിലിരുന്നിരുന്നു. അതിനേക്കാൾ ശക്തി കൂടിയതായിരുന്നു സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആൽഫ്രഡ് നോബൽ (നോബൽ സമ്മാനം ഏർപ്പാടാക്കിയത് ഇദ്ദേഹമാണ്) 1867ൽ കണ്ടുപിടിച്ച ഡൈനമൈറ്റ്. ഡൈനമൈറ്റിന്റെ മുഖ്യഘടകം നൈട്രോ ഗ്ലിസറിനാണ്. ഡൈനമൈറ്റിനേക്കാൾ ശക്തമാണ് ട്രൈ നൈട്രോ ടൊളുവീൻ എന്ന ടി എൻ ടി. 1863ൽ കണ്ടുപിടിയ്ക്കപ്പെട്ട ടി എൻ ടി പിൽക്കാലത്ത് ബോംബു നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടു. ടി എൻ ടിയേക്കാൾ ഒന്നര മടങ്ങ് ശക്തമാണ് 1940കളിൽ കണ്ടെത്തിയ ആർ ഡി എക്സ് എന്നറിയപ്പെടുന്ന സൈക്ലോ ട്രൈ മെത്തിലീൻ ‌ട്രൈ നൈട്രമീൻ. അണുബോംബുകളല്ലാത്ത ബോംബുകളിൽ ടി എൻ ടി, ആർ ഡി എക്സ്, എന്നിവയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്നത്. ടി എൻ ടിയും, ആർ ഡി എക്സും മറ്റു ചിലതുമെല്ലാം കൂടി കൂട്ടിക്കലർത്തിയും ബോംബുണ്ടാക്കിയിരുന്നു. 2003ൽ അമേരിക്ക “എല്ലാ ബോംബുകളുടേയും മാതാവ്” എന്നറിയപ്പെടുന്നൊരു ബോംബുണ്ടാക്കി. ആ ബോംബ് അതു വരെ ഉണ്ടാക്കിയിരുന്ന, ആണവമല്ലാത്ത, എല്ലാ ബോംബുകളേക്കാളും ശക്തമായിരുന്നു. 8500 കിലോ ഇന്ധനം അതിലുണ്ടായിരുന്നെങ്കിലും അതിന്റെ സ്ഫോടകശക്തി 11000 കിലോ ടി എൻ ടി മാത്രമായിരുന്നു. അമേരിക്കയ്ക്കുള്ള മറുപടിയായി റഷ്യ 2007ൽ നാലിരട്ടി ശക്തിയുള്ളൊരു ബോംബുണ്ടാക്കി. അവരതിന് “എല്ലാ ബോംബുകളുടേയും പിതാവ്” എന്ന പേരും നൽകി. 7100 കിലോ ഇന്ധനം മാത്രമുണ്ടായിരുന്ന ആ ബോംബിന് 44000 കിലോ ടി എൻ ടിയുടെ ശക്തിയുണ്ടായിരുന്നു. “മാതാവി”ന്റെ നാലിരട്ടി ശക്തി “പിതാവി”ന്! അതിനു മുമ്പ് ഉണ്ടാക്കപ്പെട്ട ബോംബുകൾക്കൊന്നിനും ഇത്രത്തോളം ശക്തിയുണ്ടായിരുന്നില്ല. മുകളിൽ പരാമർശിച്ച “മാതാവും” “പിതാവും” അണുബോംബുകളായിരുന്നില്ല എന്ന് ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

അണുക്കളിൽ (ആറ്റത്തിനെയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്; ജൈവാണുവിനെയല്ല) നിന്ന് വൻ തോതിൽ ഊർജ്ജം ഉത്പാദിപ്പിയ്ക്കാനാകുമെന്ന് 1938ൽ കണ്ടുപിടിയ്ക്കപ്പെട്ടതോടെ ആ തത്വത്തെ അടിസ്ഥാനപ്പെടുത്തി മാരകശേഷിയുള്ള അണുബോംബുകളുണ്ടാക്കാമെന്നും വെളിപ്പെട്ടു. അണുബോംബിന് ഭീകരശക്തിയുണ്ടാകാനിടയുണ്ട് എന്നു തെളിഞ്ഞപ്പോൾ അമേരിക്കയും ജർമ്മനിയും റഷ്യയും ബ്രിട്ടനും ഫ്രാൻസുമെല്ലാം അണുബോംബുണ്ടാക്കാൻ തിരക്കുകൂട്ടി. ഹിറ്റ്ലർ 1933ൽ അധികാരത്തിൽ വന്നയുടൻ നടപ്പിൽ വരുത്തിയിരുന്ന ചില നയങ്ങൾ ശാസ്ത്രജ്ഞർക്ക് അനുകൂലമല്ലാതിരുന്നതിനാൽ ജർമ്മനിയിലെ നല്ലൊരു വിഭാഗം ശാസ്ത്രജ്ഞരും നാടുവിട്ടിരുന്നു. അവരിൽ പലരും അമേരിക്കയിലാണ് എത്തിച്ചേർന്നത്. ജർമ്മനിയുടെ നഷ്ടം അമേരിക്കയുടെ ലാഭമായി പരിണമിച്ചു. അമേരിക്കയുടെ ആണവായുധനിർമ്മാണത്തിൽ ഈ ജർമ്മൻ ശാസ്ത്രജ്ഞർ വിലപ്പെട്ട പങ്കു വഹിച്ചു. വെറും ഒരു വ്യാഴവട്ടം കൊണ്ട് വിനാശകാരിയായ അണുബോംബ് നിർമ്മിയ്ക്കപ്പെട്ടു.

“ലിറ്റിൽ ബോയ്”

ഹിരോഷിമയിൽ വീണ ലിറ്റിൽ ബോയിൽ 64 കിലോ യുറേനിയമുണ്ടായിരുന്നെങ്കിലും അതിൽ ഒരു കിലോയോളം മാത്രമേ സ്ഫോടനത്തിൽ ഉപയോഗിയ്ക്കപ്പെട്ടുള്ളു. എന്നിട്ടും 15000 ടൺ (1,50,00,000 കിലോ) ടി എൻ ടിയ്ക്കു തുല്യമായ സ്ഫോടകശക്തി അതുണ്ടാക്കി. ഫാറ്റ് മാനിലുണ്ടായിരുന്നത് വെറും ആറരക്കിലോ പ്ലൂട്ടോണിയം മാത്രം. അവിടേയും അത് പൂർണ്ണമായി ഉപയോഗിയ്ക്കപ്പെട്ടില്ല; ഏകദേശം ഒരു കിലോഗ്രാം മാത്രമാണ് സ്ഫോടനത്തിൽ ഉപയോഗിയ്ക്കപ്പെട്ടത്. എന്നിട്ടും 21000 ടൺ (2,10,00,000 കിലോ) ടി എൻ ടിയ്ക്കു തുല്യമായ സ്ഫോടകശക്തി ഉത്പാദിപ്പിയ്ക്കപ്പെട്ടു. മുമ്പു പരാമർശിച്ച, ആണവായുധമല്ലാത്ത ബോംബുകളുടെ “മാതാവി”ന് 8500 കിലോ ഇന്ധനം കൊണ്ട് 11000 കിലോ സ്ഫോടകശക്തിയും, “പിതാവി”ന് 7100 കിലോ ഇന്ധനം കൊണ്ട് 44000 കിലോ സ്ഫോടകശക്തിയും മാത്രം ഉണ്ടാക്കാനായപ്പോൾ, ഓരോ കിലോ മാത്രം വീതം യുറേനിയത്തിനും പ്ലൂട്ടോണിയത്തിനും യഥാക്രമം 1,50,00,000 കിലോ, 2,10,00,000 കിലോ സ്ഫോടകശക്തി ഉത്പാദിപ്പിയ്ക്കാനായി. ആണവമല്ലാത്ത ബോംബുകളുടെ “പിതാവി”ന്റെ 24 ലക്ഷം മടങ്ങ് ശക്തി ലിറ്റിൽ ബോയ്ക്കുണ്ടായിരുന്നു; 33 ലക്ഷം മടങ്ങ് ഫാറ്റ് മാനും!

“ഫാറ്റ് മാൻ”

വിചിത്രമായൊരു കാര്യമിതാ: സാധാരണ ബോംബിനേക്കാൾ കോടിയിലേറെ മടങ്ങു ശക്തമായിരുന്നിട്ടും ലിറ്റിൽ ബോയ്, ഫാറ്റ് മാൻ എന്നീ അണുബോംബുകളുടെ കാര്യക്ഷമത വളരെക്കുറവാ‍യിരുന്നു എന്നാണു കണക്കാക്കപ്പെടുന്നതെന്ന് മുകളിലെ ഒരു ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാരണവും മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും അത് ഇവിടെ ആവർത്തിയ്ക്കാം. ലിറ്റിൽ ബോയിൽ 64 കിലോ ഇന്ധനമുണ്ടായിരുന്നെങ്കിലും വെറും ഒരു കിലോ മാത്രമേ സ്ഫോടനത്തിന് ഉപയോഗിയ്ക്കപ്പെട്ടുള്ളു. ആറരക്കിലോ ഇന്ധനമുണ്ടായിരുന്ന ഫാറ്റ് മാനിലും വെറും ഒരു കിലോ മാത്രമേ ഉപയോഗിയ്ക്കപ്പെട്ടുള്ളു. നൂറു ശതമാനം കാര്യക്ഷമത ഈ ബോംബുകൾ കൈവരിച്ചിരുന്നെങ്കിൽ ഹിരോഷിമയുടേയും നാഗസാക്കിയുടെയും, അവയിലൂടെ ജപ്പാന്റേയും അവസ്ഥ കൂടുതൽ ഗുരുതരമായേനേ.

കാര്യക്ഷമതയുള്ള അണുബോംബിന് സാധാരണ ബോംബിന്റെ ലക്ഷം മടങ്ങ് ശക്തിയുണ്ടാകാമെന്ന് മുകളിലെ ഖണ്ഡികകളിൽ വ്യക്തമാകുന്നു. ലിറ്റിൽ ബോയിയും ഫാറ്റ് മാനും ഫിഷൻ ബോംബുകളായിരുന്നു. ആണവായുധങ്ങളിൽ പെട്ട മറ്റൊരിനം ബോംബുകളുമുണ്ട്: ഫ്യൂഷൻ ബോംബുകൾ. ആണവമല്ലാത്ത ബോംബുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫിഷൻ ബോംബുകൾ “രാക്ഷസന്മാരാ”ണ്. എന്നാൽ ഫ്യൂഷൻ ബോംബുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫിഷൻ ബോംബുകൾ “ശിശുക്കളും” ഫ്യൂഷൻ ബോംബുകൾ “രാക്ഷസരാജാക്കന്മാരു”മാണ്. രാക്ഷസരാജാക്കന്മാരുടെ നശീകരണശക്തിയിൽ മയങ്ങിപ്പോയ ശേഷം ലോകരാഷ്ട്രങ്ങൾ ഫിഷൻ ബോംബ് ഉണ്ടാക്കിയിട്ടില്ല. ഇന്നു നിലവിലുള്ള ആണവായുധങ്ങളിൽ മിയ്ക്കതും ഫ്യൂഷൻ ആയുധങ്ങളാണ്. അടുത്ത അദ്ധ്യായത്തിൽ ഫിഷൻ ബോംബുകളെപ്പറ്റിയും ഫ്യൂഷൻ ബോംബുകളെപ്പറ്റിയും പറയാം.

(തുടരും)

Generated from archived content: essay1_june5_15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English