ചരക്ക്‌

മൂന്ന്‌ വെടിയുണ്ട

“ഹേ റാം… ഹേ റാം…”

-ഞ്ഞരക്കം

അനുശോചനം.

ചരിത്രവായന-

തമാശക്കാരനായിരുന്നെന്ന്‌ കണ്ടെത്തുന്നു

തെളിവ്‌ഃ

ഹിന്ദുവിനെ മുസ്ലീമിനും മുസ്ലീമിനെ ഹിന്ദുവിനും

പോറ്റാൻ കൊടുത്തു.

* * * *

കുരയ്‌ക്കുന്നവന്റെ മുഖത്തുത്തുപ്പാൻ

കരണത്തു രണ്ടു പൊട്ടിക്കാൻ

അവന്‌ മുഖമുണ്ടായിട്ടുവേണ്ടേ മഹാത്‌മാവേ

* * * *

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാഞ്ഞതെന്തുകൊണ്ട്‌?

ചോദ്യം-ക്വിസ്സ്‌ മാസ്‌റ്റർ

സന്ദർഭം- ഗാന്ധിക്വിസ്സ്‌

കുറിപ്പ്‌ – കുസൃതിച്ചോദ്യം.

നീ നിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതിമ തീർക്കുന്ന

പണിത്തിരക്കിലായിരുന്നു

അപ്പോഴൊന്നും

അതൊരു എടുക്കാച്ചരക്കായിത്തീരുമെന്ന്‌

നീ അറിഞ്ഞിരുന്നില്ലല്ലോ.

അറുപത്തിയൊൻപതിലെ ജനനത്തിന്‌

തൊളളായിരത്തി നാല്‌പത്തിയെട്ടിൽ

ചോരയിൽ കുളിച്ച മരണം.

* * * *

സത്യാഗ്രഹിക്കും

വയറും കീശയുമൊന്നുമില്ലേ മഹാത്‌മാവേ

രാഷ്‌ട്രീയം

നിന്റെ ചിരിയൊട്ടിച്ചു വച്ച നോട്ടുകെട്ടും

മുന്തിയ ഖദറുമൊക്കെത്തന്നെയല്ലേ.

മസ്സാച്യൂസെറ്റ്‌സിൽ ഗാന്ധിയുടെ പ്രതിമ…

തേക്കിൻകാട്‌ മൈതാനത്ത്‌ ക്വിറ്റ്‌ ഇന്ത്യാസ്‌മാരകം..

സ്‌മാരകങ്ങൾ.

സത്യംകൊണ്ട്‌

വെളുത്തുളളിയേക്കാൾ വെളുത്തുപോയവൻ

ക്ലാസുകളിൽ നിന്നും പുറന്തളളപ്പെട്ട

മുന്തിയ ഒരു ഫസ്‌റ്റ്‌ ക്ലാസ്‌ ടിക്കറ്റ്‌

എന്നിട്ടും,

പാളങ്ങൾ കൂട്ടിമുട്ടുന്നതായി കാണപ്പെടുന്നു.

ചൗരിചൗര,

ക്ഷോഭിക്കുന്നവന്റെ കണ്ണിലെ

തീപോലെ ചുവന്നത്‌

പിന്നെ,

എല്ലാം നിർത്തിവച്ച്‌ നീ പിണക്കത്തിലായല്ലോ

എന്നാൽ,

കിണ്ണത്തിൽ വച്ചുനീട്ടുന്ന സ്വാതന്ത്ര്യത്തെയോർത്ത്‌

ബ്രിട്ടനോടൊപ്പം തോക്കെടുക്കാൻ പറഞ്ഞയച്ചതാരായിരുന്നു!

* * * *

നിന്റെ കരണത്തടിക്കുന്നത്‌,

ഇരുകവിളും ഒന്നിച്ചു കിട്ടുന്നതുകൊണ്ട്‌

ഞങ്ങളുടെയെല്ലാം രാഷ്‌ട്രപിതാവായതുകൊണ്ട്‌

ഒരേയൊരു വിഷമം;

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ

ഒരു സ്വാതന്ത്ര്യസമരപെൻഷനെങ്കിലും

തരപ്പെടുത്തിത്തരാമായിരുന്നു.

നിനക്കിപ്പോഴും വെടിയേൽക്കുന്നത്‌

നീയനിയും

മരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെയല്ലേ.

Generated from archived content: poem_charakku.html Author: suji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓട്ടോഗ്രാഫ്‌
Next articleകളിയരങ്ങ്‌
Avatar
കല്ല്യാശ്ശേരി മോഡൽ പോളിടെക്‌നിക്കിൽ അവസാനവർഷ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്‌ വിദ്യാർത്ഥി. വളളത്തോൾ (കലാലയ) കവിതാപുരസ്‌കാരം, പൂന്താനം കവിതാസമ്മാനം, കണ്ണൂർ യൂണിവേഴ്‌സിറ്റി കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വിലാസം വിലയങ്കോട്‌ പി.ഒ., കണ്ണൂർ - 670 501

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English