നഗരം ഉറങ്ങുമ്പോൾ

രാവിലെ ചരിത്രത്തിന്റെ ഇടിഞ്ഞ തിണ്ണകളിൽ

അനാഥബാല്യങ്ങൾ

മുജ്ജന്മ ഫലങ്ങളുണ്ണുന്നു

സ്‌ത്രീകൾ കൂട്ടമായി നടന്നുപോകുന്നു

പിൻകാഴ്‌ച ഉണർത്തിയ സൗന്ദര്യ പ്രതീക്ഷകൾ

ഒപ്പമെത്തുമ്പോൾ പൊലിഞ്ഞുപോകുന്നു

ആരുടെയോ നേർക്കായ്‌ച്ച

ഒരു കണ്ണേറു വന്നുപതിക്കുന്നു

മണി മൂന്ന്‌

ഹാജരൊപ്പിച്ച്‌

മറഞ്ഞും തെളിഞ്ഞും തെരുവിലിറങ്ങിയവർ

വഴി നീങ്ങാനോരോന്ന്‌

ബാറിലോ… റീട്ടെയിലിലോ നിന്ന്‌

നില്‌പനായിട്ട്‌

അതിർത്തിയിൽ

നഗരത്തിന്റെ വിരഹവാക്യം

നന്ദി…. വീണ്ടും …. വരിക….

സ്‌നേഹത്തിന്റെ ബില്ലു പേ ചെയ്‌ത്‌

വിടപറയുന്ന യാത്രക്കാരാ

നിറഞ്ഞ കീശയും നുരഞ്ഞ കാമനകളുമായി

നന്ദി…. വീണ്ടും…. വരിക….

ചാരവൃത്തിപോലെ ഒരു മേഘം മേലാകാശത്തു

പിൻതുടരുന്നു…. സർവ്വാംഗം ചോര പൊടിഞ്ഞൊരു

പൂവാക… ഘനീഭവിച്ചൊരു കൊടുങ്കാറ്റ്‌.

ആൽമരം മൗനവ്രതത്തിൽ മൗനത്തിനു ചുറ്റും

കാറ്റിൽ പൈതങ്ങൾ പറക്കാൻ പഠിയ്‌ക്കുന്നു

വെയിലു ചായുന്നു…. നിഴലിന്റെ ഉറവ കിനിയുന്നു

കപടവിരക്തിയോടെ വഴിവിളക്കുകൾ മിഴിതുറക്കുന്നു

കാലദൂരങ്ങളുടെ കവലകളിൽ

യാത്രക്കാർ വണ്ടിയിറങ്ങുന്നു

നടന്നകലുന്നു….

Generated from archived content: poem1_aug14_10.html Author: sudhi_puthanvelikara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English