ജാലകക്കാഴ്‌ചകൾ

മായാത്ത ജാലകവാതിലൊരായിരം

മാനസവീണയിൽ പാട്ടുപാടി

സാന്ത്വനദീപങ്ങൾ മാറിൽ തെളിയുന്നു

ആർദ്രമായ്‌ തീരുന്നതെൻ മാനസം

പൂനിലാചന്ദനം മൂകമായ്‌ നോക്കുന്നു

പൂവിളം തെന്നൽ പകച്ചുനിന്നു.

മാമരം കോച്ചും തണുപ്പെന്റെ മാറിലെ

സ്വപ്‌നകൂടാരത്തിങ്കൽ ശോഭിക്കുന്നു.

അപ്‌സരദീപ്‌തികൾ ജാലക വാതിൽക്കൽ

ആമോദവർഷിയായ്‌ പെയ്‌തിറങ്ങി

തെന്നലിൻ തേനൊലി തെന്നിയെത്തീടുന്നു

തങ്കക്കിനാവൊന്നു പങ്കുവെക്കാൻ

വാസന്തസന്ധ്യകൾ പൂവുകൾക്കേകുന്നു

പുത്തനാം വർണ്ണപ്രപഞ്ചനാദം

നിർമ്മലസ്‌നേഹത്തിലോളങ്ങൾ തീർക്കുന്ന

ജാലകമാകുന്നു എൻമാനസം

മാരിനീർത്തുളളികൾ പെയ്‌തിറങ്ങീടുമ്പോൾ

മാരിവിൽ പൂങ്കൊടി നൃത്തമാടി.

നിൻ ശതതന്ത്രികൾ വീണമീട്ടിടുന്നു

കാറ്റിൻ കരാംഗുലി സ്‌പർശനത്താൽ

സുസ്വരധാരയൊഴുകുന്ന വാനിലെൻ

ഹൃത്തിലെ കോകിലം പാറിടുന്നു.

ഓളങ്ങൾ നിശ്ചലം പൂണ്ട ജലാശയം

ആയിരം നക്ഷത്രപൂക്കളായി

മാറ്റൊലിക്കേൾക്കുന്ന ജാലകവാതിലിൽ

മാഞ്ഞുപോയീടാത്ത സ്വപ്‌നവുമായ്‌

പൊന്നണിഞ്ഞെത്തുന്ന നെൽക്കതിർപ്പാടങ്ങൾ

ഭൂമിയ്‌ക്കു ചാരുതയേകിടുന്നു.

ജാലകക്കാഴ്‌ചകൾ കണ്ണിന്നമൃതായി

തീരട്ടെ സത്യത്തിൻ ബിംബമായി.

Generated from archived content: poem2_dec9.html Author: sreeraj_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English