ഒറ്റക്കണ്ണുളള മൗനം

“ഈശ്വരാ ഇനി എപ്പഴാ ഒന്ന്‌ വീടെത്തുകാ?”

വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ നിറഞ്ഞു നിന്നിരുന്ന മനുഷ്യക്കോലങ്ങൾ തീരാവ്യഥയോടെ പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. നിറയെ ആളുകൾ വന്നു കഴിഞ്ഞപ്പോൾ നിൽക്കാൻ തന്നെ സ്ഥലമില്ലാതായി. പോരാത്തതിന്‌ പെരുംമഴയും. വെയിറ്റിംഗ്‌ ഷെഡ്‌ഡിന്റെ വശങ്ങളിൽ നിന്നവരെ പൂർണ്ണമായും നനച്ചുകൊണ്ട്‌ വീശിയടിച്ച കാറ്റ്‌, മുടിയഴിച്ചാടി.

നഗരപഥങ്ങളിലെ വിളക്കുകാലുകൾപോലും ആ മുടിയാട്ടം കണ്ട്‌ പ്രാർത്ഥനയോടെ കണ്ണുകൾ ഇറുക്കിയടച്ചുനിന്നു.

“എപ്പഴാ ഈ മഴയൊന്ന്‌ തീർവാ?” പരമേശ്വരപ്പണിക്കരുടെ ഉളളിലെ ആധി അതായിരുന്നു. തണുപ്പു കൂടുമ്പോ ശ്വാസതടസ്സം വരുന്നത്‌ പുതിയ കാര്യമല്ല. പക്ഷേ ആദ്യം ഈ വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ കയറിക്കൂടിയ ആളായതുകൊണ്ട്‌ നടുക്കുതന്നെ ഒരു കമ്പിയിൽ ചാരിനിൽക്കാൻ കഴിഞ്ഞു.

അതുകൊണ്ട്‌ കാറ്റ്‌ അത്ര ഉപദ്രവം ചെയ്യുന്നില്ല. എങ്കിലും അന്തരീക്ഷത്തിലാകെ, ക്യാൻസർപോലെ ബാധിച്ചുകൊണ്ടിരുന്ന തണുപ്പ്‌ നേരിയ ശ്വാസതടസ്സം ഉണ്ടാക്കുന്നു.

“കുറച്ചു ദിവസത്തേക്ക്‌ ലീവെടുക്ക്‌… മുഖത്തു കാണുന്നില്ലെങ്കിലും വല്ലാത്ത ക്ഷീണംണ്ട്‌ ഏട്ടന്റെ ശരീരത്തിന്‌.”

ശ്വാസം പ്രാക്കളെപോലെ കുറുകുന്ന നെഞ്ചുതടവി തങ്കമണി പറഞ്ഞതാണ്‌. പക്ഷേ ലീവ്‌ അനുവദിച്ചു കിട്ടാനുളള ബദ്ധപ്പാടും മുകളിലുളളവരുടെ അവജ്ഞ നിറഞ്ഞ മുഖങ്ങളും ഓർത്തപ്പോൾ വീണ്ടും ജോലിക്കിറങ്ങിയതാണ്‌. സൂപ്രണ്ട്‌ നേരത്തേപോയ തക്കത്തിന്‌ ഓഫീസിൽ നിന്ന്‌ വൈകിട്ടു ചാടി. എന്താഫലം?

ടൗണിന്റെ പടിഞ്ഞാറുഭാഗത്തുളള മാർക്കറ്റിലിട്ട്‌ ഏതോ ഒരു ചെറുപ്പക്കാരനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്രേ. വണ്ടികൾ ഒന്നും ഓടുന്നില്ല. ഓടയിലൂടെ ഒഴുകിയ മനുഷ്യരക്തത്തിന്റെ മണം പരത്തി പോലീസ്‌ വണ്ടികൾ മാത്രം ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.

ടൗണിപ്പോൾ പഴയപോലെയല്ല. പണ്ട്‌ ഒച്ചിഴയുന്ന വേഗതയിലാണ്‌ ഇവിടെ മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയിരുന്നത്‌. ഇപ്പോൾ, പരസ്‌പരം യാത്ര പറയാൻ പോലും മറന്ന്‌, രാവിലെ ഓഫീസിലേക്ക്‌ ധൃതിപിടിച്ചോടുന്ന ദമ്പതികളെപോലെ മണിക്കൂറുകൾ എങ്ങോട്ടോ ഓടിയകന്നു കൊണ്ടിരുന്നു.

“ഓ… നശിച്ച കാറ്റ്‌.” ആരോ പിറുപിറുക്കുന്നു. ശരിയാണ്‌, കാറ്റിപ്പോൾ പടിഞ്ഞാറോട്ടാണ്‌. ആ വശത്തു നിന്നവർ എല്ലാം ഒന്നിച്ചുനിന്ന്‌ നനയുക തന്നെയാണ്‌. വെയിറ്റിംഗ്‌ ഷെഡ്‌ഡിന്റെ അപ്പുറത്തുളള പെട്ടിക്കടകളെല്ലാം അടച്ചുകഴിഞ്ഞു.

“നിഷക്കുട്ടി വീട്ടിലെത്തിയോ എന്തോ…?”

പരമേശ്വരപ്പണിക്കരുടെ ഉളളിലേക്ക്‌ ഒരു വിഷപ്പാമ്പ്‌ മെല്ലെ അനുവാദം ചോദിക്കാതെ കടന്നു ചെല്ലുകയായിരുന്നു. നിഷക്കുട്ടി എട്ടാം ക്ലാസ്സിലാണ്‌. അമ്മയുടെ അതേ പകർപ്പ്‌. മൂക്കും ചുണ്ടും തന്റേതും. ആരും ഒരിക്കൽകൂടി നോക്കിപ്പോവുന്ന വിടർന്ന കണ്ണുകളുളള ഒരു കുഞ്ഞുസുന്ദരിയാണവൾ. സ്‌ക്കൂൾ യൂണിഫോമിൽ അവളെ കാണാൻ നല്ല ചന്തമുണ്ടെന്ന്‌ ഒരിക്കൽ പറഞ്ഞതിന്‌ തങ്കമണിയിൽ നിന്നും കേൾക്കാത്ത ചീത്തയില്ല.

“കുട്ടി വലുതായീട്ടോ.. ” ഇടയ്‌ക്ക്‌ തങ്കമണി ആധിയോടെ ആവലാതി പറയും. ശരിയായിരുന്നു. ഒരിക്കൽ കുട മറന്ന ഒരു ദിവസം, സ്‌ക്കൂൾ യൂണിഫോമിൽത്തന്നെ നനഞ്ഞൊലിച്ചെത്തിയ മകളുടെ ശരീരത്തിന്റെ വളർച്ച കണ്ട്‌ ഉളളുലഞ്ഞതും ഒരു നടുക്കം ശരീരമാകെ വ്യാപിച്ച്‌ ശ്വാസതടസ്സം നേരിട്ടതും പരമേശ്വരപ്പണിക്കരോർത്തു.

“അതാ… അതു നോക്കൂ.. കർത്താവേ.. എന്തായീ കാണുന്നേ!”

ആളുകൾ അമ്പരന്ന കാഴ്‌ചയിലേക്ക്‌ പണിക്കരും മിഴിനീട്ടി. വെയിറ്റിംഗ്‌ ഷെഡ്‌ഡിനപ്പുറത്ത്‌ നിരനിരയായി അടഞ്ഞുകിടന്ന വ്യാപാരകെട്ടിടങ്ങളുടെ ഓടുകളും മേച്ചിൽഷീറ്റും കാറ്റത്ത്‌ പറന്നു പൊങ്ങുന്നു. ഒരു ഹുങ്കാരശബ്‌ദത്തോടെ കാറ്റ്‌ ആഞ്ഞുവീശുന്നു. ആളുകൾ അറിവുളള ദൈവങ്ങൾക്ക്‌ യഥാശക്തി വഴിപാടുകൾ നേർന്നു.

“നിഷക്കുട്ടി വീട്ടിലെത്തിയോ എന്തോ?” വിഷപാമ്പ്‌ വാലുവരെ അകത്തു കടത്തിക്കഴിഞ്ഞു.

പെട്ടെന്നാണ്‌ ഒരു വണ്ടി വന്നത്‌. സർക്കാരുവണ്ടി. അതിന്റെ തുറന്ന വാതിലിലൂടെ ആളുകൾ തിക്കിത്തിരക്കി കയറിത്തുടങ്ങി. കാറ്റും മഴയും അകത്തേയ്‌ക്ക്‌ കയറാൻ ശ്രമിച്ചവരെ നനച്ചു കുളിപ്പിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ആരുടേയൊ കണ്ണിൽ മറ്റൊരാൾ നിവർത്തിപ്പിടിച്ച കുടയുടെ കമ്പി കൊണ്ടത്രേ. പരസ്‌പരം ചീത്തവിളിയുടെ പെരുംമഴയുമായി സർക്കാരുവണ്ടി ഒരു വശം ചരിഞ്ഞ്‌ അകന്നകന്നു പോയി.

വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ ആളുകൾ കുറഞ്ഞു. പക്ഷേ മഴ ശക്തിപ്പെട്ടുകൊണ്ടിരുന്നു. എവിടന്നോ കയറിവന്ന ഒരു ചാവാലിപ്പട്ടി വെയിറ്റിംഗ്‌ ഷെഡ്‌ഡിലേക്ക്‌ കയറിനിന്ന്‌ “തന്നെയിവിടന്ന്‌ ഓടിക്കരുതേ” എന്ന്‌ അപേക്ഷിക്കുംമട്ടിൽ ആളുകളെ ദയനീയമായി നോക്കി. നീണ്ട വാൽ പിൻകാലുകൾക്കിടയിലേക്ക്‌ തിരുകിക്കയറ്റി അത്‌ വിധേയത്വവും ഭീതിയും പ്രകടിപ്പിച്ചു. പട്ടി കയറിവന്ന ഭാഗത്ത്‌ നിന്നിരുന്ന ഒരു സ്‌കൂൾകൂട്ടി പെട്ടെന്ന്‌ ഭയന്ന്‌ പരമേശ്വരപ്പണിക്കരോട്‌ ചേർന്നു നിന്നു.

“നിഷക്കുട്ടിയുടെ പ്രായംണ്ടാവ്വോ ഈ പെൺകുഞ്ഞിന്‌?”

അയാൾ തണുപ്പുകൊണ്ട്‌ കിടുകിടുക്കുന്ന അവളുടെ വെളുത്ത മുഖത്തേയ്‌ക്കും നുണക്കുഴികൾ സദാ തെളിഞ്ഞു കിടക്കുന്ന നനഞ്ഞ കവിളിലേയ്‌ക്കും നോക്കി. അവളുടെ ഇടതുഭാഗം മുഴുവൻ നനഞ്ഞിരിയ്‌ക്കുകയാണ്‌. ഒരു വലിയ ചുമട്ടുകാരിയെപോലെ പുസ്‌തകസഞ്ചി പുറത്ത്‌ തൂക്കി മുന്നോട്ടു വളഞ്ഞുനിന്ന്‌ അവൾ പണിക്കരേയും പട്ടിയേയും നോക്കി.

പണിക്കർക്ക്‌; ഭയപ്പെടേണ്ട.. ആ പട്ടി ഒന്നും ചെയ്യില്ലെന്ന്‌ അവളോടു പറഞ്ഞാൽ കൊളളാമെന്നു തോന്നി. പക്ഷേ അവൾ ഏതോ അഭയസ്ഥാനം പിടിച്ചടക്കിയ മട്ടിൽ പണിക്കരോട്‌ കുറേക്കൂടി ഒട്ടിനിന്നു. പട്ടി മുഖം താഴ്‌ത്തി നിന്ന്‌ തണുത്തു വിറച്ചു. ഇനിയും ഒരു ബസ്സ്‌ വരാനുണ്ട്‌. അഞ്ചു മിനിറ്റുകൂടി കഴിഞ്ഞാൽ അതു വന്നെത്തും.

പണിക്കരുടെ കാലുകൾ മരവിച്ചു തുടങ്ങിയിരുന്നു. കുറേ നാളായി ഏറെനേരം നിൽക്കാൻ കഴിയാതായിട്ട്‌. ഒരു മരവിപ്പ്‌ പെരുവിരലിലൂടെ ഉപ്പൂറ്റിയിലൂടെ മുകളിലേയ്‌ക്കിഴയുന്നത്‌ വ്യക്തമായും അറിയാനാകുന്നു.

മരിക്കുമ്പോഴും ആദ്യം മരവിക്കാൻ തുടങ്ങുന്നത്‌ കാലുകളാണത്രേ. കുഞ്ഞുനാളിലെന്നോ മുത്തശ്ശി പറഞ്ഞു തന്ന വലിയ രഹസ്യം. മുത്തശ്ശി മരിച്ചപ്പോഴും ആദ്യം ചെയ്‌തത്‌ പാദങ്ങൾ തൊട്ടു നോക്കലായിരുന്നു. അവ തീർത്തും മരവിച്ചിരുന്നു. ഞാൻ പറഞ്ഞത്‌ ശരിതന്നെയല്ലേ എന്ന മട്ടിൽ മുത്തശ്ശിയുടെ മുഖത്ത്‌ ഒരു ചിരി പാതിവഴിയിൽ മരിച്ചു കിടന്നതും പണിക്കരോർത്തു.

ഓ.. രക്ഷപ്പെട്ടു. വണ്ടി വരുന്നുണ്ട്‌… പണിക്കർ കക്ഷത്തിലടക്കിപ്പിടിച്ച കുട നിവർത്തണോ എന്ന്‌ ഒന്നു സംശയിച്ചു. പിന്നെ, വേണ്ട കുറച്ചു നനയാമെന്നു കരുതി മുന്നോട്ടു നീങ്ങി.

കഷ്‌ടകാലം എന്നല്ലാതെ എന്താ പറയുക. വണ്ടി, പണിക്കരേയും കൊണ്ട്‌ എന്നും പോകുന്ന വണ്ടി, അതാ നിർത്താതെ പോകുന്നു നിർത്തിയിട്ടും കാര്യമില്ല. ആ വണ്ടിയിലേക്ക്‌ കയറാൻ ഒരിടം ബാക്കിയില്ല. പണിക്കരാകെ വിഷണ്ണതയോടെ നിന്നുപോയി. വെയിറ്റിംഗ്‌ ഷെഡ്‌ഡിലുളളവർ ഒരുവശം ചരിഞ്ഞു നീങ്ങുന്ന വണ്ടിയെക്കുറിച്ചും അതിൽ തൂങ്ങിനിന്ന്‌ മഴയേറ്റ്‌ യാത്രചെയ്യുന്ന ആളുകളെക്കുറിച്ചും ആ യാത്രയുടെ ഭാവിയെക്കുറിച്ചും ചർച്ച ചെയ്യാൻ തുടങ്ങി.

പെൺകുട്ടി പട്ടിയെത്തന്നെ നോക്കിനിൽപ്പാണ്‌. പട്ടിയാകട്ടെ ഒരു വൈദികന്റെ ശാന്തതയോടെ ധ്യാനത്തിലെന്നോണം മിഴിയടച്ച്‌ മുഖം താഴ്‌ത്തി, വാലു താഴ്‌ത്തി നിശ്ശബ്‌ദം നിന്നു. ഒരു വലിയ ഈച്ച പട്ടിയുടെ തലയ്‌ക്ക്‌ ചുറ്റും വിശുദ്ധിയുടെ ഒരു വൃത്തം വരച്ചുകൊണ്ട്‌ പറന്നു നടന്നു.

മഴ തകർത്തു പെയ്യുകയാണ്‌. ഒരു കയ്യകലത്തിലുളള വസ്‌തുപോലും കാണാനാകാത്തവണ്ണം കാറ്റും ചീറിയടിച്ചു കൊണ്ടിരുന്നു.

“ഭഗവാനേ.. നിഷക്കുട്ടി വീട്ടിലെത്തിയോ എന്തോ?”

വിഷപ്പാമ്പ്‌ നാവുനീട്ടി. മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. പെൺക്കുട്ടിയുടെ പാദങ്ങളിലാണ്‌ കണ്ണുചെന്നു കൊണ്ടത്‌. കാൽപ്പാദത്തിന്‌ അഴകു ചാർത്തിക്കൊണ്ട്‌ ഷൂസിനു മുകളിലേക്ക്‌ ഒരു സ്വർണ്ണപാദസരം അലസമായി കിടക്കുന്നു. പണിക്കർ പെൺകുട്ടിയെ പഠിച്ചു. ഇടതു കൈത്തണ്ടയിൽ രണ്ടു സ്വർണ്ണവള. കാതിൽ ജിമിക്കി, കഴുത്തിൽ മുത്തുമണികളുളള അഴകാർന്ന സ്വർണ്ണമാല. നീണ്ടുരുണ്ട വിരലുകളിൽ മോതിരങ്ങൾ. സമ്പന്നയാണിവൾ. ഇത്ര ചെറുപ്പത്തിലെ അവളെ ഒരു സഞ്ചരിക്കുന്ന ജ്വല്ലറിയാക്കിയതിൽ പണിക്കർക്ക്‌ അവളുടെ മാതാപിതാക്കളോട്‌ അരിശം തോന്നി.

തണുപ്പു കൂടിയപ്പോൾ അവൾ വീണ്ടും പണിക്കരോടൊട്ടി നിന്നു. പുറത്തെ ഭാരം അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. പാവം. ആ ബാഗ്‌ അവളുടെ പുറത്തുനിന്നും വാങ്ങി കുറേനേരം പിടിക്കാമായിരുന്നുവെന്ന്‌ പണിക്കർക്ക്‌ തോന്നി. അവളുടെ നനഞ്ഞ വിരലുകളുടെ നിറം മാറിത്തുടങ്ങിയിരുന്നു.

അതാ വരുന്നു ഒരു ജീപ്പ്‌. വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ ബാക്കിയുളളവർ അതിലേയ്‌ക്ക്‌ വലിഞ്ഞുകയറി. ഇരട്ടിപ്പണം കൊടുത്ത്‌ അവർ വീടുകളിലെത്തിച്ചേരും.

“ഇനിയിന്ന്‌ വണ്ടികളൊന്നും കാണില്ല കേട്ടോ..” ജീപ്പിനു വെളിയിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന ചെറുപ്പക്കാരൻ ഒരു താക്കീതുപോലെ വിളിച്ചു പറഞ്ഞു.

“അതെന്താ..?” ആരോ ചോദിച്ചില്ലേ? എന്തായാലും ഉത്തരം ഉടനെ വന്നു. ടൗണിനപ്പുറത്തെ ചെറിയ പാലം തകർന്നു. അതിലൂടെ വേണം ഏതു വണ്ടിയ്‌ക്കും വരാൻ. ബസ്സുകളെല്ലാം യാത്ര നിർത്തിവച്ചു. ഇനി ജീപ്പേ രക്ഷയുളളൂ. പക്ഷേ ജീപ്പുകളും കൊണ്ട്‌ ഈ കാറ്റിലും കോളിലുമിറങ്ങാൻ ഡ്രൈവർമാർ മടിച്ചുനിന്നു. തന്നെയുമല്ല യാത്രക്കാർ ദൂരയാത്ര വേണ്ടവരാണ്‌. ജീപ്പുമായി അത്രദൂരം പോകാൻ ഡ്രൈവർമാർ തയ്യാറല്ലായിരുന്നു.

“ഈശ്വരാ ഇനിയെങ്ങനെ വീടെത്തും?” പണിക്കർ തന്നോടുതന്നെ സംസാരിക്കുന്നതുകേട്ട്‌ പെൺകുട്ടി മുഖമുയർത്തി നോക്കി. മാനത്ത്‌ ചെകിടടപ്പിച്ച ശബ്‌ദത്തോടെ ഒരു കൊളളിയാൻ മിന്നി.

ഇവളെന്താണ്‌ സ്‌ക്കൂൾ ബസ്സിലോ മറ്റു വണ്ടികളിലോ കയറിപ്പോകാത്തത്‌? പണിക്കർ ചിന്തിക്കാൻ തുടങ്ങി. മാത്രമല്ല, ഇനി വണ്ടികൾ വരില്ലെന്നറിഞ്ഞിട്ടും അവൾക്ക്‌ ഒരു പരിഭ്രമവുമില്ലല്ലോ മുഖത്ത്‌! അത്തരം ഗൗരവമുളള വിഷയങ്ങളൊന്നും അവളെ ബാധിക്കുന്നില്ലെന്നു തോന്നി. പെൺകുട്ടി ഇതിനിടയിൽ തന്റെ ഭാരമുളള ബാഗിന്റെ സൈഡ്‌പോക്കറ്റിൽ നിന്നും ടിഫിൻ ബോക്‌സ്‌ എടുത്ത്‌ തുറന്ന്‌ ഒരു കഷണം ബിസ്‌ക്കറ്റ്‌ പട്ടിയ്‌ക്കിട്ടു കൊടുത്തു. പട്ടി ആർത്തിയോടെ അതു മണത്തു നോക്കിയിട്ട്‌ താനൊരു നോൺവെജിറ്റേറിയൻ ആണന്നറിയില്ലേ എന്ന ഭാവത്തിൽ അവളെ നോക്കി വീണ്ടും ധ്യാനിച്ചു നിന്നു. പെൺകുട്ടിയുടെ മുഖത്ത്‌ വലിയ നിരാശയുണ്ടായി. അവൾക്കുളള ഏക വേവലാതി പട്ടി ബിസ്‌ക്കറ്റ്‌ കഴിയ്‌ക്കാത്തതു മാത്രമായിരുന്നു.

ഇവൾക്ക്‌ കൂട്ടുകാരില്ലേ? മാതാപിതാക്കൾ അന്വേഷിക്കില്ലേ? സമയം ഒത്തിരിയായല്ലോ സ്‌ക്കൂൾ വിട്ടിട്ട്‌? പണിക്കരുടെ തലച്ചോറിലൂടെ കുറേ ചോദ്യങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു. അയാൾക്ക്‌ അതൊക്കെ അവളോട്‌ ചോദിക്കണമെന്ന്‌ തീർച്ചയായും തോന്നി. അവസാനത്തെ യാത്രക്കാരനെയും തൂക്കിയിട്ട്‌ ആ ജീപ്പും പിന്നാലെ വന്ന ഒരു ജീപ്പ്‌ നിർത്താതെയും കടന്നുപോയി. പുറത്ത്‌ മഴയുടെ പ്രഭാവം കൂട്ടാൻ ഇരുട്ടും വന്നെത്തി. വെയിറ്റിംഗ്‌ ഷെഡ്‌ഡിലിപ്പോൾ പട്ടിയും കുട്ടിയും പണിക്കരും മാത്രമായി.

അപ്പോഴാണ്‌ പണിക്കരതു ശ്രദ്ധിച്ചത്‌. വെയിറ്റിംഗ്‌ ഷെഡ്‌ഡിന്റെ മൂലയിൽ ഇരുന്ന ഒരു ചാക്കുകെട്ട്‌! അത്‌ അനങ്ങുന്നു! പണിക്കർ സൂക്ഷിച്ചുനോക്കി. അതേ, ചാക്കുകെട്ടിനകത്ത്‌ ഒരാളുണ്ട്‌. അയാൾ തണുപ്പുകൊണ്ട്‌ കഷ്‌ടപ്പെടുന്നപോലെ. പക്ഷേ.. ഇടയ്‌ക്കയാൾ പുറത്തേക്ക്‌ തലനീട്ടി ‘രംഗ’മാകെ ഒന്നു വീക്ഷിച്ചു. പണിക്കരേയും പട്ടിയേയും നോക്കി. പണിക്കർ കണ്ടു, അയാൾക്ക്‌ ഒറ്റക്കണ്ണേയുളളൂ. ഒറ്റക്കണ്ണുകൊണ്ട്‌ അയാൾ പെൺകുട്ടിയെ നോക്കി. വീണ്ടും പണിക്കരേയും പട്ടിയേയും നോക്കിശേഷം പെൺകുട്ടിയെ ആപാദചൂഢം അയാൾ ഒറ്റക്കണ്ണാലെ വിഴുങ്ങി. നേരിയ ഇരുട്ടിൽ ഒറ്റക്കണ്ണ്‌ തിളങ്ങുന്നത്‌ പണിക്കർ കണ്ടു.

“ഏയ്‌.. പണിക്കർസാർ.. ഇതുവരെപ്പോയില്ലേ..?”

ഒരു സ്‌കൂട്ടറുമുരുട്ടി ഓഫീസിലെ ക്ലാർക്ക്‌ ബോബി വെയിറ്റിംഗ്‌ ഷെഡ്‌ഡിലേക്ക്‌ നീങ്ങിയെത്തി. ബോബിയെ കണ്ടപ്പോൾ ഒരു വല്ലാത്ത ആശ്വാസമാണ്‌ പണിക്കർക്കു തോന്നിയത്‌.

“ബസ്സൊന്നും കിട്ടിയില്ല.” പണിക്കർ തെറ്റു ചെയ്‌തവനെപ്പോലെ പറഞ്ഞു.

“എന്നാൽ കയറ്‌. പളളിമുക്കുവരെ ഞാൻ കൊണ്ടുവിടാം. അവിടന്ന്‌ കടത്തുകടന്ന്‌ ചെന്നാൽ സാറിന്‌ ബസ്സുകിട്ടും.”

ഹാവൂ.. ഭഗവാനേ ആശ്വാസമായി. പണിക്കർ ധൃതിയിൽ ബോബിയുടെ സ്‌ക്കൂട്ടറിന്റെ നനവിലേക്ക്‌ കയറി.

“അല്ലാ സാറിന്റെ മോളാണോ?” പെൺകുട്ടിയെ നോക്കി ബോബി ചോദിച്ചു.

“അല്ല…” പണിക്കർ പറഞ്ഞതിന്‌ ശബ്‌ദം കുറവായിരുന്നു. ബോബി സ്‌കൂട്ടർ മുന്നോട്ടെടുത്തു നീങ്ങി. പണിക്കർ ഒന്നുതിരിഞ്ഞു നോക്കി.

വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ പെൺകുട്ടി പട്ടിയെത്തന്നെ നോക്കിനിൽക്കുന്നു. ഒരു വ്യഥയും അവളെ അലട്ടുന്നില്ല. പക്ഷേ.. അവൾക്കു പുറകിൽ ചാക്കു തുറന്ന്‌ ഒറ്റക്കണ്ണൻ പുറത്തിറങ്ങുന്നു. അയാൾ വൃദ്ധനല്ലെന്ന്‌ അമ്പരപ്പോടെ പണിക്കർ അറിഞ്ഞു. കരുത്തുറ്റ കൈകളും കറുത്ത മുഖവും പണിക്കരെ നടുക്കി. ഒറ്റക്കണ്ണിന്റെ തിളക്കം. വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ അവർ മാത്രം.

ബോബിയുടെ സ്‌ക്കൂട്ടർ കാഴ്‌ച മറച്ചുകൊണ്ട്‌ ഓടിയകന്നു.

“മഴയൊന്ന്‌ കുറയട്ടെ എന്നു കരുതിയാ ഇതുവരെ കാത്തത്‌. ഇനി നിന്നാൽ പുലർച്ചയ്‌ക്കുപോലും വീടെത്തില്ല. അതാ നനഞ്ഞിറങ്ങിയത്‌.” ബോബി തെല്ലുറക്കെ കാറ്റിനേയും മഴയേയും തോല്പിച്ച്‌ സംസാരിച്ചുകൊണ്ടിരുന്നു.

“നനഞ്ഞാലും വീടെത്തുമല്ലോ! അല്ല സാറേ… ആ വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ നിന്ന കുട്ടി അതിന്റെ അച്ഛനെ കാത്തുനിൽക്കുന്നതാവും അല്ലേ?”

ബോബിയുടെ ചോദ്യം വീണ്ടും നിഷക്കുട്ടിയെയാണ്‌ ഓർമ്മിപ്പിച്ചത്‌.

“നിഷക്കുട്ടിയിപ്പോൾ വീടെത്തിയിരിക്കുമോ?” വിഷപ്പാമ്പ്‌ ഹൃദയത്തെ ചുറ്റിവരിഞ്ഞു കഴിഞ്ഞു.

കടവത്ത്‌ പണിക്കരെയിറക്കി ബോബി മടങ്ങിയപ്പോൾ ഇരുട്ട്‌ നന്നായിപ്പരന്നിരുന്നു. പണിക്കർ കടവത്ത്‌ ഒറ്റയ്‌ക്കായി. കടത്തുവഞ്ചി കാത്തുനിൽക്കേ… ഒരു ഇടിമിന്നലിൽ സമീപത്ത്‌ എവിടെയോ വിഷപ്പാമ്പിന്റെ പല്ലുകളുടെ തിളക്കം പണിക്കർ വ്യക്തമായും കണ്ടു.

അയാൾ മഴയത്തിറങ്ങി തിരിച്ചു നടക്കാൻ തുടങ്ങി. വീണ്ടും വെയിറ്റിംഗ്‌ ഷെഡ്‌ഡിലേയ്‌ക്കെത്താൻ. വഴിയിൽ വെളളംമൂടി ഒളിഞ്ഞു കിടന്ന ഗട്ടറുകളിൽ കാലുതട്ടി അയാളുടെ വിരലുമുറിഞ്ഞു. വിരലിൽ നിന്നും നഖം പറിഞ്ഞുപോവാതെ പൊളിഞ്ഞു തൂങ്ങിനിന്നു. ചോരയുടെ കുത്തൊഴുക്ക്‌. പക്ഷേ… പണിക്കർ വേദനയറിഞ്ഞില്ല. ചോരയൊലിക്കുന്ന വിരലുമായി അയാൾ ഓടാൻ തുടങ്ങി. ശ്വാസം നിലയ്‌ക്കുംമുമ്പ്‌ വെയിറ്റിംഗ്‌ ഷെഡ്‌ഡിലെത്തണം. പരമേശ്വരപ്പണിക്കർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഏതാണ്ട്‌ അരമണിക്കൂറിനുശേഷം കൊടുംമഴയത്താണ്‌ അയാൾ തണുത്തു വിറങ്ങലിച്ച്‌ വെയിറ്റിംഗ്‌ ഷെഡ്‌ഡിലെത്തിയത്‌. അവിടെ ഇരുട്ടിൽ ഒന്നും വ്യക്തമല്ല. വഴിവിളക്കുകൾ പ്രാർത്ഥനയോടെ മിഴിയടച്ചു നിൽപ്പാണ്‌. എങ്കിലും ഇടയ്‌ക്ക്‌ തെളിഞ്ഞ മിന്നലിൽ ഷെഡ്‌ഡിനകത്ത്‌ ആരുമില്ലെന്ന്‌ പണിക്കർ കണ്ടു.

ഒന്നുകൂടെ സൂക്ഷിച്ചുനോക്കവേ… നിലത്തു ചതഞ്ഞരഞ്ഞു കിടക്കുന്ന ബിസ്‌ക്കറ്റ്‌ കഷണങ്ങളേയും ഒരു മൂലയിൽ ഒറ്റക്കണ്ണൻ ഉപേക്ഷിച്ചുപോയ ചാക്കിലേയ്‌ക്ക്‌ കയറിക്കൂടിയ ചാവാലിപ്പട്ടിയേയും അയാൾ തിരിച്ചറിഞ്ഞു.

അടുത്ത മിന്നലിൽ തെളിഞ്ഞ ദൃശ്യം കണ്ട്‌ പണിക്കർ ഞെട്ടി. ചാക്കിലെ ചാവാലിപ്പട്ടിക്ക്‌ ഒരു കണ്ണേയുളളൂ. അതിന്റെ ഒറ്റക്കണ്ണ്‌ തന്റെ നഖംപൊളിഞ്ഞ വിരലിൽ നിന്നും ഒഴുകിപ്പരക്കുന്ന രക്തം കണ്ട്‌ ആർത്തിയോടെ തിളങ്ങുന്നു.

“…ന്റെ നിഷക്കുട്ടീ…”

വിഷപ്പാമ്പ്‌ പരമേശ്വരപ്പണിക്കരുടെ ഹൃദയത്തിലാഞ്ഞു കൊത്തി, ഞെക്കിപ്പിഴിഞ്ഞു.

Generated from archived content: story_june4.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English